ഈ രാത്രിയിൽ അങ്ങേര് വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്തിനാ.. ഇനി വല്ല അവിഹിതമായിരിക്കുവോ

രചന : അബ്രാമിന്റെ പെണ്ണ്

വെള്ളിയാഴ്ച രാത്രി കെട്ടിയോനൊരു ഫോൺ വന്നു..എന്നെയൊന്നു നോക്കിയിട്ട് അങ്ങേരു ഫോണുമെടുത്ത് മുറ്റത്തേക്കിറങ്ങിപ്പോയി..

സാധാരണ കാൾ വരുമ്പോൾ മൈക്കിൽ കൂടെ അനൗൺസ് ചെയ്യുന്ന ഒച്ചയിൽ സംസാരിക്കുന്ന മനുഷ്യൻ വളരെ ഒച്ച താഴ്ത്തിയാണ് സംസാരിച്ചത്.. സംസാരിച്ച് സംസാരിച്ച് അങ്ങേര് വയലിലോട്ടും അത് വഴി റോഡിലോട്ടും പോയി.

ഇനി വല്ല അവിഹിത ഗതാഗതവുമായിരിക്കുവോ…?? അല്ലെങ്കിൽ പിന്നെ ഈ രാത്രിയിൽ ഇങ്ങേര് വീട്ടിൽ നിന്നിറങ്ങിപ്പോയതെന്തിനാ…

“അച്ഛനെന്തിയെ അമ്മച്യേ …???

ഇളയ കുരിപ്പാണ്… അച്ഛനെന്നു പറഞ്ഞാൽ അവന് ജീവനാണ്.. അങ്ങേരാണ് അവനെ പ്രസവിച്ചതെന്നും പാല് കൊടുത്തത് മാത്രമായിരുന്നു അവന്റെ ജനന ശേഷം ഞാൻ ചെയ്ത ജോലിയെന്നുമാണ് അവന്റെ വിചാരം..അങ്ങേരെങ്ങോട്ട് തിരിഞ്ഞാലും വാല് പോലെ ഇവനും കാണും..എന്തിനേറെപ്പറയുന്നു അതിയാൻ ഒന്നിനും രണ്ടിനും പോകുമ്പോൾ വരെ ഈ വാൽമാക്രി അങ്ങേരുടെ കൈലിയിൽ തൂങ്ങിക്കിടക്കും.. കക്കൂസിന്റെ കതകടയ്ക്കാൻ സമ്മതിയ്ക്കാതെ “നിക്കറൂരിയോ അച്ഛാ..മൂത്രം വന്നോ അച്ഛാ..മൂത്രം ഒയ്ച്ചോ അച്ഛാ… മൂത്രം ഒയ്ച്ചു കയിഞ്ഞോ അച്ഛാ.. നിക്കറിട്ടോ അച്ഛാ.. വെള്ളം ഒയ്ക്കാൻ മറക്കല്ലേ അച്ഛാ “… എന്നീ ചോദ്യങ്ങളോടെ എ റ്റി എമ്മിന് മുന്നിൽ കാവൽ നിക്കുന്ന സെക്യൂരിറ്റിയേ പോലെ കക്കൂസിന്റെ മുന്നിൽ ഒരു ചീനിക്കമ്പും പിടിച്ചോണ്ട് അവനങ്ങനെ നിക്കും.. ഇവൻ കാണാതാണ് അച്ഛൻ റോഡിലേയ്ക്ക് പോയത്….

“അച്ഛൻ എന്ത്യേ അമ്മച്യേ..

മറുപടി കിട്ടാതായപ്പോ അവന് പിന്നേം സംശയം…

“അച്ഛനെന്റെ പോക്കെറ്റിൽ കിടന്നുറങ്ങുവാ.. നിനക്കെന്തിനാ ഇപ്പൊ അച്ഛനെ…??

അവനെന്റെ മുഖത്തേയ്ക്കും ഞാനിട്ടിരുന്ന ബർമൂഡയുടെ പോക്കറ്റിലേയ്ക്കും നോക്കി…

എന്നിട്ടെന്നെ നോക്കിയൊന്നു ചിരിച്ചിട്ട് സിറ്റൗട്ടിൽ പോയി വയലിലേയ്ക്ക് നോക്കിയിരുപ്പായി…കുറെ കഴിഞ്ഞപ്പോ എന്റങ്ങേര് വന്നു…

“നിങ്ങളെവിടെ പോയതാ മനുഷ്യാ.. ആരോ വിളിച്ചപ്പോ ഫോണുമെടുത്തോണ്ട് ഓടിയതാണല്ലോ…

ഞാൻ അതിയാന്റെ അടുത്തേയ്ക്ക് നീങ്ങി നിന്ന് ചോദിച്ചു.. അങ്ങേര്ടെ ദേഹത്ത് പെണ്ണുങ്ങളുടെ മണമൊന്നുമില്ല.. എപ്പോഴുമുള്ള ബീഡിയുടെ അതേ മണം.. സോറി നാറ്റം…

“മനോജ്‌ റോഡിലോട്ട് വന്ന്.. അവൻ വിളിച്ചിട്ട് പോയതാ.. എത്രയെന്നു വെച്ചാ നിന്റെ മുഖത്തോട്ട് നോക്കിയിരിക്കുന്നെ..

കല്യാണം കഴിഞ്ഞ ആദ്യത്തെ ആഴ്ച “നിന്റെ മുഖത്തോട്ടിങ്ങനെ നോക്കിയിരിക്കുമ്പോ മരിച്ചാലും സന്തോഷമെന്ന്” പറഞ്ഞ മനുഷ്യനാ… എത്ര പെട്ടെന്നാണ് വിധം മാറുന്നത്.. മറുപടി പറയാൻ നിന്നാൽ കൂടിപ്പോകും.. അതുകൊണ്ട് ഞാനൊന്നും മിണ്ടീല…

“ഡീ… കൊറേ നാളായല്ലോ നീ കടല് കാണണമെന്ന് പറയുന്നു.. നാളെ നമ്മക്ക് പോയാലോ..

ഉറങ്ങാൻ കിടക്കുമ്പോ അങ്ങേര് എന്റെ ചെവിയിലോട്ട് പറഞ്ഞു… പുതിയ ഉഡായിപ്പും കൊണ്ടിറങ്ങിയേക്കുവാ.. ഇതേപോലെ ലുലു മാളിലും മ്യൂസിയത്തിലും ജടായുപ്പാറയിലുമൊക്കെ പോകാൻ തീരുമാനമെടുത്ത എത്രയോ രാത്രികൾ… നേരം വെളുക്കുമ്പോൾ അങ്ങനൊരു വാചകമേ പറഞ്ഞിട്ടില്ലെന്ന് ഇതിയാൻ പറയും.. ഇനി അങ്ങനൊരു അബദ്ധം എനിക്ക് പറ്റത്തില്ല..

“ഞാൻ വരുന്നില്ല… നാട് മൊത്തം കൊറോണ പിടിച്ചു കിടക്കുമ്പോ കൊച്ചുങ്ങളെയും കൊണ്ട് കടലീ പോകാൻ എനിക്കെന്തുവാ പ്രാന്തുണ്ടോ… നിങ്ങളിങ്ങനെ സ്നേഹം മൂത്ത് രാത്രീല് പറയുന്ന കേട്ടോണ്ട് പൊങ്ങിച്ചാടുന്ന പരിപാടി ഞാനങ്ങു നിർത്തി.. വേല മനസിലിരിക്കട്ടെ..

എന്റെ ചെവിയിലിരുന്ന അതിയാന്റെ ചുണ്ട് വീണ്ടും അങ്ങേരുടെ മുഖത്തേയ്ക്ക് പോയി..

“എന്നും പറയുന്ന പോലല്ല പൊന്നേ.. നീയീ വീട്ടിലിരുന്നു ചിതലെടുക്കുവാണെന്നെനിക്കറിയാം..

കൊച്ചുങ്ങളോട് പറയണ്ട.. നമ്മക്ക് രണ്ട് പേർക്കും കൂടെ രാവിലെ പോയിട്ട് ഉച്ചയോടെ തിരിച്ചു വരാം.. ഈയൊരാഗ്രഹമെങ്കിലും സാധിച്ചു തന്നില്ലെങ്കിൽ ഞാനൊരു കെട്ടിയോനാണെന്ന് പറഞ്ഞു നടക്കുന്നതിലെന്ത് കാര്യം..നാളെ നിന്നെ കൊണ്ടുപോയി കടല് കാണിച്ചില്ലെങ്കിൽ പിന്നെ നീയെന്നോട് മിണ്ടണ്ട.. പോരെ..

ലങ്ങേര് കാര്യമായിട്ടാണ്.. എനിക്ക് വന്നൊരു സന്തോഷം..കോവളത്തൊക്കെ പല തവണ പോയിട്ടുണ്ടെങ്കിലും വല്യ തിരമാലകളൊക്കെ ആർത്തലച്ച് വരുന്ന കടലുള്ള ഭാഗത്തു പോകണമെന്നാണ് എന്റെ ആഗ്രഹം.. തിരമാല കരയിലേയ്ക്ക് വന്നിട്ട് പോകുമ്പോൾ കരയ്ക്കടിയുന്ന നല്ല ഫ്രഷ് ചാളയും ചൂരയുമൊക്കെ പെറുക്കി കവറിലിടണം… വീട്ടിൽ കൊണ്ടന്ന് കറി വെയ്ക്കണം… ഈ ജീവിതത്തിൽ അത് നടക്കുമെന്ന് തോന്നിയതല്ല… എന്റേട്ടൻ മുത്താണ്.. മുത്ത്.

ഇന്നലെ രാവിലെ ഞാൻ അഞ്ചു മണിക്കേഴുന്നേറ്റ് വീട്ടിലെ ജോലിയൊക്കെ തീർത്തു..എനിക്ക് നടുവേദനയായത് കൊണ്ട് ആശൂത്രിയിൽ പോകുവാണെന്നാണ് കൊച്ചുങ്ങളോട് പറഞ്ഞത്…. അവർക്ക് കളിയ്ക്കാൻ ടാബും കൊച്ചു ടീവി കണ്ടോണ്ട് വൈകുന്നേരം വരെയിരുന്നോളാൻ പറഞ്ഞു ടീവിയുടെ റിമോട്ടും കൊടുത്തപ്പോൾ മൂത്തതിന് എന്തോ സംശയം..

“അമ്മച്ചിയൊക്കെ ഹൃദയം സിനിമ കാണാൻ പോകുവാന്നോ.. ആശൂത്രീൽ പോകുവല്ലെന്നെനിക്കറിയാം.

എവിടെപ്പോയാലും ടീവിയുടെ റിമോട്ടും കൂടെക്കൊണ്ട് പോകുന്ന ഞാൻ അത് കയ്യിലേയ്ക്ക് വെച്ച് കൊടുത്തപ്പോൾ സംശയിക്കുന്നതിൽ കുറ്റം പറയാനൊക്കത്തില്ല..

“നടുവേദനയെടുത്ത് ചാവാൻ പോകുമ്പോഴാ അവൾടൊരു ഹൃദയം… പോടീ.. പോയിരുന്നു കൊച്ചു ടിവി കാണെടീ..

അതൂടെ കേട്ടപ്പോ അവളുടെ സംശയം ഉറച്ചു…കൂടുതൽ വിശദീകരിയ്ക്കാൻ നിക്കാതെ ഞാനും കെട്ടിയോനും കൂടെ വീട്ടിൽ നിന്നിറങ്ങി..

അപ്പോളും ആ കൊച്ച് നോക്കി നിക്കുന്നുണ്ട്…

കൊട്ടാരക്കര ചെന്നപ്പോൾ കെട്ടിയോനൊരു തുണിക്കടയിലേയ്ക്ക് കേറി.. കാര്യം മനസിലാകാതെ ഞാനും.. അങ്ങേരൊരു നേര്യത് വാങ്ങിച്ചു..

“ഇതെന്തിനാ ചെർക്കാ നേര്യത്…

എനിക്ക് യാതൊന്നും മനസിലായില്ല..

“വെള്ളത്തിലിറങ്ങുമ്പോ മുണ്ട് നനയാതിരിക്കാനാടി…ഇതുടുത്തോണ്ട് കടലിലിറങ്ങാം…

ങ്ഹാ ബെസ്റ്റ്… കടലിലുടുത്തോണ്ടിറങ്ങാൻ പറ്റിയ സാധനം.. ഇങ്ങേർക്ക് ബർമൂഡ വാങ്ങിച്ചാൽ പോരാരുന്നോ..

“മുണ്ടിന്റെ കാര്യം അവിടെ നിക്കട്ടെ.. നിങ്ങള് നിക്കറിട്ടാർന്നോ.. ഇട്ടിട്ടില്ലെങ്കിൽ നേര്യതുമുടുത്തോണ്ട് വെള്ളത്തിലിറങ്ങിയാൽ മീനുകൾ വിചാരിക്കും ആരെങ്കിലും ചൂണ്ടയിൽ ഇര കൊരുത്തിടുവാണെന്ന്..

എനിക്കതായിരുന്നു ആധി. കയ്യിലുള്ളത് കടലിൽ കൊണ്ട് കളഞ്ഞിട്ട് പിന്നെ കരഞ്ഞിട്ട് കാര്യമില്ലല്ലോ.

“മിണ്ടായിരിയെടീ.. ഞാനതൊക്കെ ഇട്ടിട്ടുണ്ട്..

മതി.. എനിക്കത് കേട്ടാൽ മതി..

കൊല്ലത്തേയ്ക്കുള്ള ബസിലിരിക്കുമ്പോൾ ഞാനൊരു സ്വപ്നലോകത്തായിരുന്നു.. കടലിലിറങ്ങുന്നതും കെട്ടിയോന്റെ കൂടെ വെള്ളത്തിൽ കിടന്നു കെട്ടിമറിയുന്നതും കരയ്ക്ക് വന്ന് വീഴുന്ന ചാളയും ചൂരയുമൊക്കെ വാരി കവറിലിടുന്നതുമൊക്കെ ഞാൻ തിരിച്ചും മറിച്ചും സങ്കൽപ്പിച്ചു കൂട്ടി..കരയിൽ നിൽക്കുന്നതും മണലിൽ ഇരിയ്ക്കുന്നതും വെള്ളത്തിൽ കിടക്കുന്നതുമായ കുറെ സെൽഫിയെടുക്കണം.. ഫോട്ടോയൊക്കെ ഫേസ്ബുക്കിലിട്ട് ലൈക് വാരിക്കൂട്ടണം.. ആ ഫോട്ടോയൊക്കെ എന്റെ പിള്ളേര് കാണുമ്പോളുള്ള എക്സ്പ്രഷൻ എന്തായിരിക്കും. രണ്ടിന്റേം ചമ്മി നാശമായ മുഖമൊന്നു കാണണം..അതൊക്കെ ഓർത്തപ്പോ പലപ്പോഴും രോമാഞ്ചം വന്ന് ഞാൻ കുളിർന്നു വിറച്ചു..

ബസ് കുണ്ടറ ചെന്നപ്പോ അവിടുന്ന് എന്റേട്ടന്റെ കുറെ ബന്ധുക്കൾ ഞങ്ങളിരുന്ന ബസിൽ കേറി.. എല്ലാരുടെയും കയ്യിൽ ഏട്ടന്റെ കയ്യിലിരിക്കുന്ന പോലത്തെ കവറുകളും.. ഇവരെല്ലാം നേര്യതുമുടുത്ത് കടലിൽ ചാടാൻ വരുവാന്നോ..എനിക്കാകപ്പാടെ സംശയം..

ഞങ്ങളെ കണ്ടോണ്ട് കൂട്ടത്തിലെ തലമൂത്തൊരു വല്യച്ഛൻ അടുത്തേയ്ക്ക് വന്നു.. ഏട്ടൻ വല്യച്ഛനിരിയ്ക്കാൻ വേണ്ടി ഇത്തിരിക്കൂടെ ഒതുങ്ങിയിരുന്നു..

“നീയെപ്പോഴാ സുനുവേ മരണമറിഞ്ഞേ.. നീ വിളിച്ച് പറഞ്ഞില്ലാരുന്നെങ്കിൽ ഞങ്ങളറിയത്തില്ലാരുന്നു…

മരണമോ.. ആര് മരിച്ചു.. അപ്പോൾ കടലിൽ പോകാമെന്നു പറഞ്ഞ് ഇങ്ങേരെന്നെ പറ്റിച്ചതാന്നോ..ഞാനങ്ങേരുടെ മുഖത്തേയ്ക്ക് നോക്കി.. അതിയാന്റെ മുഖത്ത് ചോരയെന്നൊരു സാധനം പേരിനു പോലുമില്ല..

“മരണത്തിനു പോകാമെന്നു പറഞ്ഞാൽ അമ്മയെ നോക്കാൻ വീട്ടിലാരുമില്ലെന്ന് പറഞ്ഞു നീ വരത്തില്ലെന്നെനിക്കറിയാം.. അതാ കടല് കൊണ്ട് കാണിക്കാമെന്ന് കള്ളം പറഞ്ഞത്… നീ വിഷമിക്കണ്ട.. ചാക്കാല വീട് കടലിന്റടുത്താ.. നമുക്ക് കടലിലിറങ്ങീട്ട് വരാം… നീ ഒന്നും വിളിച്ചു കൂവല്ലേടീ.. വീട്ടിൽ ചെന്നിട്ട് എന്ത് വേണോങ്കിലും പറഞ്ഞോ…

വല്യച്ഛൻ കേൾക്കാതെ കെട്ടിയോനെന്റെ ചെവിയിൽ പറഞ്ഞു.. അല്ലെങ്കിൽ തന്നെ ഞാനെന്ത് പറയാനാ..

പിള്ളേരെ കൊണ്ട് വരാതെ കടലിൽ പോകാമെന്നു പറഞ്ഞപ്പോൾ തന്നെ ഞാനതിലെ ചതി മനസിലാക്കണമായിരുന്നു..നേര്യത് വാങ്ങിയപ്പോളെങ്കിലും സംശയിക്കാമായിരുന്നു..

കെട്ടിയോന്റെ വകയിലൊരു അമ്മാവനാണ് മരിച്ചത്.. തൊണ്ണൂറ്റേഴു വയസുള്ള ആ വല്യപ്പൻ കുറെ വർഷങ്ങളായി ഒരേ കിടപ്പായിരുന്നെന്ന്..

ദേഹത്തെ തൊലി മൊത്തം പൊട്ടി ആ മനുഷ്യൻ കിടന്നു നരകിക്കുകയായിരുന്നെന്ന് കേട്ടപ്പോ എനിക്ക് സങ്കടം വന്നു..

പതിനൊന്നരയോടെ ഞങ്ങൾ മരണവീട്ടിലെത്തി..നാട് മൊത്തം കോവിഡാണെന്നൊക്കെയാണ് പറയുന്നത്..ആ മുറ്റത്ത് ഒരു കുതിരയെടുപ്പിനുള്ള ആളുണ്ട്..ഒറ്റൊരെണ്ണത്തിന്റെ മുഖത്ത് മാസ്ക്കില്ല..ഞങ്ങളെ കണ്ടതും മൃതദേഹത്തിനടുത്തിരുന്ന ഒരു ചേട്ടൻ..

“എന്നാലും എന്റച്ഛൻ ഇത്ര നേരത്തെ പോയല്ലോ… അച്ഛനു പകരം എന്നെയങ്ങെടുത്താൽ പോരാരുന്നോ..

അവന്റെ കരച്ചിൽ കേട്ടതും ഞാൻ ഞെട്ടി.. തൊണ്ണൂറ്റേഴ് വയസുള്ള അച്ഛൻ പോയേനാണോ നേരത്തെ പോയെന്ന് പറഞ്ഞ് ഈ പന്നൻ കരയുന്നത്…ഈ വല്യപ്പൻ ഇത്രേം നാള് കിടന്നു നരകിച്ചതൊന്നും പോരെന്നാണ് ഈ പഴകിയവൻ പറയുന്നത്.. ഇനീം കിടന്നു ചാവാതെ ചാവണം പോലും..ഇവൻ പറഞ്ഞ പോലെ ഇവനെയങ്ങെടുക്കുന്നതാരുന്നു ഭേദം..

വല്യപ്പനെ കാണാൻ ആൾക്കാർ വരുമ്പോൾ സ്വിച്ചിട്ട പോലെ കരയുകയും അവരങ്ങോട്ട് മാറുമ്പോൾ കരച്ചിൽ നിർത്തുകയും ചെയ്യുന്ന ഏഴ് മക്കൾക്കിടയിൽ അവസാന യാത്ര പോകാൻ റെഡിയായി അമ്മാവൻ കിടന്നു.. ജീവിച്ചിരുന്നപ്പോ മക്കളാരും തിരിഞ്ഞു നോക്കിയില്ലെന്ന് അയലോക്കക്കാര് പിറുപിറുക്കുന്നുണ്ടാരുന്നു..

ഒടുക്കം മൃതദേഹം ചിതയിലെടുക്കാനുള്ള സമയമായി..

“അപ്പോ എടുക്കാം കോടി പുതപ്പിക്കാനുള്ളവരൊക്കെ വന്ന് പുതപ്പിച്ചാട്ടെ.

എന്നെയൊന്നു പാളി നോക്കിയിട്ട് കടലിൽ ചാടുമ്പോ ഉടുക്കാൻ വാങ്ങിച്ച നേര്യത് കെട്ടിയോൻ അമ്മാവനെ പുതപ്പിച്ചു…

ചിത കത്തിതുടങ്ങിയപ്പോൾ ഞാനാ വീടിന്റെ പിറകിലേയ്ക്ക് പോയി.. കെട്ടിയോൻ അങ്ങോട്ട് വന്നു..

“ദോണ്ടേ.. ലങ്ങോട്ട് നോക്കെടീ… അവിടാ കടല്.. കണ്ടിട്ട് തന്നെ പേടിയാവുന്നു.. എന്തൊരു മുട്ടൻ തിരയാ..

ഞാനെത്ര എത്തിവലിഞ്ഞു നോക്കീട്ടും കടല് പോയിട്ടൊരു തോട് പോലും കണ്ടില്ല..കെട്ടിയോനല്ലേ..

പരിചയമില്ലാത്ത സ്ഥലത്തു വെച്ച് എന്തെങ്കിലും പറഞ്ഞാൽ മോശമല്ലേ.. അതുകൊണ്ട് മാത്രം ഞാനൊന്നും പറയാൻ പോയില്ല..

വീട്ടിൽ വന്നപ്പോ പിള്ളേര് ചോറ് കഴിച്ചിട്ടില്ല.. കെട്ടിയോൻ പിള്ളേരുടെ അടുത്തേയ്ക്ക് പോയി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാൻ എല്ലാർക്കും കൂടെ ചോറ് വിളമ്പി..

ചോറ് കഴിച്ചോണ്ടിരുന്നപ്പോ..

“ഈ സാമ്പാറ് കൊള്ളത്തില്ല..കടലീന്ന് അമ്മച്ചി പിടിച്ചോണ്ട് വരുന്നവല്യ ചൂര മീൻ കറിവെച്ചു തിന്നാനിരുന്നതാ ഞങ്ങള്.. അല്ലിയോടീ പാറുവേ…ഫോണിലെടുത്ത ഫോട്ടോയൊക്കെ ഞങ്ങളെക്കൂടെ കാണിക്കുവോ അമ്മച്യേ….???

ഇളയ കുരിപ്പ് ചേച്ചിയോട് പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു..അയ്ശരി… അപ്പോ എല്ലാരും കൂടെ ഒത്തൊള്ള കളിയാരുന്നു..ഇന്നലെയുണ്ടായ ഞാഞ്ഞൂലു വരെ എന്നെ ട്രോളാൻ തുടങ്ങിയിരിക്കുന്നു…

ഒന്നും മിണ്ടാതെ ഞാനിരുന്നു ചോറ് കഴിച്ചു..

രാത്രി കിടക്കുന്നവരെ ഞാൻ അങ്ങേരോടും കൊച്ചുങ്ങളോടും മിണ്ടീല..

“എന്നോട് പിണക്കവാന്നോടീ..നീ വിഷമിക്കണ്ട..

അടുത്താഴ്ച നമ്മക്ക് ലുലുമാളിൽ പോവാം…

അടുത്ത അടവും കൊണ്ട് വന്നേക്കുവാ.. ഇനി മണ്ടിയാവാൻ എന്നെ കിട്ടത്തില്ല..ഒരക്ഷരം മറുപടി പറയാതെ ഞാൻ തലവഴി പുതച്ചു മൂടിക്കിടന്നു..

പറ്റിയത് പറ്റി.. ഇനിയുമൊരു അബദ്ധം പറ്റാൻ ഞാൻ ഒരു ജന്മം കൂടെ ജനിക്കണം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അബ്രാമിന്റെ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *