ഏട്ടൻ വേറെ കെട്ടിക്കോളൂ ഞാൻ ഒരു വേലക്കാരി ആയിട്ട് ഇവിടെ കഴിഞ്ഞോളാം…

രചന : Jayareji Sree (ശ്രീ)

പ്രതീക്ഷ

❤❤❤❤❤❤❤

ബാഗുമായി ബസിൽ കയറിയ അവളുടെ മുഖത്തേക്ക് അയാൾ ഒന്ന് നോക്കി.

ആ മുഖത്തു സങ്കടതേക്കാൾ കൂടുതൽ ഒരു തരം നിസംഗത നിറഞ്ഞു നിൽക്കുന്നത് വേദനയോടെ അയാൾ കണ്ടു.

കൊണ്ട് വിടാൻ താൻ കൂടെ ചെല്ലണ്ട എന്ന് അവൾ ശഠിച്ചു.

ബസ് വിടാൻ കാത്തു നിൽക്കണ്ട ഏട്ടൻ പൊയ്ക്കോ എന്ന് അവൾ പറഞ്ഞപ്പോൾ അവളുടെ സ്വരത്തിന്റെ ഇടർച്ച അയാൾ അറിഞ്ഞു.

പോവണ്ട എന്ന് പറയണം എന്ന് അയാൾക്ക് തോന്നി പക്ഷെ അത് പറയാൻ അയാൾക്ക് തോന്നിയില്ല.

കാരണം അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ആ കാതിൽ മുഴങ്ങി. ഇനി നീ ഇവളെ വീട്ടിൽ കൊണ്ട് വിടാതെ ജലപാനം ഇറക്കില്ല ഞാൻ എന്ന്.

രണ്ടു മൂന്ന് മാസം മുന്നേ വരെ എന്തൊരു സ്നേഹം ആയിരുന്നു അമ്മയ്ക്ക് ഇവളോട്.

പക്ഷെ അമ്മയുടെ വൈകുന്നേരത്തെ സന്തത സഹചാരികൾ ആവശ്യത്തിൽ കൂടുതൽ വിഷം കുത്തി നിറച്ചു നിറച്ചു അമ്മയെ ഈ പരുവം ആക്കി.

വടക്കെതിലെ ആ നാണിത്തള്ള അവൾ കേൾക്കെ പറയുന്നത് താനും കേട്ടു. ഓള് മച്ചി ആണെന്ന് തോന്നുന്നു ദേവകിയെ എന്ന്.

പാവം അന്ന് അവൾ കരഞ്ഞത് ഇപ്പോഴും ഉള്ളിൽ ഒരു വിങ്ങൽ ആയി നീറുന്നു.

കഴിഞ്ഞ ഒരു മാസം ആയി അമ്മയുടെ പദം പറച്ചിൽ കൂടി വന്നതും അതിന്റെ അവസാനം എന്നോണം അമ്മ പറഞ്ഞത്.

എന്റെ ഉണ്ണിയെ ഈ തറവാട് അന്യം നിന്ന് പോകുമല്ലോ. ഇത് കാണാതെ എന്നെ അങ്ങ് മേൽപ്പോട്ട് എടുത്തിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന്.

അമ്മയെ എതിർക്കാൻ തനിക്ക് കഴിയില്ല കാരണം തന്റെ കുഞ്ഞുനാൽ തന്നെ കുഴഞ്ഞു വീണു മരിച്ച അച്ഛൻ.

അതിന് ശേഷം വേറൊരു ജീവിതം അമ്മയ്ക്ക് ഉണ്ടായില്ല. താൻ മാത്രം ആയിരുന്നു അമ്മയുടെ ലോകം

സ്കൂളിൽ മലയാളം അധ്യാപകൻ ആയി ജോലി കിട്ടി കഴിഞ്ഞ് ആണ് തന്റെ കല്യാണം ആലോചിക്കാൻ താൻ സമ്മതം മൂളിയത്.

ബ്രോക്കർ നിരവധി ഫോട്ടോ കാണിച്ച കൂട്ടത്തിൽ താഴെ വീണ ഒരു ഫോട്ടോ. അതിൽ തന്റെ കണ്ണ് ഉടക്കിയതും.

താൻ അത് കുനിഞ്ഞെടുത്തു കൊടുത്തു കൊണ്ട് അതിൽ തന്നെ നോക്കിയപ്പോൾ. അയാൾ പറഞ്ഞത്

അത് നമുക്ക് ചേരില്ല ഉണ്ണിയെ സാധു കുടുംബം ആണ്. ഒരു അമ്മ മാത്രേ ഉള്ളു അതിന് ഈ കുട്ടിക്ക്. വിദ്യാഭ്യാസവും വെറും പത്താം ക്ലാസ്സ്‌ മാത്രം എന്ന്.

എന്തോ തന്റെ നിലയും, വിലയും ഒത്ത കുറെ ഫോട്ടോയിൽ നിന്ന് ഒരു ഫോട്ടോ പോലും തനിക്ക് ഇഷ്ടം ആയില്ല എന്ന് പറഞ്ഞു മുറിയിലേക്ക് നടക്കുമ്പോൾ.

തന്റെ മനസ്സ് മനസിലാക്കി ആവണം അമ്മ അയാളോട് പറഞ്ഞത്. അവൻ നോക്കിയ ആ കുട്ടി മതി കുമാര. എന്ന്.

സ്വത്ത്‌ ആവശ്യം പോലെ ഇവിടെ ഉണ്ടല്ലോ ആ കുട്ടിയെ കണ്ടിട്ട് നന്ന് എന്ന് തോന്നണു എന്നും അമ്മ കൂട്ടിച്ചേർത്തപ്പോൾ.

ആ നിമിഷം അമ്മയോട് തനിക്ക് തോന്നിയ അഭിമാനം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.

അമ്മാവന്മ്മാർ ഒക്കെ എതിർത്തു പക്ഷെ അമ്മ ഇതിൽ ഉറച്ചു നിന്നു.

അങ്ങിനെ ഞങ്ങളുടെ കല്യാണം അധികം ആഘോഷം ഇല്ലാതെ നടന്നു.

അമ്മയെ അവൾക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു.

എന്നും അമ്മയുടെ മരുമകൾ അല്ല മകൾ എന്ന നിലയിൽ ആയിരുന്നു. അമ്മയുടെ പെരുമാറ്റം.

തിരിച്ചും അങ്ങിനെ തന്നെ.

പക്ഷെ വിവാഹം നടന്നു ഒരു വർഷം കഴിഞ്ഞപ്പോൾ ആ സന്തോഷം ചോർന്നു തുടങ്ങി.

തനിക്ക് ഒരു കുട്ടി ഉണ്ടായി കാണാൻ അറിയാവുന്ന എല്ലാ അമ്പലത്തിലും അമ്മ വഴിപാട് നേർന്നു.

ഞങ്ങളെ ഒട്ടുമിക്ക അമ്പലങ്ങളിലും കൊണ്ട് പോയി.

ഒരു നേർച്ചയും ഫലം കണ്ടില്ല. ഒരു ദൈവവും അമ്മയോട് കനിഞ്ഞില്ല.

പിന്നെ പിന്നെ അമ്മയ്ക്ക് അവളോട് ഒരു അകൽച്ച വന്നു തുടങ്ങിയത് താൻ അറിഞ്ഞു.

ഇതറിഞ്ഞ തന്റെ കൂട്ടുകാരൻ ഒരു ഹോസ്പിറ്റലിലെ നല്ല ഒരു ഗൈനക്കോളജിസ്റ്റിനെ പറ്റി പറഞ്ഞിട്ട് അവിടെ പോയി കാണാൻ പറഞ്ഞത്.

ഡോക്ടറെ പോയി കാണാൻ പറഞ്ഞാൽ ഉള്ള അമ്മയുടെ പ്രതികരണത്തെ എന്ത് കൊണ്ടോ താൻ ഭയപ്പെട്ടു.

അതിനിടയിൽ അമ്മയുടെ സായാഹ്നകൂട്ടുകാരികൾ അവളെ അമ്മയിൽ നിന്ന് വല്ലാതെ അടർത്തി മാറ്റി കഴിഞ്ഞിരുന്നു.

അങ്ങിനെ ഒരു നാൾ അമ്മയുടെ വായിൽ നിന്നും ആ വാക്കുകൾ വീണു. ഉണ്ണി ഇവളെ വീട്ടിൽ കൊണ്ട് വിട്ടേക്ക്.

കുറച്ചു നാൾ അവിടെ നിൽക്കട്ടെ മാസം ഒരു തുക അവൾക്ക് ഞാൻ അയച്ചു കൊടുക്കാം കുട്ട്യേ എന്ന്….

ഇതറിഞ്ഞ ആ പാവം തന്റെ കാല് പിടിച്ചു കരഞ്ഞു ഏട്ടൻ വേറെ കെട്ടിക്കോളൂ ഞാൻ വേലക്കാരി ആയിട്ട് ഇവിടെ കഴിഞ്ഞോളം എന്ന് പറഞ്ഞ്.

കാരണം അവൾക്ക് അറിയാമായിരുന്നു ഇത് കുറച്ചു നാളേക്ക് അല്ല എന്നന്നേക്കുമായി തന്നെ ഒഴിവാക്കുവാൻ വേണ്ടി ആണെന്ന്.

തിരികെ വീട്ടിലേക്ക് ചെന്നാൽ അമ്മ ചിലപ്പോൾ നെഞ്ച് പൊട്ടി മരിക്കും എന്ന്. പറഞ്ഞപ്പോൾ പൊട്ടിയതും തന്റെ നെഞ്ചാണ്.

കുറച്ചു ദിവസം അമ്മയിൽ നിന്നും രക്ഷപെടാൻ പാതിരാ വരെ കൂട്ടുകാരന്റെ കൂടെ സമയം ചിലവഴിച്ചു.

പക്ഷെ അതിനും ആയുസ്സ് കുറവായിരുന്നു. അമ്മ നിരാഹാരം ആണെന്ന് അവളിൽ നിന്നും അറിഞ്ഞ തന്നോട് അവളെ വീട്ടിൽ വിടാതെ ഒന്നും കഴിക്കില്ല എന്ന് അമ്മ പറഞ്ഞത്.

അവസാനം അവൾ തന്നെ സമ്മതിച്ചു തന്നെ വീട്ടിൽ കൊണ്ട് വിട്ടോളാൻ.

ഇനി ആരെങ്കിലും കയറാൻ ഉണ്ടോ ബസ് വിടാറായി കിളിയുടെ ശബ്ദം പെട്ടന്ന് അയാളുടെ കാതിൽ മുഴങ്ങി.

അയാൾ ഒന്ന് ഞെട്ടി വിറച്ചു.

ഈശ്വര അവളെ എന്നേക്കുമായി ഉപേക്ഷിക്കുവാൻ താൻ പോകുന്നു.

ഡ്രൈവർ ബസ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ട് പെട്ടന്ന് അയാൾ ഉറക്കെ പറഞ്ഞു.

വിടല്ലേ ആൾ ഉണ്ട് കേറാൻ എന്ന്.

ഞൊടിയിടയിൽ അയാൾ ബസിലേക്ക് ചാടി കയറി. അവളുടെ കൂടെ സീറ്റിൽ ഇരുന്നു.

കുനിഞ്ഞിരുന്ന അവളെ കൈ കൊണ്ട് ചേർത്ത് തന്നിലേക്ക് പിടിച്ചപ്പോൾ.

ഒരു ഞെട്ടലോടെ മുഖം ഉയർത്തിയ അവളോട് ഞാൻ ഉണ്ട് എന്നും കൂടെ എന്ന് ഒരു മന്ത്രണം പോലെ അയാൾ പറഞ്ഞു.

ടിക്കറ്റ് ടിക്കറ്റ് എന്ന് പറഞ്ഞു വന്ന കണ്ടക്ടറോട് ടൗണിലേക്ക് രണ്ടു ടിക്കറ്റ് എന്ന് പറഞ്ഞു അയാൾ.

പകച്ചു പോയ അവളെ ഒന്നും മിണ്ടാതെ തന്നോട് ചേർത്ത് പിടിച്ചപ്പോൾ നഷ്ടപെട്ട ഒരു നിധി കിട്ടിയ സന്തോഷം ഉള്ളിൽ ഉണ്ടായത് അയാൾ അറിഞ്ഞു.

ടൗണിൽ ചെന്നു കൂട്ടുകാരൻ പറഞ്ഞു തന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് പോകുമ്പോൾ.

പ്രതീക്ഷയുടെ ഒരു നാമ്പ് അയാൾ അറിയാതെ അയാളിൽ ഉടലെടുത്തിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Jayareji Sree (ശ്രീ)

Leave a Reply

Your email address will not be published. Required fields are marked *