ഇനിയും ജീവിക്കാനെനിക്ക് ഭയമാണ് സഞ്ജയ്.. നീയില്ലായ്‌മയിൽ ഇനിയും സ്വയം നഷ്ടപ്പെടാൻ വയ്യെനിക്ക്….

രചന : അഭിരാമി അഭി

വിട…..

❤❤❤❤❤❤❤❤

” ഇനിയും ജീവിക്കാനെനിക്ക് ഭയമാണ് സഞ്ജയ്…… കയ്യിൽ കിട്ടിയ അപ്പൂപ്പൻതാടി വീണ്ടും പറന്നകലുന്നത് നോക്കി നിന്ന് വിമ്മിപ്പൊട്ടുന്ന കുഞ്ഞിനെപ്പോലെ നീയില്ലായ്‌മയിൽ ഇനിയും സ്വയം നഷ്ടപ്പെടാൻ വയ്യെനിക്ക്….

പൊക്കോട്ടെ ഞാൻ….. നഷ്ടങ്ങൾ പിടിമുറുക്കാത്ത ലോകത്തിലേക്ക്….. അവിടെ….

അവിടെ ഞാൻ കാത്തിരുന്നോട്ടേ നീയണയും വരെ….. ”

ടേപ് റെക്കോർഡറിൽ നിന്നും കേട്ടുകൊണ്ടിരുന്ന അവളുടെ തളർന്ന സ്വരം നിലച്ചിരുന്നു. അവന്റെ കണ്ണുകളിലെവിടെയോ തങ്ങി നിന്നിരുന്ന ഒരിറ്റ് കണ്ണുനീർ നിലത്തേക്ക് വീണുചിതറി.

മുറികളിലൊക്കെയും ആരൊക്കെയോ ഉണ്ടായിരുന്നു.

അവളുടെ അച്ഛനോ അമ്മയോ അനുജത്തിയോ അങ്ങനെയാരെല്ലാമോ…. എല്ലാവരും പള്ളിയിൽ നിന്നുമെത്തിയിട്ടേയുണ്ടായിരുന്നുള്ളു. അവളുടെ അടക്ക് കഴിഞ്ഞ്. അവളിപ്പോഴും മണിക്കൂറുകൾക്ക് മുൻപ് കണ്ടത് പോലെ തന്നെ ഉറക്കത്തിലായിരിക്കുമോ…..???? തൂവെള്ളഗൗണണിഞ്ഞ്…..

ഭംഗിയുള്ള കയ്യുറകളും പൂക്കൾകൊണ്ടുള്ള ചെറിയ കിരീടവുമൊക്കെ വച്ച്.

അതോയിനി അവൾ ശ്വാസം കിട്ടാതെ പിടയുന്നുണ്ടാകുമോ…… ???? ആ മനോഹരമായ കണ്ണുകളിൽ ഭയമലയടിക്കുമോ…. വിയർപ്പിന്റെ നനവവൾ കഴുത്തടിയിലറിയുന്നുണ്ടാകുമോ….???

അവൻ വെറുതേയോർത്തു.

” സഞ്ജയ്‌……. ”

വാതിൽക്കലാരുടെയോ സ്വരം കേട്ടതും അവൻ പതിയെ തിരിഞ്ഞു. ജോർജ് ആയിരുന്നു.

” ഞങ്ങൾ നാളെ കാലത്ത് തന്നെ തിരിച്ചുപോകും. ”

മറുപടിയൊന്നും നൽകാതെ നിന്നവന്റെ കൈകളെ അയാൾ ചേർത്ത് പിടിച്ചു.

” നന്ദിയുണ്ട്….. ഒരിക്കൽക്കൂടി വന്നതിന്. എന്റെ കുഞ്ഞിന്റെ മനസ് നിറച്ച് യാത്രയാക്കിയതിന്. ”

അയാൾ വിതുമ്പി. അപ്പോഴും അവനിൽ മൗനം മാത്രമായിരുന്നു. ആ നിമിഷത്തിലൊക്കെയും അവന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു.

ഇസ…. അക്ഷരങ്ങളിൽ വിസ്മയം തീർത്തിരുന്നവൾ….. ദി ഫേമസ് നോവലിസ്റ്റ്. പതിനഞ്ചാം വയസിൽ ആദ്യപുസ്തകം പ്രസിദ്ധീകരിച്ച് വേദിയിൽ നിന്ന് പുഞ്ചിരിയോടെ സംസാരിച്ച വെളുത്തുമെലിഞ്ഞ പെൺകുട്ടിയോട് വല്ലാത്തൊരു ആരാധനയായിരുന്നു ആദ്യം…. പിന്നീട് വളരെ പതിയെ വാക്കുകളിലൂടെ ഒന്നൊരണ്ടോ മിനുട്ടുകൾ മാത്രം നീളുന്ന ഫോൺ വിളികളിലൂടെ ആ ആരാധന ഓരോ പുസ്തകവും ആദ്യം വായിക്കുന്ന സൗഹൃദത്തിലേക്കെത്തി. പിന്നെയും ദൂരമേറെയായിരുന്നു ഹൃദയം നിറയെ പ്രണയമെഴുതിയിരുന്നവളുടെ പ്രണയത്തിലേക്ക്.

പത്തുവർഷങ്ങൾ കൂടി കടന്നുപോകവേ അവൾ പിന്നെയും പുസ്തകങ്ങളെഴുതിതീർത്തു…..

ഒരു സാധാരണക്കാരന് എത്തിപ്പിടിക്കാൻ പോലും കഴിയാത്ത ഇസ ജോർജ് എന്ന യുവ എഴുത്തുകാരിയിലേക്ക് വളർന്നു. അപ്പോഴും സഞ്ജയ് എന്ന സൗഹൃദവും അവൾക്കൊപ്പം തന്നെ വളർന്നുവന്നു. കാരണം പോലുമറിയുമായിരുന്നില്ല. പക്ഷേ തന്റെ വരികളോരോന്നും ആദ്യമവൻ വായിക്കണമെന്നത് അവൾക്കൊരു വാശി തന്നെയായിരുന്നു. ഒടുവിലെപ്പോഴോ ആ വാശിയുടെ കാരണവും അവൾ പറഞ്ഞു.

” എനിക്ക് തന്നോട് പ്രണയമാണ് സഞ്ജയ്…..

ഇതുവരെ അക്ഷരങ്ങൾ മാത്രമായിരുന്നു എന്നിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാലിന്ന് നീയുമുണ്ട്.

പ്രണയത്താലുരുകിയൊലിക്കുന്ന പെൺഹൃദയങ്ങൾക്ക് ജന്മം കൊടുത്തുകൊടുത്ത് ഞാനും പ്രണയിക്കുന്നു സഞ്ജയ്…. നിന്നേ…. നിന്നേമാത്രം….. ”

പിന്നീടുള്ള ഓരോ നിമിഷവും അവളൊരു കാമുകി മാത്രമായിരുന്നു. അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്തിരുന്നവൾ ആ അക്ഷരങ്ങളെപ്പോലും മറന്നുവോയെന്ന് സംശയിച്ച നാളുകൾ.

” നടക്കില്ല…… എത്ര വലിയ എഴുത്തുകാരിയായാലും മറ്റെന്തായാലും ഒരു ക്രിസ്ത്യാനിപെണ്ണെന്റെ മകന്റെ കൈപിടിച്ചീ വീടിന്റെ പടി ചവിട്ടില്ല. ”

എക്സ് മിലിട്ടറി പദ്മനാഭൻ നമ്പ്യാരുടെ വാക്കുകൾ ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യമില്ലാത്തത് പോലെ മുഖം കുനിച്ചുനിന്നവളോട് പറയുമ്പോഴും അവളിലെ കരുത്തുറ്റ പെണ്ണ് നേർമയിൽ ഒന്ന് പുഞ്ചിരിച്ചു.

” വിഷമിക്കരുത് സഞ്ജയ്….. എനിക്ക് വേദനയില്ല. ആഗ്രഹിക്കുന്നതെല്ലാമങ്ങ് കിട്ടിയാൽ പിന്നെ നമ്മളൊക്കെ ദൈവങ്ങളായിപ്പോകില്ലേ….”

പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചവളിലേക്ക് നോക്കുമ്പോൾ ഒരുനിമിഷം ഉള്ളിലെവിടെയോ അവളോടൊരിറ്റ് വെറുപ്പിന്റെ കറുപ്പ് വീണിരുന്നില്ലേ…..???

ദിവസങ്ങൾ കൊഴിഞ്ഞു തീരവേ ഹൃദയത്തിന് മുകളിലെന്തോ ഒരു ഭാരമെടുത്ത് വച്ചിരിക്കും പോലെയായിരുന്നു തനിക്ക്. പക്ഷേ അപ്പോഴും അവൾ തിരക്കിലായിരുന്നു. പുതിയ പുസ്തകമവൾ വല്ലാത്തൊരു വേഗതയിൽ എഴുതിതീർത്തു.

പക്ഷേ അതിനിടയിലൊരിക്കൽപ്പോലും നഷ്ടത്തിന്റെ തീവ്രതയിലൊരുതുള്ളി കണ്ണീര് പൊഴിക്കാൻ പോലുമവൾ ശ്രമിച്ചില്ല. ആ ഭാവമൊരുതരം വെറുപ്പായിരുന്നു ഉള്ളിൽ നിറച്ചത്…..

വാശിയായിരുന്നു അച്ഛൻ പറഞ്ഞ പെൺകുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിക്കുമ്പോൾ.

വിവാഹശേഷം അമേരിക്കയിലേക്ക് പോകും വരെയും ഒന്ന് തിരക്കാൻ പോലും തയ്യാറായിരുന്നില്ല.

അത്രമേൽ മുറിവുകൾ അവളേൽപ്പിച്ചിരുന്നു ഹൃദയത്തിലെവിടെയൊക്കെയോ.

പക്ഷേ അപ്പോഴും ഞാനെന്നെക്കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്. ഉരുകിയൊലിക്കുന്ന ഹൃദയത്തെ തന്നിൽ നിന്നും മറച്ചുപിടിച്ച് പുഞ്ചിരിച്ച അവളെ ഞാനറിഞ്ഞില്ല. അറിയാൻ ഒന്നരവർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും പ്രശസ്ത എഴുത്തുകാരിയെന്ന വെള്ളിവെളിച്ചമണഞ്ഞ് അവൾ വെറുമൊരു ഭ്രാന്തിപ്പെണ്ണ് മാത്രമായിക്കഴിഞ്ഞിരുന്നു. അക്ഷരങ്ങളുടെ മായാജാലക്കാരിക്ക് അക്ഷരങ്ങളന്യമായിക്കഴിഞ്ഞിരുന്നു. പിന്നൊരുനിമിഷം പോലും അവളെ തനിച്ചാക്കാൻ വയ്യായിരുന്നു.

മുൻപേ താളം തെറ്റിത്തുടങ്ങിയിരുന്ന ദാമ്പത്യം ആടിയുലഞ്ഞതോ തകർന്ന് വീണതോ ശ്രദ്ധിച്ചില്ല.

വല്ലാത്തൊരാവേശമായിരുന്നു ഇസയിലേക്കെത്താൻ. എത്തി…..

ഒന്നരവർഷങ്ങൾ അവളെ വല്ലാതെ മാറ്റിമറിച്ചിരുന്നു. എപ്പോഴും പുഞ്ചിരിച്ച് മാത്രം കണ്ടിരുന്നവൾക്കിന്ന് പുഞ്ചിരിയന്യമായിരുന്നു.

മൗനത്താലവളവളെത്തന്നെ തളച്ചിട്ടിരുന്നു. ആഴമേറിയ വിഷാദം അവളെ മറ്റൊരാളാക്കി തീർത്തിരുന്നു.

” ഇസാ….. ”

അരികിലെത്തി വിളിക്കുമ്പോൾ ഒരു യന്ത്രം കണക്കേ അവൾ മുഖം തിരിച്ചു നോക്കി.

” വന്നുവല്ലേ….. ഒന്ന് കാണണമെന്നുണ്ടായിരുന്നു.

പക്ഷേ…. പറയാൻ ഭയമായിരുന്നു സഞ്ജയ്…..

എങ്കിലും കാത്തിരുപ്പായിരുന്നു. എന്നെങ്കിലും ഒന്ന് വന്നു കണ്ടിട്ട് എല്ലാമൊന്നവസാനിപ്പിക്കാൻ….. ”

നാളുകൾക്ക് ശേഷം അല്പം വാടിയതെങ്കിലും അവൾ പതിയെ പുഞ്ചിരിച്ചു. ഒപ്പം തന്നെ ആ മിഴികളിലെവിടെയോ നീർമുത്തുകളുരുണ്ടുകൂടി. പക്ഷേ അവ കവിളുകളെ നനയ്ക്കും മുൻപ് ധരിച്ചിരുന്ന പരുപരുത്ത തുണിയിലെ ഏതോ ഒരറ്റം കൊണ്ടവളൊപ്പിയെടുത്തു.

” ഇപ്പോഴും ചില രാത്രികളിൽ നീ നൽകിയ ചുംബനങ്ങളുടെ ചൂടുള്ള നനവ് ഞാൻ കഴുത്തടിയിലറിയാറുണ്ട് സഞ്ജയ്….. ”

അറിയാതെ അരികിൽ നിന്നിരുന്നവനിലേക്ക് ചാഞ്ഞുപോകുമ്പോൾ അവളുടെ അധരങ്ങൾ മൊഴിഞ്ഞു. അവന്റെ നെഞ്ചൊന്നുലഞ്ഞു.

പക്ഷേയെന്തോ ഈ നാളുകളത്രയും തന്നേയണിഞ്ഞവളെയൊന്ന് ചേർത്ത് പിടിക്കാനുള്ള ശക്തി ആ കൈകൾക്കുണ്ടായിരുന്നില്ല.

” എന്തേ ഇസാ നീയിങ്ങനെയൊക്കെ…. ????

എഴുതാൻ പോലും മറന്നോ നീ….??? ”

” എനിക്ക്…. എനിക്കറിയില്ല സഞ്ജയ്‌ ഞാനെന്തുകൊണ്ടാണ് ഇങ്ങനെയെന്ന്. പിന്നെ അക്ഷരങ്ങൾ…. അതൊക്കെ ഞാനെന്നേ മറന്നിരിക്കുന്നു. എഴുതാൻ ബാക്കിവച്ച ഒരുപിടി അക്ഷരങ്ങളുടെ മാറാല മൂടിയ ശവക്കുഴിയാണ് സഞ്ജയ് ഇന്ന് നീ കാണുന്ന ഇസ…. ”

ജനലിലൂടെ ഉള്ളിലേക്ക് വന്ന കാറ്റിനെ ഉള്ളിലേക്കാവാഹിക്കും പോലെ അവളൊന്ന് ആഞ്ഞുശ്വസിച്ചു.

പിന്നെ തിരിഞ്ഞൊരിക്കൽ കൂടി അവനെയൊന്ന് പുണർന്നു.

” പൊയ്ക്കോളൂ സഞ്ജയ്‌….. ഇനിയൊരിക്കലും ഇസ നിനക്കായ്‌ കാത്തിരിക്കില്ല. എനിക്ക് വേണ്ടത് ഇത്രമാത്രമായിരുന്നു. നന്ദി അത് സാധിച്ചുതന്നതിന്…. പൊയ്ക്കോളൂ. എനിക്ക്……

എനിക്കൊന്നുറങ്ങണം സമാധാനമായി….. ”

കിടക്കയിലേക്ക് ചാഞ്ഞവളെ വെറുതേയല്പനേരം നോക്കി നിന്നു. സംതൃപ്തിയോടെ മിഴികളടച്ചവളുടെ നെറുകയിൽ വെറുതേയൊന്ന് ചുംബിക്കുവാൻ കൊതി തോന്നി. പക്ഷേ എന്തോ ഒന്ന് പിന്നോട്ട് വലിക്കും പോലെ തോന്നി പുറത്തേക്ക് നടന്നു.

പുലർച്ചെ അഞ്ചുമണിയോടെ കാളിങ് ബെൽ ചിലച്ചപ്പോഴായിരുന്നു വെളുപ്പിനെപ്പോഴോ വഴുതി വീണുപോയിരുന്ന നേർത്ത മയക്കത്തിൽ നിന്നുമുണർന്നത്. ഇസയുടെ പപ്പയായിരുന്നു.

” സഞ്ജയ് എല്ലാം കഴിഞ്ഞു കേട്ടോ…. എന്റെ….

എന്റെ മോള് സകലകാത്തിരിപ്പുമവസാനിപ്പിച്ചു.

ഇനി…. ഇനിയവളാരേയും വേദനിപ്പിക്കില്ലാട്ടോ.. ”

ആ മനുഷ്യന്റെ സമനില തെറ്റിയിരുന്നോ അപ്പോൾ…. അറിയില്ല. പക്ഷേ അവളുടെ മുറിയിലേക്ക് ഓടുമ്പോൾ കാലുകൾക്കൊട്ടും വേഗത തോന്നിച്ചിരുന്നില്ല. അവയെന്തോ നിലത്തുനിന്നും പറിയാൻ വിസമ്മതിക്കും പോലെ. മുറിയിൽ ആളുകൾ ആരൊക്കെയോ നിന്നിരുന്നു. എല്ലാവർക്കും നടുവിലേ ആട്ടുകസേരയിൽ ചാരി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു അവൾ…. ഇസാ.

നേർത്തൊരു പുഞ്ചിരിയോടെ ഉറങ്ങുന്നവൾക്ക് ഒരിക്കൽ പോലും ഇത്രയും ഭംഗി തോന്നിച്ചിട്ടില്ലെന്ന് ഓർത്ത് നിൽക്കുമ്പോഴായിരുന്നു ആ നീലക്കല്ലുള്ള മൂക്കുത്തിയേ പേറിയിരുന്ന മൂക്കിൽ നിന്നുമൊരിറ്റ് ചുവപ്പ് അധരങ്ങളിലെക്ക് ഒലിച്ചിറങ്ങിയിരിക്കുന്നത് കണ്ടത്.

” ഇസാ….. !!!!!!!!!!!! ”

*******************

” അവളെ വിഷാദമതിന്റെ എല്ലാ ഭീകരതകളോടും വിഴുങ്ങിയിരുന്നു സഞ്ജയ്. ഇങ്ങനെയൊരു സ്വയം പിൻവാങ്ങൽ അവളിൽ നിന്നുമേത് നിമിഷവും ഞാൻ ഭയന്നിരുന്നു. ഒരുപക്ഷേ ഇതൊരുപാട് മുന്നേ സംഭവിക്കേണ്ടതായിരുന്നു. പക്ഷേ താൻ കാരണമാണ് സഞ്ജയ്‌ അത് നീട്ടിവയ്ക്കപ്പെട്ടത്.

തനിക്ക് വേണ്ടിയുള്ള കാത്തിരുപ്പ് മാത്രമാണ് ഇസയെ ഇവിടെവരെയെത്തിച്ചത്. ആ കാത്തിരുപ്പവസാനിച്ചതോടെ അവളും…..”

പക്ഷേ ഡോക്ടർ ഞാനാണ് അവളുടെ ഈ അവസ്ഥക്ക് കാരണം. അങ്ങനെയെങ്കിൽ ഇതിനുമുൻപേയല്ലേ അവളിത് ചെയ്യേണ്ടിയിരുന്നത്….???? ”

ചോദിക്കുമ്പോൾ ശബ്ദമൊട്ടും തന്നെ വിറച്ചിരുന്നില്ല.

കാരണം അറിയണമായിരുന്നു നിഗൂഢതകളുടെ ഒരു താഴ് വര തന്നെയായിരുന്ന അവളെ.

” ശെരിയാണ് സഞ്ജയ് തന്റെ സംശയം…. പക്ഷേ അവൾ കാത്തിരുന്നത് തനിക്കൊപ്പം ഒരു ജീവിതമായിരുന്നില്ല. എല്ലാം അവസാനിപ്പിച്ച് ഒരു മടക്കത്തിനുമുൻപ് നിങ്ങളെയൊരുനോക്ക് കാണാൻ മാത്രം….. ഒരുപക്ഷേ നിങ്ങളുടെയീ കൂടിക്കാഴ്ച നീണ്ടുപോയിരുന്നുവെങ്കിൽ അവളും….. ”

” ഇനിയും ജീവിക്കാനെനിക്ക് ഭയമാണ് സഞ്ജയ്…… കയ്യിൽ കിട്ടിയ അപ്പൂപ്പൻതാടി വീണ്ടും പറന്നകലുന്നത് നോക്കി നിന്ന് വിമ്മിപ്പൊട്ടുന്ന കുഞ്ഞിനെപ്പോലെ നീയില്ലായ്‌മയിൽ ഇനിയും സ്വയം നഷ്ടപ്പെടാൻ വയ്യെനിക്ക്….

പൊക്കോട്ടെ ഞാൻ….. നഷ്ടങ്ങൾ പിടിമുറുക്കാത്ത ലോകത്തിലേക്ക്….. അവിടെ….

അവിടെ ഞാൻ കാത്തിരുന്നോട്ടേ നീയണയും വരെ

അപ്പോഴും ടേപ്പ് റെക്കോർഡറിൽ നിന്നും അവളുടെ സ്വരമൊഴുകിക്കൊണ്ടിരുന്നു.

അവസാനിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അഭിരാമി അഭി

Leave a Reply

Your email address will not be published. Required fields are marked *