ഞാനും എൻ്റെ കുട്യോളും കൂടി പോവാ.. ഇനി ഞങ്ങളെ തിരക്കണ്ട.. ഇങ്ങട ഇഷ്ടം തന്നെ നടക്കട്ടെ

രചന : Divya Kashyap..

“ഇക്കാ….പുവ്വാണോ ഇങ്ങള്…”

ഏഴെട്ട് മാസത്തെ നാട്ടിലെ അർമ്മാദിക്കലിന് ശേഷം തിരിച്ചു പ്രവാസ ലോകം പിടിക്കാനുള്ള തത്രപ്പാടിൽ പെട്ടി ഒരുക്കുമ്പോളാണ് ഓള് വന്നു പുറകീന്ന് ചുറ്റിപ്പിടിച്ച് നിന്ന് കരേണത്…

“ഇയ്യെന്തിനാൻ്റെ സുൽഫു ഇങ്ങനെ ബേജാറാകുന്നത്… അൻ്റെ കരച്ചില് കണ്ടാ തോന്നും ന്നേ തെക്കോട്ട് എടുക്കാണെന്ന്…ഞാൻ ഗൾഫിക്ക് പോകുവാടി മാക്രി…”

“ശ്രദ്ധിക്കണേക്കാ…ഇങ്ങക് ഒരു ശ്രദ്ധയൂല്ല…കുട്ടിക്കളിയാ ഇപ്ലും…നിക്കതാ പേടി…”

“എന്താത്ര പേടിക്കാൻ..ഞാനാദ്യയിട്ടല്ലല്ലോ ഗൾഫിക്ക് പോണേ…”

“ഡ്രൈവ് ചെയ്യുമ്പോക്കെ ശ്രദ്ധിക്കണേക്കാ…ഇങ്ങൾക്ക് ഒരു നോട്ടോം ഇല്ല..

“ഇക്കാൻ്റെ മുത്ത് ബെസ്മിക്കണ്ടാ…ഇക്ക നോക്ക്യോളാം…”

“ശരി…അപ്പോ ഇറങ്ങിയേക്കാണ്…”

പിന്തിരിഞ്ഞു നോക്കിയാൽ സങ്കടമാണ്..എന്നാലും സൽമാൻ ഒന്ന് തിരിഞ്ഞു നോക്കി… എല്ലാർടേം പുറകിലായി കണ്ണും തുടച്ച് മൂക്കും പിഴിഞ്ഞ് ഓൾ നിക്കുന്നത് കണ്ട്…

പിന്നെ എത്തിപ്പെടാനുള്ള തത്രപ്പാട് ആയിരുന്നു…

കോവിഡ് കാലം പ്രശ്നമാക്കിയ ജോലി മേഖല…ഒരാഴ്ച എടുത്ത് ഒന്ന് നിലയുറപ്പിക്കാൻ…ഇതിനിടയിൽ വളരെ കുറച്ചേ ഓളെ വിളിക്കാനോക്കെ പറ്റിയുള്ളൂ….

അങ്ങനെ വിളിക്കണ നേരത്ത് ഒന്നും രണ്ടും പറഞ്ഞു തെറ്റും..പിന്നെ കരച്ചിലായി പിഴിച്ചിലായ്..അതൊന്നു നേരെയാക്കി എടുക്കണേൽ രണ്ടീസം പിടിക്കും …

ജോലി സമയം കൂടിയത് കൊണ്ടും പഴയതിലും കുഴപ്പം പിടിച്ച പണി ആയതുകൊണ്ടും ഒക്കെ അവളുമായി പഞ്ചാരയടിക്കാൻ നേരമൊന്നും കിട്ടുന്നുണ്ടായിരുന്നില്ല… അവളാണെൽ ഇങ്ങക്ക് ന്നോട് മൊഹബ്ബത്ത് കുറഞ്ഞൂന്നും പറഞ്ഞുള്ള കരച്ചില്…

“ഇങ്ങക്ക് ആടെ വേറെ പെണ്ണുണ്ടാവും..അതൊണ്ടല്ലെ ഇങ്ങളെന്നെ വിളിക്കാത്ത…”സ്ഥിരം പല്ലവി ആണ് പെണ്ണിൻ്റെ…

“ൻ്റെ മുത്ത് അങ്ങനെ പറയല്ലെടി… ഇയ് ഇക്കാൻ്റെ ഖൽബല്ലെ..”ആ പറച്ചിലിൽ ഓള് വീഴും…

“ഇക്കൂ…ശ്രദ്ധിക്കണം ട്ട…ഡ്രൈവിങ്ങിൽ ഇക്കൂന് ഒരു ശ്രേധേംല്ല…പാട്ടും കേട്ട് ഫോണും നോക്കിയാണ് ഇങ്ങള് ഡ്രൈവ് ചെയ്യണേ.. നാട്ടി തന്നെ ഞാൻ കാണണയല്ലെ എപ്ലും….ഫോണിട്ട് നോക്കി പോകരുത് ഇങ്ങള്…”

“ഓ.. ഇല്ലായില്ലാ ൻ്റെ പൊന്നെ…ഒന്ന് ബിശ്വസിക്കെടി ഇയ് അൻ്റെ ഇക്കാനേ..”

“മ്മ് …ന്നാ.. ഇക്കു,,,ൻ്റെ തലേല് തൊട്ട് സത്യം ചെയ്യ്…വണ്ടി ഓട്ടുമ്പോ ഫോണി നോക്ക പോലുംല്യന്നു…”

“ല്ല…ല്ല…ല്ല…..എൻ്റെ മുത്താണെ ഇക്ക നോക്കൂല്ല…”

“മ്മ് .. ക്ണി…ണി….ണി…”പെണ്ണിൻ്റെ താക്കോൽ കൂട്ടം കിലുങ്ങണ പോലെയുള്ള നാണച്ചിരി….

“ഓ..നിക്കിത് കേട്ടാ മതീൻ്റെ പടച്ചോനെ..”

“ഇക്കാൻ്റ കർള് ഒരു സെൽഫി ഇട്ടെടി…”

“ഓ..ഇപ്പൊ കേട്ടതൊക്കെ മതി..ഇനി സെൽഫി ഇട്ടോന്നും കാണണ്ട..ഞാൻ പോണ്…”ഫോണും ഓഫാക്കി ഓളെഴുന്നെറ്റ് പോയി…

“ഓടൊരു കാര്യം…”സൽമാന് ചിരി വന്നു

അപ്പോ തന്നെ ഓൾടൊരു സെൽഫി വന്നു…വെളുത്തു തുടുത്തു മൊഞ്ചത്തി ആയിരിക്കണ് ഓള്…ഞാൻ വീട്ടിലുണ്ടാരുന്നപ്പോ ഉണക്കാനിട്ടിരുന്ന നങ്ക് പോലെ ഇരുന്ന പെണ്ണാണ് ഇപ്പൊ കാടിവെള്ളത്തിൽ ഇട്ട പിണ്ണാക്ക് പോലെ കുതിർന്നിരിക്കൂന്നത്…

“രണ്ടാഴ്ച കൊണ്ട് ഇങ്ങനെ മാറുവോ ??”ഇനി ഓൾക്ക് ആരേലും കുങ്കുമപ്പൂവ് വല്ലതും കൊണ്ട് കൊടുക്കണണ്ടോ ൻ്റെ റബ്ബേ…”സൽമാൻ്റെ കണ്ണും കരളും ഒരു പോലെ ചുവന്നു കുങ്കുമപ്പൂ പോലെ…

എങ്കിലും സംയമനം പാലിച്ച് ഓളോട് ചോയിച്ച്…

“അല്ല… സുൽഫി ഇയ്യാക ഒന്ന് കുതിർന്നിട്ടുണ്ടല്ലോ…എന്താ കഴിക്കണെ…നന്നായി തട്ടുന്നുണ്ടല്ലെ…”

“ആണോക്ക…ല്ലാരും പറയ്ന്… നന്നായിന്നു….പക്ഷെങ്കി അധികൊന്നും കഴിക്കണില്ല…ഇങ്ങള് ഇവിടുണ്ടാരുന്നപ്പോ ഇങ്ങള് കഴിക്കുന്ന കാണുമ്പോ ൻ്റെ വയറു നിറയൊരുന്നു..ഇപ്പൊ അത് കാണുന്നില്ലല്ലോ അപ്പോ ഞാനിരുന്നു കഴിക്കും…അതൊണ്ടാവുക്കാ…”ഓള് കൊഞ്ചി…

“അല്ലേൽ പിന്നെ ഇക്ക കഴിക്കുന്ന നേരം നിക്ക് സെൽഫി ഇട്ട് താ…അത് കണ്ടാ ൻ്റെ വയറു നിറഞോളും…”

“യ്യോ..”അറിയാണ്ട് സൽമാൻ്റെ തൊണ്ടയില് നിന്നും ഒരു നെലോളി പുറത്തേക്ക് വന്നു…

“എന്താക്കാ..എന്ത് പറ്റി…”?? ഓളുടെ ശബ്ദം…

“മാണ്ട.. മാണ്ട…”ആ സെൽഫി ഒന്നും മാണ്ട.

അങ്ങനത്തെ സെൽഫി ഇടാനാണെങ്കിൽ അതിടാനേ നേരം കാണൂ…സൽമാൻ ഓർത്തു..പക്ഷേങ്കി പറഞ്ഞില്ല…

“ഇയ് കഴിച്ചോ..എന്നാലും ഇച്ചിരി കുറച്ചേക്ക്ട്ടാ…ഇക്കാക് ബല്യ സമ്പളം ഒന്നുമായിട്ടില്ല…”

“പോ..ഇക്ക..ഈ ഇക്കാൻ്റൊരു കാര്യം..”പെണ്ണ് വീണ്ടും കുണൂങ്ങി ചിരിയന്നെ…

“ഓ..ഈ പെണ്ണെന്നെ അടുത്ത ഫ്ലൈറ്റ് കേറ്റിക്കുംന്നാ തോന്നണേ..”സൽമാനും കൂടെ ചിരിച്ചു…

ദിവസങ്ങൾ കൊഴിഞ്ഞു വീണ്ടും…അടിയും തല്ല് പിട്ത്തോം മുറക്ക് നടന്നൊണ്ടിരുന്ന് ഓളുമായി…

പിന്നെയും കഷ്ടപ്പാട് തന്നെ…ദിവസങ്ങൾ കടന്നു പോയി….കൂനിന്മേൽ കുരു പോലെ ജോലി തന്നെ നഷ്ടപ്പെടുമോ എന്നൊരു ഘട്ടമെത്തി നിന്നൊരു ദിവസം…വല്ലാത്ത ടെൻഷൻ കേറി സൽമാൻ കിടന്നു… ഓളാണെൽ വിളിയോട് വിളി…എടുക്കാൻ തോന്നിയില്ല…ജോലി പോകുമോ എന്ന പേടി…അതിലുപരി ഓളോട് അതേപ്പറ്റി പറയാനുള്ള ബെസ്മം…

വിളിയുടെ എണ്ണം കൂടിയപ്പോ ഒടുവിൽ എടുത്ത്…

“ന്താക്കാ ഫോണെട്ക്കാത്തെ…” ഓൾടെ ആധി പൂണ്ട സ്വരം…

“ഒന്നൂല്ല…”

“ന്താക്കാ… ഇങ്ങടെ ശബ്ദമോക്കെ ആകെ ബേജാറായി ഇരിക്ക്‌ണേ…എന്താ പറ്റിയെക്കാ…”

“ഒന്നൂല്ലെടി.. ഇയ് പോയി കിടന്നുറങ്ങാൻ നോക്ക്…”

“ഇല്ല..ന്തോണ്ട്…പറയിക്കാ…”ഓള് വിടുന്ന മട്ടില്ല…

അവസാനം പറഞ്ഞ്…”ഇന്ന് രാത്രി ചെല്ലുമ്പോ അറിയ…ജോലി അവ്ടെ ഇണ്ടാവോ ഇല്ലേന്ന്…ഇല്ലാങ്കി നാളെ തന്നെ ബിമാനം പിടിക്കാ…”

“യ്യോക്കാ…നമ്മളെന്ത് ചെയ്യും..”

“ഇയ്യ് പോയി കിടന്നു ഉറങ്ങ് സുൽഫി..ഞാൻ രാത്രി വിളിക്കാ…”സൽമാൻ ഫോൺ വെച്ച്…

ജോലി സ്ഥലത്ത് എത്യപ്പോ വിചാരിച്ച പോലെ പ്രസ്നൊന്നുംണ്ടായില്ല… അതോണ്ട് തന്നെ പതിവ് പോലെ ജോലിൽ മുഴുകി.. ഓളെ വിളിക്കാനും മറന്നു…ജോലിടെ ഭാഗമായി കാറിൽ കയറാൻ തുടങ്ങുമ്പോളാണ് ഓളുടെ മെസേജ്…പാതിരാത്രി ആയിട്ടുണ്ട് നേരം..

“ക്കാ…എന്തായിക്കാ…”??

കാർ നീങ്ങി തുടങ്ങിയിരുന്നു അപ്പോൾ…

തിരിച്ചു മെസേജ് അയക്കാൻ തുടങ്ങിയപ്പോഴാണ് ഓളുടെ തലയിൽ തൊട്ട് സത്യം ചെയ്ത കാര്യം ഓർത്തത്…

“കാറോട്ടുമ്പോ ഫോൺ എടുക്കരുത്…”

“യ്യോ… ഓളുടെ തല…മെസേജ് മാണ്ട..”

എങ്കിലും വേഗം ഒന്ന് ടൈപ്പ് ചെയ്തിട്ട്…

“started driving”

ഫോണും സ്വിച്ച്ഓഫ് ചെയ്തു വെച്ച്..പക്ഷെങ്കി ഇടക്കിടക്ക് തുറന്നു ഇന്ത്യ പാകിസ്താൻ..ക്രിക്കറ്റ് കളിടെ സ്കോർ നോക്കാൻ മറന്നില്ല…

“പടച്ചോനെ..ഇന്ത്യ ജയിക്കണേ..അല്ലേൽ അപ്പുറത്തെ ഫ്ളാറ്റിലെ പാകിസ്ഥാനികളുമായി ബെറ്റ് വെച്ച പൈസ പോയി കിട്ടും…”ജോലിടെ ആധിയേക്കാൾ പ്രസ്നാണ് ഈ കളി ആധി…”

സൽമാന് തല പുകഞ്ഞു..

മണിക്കൂറുകൾക്ക് ശേഷം ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വെളുപ്പിന് റൂമിൽ തിരിച്ചെത്തി കുളിയൊക്കെ കഴിഞ്ഞ് ഫോൺ ഓൺ ചെയ്തു…

ചെയ്തപ്പോഴെക്കും ണിം.. ണിം….എന്നും പറഞ്ഞു മെസേജ്കളുടെ പൂരം… ഓളാണ്….

“ഈ പെണ്ണിൻ്റെ ഒരു കാര്യം..

ഇക്കാ..ഇക്കാ..ന്നൊരു വിചാരെള്ള് ഓൾക്ക്…”ചെറിയ ചിരിയോടെ സൽമാൻ മെസേജുകൾ ഓരോന്നായി വായിച്ചു തുടങ്ങി…

“ഇങ്ങള്ന്താന്നു വെച്ചാൽ ചെയ്യ്… എനക്കെന്താ…

“ഇനി അതും കൂടി അല്ലേ ഉണ്ടാർന്നുള്ളു..ഇങ്ങക്ക് സമാധാനം കിട്ടുവാരിക്കും..എനക്കോ…കുട്യോളെ ഓർത്തില്ലല്ലോ ഇങ്ങള്…

“ഞാനും എൻ്റെ കുട്യോളും കൂടി പോവാ..ഇനി ഞങ്ങളെ തിരക്കണ്ട.. ഇങ്ങട ഇഷ്ടം തന്നെ നടക്കട്ടെ…ഞാൻ ഇങ്ങക്ക് ഒരു ഭാരമാകുന്നില്ല…

മെസേജ് വായിച്ച സൽമാൻ്റെ കിളി പോയി…

“ഇങ്ങള് കുടിച്ചു മരിക്ക്..ബലാല്..”

“പടച്ചോനെ.. ഓൾക്കിത് എന്ത് പറ്റി…”

“ഡീ….”നീട്ടി ഒരു മെസേജ് ഇട്ട്….

അപ്പോ വന്നു ഓളുടെ വോയ്സ് മെസേജ്

“ഇങ്ങള് പോയി തൂങ്ങി ചാക്…ന്നോടു മിണ്ടണ്ട…”

” ങ്ങേ..”സൽമാൻ്റെ പോയ കിളികൾ ആദ്യം പോയിരുന്ന സ്ഥലത്ത് നിന്നും വീണ്ടും ചിറകിട്ടടിച്ച് പറന്നു ദൂരേ എവിടെയോ പോയി ഉണ്ടക്കണ്ണും മിഴി ച്ചിരുന്നു…

“ന്താടി ഇയ്യിപ്പറയണേ….”??

“ഇങ്ങള് ആവശില്ലാത്ത ശീലോക്കെ തുടങ്ങിലേ…”ഓള് മൂക്ക് പിഴിഞ്ഞ്..

“എന്ത് ശീലം.. ഇയ്യു തെളിച്ച് പറെൻ്റെ സുൽഫി…”

“ഇങ്ങള് കുടി തുടങ്ങി ലേ…അത് ഹറാം ലെ നമ്മക്ക്

“കുടിയോ…ആര്… എപ്പ…”??

“ഓ..ഒന്നുമറിയാത്ത ഒരു പുള്ള…ന്നെ കൊണ്ടൊന്നും പറയിക്കണ്ടാ..ഞാൻ ചാകാൻ പോണ്…”

“ഹൊ…ഈ ഹിമാറ്…കാര്യം പറയെടി…”

“ഇങ്ങളന്നെല്ലെ ന് അല്ല പച്ച ഇംഗ്ലീസിൽ ടൈപ്പ് ചെയ്ത് വേചേക്ക്ണേ..വായിച്ചു നോക്ക്…”

“ങ്ങേ… ഇംഗ്ലീസിലാ…”സൽമാൻ മുകളിലേക്ക് സ്ക്രോൾ ചെയ്ത് നോക്കി..

“Started driving”….”ഇതിനിപ്പ ന്താ കൊയപ്പം…ഓൾടെ തല ഓർത്തു ചെയ്തതല്ലെ…”

സൽമാൻ ഒന്നുകൂടി അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു…

“യ്യോ..അയ്യയ്യോ…ന്താത് ….”

“””started drinking….”””

“പടച്ചോനെ ചതിച്ചാ…”അക്ഷരങ്ങൾ ഒന്ന് രണ്ടെണ്ണം മാറി പോയി…

“സുൽഫീ….ഇക്കാക്ക് അക്സരങ്ങൾ മാറി പോയതാടി…ഡ്രിങ്കിങ് അല്ല ഡ്രൈവിംഗ്…സെമിക്കെടി ഇയ്യ് ഇക്കാനോട്… ക്കാൻ്റെ പൊന്നല്ലെ…”

“പിന്നെ അക്സരം മാറി പോയി..അതെങ്ങന…

പഠിക്കാൻ വിട്ടപ്പോ സുബൈദാത്താൻ്റെ മോള് സുറുമിക്ക് ലൗ ലെറ്റർ കൊടുക്കാൻ നടക്കയല്ലാരുന്നോ ഇങ്ങള്..ദുസ്ടൻ…”ഓൾ പിന്നേം മോങ്ങല്ന്നെ മോങ്ങല്…

“ങ്ങേ…ഇതിവളെങ്ങനെ അറിഞ്ഞ്…ഇതും മനസി വെച്ച് പൂട്ടി കൊണ്ടാണോ ഇവള് ഇത്രേം നാള് ൻ്റെ കൂടെ കഴിഞ്ഞേ…അല്ലേലും ഈ പെണ്ണുങ്ങള് ഇങ്ങനന്ന്യ…എല്ലാം പൂട്ടി വെച്ചിട്ട് സമയാവുമ്പോ എടുത്തിട്ട് ആണുങ്ങളെ ബേജാറാക്കി കളയും…”

“സുൽഫീ….കർളെ..ഇക്കാൻ്റെ പൊന്ന് ഒരു സെൽഫി ഇട്ടേടി….”

“സുൽഫീ അല്ല കുൽഫീ…ഒന്ന് പോ മൻസാ…”

അത് പറഞ്ഞപ്പോഴാ ഓർത്തെ…എത്ര നാളായി ഒരു കുൽഫി കഴിച്ചിട്ട്…അതോർത്തപ്പോൾ സൽമാൻ്റെ വായിൽ വെള്ളമൂറി…നാളെ എന്തായാലും ഒരു കുൽഫി കഴിച്ചിട്ടന്നെ ബാക്കി കാര്യം..

“യ്യോ.. ഓള് പോയോ…”???കുൽഫീ….പോകല്ലേ…അല്ല സെൽഫി..യ്യോ അല്ലല്ലോ …”എന്താരുന്ന് ഓൾടെ പേര്…”സൽമാൻ ഒന്ന് തല കുടഞ്ഞാലോചിചൂ… കുൽഫി ആരുന്നോ സുൽഫി ആരുന്നൊ…ആകെയൊരു ഓർമ്മക്കുറവ്….

മൻസൻ്റെ കാര്യല്ലേ…പ്രായായി വരുന്നെൻ്റെയാവും

“ങാ… സുൽഫിയന്നെ….”

“മോളെ സുൽഫീ…സെൽഫിയിടെടി ഇക്കടെ മോള്…”

“ഇക്കായിട്…”

“മോളിട്..”

“ങ്ഹൂ…ഇക്കായിട്…”

“മാണ്ട…ൻ്റെ ഖൽബിട്..”

“മാണ്ട…സൽമൂക്കയിട്…”

പെണ്ണിന് പ്രേമം കൂടുമ്പോഴാണ് സൽമൂക്ക വിളിക്കണേ….എന്നാ പിന്നെ ഒരു സെൽഫി അങ്ങട് കീച്ചി കൊടുത്തിട്ട ന്നെ ബാക്കി കാര്യം…

സൽമാൻ ഫോൺ നീട്ടി പിടിച്ചു..മുഖം ഒന്ന് തിരിച്ചും മറിച്ചും പുളകിതമാക്കി…കണ്ണൊന്നു കുറുക്കി..ചുണ്ടൊന്നു കോട്ടി…ക്ലിക്ക്…സെൽഫി റെഡി…

“സുൽഫി….സെൽഫി വരുന്നുണ്ട് ട്ടാ…”ഒരു വോയ്സ് ഇട്ട്…”

ആ വോയ്സ് ന് ഇടയിലേക്ക് പെട്ടെന്ന് വേറേതോ മേസെജസ് വന്നതിൻ്റെ ക്ലു ക്ലൂ ശബ്ദം കേറി പോയി..

അത് കേട്ട സുൽഫിയുടെ കണ്ണിൽ തേനീച്ച പാറി…

“ഓഹോ..ആരാ ഇങ്ങക്ക് ആ അറബി നാട്ടിൽ നട്ടപ്പാതിരാക്ക് മെസേജ് അയക്കാനിള്ളത്… ഏതവളാ…ഇങ്ങള് ഓളുമായി ശൃംഗരിച്ചോളി…എന്നെ കാക്കണ്ട…”

ഓള് ഫോണും വെച്ച് ചവിട്ടി തുള്ളി പോയി…

സെൽഫീം നോക്കിയിരുന്ന സൽമാൻ പകച്ചു പോയി…

വന്ന മേസെജിലക്ക് സൽമാൻ നോക്കി…ക്രിക്കറ്റ് ഗ്രൂപ്പിലെ പാകിസ്ഥാനികൾ ആണ്…അവന്മമാർക്ക് ബെറ്റ് വെച്ച പൈസ ഇപ്പൊ തന്നെ മാണം പോലും…

ഇതിനിടയിൽ കളി ഇന്ത്യ തോറ്റിരുന്നു…

“കള്ള ഹിമാറുകൾ… ഓനെയൊക്കെ സ്വാതന്ത്ര്യം കൊടുത്തു പറഞ്ഞു വിട്ടാലും വന്നോളും ഇന്ത്യക്കാരൻ്റെ നെഞ്ചത്ത് കേറാൻ…ബെടക്കുകൾ

സൽമാൻ കുറച്ച് മുന്പെടുത്ത സെൽഫിയിലേക്ക് നോക്കി…

“എന്തൊരു മൊഞ്ചുള്ള ചെക്കനാരുന്ന്…ഇപ്പൊ എന്തോ പോയ എന്തോ പോലെ…എന്തിനോ മാണ്ടി തിളയ്ക്കുന്ന സാമ്പാറ് പോലെ…..”

“എന്ത് വിധിയിത്…””

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Divya Kashyap..

Leave a Reply

Your email address will not be published. Required fields are marked *