അറിയാതെ, തുടർക്കഥയുടെ അവസാന ഭാഗം വായിക്കൂ..

രചന : Thasal

” ആ നീയും വന്നോ…. ”

ബെഡ് വാങ്ങി തിരികെ റൂമിലേക്ക് വരുമ്പോൾ ഹർഷൻ കാണുന്നത് പുറത്ത് തന്നെ സംസാരിച്ചു നിൽക്കുന്ന ശ്രീക്കുട്ടിയെയും കിച്ചുവിനെയും ആണ്… ശ്രീക്കുട്ടി കിച്ചുവിന്റെ കയ്യിൽ എന്തോ പറഞ്ഞു അമർത്തി പിച്ചുന്നുണ്ട്… കിച്ചു ആണെങ്കിൽ അവളെ കൊല്ലും വിധം നോക്കുന്നുമുണ്ട്….

അവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ എന്ന പോലെ ഹർഷൻ പറയുമ്പോൾ രണ്ട് പേരും അവനെ നോക്കി ഒന്ന് ചിരിച്ചു….

“മനുവും ഉണ്ട്…. അകത്തു നിലയെ കാണാൻ കയറിയതാ…. ”

കിച്ചു പറഞ്ഞതും ഹർഷന്റെ മുഖം ഒന്ന് വിടർന്നു…

“നിലയെ കൊണ്ട് വന്നോ…. ”

“മ്മ്മ്… ഇപ്പോൾ കൊണ്ട് വന്നതെയൊള്ളു…. ”

കിച്ചു മറുപടി നൽകിയതും പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ ഹർഷൻ വേഗം ഉള്ളിലേക്ക് കടന്നു….

അമ്മമാർ രണ്ട് പേരും സംസാരിച്ചു ഇരിപ്പുണ്ട്… അച്ഛൻ നിലക്ക് അടുത്ത് തന്നെ കുഞ്ഞിനെ തൊട്ടും തലോടിയും ഉള്ള ഇരിപ്പ് ആണ്… മനുവും ചെക്കനും എന്തോ ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്….

ഹർഷൻ കയ്യിലെ കവർ ഒരു മൂലയിലേക്ക് ഒതുക്കി വെച്ചു…. നിലക്ക് അടുത്തേക്ക് പോകാനും ആ കുഞ്ഞ് മുഖം ചുംബനങ്ങൾ കൊണ്ട് മൂടാനും കൊതിയുണ്ട്…. പക്ഷെ….എല്ലാവരും ചുറ്റിലും ഉണ്ടാകുമ്പോൾ…. അവൻ മടിയോടെ അവിടെ തന്നെ ചാരി നിന്നു നിലയിലേക്കും കുഞ്ഞിലേക്കും ശ്രദ്ധ പതിപ്പിച്ചു…നില മയക്കം വിട്ടു ഉണർന്നിരുന്നില്ല…. കുഞ്ഞും കണ്ണുകൾ അടച്ചു ചുണ്ട് നുണഞ്ഞു കൊണ്ടുള്ള കിടപ്പ് ആണ്…

“സാവിത്രി….. ന്നാ നമുക്ക് ഇറങ്ങാ….”

അച്ഛൻ ആയിരുന്നു… അമ്മ സങ്കടത്തോടെ അദ്ദേഹത്തേ നോക്കി…അച്ഛൻ കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചതും അമ്മ ചെറു ചിരിയോടെ ഒന്ന് തലയാട്ടി….

അച്ഛൻ പ്രയാസപ്പെട്ടു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു….അപ്പോഴേക്കും ഹർഷൻ അദ്ദേഹത്തേ താങ്ങി പിടിച്ചിരുന്നു… ഒരു മകന്റെ കരുതൽ കണക്കെ….

“നില എണീറ്റിട്ട് പോയാൽ പോരെ…. ”

“വേണ്ടാ ഹർഷ…. ഞങ്ങൾ നാളെ വരാം….ഇത്രേം നേരം ആയില്ലേ….ഇവൾക്ക് ആണേൽ മരുന്ന് ഒക്കെ കഴിക്കാൻ ഉണ്ട്…. ”

അമ്മയെ നോക്കി കൊണ്ടായിരുന്നു അച്ഛൻ പറഞ്ഞത്…

“ന്നാ…. ഞാൻ കൊണ്ട് വിടാം..

“ഞങ്ങളും ആ വഴി അല്ലേടാ… ഞങ്ങൾ പോകുമ്പോൾ കൊണ്ട് പോകാം…. ”

മനു ആയിരുന്നു…

“ടാ.. അനികുട്ടാ….വാടാ… ”

“ഞാൻ വരണോ… ”

കുഞ്ഞിനെ ചുറ്റി പറ്റി നിന്ന് കൊണ്ട് ചെക്കൻ ചോദിച്ചു…

“വാടാ… നിന്റെ അമ്മ ഇപ്പോൾ കൂടെ വിളിച്ചതെയൊള്ളു…ഇനി അതിന്റെ പേരിൽ നിനക്ക് തല്ലു കിട്ടേണ്ട… വാടാ… ”

മനു സഖാവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു… അവർ പുറത്തേക്ക് നടക്കുമ്പോൾ അമ്മയും പിന്നാലെ ചെന്നിരുന്നു… അല്പം മടിച്ചു ആയാലും ചെക്കനും…

“നാളെ വരണേടാ…. ”

ഹർഷൻ പുഞ്ചിരിയോടെ ചെക്കന്റെ തോളിൽ ഒന്ന് തട്ടി കൊടുത്തു… അവനും ഒന്ന് പുഞ്ചിരിച്ചു…

“അപ്പൊ ക്ലാസിനു പോകണ്ടേ മനുഷ്യ…”

കുസൃതിയോടെ അവൻ ചോദിക്കുമ്പോൾ ഹർഷൻ ചുണ്ട് കടിച്ചു കൊണ്ട് അവനെ നോക്കി…

“ക്ലാസ്സ്‌ കഴിഞ്ഞിട്ട് വന്നാൽ മതി…. ”

“ഈ മനുഷ്യനെ കൊണ്ട്…. നിങ്ങള് നന്നാവില്ല… ”

അവൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകുമ്പോൾ ചെറു ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു ഹർഷൻ…

“അമ്മ എങ്ങോട്ടാ പോകുന്നെ… ”

അവരോടൊപ്പം എത്താൻ ധൃതിയിൽ പോകുന്ന അമ്മയെ കണ്ടു ഹർഷൻ ചോദിച്ചു…

“ഞാൻ ഒന്ന് വീട് വരെ പോയിട്ട് വരാം… ”

“അത് വേണ്ടാ… ഇവിടെ എന്താ ചെയ്യേണ്ടത് എന്നൊന്നും എനിക്ക് അറിയാൻ മേലാ…”

അവൻ പറയുന്നത് കേട്ടു അമ്മ ഒന്ന് ചിരിച്ചു…

“ഇപ്പൊ വരാടാ… ഇന്നലെ മുതൽ ഉള്ള തുണികൾ ഇല്ലേ… അതൊന്നു അലക്കാനും ഉണ്ട്…

പിന്നെ മോൾക്ക്‌ രണ്ട് നൈറ്റി എടുക്കാനും ഉണ്ട്…. അത് വരെ നീ ഒന്ന് നിന്നാൽ മതി…

വൈകും മുന്നേ വരാം…. മോളെ നോക്കിക്കോണെടാ…

അതും പറഞ്ഞു പോകുന്ന അമ്മയെ അവൻ നോക്കി നിന്നു…

ഇവിടെ എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല…. ഗർഭകാലം പോലെയല്ല പ്രസവ ശേഷം… അതിനൊരു സ്ത്രീയുടെ ആവശ്യം ഏറെയാണ്….

അവൻ ഡോർ ഒന്ന് ചാരി ഇട്ടു കൊണ്ട് അവർക്ക് അരികിലേക്ക് ചെന്നു…

അവൻ കൺനിറയെ കാണുകയായിരുന്നു… തന്റെ പെണ്ണിനെയും അവൾ തനിക്ക് സമ്മാനിച്ച കുഞ്ഞ് പൈതലിനെയും….കുഞ്ഞ് കൈകൾ ചുരുട്ടി കിടക്കുന്ന കുഞ്ഞിന്റെ കവിളിൽ നേർമ്മയായി ഒന്ന് തൊട്ടു….

മുഖം ഒന്ന് ചുളിച്ചു വീണ്ടും ചുണ്ടുകൾ നുണഞ്ഞ് കിടക്കുന്ന കുഞ്ഞിനെ കണ്ടതും ചിരിയോടെ മെല്ലെ ആ കവിളിൽ ചുണ്ട് ചേർത്തു… ഉറക്കത്തേ തടസപ്പെടുത്തിയത് കൊണ്ടാകാം…കുഞ്ഞ് ചുണ്ടുകൾ പിളർത്താൻ നിന്നതും അത് അറിഞ്ഞ പോലുള്ള അവന്റെ തലോടലിൽ വീണ്ടും ശാന്തമായി….

കുഞ്ഞിൽ നിന്നും നോട്ടം നിലയിലേക്ക് എത്തിയതും അവന്റെ ഉള്ളം അവളോടുള്ള പ്രണയം നിറയുകയായിരുന്നു….

നെറുകയിൽ മെല്ലെ തലോടി….

ഉള്ളം നിറയുകയായിരുന്നു….

മെല്ലെ കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കുന്നവളെ കണ്ടപ്പോഴും പുഞ്ചിരിയോടെ നോക്കി നിന്നു…

“അ…ച്ചേട്ടാ… ”

അടഞ്ഞ ശബ്ദത്തോടെയുള്ള ആ ശബ്ദത്തിൽ വേദന കൂടി കലർന്നിരുന്നു….

ഹർഷൻ അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു…

❤❤❤❤❤❤❤❤❤❤❤

“നമ്മടെ വാവയാ … കൊച്ചേ…

കുഞ്ഞിനെ സന്തോഷത്തോടെ തൊട്ടു നോക്കുന്നവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് അവൻ പറയുമ്പോൾ പുഞ്ചിരിയോടെ അവന്റെ കൈകൾ കൈകളിൽ കോരി എടുത്തു ചുണ്ടോട് ചേർക്കുകയായിരുന്നു അവൾ…

ഇടക്ക് വേദന കൊണ്ട് മുഖം ചുളിയുമ്പോൾ എല്ലാം കടിച്ചു പിടിച്ചു കൊണ്ട് അവൾ കുഞ്ഞിനെ തലോടി കൊണ്ടിരിക്കുന്നു…

“വേദനയുണ്ടോ… !!?”

മെല്ലെ അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ ചോദിക്കുമ്പോൾ അവൾ മെല്ലെ കണ്ണ് ചിമ്മി….

“കുഞ്ഞനാല്ലേ അച്ചേട്ടാ…. ”

അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് പുഞ്ചിരിച്ചു… മെല്ലെ കുഞ്ഞിന്റെ കവിളിൽ മെല്ലെ തലോടി….

അപ്പോഴേക്കും ഡോറിൽ കൊട്ട് വീണതോടെ അവൻ എഴുന്നേറ്റു പോയി ഡോർ തുറന്നിരുന്നു… കയ്യിൽ വലിയ കെട്ടും കെട്ടി വന്ന അമ്മ…

“ആ മോള് എണീറ്റോ…. ഇപ്പൊ എങ്ങനെയുണ്ട് മോളെ… ”

അമ്മ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് ചോദിച്ചു… അവൾ ഒന്ന് ചിരിച്ചു…

ഇടയിൽ അവരുടെ കൈകൾ കുഞ്ഞിനെയും തലോടി നീങ്ങിയിരുന്നു…

“പാല് കൊടുക്കാൻ പറഞ്ഞോടാ… ”

“മ്മ്മ്… ഇടക്ക് ഒരു നേഴ്സ് വന്നു പറഞ്ഞു കൊടുത്തായിരുന്നു…. ”

ഹർഷൻ ആയിരുന്നു പറഞ്ഞത്…നിലയുടെ കണ്ണുകൾ ഹർഷനിൽ ആയി പതിഞ്ഞു കിടന്നു… വലിയ സന്തോഷത്തിൽ ആണ്…. കുഞ്ഞിനെ തൊട്ടും തലോടിയും… ഇടക്ക് കൈകളിൽ എടുത്തു കൊഞ്ചിച്ചും….. കുഞ്ഞ് കണ്ണുകൾ തുറക്കാൻ കവിളിൽ മൂക്ക് വെച്ചു ഉരസിയും എല്ലാം ഇരിക്കുന്നുണ്ട്….

“മതിന്റെ അച്ചേട്ടാ…. ”

ഉറക്കം ഒഴിച്ചു കൈകളിൽ തലോടി ഇരിക്കുന്ന ഹർഷനെ നോക്കി കൊണ്ട് അവൾ പറഞ്ഞു… ഡ്രിപ് ഇട്ട ഭാഗത്ത് ചെറിയൊരു വേദന പറഞ്ഞതാണ്…. അതിനു ശേഷം അവൻ തുടങ്ങിയതാണ്….

“വേദന കുറവ് ഉണ്ടോ കൊച്ചേ…. ”

ഉറക്കചടവോടെ അവൻ ചോദിച്ചു… അവൾ കണ്ണുരുട്ടലോടെ അവനെ നോക്കി…

“ഞാൻ ഇവിടുന്ന് ഇറങ്ങുമ്പോഴേക്കും നിങ്ങളെ ഇവിടെ കയറ്റെണ്ടി വരും… ന്ത്‌ കോലവാ അച്ചേട്ടാ…. ഒന്ന് കിടന്നു ഉറങ്ങിക്കൂടെ….. ”

അവൾ എന്തൊക്കെ പറയുമ്പോഴും അവൻ കസേരയിൽ അവൾക്ക് ചാരെ തന്നെയായി ഇരിപ്പുണ്ടായിരുന്നു…

“മോള് ഉറക്കം പിടിച്ചോടി…. ”

ഇടക്ക് ബേബി ബെഡിന്റെ നെറ്റിനുള്ളിലൂടെ കുഞ്ഞിനെ പാളി നോക്കി കൊണ്ട് അവൻ ചോദിച്ചതും കുഞ്ഞ് ചെറുതിലെ ഒന്ന് കണ്ണുകൾ തുറക്കാൻ ശ്രമിച്ചു…. ഉറക്കം തടസ്സപ്പെടുത്തിയ സങ്കടം പോൽ കുഞ്ഞ് ചുണ്ടുകൾ വിതുമ്പി…. മെല്ലെ കുഞ്ഞ് ശബ്ദം പുറത്തേക്ക് വന്നു… അത് പതിയെ പതിയെ കൂടി വന്നതോടെ നില കൈ എത്തിച്ചു സിബ് അഴിച്ചു കൊണ്ട് കുഞ്ഞിനെ എടുക്കാൻ ഒരുങ്ങിയതും ഹർഷൻ തന്നെ കുഞ്ഞിനെ എടുത്തിരുന്നു…

“കുഞ്ഞ് എണീറ്റോ…. ”

അമ്മ വെപ്രാളത്തോടെ കിടന്നിടത്ത് നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു…

“എണീക്കണ്ടാ…. ഞാൻ നോക്കിക്കോളാം… ”

ഹർഷൻ തന്നെ അവരെ തടഞ്ഞു… കുഞ്ഞിനെ ഒന്ന് നെഞ്ചോട് ചേർത്ത് പിടിച്ചു….

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വേദനയോടെ മുഖം ചുളിക്കുന്നവളെ നോക്കി…. കയ്യിൽ ഒന്ന് ബലം പിടിച്ചതും അവൾ തന്നെ എഴുന്നേറ്റു ചാരി ഇരുന്നിരുന്നു…..

അവളുടെ മുഖം വേദന കൊണ്ട് ചുവക്കുന്നത് അറിഞ്ഞു അവന്റെ ഉള്ളിലും സങ്കടം ഏറി…

“വാവയെ താ അച്ചേട്ടാ…. ”

വേദനയാൽ കണ്ണുകൾ നിറയുമ്പോഴും കുഞ്ഞ് ശബ്ദത്തോടെ ചുണ്ടിൽ പുഞ്ചിരി നിറക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറയുമ്പോൾ അവൻ കുഞ്ഞിനെ അവളുടെ മടിയിൽ കിടത്തി കൊടുത്തു….

കുഞ്ഞിനെ പാലൂട്ടുന്നവളുടെ നെറുകയിൽ മെല്ലെ ഒന്ന് മുത്തി….

അതിൽ അവളോടുള്ള അടങ്ങാത്ത സ്നേഹം ഉണ്ടായിരുന്നു…അവളിലെ മാതൃത്വത്തോടുള്ള ബഹുമാനം ഉണ്ടായിരുന്നു…

❤❤❤❤❤❤❤❤❤❤❤❤

“കുടിക്കു കൊച്ചേ…. എന്നത്തേയും പോലെ വെച്ചോണ്ട് ഇരിക്കാൻ ഒക്കത്തില്ല… ”

കഞ്ഞി പത്രവും മടിയിൽ വെച്ചു ഇരിക്കുന്ന നിലയെ കണ്ടു ഹർഷൻ കണ്ണുരുട്ടലോടെ പറയുമ്പോൾ നില സങ്കടത്തോടെ അവനെ നോക്കി…

“വേണ്ടാ… ”

“വേണം കൊച്ചേ…. ”

അവൻ ശാസന കണക്കെ പറഞ്ഞു… മടിയിൽ വെച്ച പത്രത്തിൽ നിന്നും ഒരു സ്പൂൺ എടുത്തു അവളുടെ വായിലേക്ക് വെച്ചു കൊടുത്തു… ഇഷ്ടം അല്ലെങ്കിലും അത് കുടിച്ചു…

“അങ്ങനെ…”

അവൻ സന്തോഷത്തോടെ പറയുമ്പോൾ അവളുടെ ഒരു കൈ അവന്റെ കയ്യിൽ മുറുകിയിരുന്നു എങ്കിൽ കണ്ണുകൾ തങ്ങളുടെ അപ്പോഴും കുഞ്ഞിനെ പൊതിഞ്ഞിരുന്നു…

തന്റെ അച്ചേട്ടന്റെ രക്തം….തന്നോടുള്ള അവന്റെ അടങ്ങാത്ത പ്രണയം…. ഉള്ളം തുടി കൊട്ടുകയായിരുന്നു…

❤❤❤❤❤❤❤❤❤❤❤

“*വെണ്ണിലാ ഹർഷൻ…..*”

കുഞ്ഞ് കാതുകളിൽ ആയി ചുണ്ട് ചേർത്ത് പേര് വിളിക്കുമ്പോൾ കുഞ്ഞ് ചുണ്ടുകൾ പിളർത്തി കരഞ്ഞു…. നിലയും കുഞ്ഞ് പുഞ്ചിരിയോടെ കുഞ്ഞിനെ കുഞ്ഞ് തലയിൽ ഒന്ന് ചുംബിച്ചു…

“നിന്നെ പോലെ മിണ്ടാപൂച്ച അല്ലാട്ടോ…. ”

ഹർഷൻ കുഞ്ഞ് ചിരിയോടെ അവളുടെ കാതിൽ ആയി പറയുമ്പോൾ നില കുറുമ്പോടെ ചുണ്ട് ചുളുക്കി അവനെ നോക്കി…

“അത് ഇല്ലാതിരിക്കോ അച്ഛന്റെ അല്ലേ മോള്..”

അവളും വിട്ടു കൊടുക്കാതെ പറയുമ്പോൾ ഹർഷനും ഒന്ന് ചിരിച്ചു പോയി…

ഇരുവരുടെയും സന്തോഷം നോക്കി കാണുകയായിരുന്നു അമ്മമാരും അച്ഛനും…

“ദേ…..അടങ്ങി നിന്നില്ലേൽ പിച്ചാത്തി എടുത്തു ഒരു കുത്തങ്ങ് തരും…. ”

ആരെയും ശ്രദ്ധിക്കാതെ ശ്രീക്കുട്ടിയെ തന്നോട് ചേർക്കാൻ നിന്ന കിച്ചുവിനെ കൈ മുട്ട് കൊണ്ട് തള്ളി മാറ്റി കൊണ്ട് ശ്രീക്കുട്ടി കണ്ണുരുട്ടി…

“ഹൈ…. ഞാൻ ഇപ്പൊ ആരോടാ ഒട്ടാൻ വന്നേക്കുന്നേ…. നീ പോടീ കോപ്പേ…. ഇനി എന്റെ പട്ടി വരും നിന്റെ പിറകെ…. ”

കിച്ചു അല്പം ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മുണ്ടും മടക്കി കുത്തി അവിടെ നിന്നും നടന്നു..

ശ്രീക്കുട്ടിയും ചിരിക്കുകയായിരുന്നു… രണ്ട് മിനിറ്റ് വേണ്ടാ അവൻ തിരികെ വരാൻ…. അല്ലേൽ അവള് അവന്റെ പിറകെ പോകും… അതിവിടെ സ്ഥിരം ആണ്…. അവരുടെ പിണക്കത്തിൽ ഇടപെടാൻ അവിടെ ആർക്കും ധൈര്യം ഇല്ലായിരുന്നു… കാരണം അവസാനം അവർ രണ്ടും ഒന്നാകും ചോദിച്ചു പോകുന്നവർ പുറത്തും ആകും….

“ദേ.. മനുഷ്യ…വാവയെ ഒന്ന് തന്നെ… ”

ഇരു കയ്യും നീട്ടി ചെക്കൻ ചോദിച്ചു… ഹർഷൻ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി…

“നിനക്ക് എടുക്കാൻ ഒക്കെ അറിയാവോടാ…. ”

“പിന്നെ… ഞാൻ LKG കുട്ടിയല്ലേ…. ഇങ്ങ് താ മനുഷ്യ….കൊച്ചേച്ചി തരാൻ പറ… ”

വീണ്ടും പറഞ്ഞപ്പോഴും അവനെ കളിപ്പിക്കാൻ എന്ന പോലെ കുഞ്ഞിനെ ഇരു കൈ കൊണ്ടും ഹർഷൻ പൊതിഞ്ഞു പിടിച്ചതും അവൻ ആശ്രയത്തിന് എന്ന പോലെ നിലയെ ഒന്ന് വിളിച്ചു…..

“മോളെ കൊടുക്ക് അച്ചേട്ടാ…. വാവേടെ മാമൻ അല്ലേ… അവൻ നോക്കിക്കോളും… അല്ലേടാ. ”

നില കൂടി ചോദിച്ചതോടെ അവൻ അതെ എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി… ഹർഷൻ പുഞ്ചിരിയോടെ അവന്റെ കയ്യിലേക്ക് കുഞ്ഞിനെ കൊടുത്തു…

“തലയുടെ പിറകിൽ പിടിച്ചോണെടാ…. ”

ആധിയോടെ ഹർഷൻ പറയുന്നത് കേട്ടു ചെക്കൻ ചിരിച്ചു കൊണ്ട് കുഞ്ഞിന്റെ കവിളിൽ ചുണ്ടമർത്തി….

“നിക്ക് അറിയാം…. നിങ്ങള് ഇങ്ങനെ ആധി പിടിക്കല്ലേ മനുഷ്യ…”

അവൻ പ്രത്യേക ഈണത്തിൽ പറഞ്ഞു കൊണ്ട് കുഞ്ഞിനെയും കൊണ്ട് പോകുമ്പോൾ നില ചിരിച്ചു കൊണ്ട് ഹർഷന്റെ കയ്യിൽ ചുറ്റി പിടിച്ചു…….

“നിക്ക് കുശുമ്പ് വരോ അച്ചേട്ടാ…. ”

വെറുതെ ഒരു തമാശ എന്നോണം അവൾ ചോദിക്കുമ്പോൾ അവൻ ചുറ്റും ഒന്ന് നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവളുടെ നെറുകയിൽ അരുമയായി ഒന്ന് ചുംബിച്ചു…

“അതിന് ഞാൻ അവസരം തരാതിരുന്നാൽ പോരെ കൊച്ചേ…. ”

മറുപടിയിൽ പ്രണയവും വാത്സല്യവും ഒരുപോലെ നിറച്ചു…. അവളുടെ കണ്ണുകളും തിളങ്ങി…

അത് കണ്ടു കൊണ്ട് നിന്ന അരുണിന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു… ശ്രേയ അവന്റെ അടുത്തേക്ക് ചേർന്നു നിന്നു…

“സംസാരിക്കണോ നിനക്ക്… !!?”

നിലയിലേക്ക് മാത്രം നോട്ടം ഒതുക്കി കൊണ്ട് ശ്രേയ ചോദിച്ചു… അരുൺ പുഞ്ചിരിയോടെ തന്നെ വേണ്ടാ എന്ന് തലയാട്ടി… അവനും അറിയാമായിരുന്നു ചില മുറിവുകൾക്ക് മരുന്നില്ല എന്ന്…. വേദന മാറിയാലും അത് മായാതെ തെളിഞ്ഞു തന്നെ കിടക്കും… അത് ശരീരത്തിൽ ആയാലും ഹൃദയത്തിൽ ആയാലും….

❤❤❤❤❤❤❤❤❤❤❤

“കൊച്ചേ….മാറി കിടന്നോ….. ഞാൻ പുറത്ത് പോയിട്ട് വരാം…. ”

കുഞ്ഞുനെ സുന്ദരിയാക്കി പാല് ചുരത്തുന്ന നിലയെ നോക്കി കൊണ്ട് ഹർഷൻ പറഞ്ഞു…

അച്ഛന്റെ ശബ്ദം അറിഞ്ഞ പോൽ മെല്ലെ അവളിൽ നിന്നും അടരാൻ നോക്കുന്നുണ്ട് കുഞ്ഞ്….

“അയ്യോടാ… അപ്പോഴേക്കും പാപ്പം വേണ്ടാതായോ വാവക്ക്… ”

നില കുഞ്ഞ് ശബ്ദത്തോടെ പറഞ്ഞു കൊണ്ട് കുഞ്ഞിനെ ഒന്ന് കൂടെ തന്നിലേക്ക് അണച്ചു പിടിച്ചു… മെല്ലെ കുഞ്ഞ് തുടയിൽ ഒന്ന് തട്ടി കൊടുത്തു…

ഹർഷൻ പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് ചെന്ന് മെല്ലെ കുഞ്ഞിന്റെ കാലിൽ പിടിച്ചു ഒന്ന് കുലുക്കി കൊണ്ട് കുഞ്ഞ് മേനിയിൽ ചെറുതിലെ ഒന്ന് മുത്തി…. ഉമ്മ വെച്ചത് ആള് അറിഞ്ഞാൽ പിന്നെ പാല് കുടി നിൽക്കും… ചെറുതിലെ കളി പഠിച്ചിട്ടുണ്ട് ആള്… പഠിപ്പിച്ചത് ചെക്കൻ ആണെന്ന് ആണ് ഹർഷന്റെ വാദം….കുഞ്ഞുങ്ങൾ ആകുമ്പോൾ അങ്ങനെയാണ് എന്ന് ചെക്കനും….

മെല്ലെ കുഞ്ഞിന്റെ തലക്ക് പിറകിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ എഴുന്നേൽക്കുമ്പോൾ നിലയുടെ കണ്ണുകളും അവനെ പിന്തുടരുന്നു… ഹർഷൻ ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു…

അവൻ പുറത്തേക്ക് ഇറങ്ങുമ്പോൾ നിലയും പുഞ്ചിരിയോടെ അവനെ നോക്കി ഇരിക്കുകയായിരുന്നു…..

ഹർഷന് മക്കൾ ഇപ്പോൾ രണ്ടാ… ഒന്ന് അവന്റെ കൊച്ചും… രണ്ടാമത്തെത് വാവയും….

ഹർഷൻ പുറത്ത് പോയി വന്നപ്പോഴേക്കും സമയം ഏറെ ആയിരുന്നു…

കയ്യിലെ സ്പയർ കീ ഉപയോഗിച്ച് ഡോർ തുറന്നു ഉള്ളിലേക്ക് കയറി… റൂമിൽ എത്തിയപ്പോഴേക്കും നിലയും കിടന്നിരുന്നു…

സീറോ ബൾബിന്റെ പ്രകാശം ഉണ്ട്… ലേറ്റ് ഇട്ടില്ല… ലേറ്റ് ഇട്ടാൽ ബെഡിൽ കിടക്കുന്നതും തൊട്ടിലിൽ കിടക്കുന്നതും ഒരുപോലെ എഴുന്നേൽക്കും….

അവൻ കയ്യിലെ വാച്ച് ഒന്ന് അഴിച്ചു വെച്ചു തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെയും ഒന്ന് എത്തി നോക്കി… കുഞ്ഞിന്റെ കവിളിൽ മെല്ലെ ചുണ്ട് ചേർത്തു….

“രാത്രി കരഞ്ഞു അമ്മേടെ ഉറക്കം കളയല്ലേട്ടോ വാവേ…

കുഞ്ഞ് കവിളിൽ മെല്ലെ തലോടി കൊണ്ട് അവൻ പറയുമ്പോൾ ആ ഉറക്കത്തിലും കുഞ്ഞ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു… അവനും ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു…. കുഞ്ഞ് ചുണ്ടുകൾ നുണഞ്ഞു കിടക്കുന്ന കുഞ്ഞിനെ കാണുമ്പോൾ വാത്സല്യം ഏറി വരുന്നുണ്ടായിരുന്നു….

“കൊച്ചിന്റെ പോലെ തന്നെ ”

ഇടക്ക് സ്വയം ഒന്ന് പറഞ്ഞു…

മെല്ലെ ബെഡിലേക്ക് കയറി കിടന്നതും അവന്റെ സാനിധ്യം അറിഞ്ഞ പോലെ അവൾ മെല്ലെ തല ഉയർത്തി അവന്റെ നെഞ്ചിലേക്ക് ആയി കവിൾ ചേർത്ത് കിടന്നിരുന്നു…

“ഉറങ്ങിയില്ലേ…. !!?”

അവൻ മെല്ലെ ഒന്ന് മുഖം താഴ്ത്തി ചോദിക്കുമ്പോൾ അവൾ മെല്ലെ അവന്റെ താടി തുമ്പിൽ ആയി ചുണ്ടമർത്തി….

“ഇയാൾ ഇല്ലാതെ ഉറങ്ങില്ല എന്ന് അറിഞ്ഞൂടെ…. ”

അവളുടെ സ്വരത്തിലും കുസൃതി…. അവൻ പുഞ്ചിരിയോടെ അവളെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചു…..

“നിങ്ങള് എന്റെ ഭാഗ്യമാണ് ട്ടോ അച്ചേട്ടാ… ”

ഇടക്ക് കുഞ്ഞ് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നു…..അവൻ മറുപടി നൽകിയില്ല.

“കൊച്ചേ…. ”

ഇടക്ക് അവന്റെ വിളി കാത്തു നിന്ന പോൽ അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കി… അവൻ ഒന്നും മിണ്ടിയില്ല… വെറുതെ ആ ചെഞ്ചുണ്ടിൽ കുഞ്ഞ് ചുംബനം….

അവന്റെ പ്രണയം അതായിരുന്നു…. വാക്കുകൾ കൊണ്ട് വർണിക്കാൻ ആകാത്ത….

*അറിയാതെ.. * തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവളോടുള്ള അടങ്ങാത്ത പ്രണയം…….

ഇരുവരുടെയും ചുണ്ടുകളിൽ ഒരുപോലെ പുഞ്ചിരി തെളിയുമ്പോൾ അച്ഛന്റെയും അമ്മയുടെയും സന്തോഷം അറിഞ്ഞ പോൽ…വെണ്ണിലാവിന്റെ ശോഭയുള്ള ആ കുഞ്ഞ് മുഖത്തും പുഞ്ചിരി തെളിഞ്ഞു…..

അവസാനിച്ചു…..

കഴിഞ്ഞു മക്കളെ……അറിയാതെ എന്ന ഈ സ്റ്റോറിയ്ക്ക് തുടക്കം മുതൽ ഇതുവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.. ഒരുപാട് ഇഷ്ടത്തോടെ എഴുതിയ ഒരു കഥയാണ്…..

എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു…കൂടെ നിന്നവർക്ക് എല്ലാം ഒരുപാട് താങ്ക്സ്…..

അവസാന ഭാഗം ആണ്… അഭിപ്രായങ്ങൾ അറിയിക്കണേ…….

രചന : Thasal

Leave a Reply

Your email address will not be published. Required fields are marked *