ബ്ലാക്ക്‌ & വൈറ്റ് ചാപ്റ്റർ 2, തുടർക്കഥ, ഭാഗം 5 വായിക്കൂ…

രചന : ശ്രീജിത്ത്‌ ജയൻ

ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാത്തതിഞ്ഞാലോ , കാർത്തിക്കിന്റെ സ്നേഹിക്കുന്ന ആത്മാക്കൾ അവന്റെ കാരണം തടയാൻ ശ്രമിച്ചത് മൂലമോ കാർത്തിക്കിന് എത്ര ശ്രമിച്ചിട്ടും കാഞ്ചി വലിക്കാൻ കഴിഞ്ഞില്ല . അവൻ നിരാശയോടെ ആ തോക്ക് വലിച്ചെറിഞ്ഞു. പതിയെ അവൻ നന്ദൻ നൽകിയ പേപ്പർ തുറന്ന് നോക്കാൻ തയ്യാറായി.

**************************

ജീപ്പ് സ്റ്റാർട്ട് ചെയ്തതും ഊരുജനങ്ങൾ തനിക്ക് പ്രിയപ്പെട്ടവനെ ഇനി കാണാൻ കഴിയില്ലെന്ന ഭയത്താൽ കരയാൻ തുടങ്ങി.

“എന്താ തന്റെ പേര് ? ”

കാറിന്റെ സൈഡ് സീറ്റിൽ സ്ഥാനം ഉറപ്പിച്ച ഊരു വാസിയോട് റബേക്ക ചോദിച്ചു. എന്നാൽ അയാളുടെ ശ്രദ്ധ മുഴുവൻ കരഞ്ഞുകൊണ്ട് കാറിന് പിറകെ ഓടി വരുന്ന തന്റെ മകളിലായിരുന്നു

പാതി വഴിയിൽ തെന്നി വീണ അവൾ അപ്പാ എന്ന് ഉറക്കെ വിളിക്കുന്നത് കാറിനുള്ളിൽ ഇരുന്നുകൊണ്ട് ആ പാവം അച്ഛന് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു .

” എടോ , …… എന്താ തന്റെ പേര് ? മേഡം ചോദിച്ചത് കേട്ടില്ലേ ? ”

ഫ്രാങ്കോ ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകികൊണ്ട് ചോദിച്ചു .

” കാളി , കളിയപ്പൻ …..”

അയാൾ ഭയത്തോടെ മറുപടി നൽകി.

“എത്ര നേരം വേണ്ടി വരും അവിടേക്ക് ? ”

റബേക്ക കാടിന്റെ വന്യതയിലേക്ക് കണ്ണോടിച്ചുകൊണ്ട് ചോദിച്ചു.

” പാതി വയി മട്ടും വണ്ടി പോവും , ബാക്കി നടക്കണം . എങ്ങനെ പോണാലും രാത്രിയോടെ താൻ അവിടെ എത്താൻ പട്ടു….”

കാളി തനിക്ക് അറിയുന്ന തമിഴും മലയാളവും കലർന്ന ഭാഷയിൽ മറുപടി നൽകി . മലയാളം ഊരി ഉള്ളവർക്ക് കേട്ടാൽ മനസ്സിലാവുമെങ്കിലും അവരിൽ പലർക്കും മലയാളത്തിൽ സംസാരിക്കാൻ അറിയില്ലായിരുന്നു . ഇപ്പോഴും വിദ്യാഭ്യാസം എന്തെന്ന് പോലും അറിവില്ലാത്തവരായിരുന്നു കഞ്ചാവ് തോട്ടത്തിലെ കൂലി പണിക്കാർ മാത്രമായ ആ പാവം ഊരു ജനങ്ങൾ.

കാളി പറഞ്ഞത് പോലെ അധിക ദൂരം കാടിന് ഉള്ളിലേക്ക് അവർക്ക് കാറിൽ പോവാൻ കഴിഞ്ഞില്ല

ഡച്ച് പാലസിലേക്ക് സായിപ്പിന്റെ പട്ടാളം തയാറാക്കിയ വഴിയെല്ലാം എന്നോ ഇല്ലാതായി.

മരണം പതിയിരിക്കുന്ന വഴിയിലൂടെ യാത്ര ചെയ്തത് കൊണ്ടാവാം പാലസിലെ നിധി തേടി പോയവർ ആരും തിരികെ വരാതിരുന്നത്. കാളി കാറിൽ നിന്നും ഇറങ്ങി തന്റെ മടിക്കുത്തിൽ ഉണ്ടായിരുന്ന ചെറിയ പിച്ചാത്തി കൊണ്ട് മൂന്ന് കമ്പുകൾ വെട്ടിയെടുത്തു. നടക്കുമ്പോൾ മുൻപിൽ ഏതെങ്കിലും അപകട ജീവികളോ ചതുപ്പോ ഉണ്ടെങ്കിൽ തിരിച്ചറിയുക എന്നതായിരുന്നു ആ കമ്പുകളുടെ ദൗത്യം.

” അന്ത മലക്ക് അപ്പുറം താൻ കൊട്ടാരം ….”

കാളി കൂടി നിൽക്കുന്ന മല നിലകളിൽ ഒന്നിനെ ചുണ്ടികൊണ്ട് പറഞ്ഞു. ആ മലക്ക് പുറകിലാണ് ഡച്ച് പാലസ് എന്നല്ലാതെ അവിടേക്കുള്ള കൃത്യമായ വഴിയൊന്നും കാളിക്ക് അറിയില്ലായിരുന്നു .

തിരിച്ചു വരവില്ലാത്ത യാത്രയിൽ ഏത് വഴി തിരഞ്ഞെടുത്താലും എന്തെന്ന ചിന്തയായിരുന്നു കാളിയുടെ മനസ്സ് നിറയെ. കാളിക്ക് പിറകെ വരിവരിയായി ഫ്രാങ്കോയും റബേക്കയും നടന്നു.

തന്റെ കർമങ്ങൾക്ക് രാത്രിയുടെ യാമങ്ങൾ അവശ്യമായതിനാൽ കുറച്ചു ദിവസത്തിന് ആഹാരം തയ്യാറാക്കാൻ വേണ്ട വസ്തുക്കൾ റബേക്ക ഫ്രാങ്കോയോട് പറഞ്ഞ് പ്രത്യേകം ഒരു ബാഗിൽ കൂടെ കരുതിയിരുന്നു. ആ ഭാരമേറിയ ബാഗ് ചുമക്കുക എന്ന കടമയും നിലവിലെ അടിമയായ കാളിയുടേത് തന്നെ. വന്യജീവികളിൽ നിന്നും രക്ത നേടാനായി ഒരു തോക്കും ആവശ്യത്തിന് ഉണ്ടകളും , രാത്രിയിൽ പ്രകാശത്തിന് ആവശ്യമായ എമർജൻസി ലാമ്പുകളും ചുമക്കുക എന്നത് ഏറ്റവും പിന്നിൽ നടക്കുന്ന ഫ്രാങ്കോയുടെ ചുമതലയായി മാറി. റബേക്ക ആവട്ടെ തന്റെ മാന്ത്രിക കർമങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ മാത്രമാണ് തോളിൽ ചുമന്നിരുന്നത്. പാലസിലേക്കുള്ള ദൂരം കൂറയുന്നതിന് അനുസൃതമായി മാർഗ്ഗ തടസ്സങ്ങളും അവരെ തേടി വന്നു.

ഒടുവിൽ ഉച്ചയോടെ അവർ സാത്താൻ കുന്നിന് താഴെയെത്തി.

” വെള്ളം….. വെള്ളം…..”

ഇനിയും നടത്തം തുടർന്നാൽ താൻ തളർന്ന് വീഴുമെന്ന് തിരിച്ചറിഞ്ഞ ഫ്രാങ്കോ ഒരു കല്ലിന് മുകളിൽ ഇരിപ്പുറപ്പിച്ച ശേഷം കൂടെ കൊണ്ട് വന്ന കുപ്പി തുറന്ന് അതിൽ നിന്നും അവസാന തുള്ളി വെള്ളം നാവ് കൊണ്ട് നക്കി കുടിച്ച ശേഷം ദയനീയമായ മുഖത്തോടെ കാളിയേയും റബേക്കയെയും നോക്കി.

” ഇപ്പിടി പറഞ്ഞാൽ എങ്ങനെയാണ് , ഇനിയാണ് ചെരിക്കും കയറ്റം വരാൻ പോവുന്നത്. ഇവിടെ അടുത്തായി എങ്കേയോ കോളം ഉള്ളത് മാതിരി തോന്നുന്നു . വേണമെങ്കിൽ നമുക്ക് അവിടെ കൊഞ്ച നേരം നിൽക്കാം . എന്തായാലും ഇവിടെ ബേണ്ട …. ”

കാട്ടിൽ വളർന്ന കാളിക്ക് ആ യാത്ര പറയത്തക്ക കഠിനമായിരുന്നില്ല . വഴിയിൽ കണ്ട ആന പിണ്ഡത്തിൽ നിന്നും തങ്ങൾ നിൽക്കുന്ന ഇടം കാട്ടാനയുടെ യാത്ര പാതയാണെന്ന് കാളിക്ക് മനസ്സിലായി

ഇതുവരെ ജീവൻ നഷ്ടമാവുന്ന രീതിയിൽ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നത് നിധിയോട് കാളിയുടെ മനസ്സിൽ മോഹം തോന്നിക്കാൻ കാരണമായി.

അധികം വൈകാതെ കാളി പറഞ്ഞത് പോലെ അവർ ഒരു തടാകത്തിന്റെ മുൻപിൽ എത്തി ചേർന്നു.

ആകാശം പോലെ തെളിഞ്ഞ ജലം നിറഞ്ഞ തടാകം കണ്ടതോടെ ഫ്രാങ്കോ തന്റെ പ്രയാസങ്ങൾ മറന്ന് തടാകത്തെ ലക്ഷ്യമാക്കി കുതിച്ചു. കണ്ണാടിപോലെ തിളങ്ങുന്ന തടാകത്തിലെ ജലത്തിൽ തന്റെ മുഖം നോക്കിയ ശേഷം ഫ്രാങ്കോ വയറു നിറയെ ആ വെള്ളം കൈകൊണ്ട് കോരി കുടിക്കാൻ തുടങ്ങി.

ആ സമയം കൊണ്ട് കളിയപ്പൻ റബേക്കയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യാൻ ആരംഭിച്ചു . പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന നൂഡിൽസ് പോലെയുള്ള വസ്തുക്കൾ ആയിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. ഭക്ഷണശേഷം അവർ മൂന്ന് പേരും അവിടെ വിശ്രമിക്കാൻ തുടങ്ങി .

ഇത്രയും നല്ല കുളം കണ്ടിട്ടും അതിൽ കുളിക്കാതെ അവിടെ നിന്നും പോവാൻ ഫ്രാങ്കോയുടെ മനസ്സ് അവനെ അനുവദിച്ചില്ല. അവൻ ആ തടാകത്തിലേക്ക് എടുത്തു ചാടി.

“ഫ്രാങ്കോ , വാ നമ്മുക്ക് പോവാം …..”

റബേക്ക ഒരു കാരണവും കൂടാതെ ഫ്രാങ്കോയോട് ദേഷ്യത്തോടെ പെരുമാറി . എന്നാൽ ഫ്രാങ്കോ അത് വക വക്കാതെ നീന്തൽ തുടർന്നു.

ഫ്രാങ്കോ തന്റെ വാക്കുകൾ മനഃപൂർവ്വം കേട്ടിലെന്ന് നടിക്കുകയാണ് എന്ന് മനസ്സിലാക്കിയ റബേക്ക വേട്ടയാടാനായി ഉപയോഗിക്കുന്ന വലിയ തോക്ക് കയ്യിൽ എടുത്ത ശേഷം ലക്ഷ്യം നോക്കി രണ്ട് തവണ വെടി ഉതിർത്തു.

” എന്ത് പറ്റി……”

വെടി ശബ്‌ദം കേട്ട് മയക്കത്തിൽ നിന്നും ഞെട്ടിയുണർന്ന കാളിയപ്പൻ കണ്ടത് തടാകത്തിലെ ജലത്തിൽ രക്തം കലരുന്നതാണ്.

” ഉങ്കൾക്ക് ഒന്നും പറ്റിയില്ലലോ ? ”

കരയിലേക്ക് പ്രാണ ഭയത്തോടെ നീന്തി കയറി വന്ന ഫ്രാങ്കോയോട് കാളി ചോദിച്ചു.

“ഒന്നും….. പറ്റിയില്ല ”

ഫ്രാങ്കോ നേടുവീർന്ന് ഇട്ടുകൊണ്ട് തടാകത്തിലേക്ക് തിരിച്ചു നോക്കി. ഫ്രാങ്കോയെ ഭക്ഷിക്കാനായി നീന്തി വന്ന മുതലക്ക് നേരെയായിരുന്നു റബേക്ക വെടി ഉതിർത്തത്. വെടിയേറ്റ മുതലകൾ രക്തം കലർന്ന ജലത്തിൽ ചത്തു പൊന്തി.

” പറഞ്ഞാൽ അനുസരിക്കണം ….”

നന്ദി പറയാനായി തനിക്ക് അരികിലേക്ക് വന്ന ഫ്രാങ്കോക്ക് നേരെ വിരൽ ചൂണ്ടികൊണ്ട് റബേക്ക പറഞ്ഞു . റബേക്കയുടേത് വെറും വാക്കുകൾ ആയിരുന്നില്ല , ഫ്രാങ്കോക്കുള്ള താക്കീത് കൂടിയായിരുന്നു.

***********************

” സർ ഞാൻ ഒരു ചോദ്യം ചോദിച്ചാൽ ….”

ദർശന ഒരു ചിരിയോടെ കാർ ഡ്രൈവ് ചെയ്യുന്ന ഡേവിഡിനോട് മനസ്സിൽ വിരിഞ്ഞ ചോദ്യം ചോദിക്കാൻ ശ്രമിച്ചു.

” എന്താടോ , ചോദിക്കാൻ ഒരു മടി ? ”

” സായൻസിലേക്ക് സർ വന്നത് എങ്ങനെയാണെന്ന് സർ പറഞ്ഞു , പക്ഷെ എന്തിനാ ഈ പാരാനോർമൽ ആക്ടിവിറ്റിസിലേക്ക് തിരിഞ്ഞത് എന്ന് …..”

ദർശന വീണ്ടും തന്റെ ചോദ്യം പാതി മാത്രം പൂർത്തിയാക്കി. ഒരു ആത്മഹത്യ നടന്ന വീട്ടിലേക്കായിരുന്നു ദേവിഡിന്റെയും ദർശനയുടെയും യാത്ര. ഇത്രയും നാൾ ദർശന ഡേവിഡിന്റെ ലാബിലും മറ്റുമായിയാണ് ചിലവഴിച്ചത്.

ആ ദിവസങ്ങൾ കൊണ്ട് തന്നെ തന്റെ കഥക്ക് ആവശ്യമായ ശാസ്ത്ര ഭാഗങ്ങൾ ദർശന തന്റെ സന്തത സഹചാരിയായ ഡയറിൽ കുറിച്ചെടുത്തിരുന്നു….

” കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു ജൂനിയറിനോട് എനിക്കൊരു ക്രഷ് തോന്നി. ക്രഷ് എന്ന് പറഞ്ഞ് അതിനെ ചെറുതായി കാണാൻ കഴിയില്ല , അക്ഷരാർത്ഥത്തിൽ ഞരമ്പ് പൊട്ടിയ പ്രേമം.

അവളുടെ പിന്നാലെ നടന്ന് നടന്ന് കോളേജ് ടൈം പോയത് പോലും അറിഞ്ഞില്ല.

പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് എല്ലാ ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഞാൻ അവളുടെ മുൻപിൽ എത്തി.

“തനിക്ക് ഇത്ര നാളായിട്ടും എന്നോട് ഒന്നും തോന്നിയില്ലേ ? “”

ഡേവിഡ് ചിരിച്ചുകൊണ്ട് ദർശനയെ നോക്കി.

എഴുതുന്നത് ഭയപ്പെടുത്തുന്ന കഥകൾ ആണെങ്കിലും മറ്റുള്ളവരുടെ പ്രണയ കഥകൾ കേൾക്കാൻ ദർശനക്ക് വലിയ താല്പര്യം ആയിരുന്നു.

” എന്നിട്ട് , എന്ത് മറുപടി കിട്ടി ? ”

ദർശന തന്റെ ആകാംഷ അടക്കിവെക്കാൻ കഴിയാതെ ചോദിച്ചു.

“ഒരു വർഷം കഴിഞ്ഞാൽ എന്റെ പഠിപ്പ് കഴിയും

ഇതിനുള്ള മറുപടി അപ്പോൾ തരാം”

എന്നായിരുന്നു അവളുടെ മറുപടി . വെക്തമായി അവളൊന്നും പറഞ്ഞില്ല എങ്കിലും അവളുടെ ചിരിയിൽ നിന്നും എനിക്കൊരു പോസിറ്റീവ് വൈബ് കിട്ടിയിരുന്നു.

അവളുടെ വീട്ടുകാരെ സമ്മതിപ്പിക്കാൻ ഒരു ജോലി വേണമല്ലോ എന്ന് തോന്നിയ ഞാൻ അടുത്ത വർഷം ഇതേ ദിവസം കാണാം എന്ന് പറഞ്ഞ് ഗൾഫിലേക്ക് പോവാൻ തിരുമാനിച്ചു. ആ ഒരു വർഷം അവൾ പറഞ്ഞത് പോലെ ഞാൻ ആ മറുപടിക്ക് വേണ്ടി കാത്തിരുന്നു. എങ്ങനെയോ ഒരു വർഷം പൂർത്തിയാക്കി കോളേജിൽ തിരിച്ചെത്തിയ എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല.

അവളെ തേടിയുള്ള എന്റെ യാത്ര ചെന്ന് നിന്നത് അവളുടെ ഇടവക പള്ളിയിലെ സെമിത്തേരിയിലായിരുന്നു ………”

ഡേവിഡിന്റെ മുഖത്ത് പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകളിൽ വിരഹ വേദന തെളിഞ്ഞു നിന്നിരുന്നു

” സോറി സർ….”

ഡേവിഡിനോട് എന്ത് പറയുന്നറിയതെ ദർശന വിഷമിച്ചു.

” ഏയ് സാരമില്ല ,,,,, അന്ന് മുതൽ എന്റെ മനസ്സിൽ ബാക്കി നിന്ന ചോദ്യമാണ് അവളുടെ മനസ്സിൽ എനിക്ക് സ്ഥാനമുണ്ടായിരുന്നോ എന്നത് .

ആ ചോദ്യമാണ് ഈ പാരാനോർമൽ റീസർച്ചിൽ വന്ന് നിന്നത്. അതിന് ശേഷം ഇന്ന് വരെ എത്ര പേരുടെ അനുഭവങ്ങൾ തൊട്ടറിഞ്ഞു എന്നതിന് ഞാൻ പോലും കണക്ക് വച്ചിട്ടില്ല. ഇന്നുള്ള യാത്രയും അത്തരത്തിൽ ഒന്നിന് പിന്നാലെയാണ്

ഡേവിഡ് ഒരു ചിരിയോടെ ഡ്രൈവിങിൽ ശ്രദ്ധ നൽകി. ഡേവിഡ് കാർ വന്ന് നിന്നത് ഒരു വീടിന് മുൻപിൽ ആയിരുന്നു , കത്തുന്ന ചന്ദന തിരിയുടെ മണമുള്ള ഒരു വീടിന് മുൻപിൽ .

ഡേവിഡിന് പിറകെ കാറിൽ നിന്നും ഇറങ്ങിയ ദർശന ആ വീടും പരിസരവും ഒന്ന് കണ്ണോടിച്ചു.

സങ്കടത്തിന്റെ കാർമേഘങ്ങളുമായി കൂടി നിൽക്കുന്ന ചിലർ , വീടിന് മുൻപിൽ കാക്ക കൊത്തി പറിക്കുന്ന ബലിച്ചോർ …. ആ ഒറ്റ കാഴ്ചയിൽ നിന്ന് തന്നെ അതൊരു മരണവീടാണ് എന്ന് ദർശന മനസ്സിലാക്കി.

” എന്നെ നിങ്ങൾക്ക് ആർക്കും അറിയില്ല . എന്റെ പേര് ഡേവിഡ് . സുചിത്രയുടെ ഒരു സുഹൃത്താണ് .

കഴിഞ്ഞ ദിവസമാണ് ഞാൻ US ൽ നിന്ന് വന്നത് ,

എല്ലാം അറിഞ്ഞപ്പോൾ വൈകി പോയി ….”

ഡേവിഡ് ഹാളിലെ ടേബിളിന് മുകളിൽ ഉണ്ടായിരുന്ന 25 വയസ്സ് തോന്നിക്കുന്ന പെണ്കുട്ടിയുടെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് ആ പെണ്കുട്ടിയുടെ സഹോദരനോട് സംസാരിച്ചു.

” ഒന്നും തോന്നിലെങ്കിൽ എനിക്ക് സുചി ഉപയോഗിച്ചിരുന്ന മുറി ഒന്ന് കാണാം എന്നുണ്ടായിരുന്നു…

ഡേവിഡിന്റെ ചോദ്യം കേട്ട സൂചിത്രയുടെ സഹോദരന് ആദ്യം അത് സമ്മതിക്കാൻ കഴിഞ്ഞില്ല.

” ഒന്നും തോന്നരുത് , ഇച്ഛായന് സുചിയെ അത്രക്ക് ഇഷ്ടമായിരുന്നു …..”

ഒരു കാരണവും ഇല്ലാതെ ഡേവിഡ് തന്നെയും കൊണ്ട് ആരെന്ന് പോലും അറിയാത്ത ഒരാളുടെ വീട്ടിലേക്ക് കയറി ചെന്നതിന് വെക്തമായ ലക്ഷ്യം ഉണ്ടാവുമെന്ന് തോന്നിയ ദർശന വായിൽ തോന്നിയ ഒരു കാരണം സൂചിത്രയുടെ സഹോദരനോട് പറഞ്ഞു.

വീട്ടുകാരുടെ സമ്മതത്തോടെ സുചിത്രയുടെ മുറിയിൽ കയറിയ ഡേവിഡ് അല്പനേരം ആ മുറിയിൽ കണ്ണുകൾ അടച്ചിരുന്നു. ആ മുറിയിൽ വെച്ചാണ് സുചിത്ര ആത്മഹത്യ ചെയ്തത് .

എന്തിനെന്നോ , ആര് കാരണമെന്നോ ആരോടും പറയാതെ വീട്ടിൽ ആരുമില്ലാത്ത ഒരു ദിവസം അവൾ ആത്മഹത്യ ചെയ്തു. വിവാഹം ഉറപ്പിച്ചിരുന്നതിനാൽ തന്നെ പലരും ആ ആത്മഹത്യയെ തെറ്റായി വ്യാഖ്യാനിക്കാൻ തുടങ്ങിയിരുന്നു

എന്നാൽ ആ വാർത്ത അവിചാരിതമായി കേട്ട സമയം മുതൽ ഡേവിഡിന് ആ മരണത്തിൽ സംശയം ഉണ്ടായിരുന്നു. ഡേവിഡ് ആ മുറിയിൽ വച്ച് സുചിത്ര എന്ന പെണ്കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് അകകണ്ണിൽ കാണാൻ ശ്രമിച്ചു.

” ശരി , എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ….”

മുറിക്ക് പുറത്തേക്ക് ഇറങ്ങിവന്ന ഡേവിഡ് തന്റെ നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചുകൊണ്ട് സുചിത്രയുടെ സഹോദരനോട് പറഞ്ഞു. എല്ലാം കണ്ടു നിന്ന ദർശനക്ക് അവിടെ നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ പോലും കഴിഞ്ഞില്ല

” എന്താ സർ , എന്താ സംഭവിച്ചത് ,

എനിക്കൊന്നും മനസ്സിലാവുന്നില്ല ?

സത്യത്തിൽ നമ്മൾ എന്തിനാണ് ഇവിടേക്ക് വന്നത്

തന്നോട് ഒന്നും പറയാതെ കാറിന്റെ വളയത്തിൽ മുറുകെ പിടിച്ചിരിക്കുന്ന ഡേവിഡിനോട് ദർശന ചോദിച്ചു.

” ഈ മരണത്തിന് വെക്തമായ ഒരു കാരണമുണ്ട്

ആ കാരണമാണ് ഇത് ….”

ഡേവിഡ് തന്റെ പോക്കറ്റിൽ നിന്നും ഒരു മരപ്പാവയെ പുറത്തേക്കെടുത്തു.

” എന്താ ഇത് ? ”

ദർശന ആ മരപ്പാവയിൽ പ്രത്യേകമായി എന്താണ് ഉള്ളതെന്ന് അറിയാനായി ആ പാവയെ കയ്യിലെടുക്കാൻ തുടങ്ങി .

” വേണ്ട , തൊട്ടാൽ ആ പാവം പെണ്കുട്ടിയുടെ അവസ്ഥ തന്നെയായിരിക്കും തനിക്കും ഉണ്ടാവാൻ പോകുന്നത് .”

” അപ്പൊ ഇതാണോ ആ മരണത്തിന് കാരണം ?

അപ്പൊ ഇത് സാറിനെ ഒന്നും ചെയ്യില്ലേ ? ”

ദർശന ആ പാവയെ ഭയത്തോടെ നോക്കി.

” ഇത് ആത്മാവിനെ ആവാഹിച്ച്‍ തളച്ച ആൾ രൂപമാണ് . ഇതിന് ഉള്ളിലെ ശക്തിയാണ് ആ കുട്ടിയുടെ ജീവൻ എടുത്തത്. ഞാൻ വീണ്ടും ആ ശക്തിയെ ഇതിലേക്ക് കൊണ്ട് വന്നിട്ടുണ്ട് ,

പക്ഷെ അധികനേരം ദുരാത്മാവിനെ എന്നാൽ ശാന്തമാക്കി നിർത്താൻ കഴിയില്ല.

അതുകൊണ്ട് സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് ഈ പാവയിലെ ശക്തികൾ പുറത്ത് വരാതിരിക്കാൻ നമ്മൾ എന്തെങ്കിലും ചെയ്യണം ….”

ഡേവിഡ് വഴിയിലൂടെ അടക്കം ചെയ്യുന്നതിനായി പള്ളിയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹത്തിന് പിന്നാലെ വണ്ടി ഓടിച്ചു.

” ഇവിടെ എന്താ , അടുത്ത ആത്മാവിനെ വിളിച്ചുവരുത്താൻ വേണ്ടിയാണോ ? ”

വരി വരിയായി സെമിത്തേരിയിലേക്ക് നടക്കുന്ന ആളുകൾക്ക് പിന്നാലെ നടക്കാൻ തുടങ്ങിയ ഡേവിഡിനോട് ദർശന രഹസ്യമായി ചോദിച്ചു .

” അല്ല അടക്കം ചെയ്യാൻ …. ”

ഡേവിഡ് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ദർശന ശ്രദ്ധയോടെ വീക്ഷിച്ചു. ചടങ്ങുകളുടെ അവസാനം എന്നപോലെ മരണപ്പെട്ട ആളുടെ ശരീരം അടങ്ങുന്ന പെട്ടി കല്ലറയിലേക്ക് ഇറക്കി കഴിഞ്ഞതും കൂടി നിന്നവർ ഒരുപിടി മണ്ണ് ആ കുഴിയിലേക്ക് ഇടാൻ തുടങ്ങി , എന്നാൽ ആ കുഴിയിലേക്ക് ഡേവിഡ് നിക്ഷേപിച്ചത് ആ പാവയെ ആയിരുന്നു. ആ കല്ലറ അടക്കുന്നത് വരെ ഡേവിഡ് അവിടെത്തന്നെ ചിലവഴിച്ചു.

“കല്ലറയിൽ നിന്നും ഇനി ഒരിക്കലും ആ ആത്മാവിന് പുറത്ത് വരാൻ കഴിയില്ല . ”

ഡേവിഡ് ചിരിയോടെ ദർശനയെ നോക്കി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : ശ്രീജിത്ത്‌ ജയൻ

Leave a Reply

Your email address will not be published. Required fields are marked *