വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ ആള് വന്നത് മദ്യപിച്ചാണ്.. പിന്നീട് അത് ഒരു സ്ഥിരം കാഴ്ചയായി

രചന : Latheesh Kaitheri

വളരെ പ്രയാസപ്പെട്ടാണ് മോൾക്ക് സ്കൂളിൽ സീറ്റ് ഒപ്പിച്ചെടുത്ത് , ആ കാശ് ഒപ്പിക്കാൻ എന്റെ ഇക്ക പെട്ട പാട് എനിക്കെ അറിയൂ .അന്നേ എന്റെ സ്വപനമായിരുന്നു പുത്തൻ കുപ്പായമൊക്കെയിട്ട് എന്റെ മോള് സ്കൂളിൽ പോകുന്നത്

ഇക്കയ്ക്കു സ്‌കൂൾ ട്രിപ്പ് ഉണ്ട് ,അതുതന്നെ ഈ പ്രാവശ്യം മുതൽ തുടങ്ങിയതാണ് ,അത് ഒരു വിശ്വസിക്കാവുന്ന വരുമാനം ആണ് .

മകളുടെ പഠിത്തവും വീട്ടുചിലവുമൊക്കെ എങ്ങനെ മൂപ്പർ കൊണ്ടുപോകുന്നു എന്നാലോചിക്കുമ്പോൾ തനിക്കു തന്നെ അദ്‌ഭുതമാണ്

രാവിലെ ഏഴുമണിക്ക് വണ്ടിയുമായി ഇറങ്ങുന്ന ആൾ രാത്രി പത്തുമണിക്കാണ് വരുന്നത് ,അതിനിടയിൽ ഉച്ചയ്ക്ക് ഉണ്ണാൻ വന്നാൽ വന്നുവെന്നു പറയാം

ഇന്ന് സ്‌കൂൾ തുറക്കുന്ന ദിവസമാണ്

ഇക്ക എന്നെയും മോളേയും സ്കൂൾ വരെ കൊണ്ടുവിട്ടു

ടീച്ചർ അവളെ LKG A യിൽ ആണ് ഇരുത്താൻ പറഞ്ഞത്

ഞാനും മോളും അങ്ങോട്ട് നടന്നു മോളുടെ പത്രാസ് കാണാൻ നല്ല ചേല് ,അവള് എന്റെ കൈയും പിടിച്ചു ഇങ്ങനെ കുണുങ്ങി കുണുങ്ങി നടപ്പാണ്.

ക്ലാസ് റൂം എത്തി അവളോട് ക്ലാസ്സിൽ കയറി ഇരിക്കാൻ ടീച്ചർ പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് നോക്കി മിടുക്കി കുട്ടിയായി അവിടെപ്പോയി ഇരുന്നു

മറ്റുള്ള കുട്ടികൾ നിലവിളിച്ചുകരയുമ്പോൾ അവൾ പുറത്തുനിൽക്കുന്ന എന്നെ നോക്കി ഇടക്കിടെ ചിരിച്ചു

അവളുടെ ആ പ്രവൃത്തി കണ്ടു കൂടെ നിൽക്കുന്ന സ്ത്രീ ചോദിച്ചു’?

മോള് മിടുക്കിയാണല്ലോ ?

താൻ ചെറുതായൊന്നു ചിരിച്ചു

അവർ വീണ്ടും തുടർന്നു ,എന്റെ മോള്ക്ക് ഭയങ്കരം പിടിവാശിയാ ,അവളുടെ ഉപ്പയെപ്പോലെയാ ,ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചാൽ ആര് പറഞ്ഞാലും മാറ്റില്ല നിങ്ങള് കണ്ടോ ഈ ക്ലാസ് ഉച്ചക്ക് വിടുന്നത് വരെ അവളീ കരച്ചല് നിർത്തില്ല .

ക്ലാസ് തുടങ്ങിയ ദിവസം ആയതുകൊണ്ട് ഉച്ചയ്ക്ക് 12 മണിവരെ ഇവിടെ നിൽക്കണം എന്ന് അവളുടെ ക്ലാസ് ടീച്ചർ പറഞ്ഞിട്ടുണ്ട് സമയം ഇപ്പോൾ 10 മണിയേ ആയുള്ളൂ നമുക്ക് അവിടെ ആ മരത്തണലിൽ ഇരിക്കാം അല്ലെങ്കിൽ നിന്ന്’കാലുകഴക്കും കൂടെയുള്ള സ്ത്രീ പറഞ്ഞു

വീട്ടിൽ ആരൊക്കെയുണ്ട് ?

ഭർത്താവും ,ഭര്ത്താവിന്റെ ഉമ്മയും മോളും

മോളേ പോലെ തന്നെയാണോ ഉപ്പ ?

അതെ

അപ്പോ നല്ല സ്നേഹായിരിക്കും നിങ്ങളോടു അല്ലെ

അതെ

ആൾക്കെന്താ ജോലി ?

ഓട്ടോ ഓടിക്കൽ ആണ്

പുറത്തൊന്നും പോകാറില്ല ?

ഞായറാഴ്ച അന്ന് ട്രിപ്പൊന്നും എടുക്കില്ല അന്ന് ഞാനും മോളും ഇക്കയും കൂടി എവിടെയെങ്കിലും പോകും ,

അന്ന് നമ്മുടെ മാത്രം ദിവസമാണ്

തന്റെ കാര്യങ്ങൾ കൂടുതലൊന്നും അങ്ങോട്ട് പറഞ്ഞില്ലെങ്കിലും എന്തോ ഒരടുപ്പം തോന്നി എനിക്ക് ആ സ്ത്രീയോട്

എന്തൊക്കെയോ സംസാരിക്കുന്നു എന്തൊക്കെയോ സങ്കടങ്ങൾ അവരെ അലട്ടുന്നുണ്ടെന്നു അവരുടെ വാക്കുകളിൽ വ്യക്തം എല്ലാ കാര്യത്തിലും ഒരുതരം നിസ്സംഗത എന്നാൽ മനസുതുറക്കാൻ അവരും തയ്യാറല്ല

സമയം പന്ത്രണ്ടു മണിയോട് അടുത്തു,, ക്ലാസ് വിട്ടു മോള് ഓടിവന്നു

എന്തൊക്കെയാ ഇന്ന്‌ പഠിപ്പിച്ചേ ?

ഇന്നൊന്നും പഠിപ്പിച്ചില്ല ഉമ്മ ,, ഇന്ന് എല്ലാവരെയും പരിചയപ്പെടുത്തി

വേറൊന്തക്കെയാ ടീച്ചര് പറഞ്ഞത്

പാട്ടറിയുന്നവരൊക്കെ ഒരു പാട്ടുപാടാൻ പറഞ്ഞു .ഞാൻ അപ്പോൾ തന്നെ ഉമ്മ പഠിപ്പിച്ചു തന്ന ആ പാട്ടു പാടി

അല്ലെങ്കിലും ഉമ്മാന്റെ മോള് മിടുക്കിയാണെന്നു ഉമ്മക്കറിയില്ലേ

വേറെ വണ്ടിയിൽ ഒന്നും വരാൻ നിൽക്കണ്ട ,

ഉച്ച സമയമാകുമ്പോൾ താൻ വരുമെന്ന് ഇക്ക പ്രത്യേകം പറഞ്ഞിട്ടുണ്ട്

നിങ്ങളുടെ ആള് വന്നില്ലേ ,,?

ഇല്ല

നമ്മുടെ ആളും വന്നില്ല , അവർ പറഞ്ഞു ,

അല്പം കഴിഞ്ഞപ്പോൾ ഇക്ക വരുന്നത് ദൂരെ നിന്നേ കണ്ടു മോള് വണ്ടിയുടെ അടുത്തേക്ക് ഓടി നമ്മൾ നിങ്ങളെ വീട്ടിൽ കൊണ്ടാക്കി തരട്ടെ ,?

വേണ്ട .മൂപ്പരിപ്പം വരും

അവരോടു യാത്രപറഞ്ഞു വണ്ടി ലക്ഷ്യമാക്കി താനും നടന്നു

എല്ലാരും ഭക്ഷണം കഴിച്ചു .പാത്രം കഴുകാൻ നോക്കുമ്പോൾ മകളുടെ ടിഫ്ഫിൻ ബോക്സ് തപ്പി

പക്ഷെ അവളുടെ ബാഗിൽ ഇല്ല

മോളേ പാത്രം എവിടെ ?

അതു തിന്നിട്ടു ഉള്ളിലെടുത്തുവെക്കാൻ മറന്നുപോയി ഉമ്മ ,ഉമ്മ പറയുമ്പോഴാ മോളും അത് ഓർത്തത്

ഇക്കാ മോള് പത്രം അവിടെ കളഞ്ഞിട്ടാ വന്നത് ഇപ്പൊ തന്നെ അതു പോയി എടുക്കണം പിന്നെ അത് കിട്ടൂല

ഇതൊക്കെ നീ ആദ്യമേ നോക്കണ്ടായിരുന്നോ

എന്തായാലും നീയും കൂടി വാ എനിക്കു മോളുടെ ക്ലാസ്സ് റൂമൊന്നും അറിയില്ല

ഒരു രണ്ടര മണിയായപ്പോൾ ക്‌ളാസിൽ എത്തി

അപ്പോൾ കണ്ട കാഴ്ച മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി നേരത്തെ കണ്ട സ്ത്രീയും കുഞ്ഞും അതേ മരച്ചുവട്ടിൽ ഇരിക്കുന്നു കുട്ടി അമ്മയുടെ മടിയിലേക്കു ചാഞ്ഞു ഉറങ്ങി എന്ന് തോന്നുന്നു

മോളുടെ ക്ലാസ്സിൽ പോയി പാത്രമെടുത്തു അവരുടെ അടുത്തേക്ക് നടന്നു

എന്തുപറ്റി മൂപ്പരു വന്നില്ലേ ?

ഇല്ല

എന്തെങ്കിലും തിരക്കുള്ള ജോലിയിൽ പെട്ടു കാണും നിങ്ങള് വാ എവിടെ ആയാലും നമ്മള് നിങ്ങളെ കോണ്ടാക്കാം

മോള് ഭക്ഷണം കഴിച്ചോ ?

ചോറൊന്നും അവിടെയില്ല ഒരു ബിസ്കറ്റും ജ്യൂസും മേടിച്ചുകൊടുത്തു

മനസ്സു ശരിക്കുമോന്നു പിടഞ്ഞു എന്റെ മോളുടെ അത്രേം പ്രായം ഉള്ളമോള് എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ, അവരെ ഇവിടെ വിട്ടുവരാനും മനസ്സുസമ്മതിക്കുന്നില്ല

ഇക്കായോട് കാര്യം അവതരിപ്പിച്ചു അവരുടെ കൂടെ ഇരുന്നു

സമയം മൂന്നുമണി ആയിക്കാണും ,ഒരു കാർ വന്നു ഗേറ്റിന്റെ അടുത്ത് വന്നു ഹോണടിച്ചു

തന്നോട് യാത്രപറഞ്ഞു .അവർ ആ കാറിനടുത്തേക്ക് നീങ്ങി

ആ കാറും അതിൽ നിന്നിറങ്ങിയ ആളെയും കണ്ടപ്പോൾ തന്നെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നിമറഞ്ഞു

ഒരു വര്ഷത്തോളം അതേ കാറിൽ താനും യാത്രചെയ്തിട്ടുണ്ട്

പ്രമാണിയായ തന്റെ ഉപ്പ ,,അതിലും പ്രമാണിത്തം ഉള്ള കുടുംബത്തിലേക്കാണ് തന്നെ കെട്ടിച്ചയച്ചത് .

എല്ലാത്തിലും പ്രമാണിത്തം നോക്കിയ ഉപ്പ ചെക്കന്റെ സ്വഭാവ കാര്യത്തിൽ കൂടുതൽ അന്വേഷിച്ചില്ല എന്നു പറയുന്നതാകും ശരി

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ ആള് വന്നത് മദ്യപിച്ചാണ്

പിന്നീട് അത് ഒരു സ്ഥിരം കാഴ്ചയായി ഒരുപാടു പറഞ്ഞു തിരുത്താൻ നോക്കി, ഒരു ഫലവുമുണ്ടായില്ല

അതിനിടയിൽ അയാളുടെ ഉപ്പയും മയ്യത്തായി

അതിൽ പിന്നെ പറയുകയേ വേണ്ട ചെങ്ങായ്‌ മാരെയും കൂട്ടി വീട്ടിൽ നിന്നായി വെള്ളമടി സ്വത്തുക്കൾ ഓരോന്നായി വിറ്റു നശിപ്പിച്ചു പലതും താൻ ക്ഷമിച്ചു ,,കണ്ടില്ലെന്നടിച്ചു

പക്ഷെ ഒരുനാൾ താനും അയാളുടെ ഉമ്മയും നിക്കാഹിനു പോയി തിരിച്ചുവന്നപ്പോൾ കണ്ടകാഴ്ച ഒരു സ്ത്രീ നമ്മുടെ പത്തായപ്പുരയിൽ നിന്നും ശരീരത്തിലേക്ക് ഓരോന്നായി വാരിചുറ്റുന്നു ,തന്റെ മുൻപിൽ നിന്നും ഓടിയൊളിക്കാൻ ശ്രെമിക്കുന്നു

ഒരു ഭാര്യക്കും ക്ഷമിക്കാൻ പറ്റാത്ത കാര്യം ,അതോടുകൂടി അയാളെ പൂര്ണ്ണമായി വെറുത്തു അന്നു ആ വീടുവിട്ടു സ്വന്തം കുടുംബത്തിലേക്ക് പോന്നു

വിചാരണ കഴിഞ്ഞു .കോടതി ഡൈവേഴ്‌സ് അനുവദിച്ചു

പിന്നീട് വന്ന ആലോചനകൾ ഒക്കെ ഉപ്പയുടെ പണം മോഹിച്ചായിരുന്നു

അവർ തന്നെ അറവുമാടിനെ പോലെ വിലപേശുന്നത് കണ്ടു മനം മടുത്തു ഇനിയൊരു നിക്കാഹ് വേണ്ടെന്നുള്ള തീരുമാനത്തിൽ ഉറച്ചുതന്നെ താൻ നിന്നു

വീട്ടിൽ രണ്ട് കാർ ഉണ്ടെങ്കിലും അത്യാവശ്യത്തിനു ഓട്ടം പോകുന്നത് ഇക്കയുടെ വണ്ടിയിൽ ആയിരുന്നു

എല്ലാവർക്കും വലിയ വിശ്വാസവും ഇഷ്ട്ടവും ആയിരുന്നു ഇക്കയെ ഏതു പാതിരാത്രിക്കും എന്താവശ്യത്തിനും മൂപ്പരും മൂപ്പരുടെ ഓട്ടോ ആണ് ആദ്യം എത്തുക

ഒരു ദിവസം ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയിൽ എന്റെ ഇത്താത്ത അവരുടെ പുയ്യാപ്ലയുടെ പുരയിൽ ഇറങ്ങി ഓട്ടോയിൽ ഞാനും ഇക്കയും മാത്രം ,

ഞാൻ നാസിയയോട് ഒരു കാര്യം പറയാൻ പോകുവാ ,,പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല .

തെറ്റായാലും ശരിയായാലും ഞാനിതു പറയാൻ പോവ്വാ

കുറെ നാളായി മനസ്സിൽ കൊണ്ട് നടക്കുവാ ,ഒന്നിക്കില്ലെനിക്കിതു മനസ്സിന്നു കളയണം ,അല്ലെങ്കിൽ ഇതു നടക്കണം ,ഇനിയും മനസ്സിലിട്ടിതു നടക്കാൻ എനിക്കുവയ്യ ,എനിക്ക് നാസിയയെ ചെറുപ്പം മുതലേ ഇഷ്ടമാണ് നമ്മുടെ സ്ഥിതി വെച്ച് നാസിയെ ആഗ്രഹിച്ചാൽ കിട്ടില്ലെന്ന് എനിക്കറിയാം അതുകൊണ്ടുതന്നെയാണ് എല്ലാം മനസ്സിലിട്ടടക്കിയതും

ഇപ്പോഴും അതെ സ്നേഹം അതേപോലെ തന്നെ എന്റെ ഉള്ളിലുണ്ട് ,പുരക്കു വന്നു

നിക്കാഹാലോചിച്ചാൽ എന്താവും മറുപടി എന്ന് ഒരു പിടുത്തവും ഇല്ല ,അതാ ഞാൻ ആദ്യം തന്റെ മനസ്സറിയാന്നു വെച്ചത് .

പിന്നീടങ്ങാട്ടു ചെറിയ ചെറിയ യുദ്ധങ്ങൾ പുരയിൽ നടന്നു .

കുടുംബ പ്രമാണിത്തത്തിന്റെ മഹത്വം പറഞ്ഞു ചിലരും ,,സ്നേഹമുള്ള ചെക്കനാണെന്നും ,അവളെ പൊന്നുപോലെ നോക്കുമെന്നു പറഞ്ഞു ,,രണ്ടു ഗ്രൂപ് നിലവിൽ വന്നു .

അവസാനം തന്റെ കുടുംബകോടതി തന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിട്ടു .

എന്നെ അല്ലാതെ പണവും സ്വത്തും ഒന്നും വേണ്ടെന്നു പറഞ്ഞ ഇക്കയെ തന്റെ അളക്കാർ ” അരയണ എടുക്കാനില്ലാത്ത അഭിമാനി ” എന്നു പറഞ്ഞു കളിയാക്കി ,

അന്നുമുതൽ ഇന്നുവരെ എന്തൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടും ഞാനും ഇക്കായും ഒരു ആവശ്യം പറഞ്ഞു യാചിക്കാൻ അവരുടെ മുന്നിലേക്ക് പോയില്ല .

ആ സ്ത്രീ ഒന്നു പറയാതെ തന്നെ അവരുടെ വേദനകളുടെ ആഴം എത്ര എന്ന് എനിക്ക് ഊഹിക്കാൻ പറ്റും

ഞാൻ ഒരു വർഷം അനുഭവിച്ചത്‌ ആ പാവം വര്ഷങ്ങളായി അനുഭവിക്കുകയല്ലേ .

ആ മനുഷ്യൻ സ്കൂളിൽ വരാൻ വൈകിയത് എന്തായാലും ഒരു നല്ലകാരണം കൊണ്ടാകില്ല എന്നെനിക്കു ഉറപ്പാണ് .

അയാൾ സ്വന്തം സുഖമല്ലാതെ മറ്റൊരാളുടെ കാര്യത്തിൽ വിഷമിക്കുന്നതും ബുദ്ധിമുട്ടുന്നതും ഇതുവരെ കണ്ടിട്ടില്ല

ഇനിയുള്ള ദിവസങ്ങളിൽ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും ഇക്കയെ നിർബന്ധിച്ചായാലും അയക്കണം

താനിനി എന്തായാലും അങ്ങോട്ടില്ല ,,,,

അവരെ വീണ്ടും കാണുമ്പോൾ മറക്കാൻ ശ്രമിച്ചൊരു അധ്യായം വീണ്ടും ഒന്നുമുതലോർത്തുപോകും .

ഇപ്പൊ തത്കാലം അതൊന്നും വേണ്ട

പടച്ചവൻ കുറച്ചു വൈകിയാണെങ്കിലും തനിക്കു അനുഗ്രഹിച്ചു തന്ന തന്റെ പുനർജീവിതം അതിൽ നിന്നും ലഭിക്കുന്ന സന്തോഷം ,സമാധാനം ,,

ഇത്രയൊക്കെ മതി തന്റെ മുന്നോട്ടുള്ള ജീവിതത്തിന്

എന്റെ ഇക്കായുടെയും മോളുടെയും , സുഖത്തിനും സന്തോഷത്തിനും വേണ്ടി ഞാനെപ്പോഴും പടച്ചവനോട് പ്രാർത്ഥിക്കുന്നുമുണ്ട് . അതിൽ കവിഞ്ഞ ഒരു ചിന്തകളും തനി നിക്കിനിവേണ്ട .കൂടെ ആ പാവം പെണ്ണിനേയും പടച്ചോൻ കാക്കട്ടെ

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയം അനുവദിച്ചാൽ ഒരു വാക്കോ ഒരു വരിയോ എനിക്ക് വേണ്ടി കുറിക്കുക

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Latheesh Kaitheri

Leave a Reply

Your email address will not be published. Required fields are marked *