എടാ, ഇങ്ങനെ പിണങ്ങി നടക്കല്ലേ, എനിക്ക് എന്തെങ്കിലും പറ്റിയാൽ ലിസിക്കും കൊച്ചിനും നിങ്ങളൊക്കെ അല്ലെ ഉള്ളു

രചന : Yazzr

പെട്ടെന്ന് ആരോ തട്ടി വിളിച്ച പോലെ ഞെട്ടി എണീറ്റ ഞാൻ ചുറ്റിനും നോക്കി

ഇരുട്ടാണല്ലോ ഇന്നെന്തു പറ്റി ഇങ്ങനെ നേരത്തെ എണീക്കാൻ

ഒന്നൂടെ പുതപ്പ് വലിച്ചു ഇട്ടു ഉറങ്ങാൻ ഒരു ശ്രമം നടത്തി ഇല്ല നടക്കുന്നില്ല

മൊബൈൽ എടുത്തു സമയം നോക്കി അഞ്ചു മണി ആയിട്ടില്ല

ഇന്നിനി എന്തായാലും കിടന്നിട്ടു കാര്യമില്ല ഓടാൻ പോയാലോ

തിരിച്ചു വരുന്ന വഴി ലല്ലു അണ്ണന്റെ കടയിൽ നിന്ന് ഒരു ചായയും കടിയും കഴിക്കുകയും ചെയ്യാം

അങ്ങനെ പാന്റ്സും ടി ഷർട്ടും വലിച്ചു കയറ്റി അമ്മയുടെ പൈസ ഇട്ടു വെക്കുന്ന ഡെപ്പി തുറന്നു ഒരു ഇരുപത് രൂപ എടുത്തു പോക്കറ്റിൽ തിരുകി

ഗേറ്റ് തുറന്നു വെളിയിലോട്ട് ഇറങ്ങിയതും അവിടെ അയൽക്കാരൻ ആയ ബിനു ചേട്ടൻ നിക്കുന്നു

ബിനു ചേട്ടനുമായി ഒരു വർഷമായി പിണക്കം ആണ് പാർട്ടി കാര്യങ്ങൾ പറഞ്ഞു തർക്കം ആയതാണ് തുടക്കം

അതിനു ശേഷം അങ്ങേരെ കണ്ടാൽ ഞാൻ അങ്ങോട്ടും ചേട്ടൻ ഇങ്ങോട്ടും മൈൻഡ് പോലും ചെയ്യില്ല

രണ്ടു വർഷം മുന്നേ പ്രേമിച്ച പെണ്ണായ ലിസി ചേച്ചിയും ആയി ഒളിച്ചോടി വന്നു അയല്പക്കത്തു താമസം ആയതാണ് ബിനു ചേട്ടൻ ഒളിച്ചോട്ടം ആയോണ്ട് തന്നെ ബന്ധുകാർ ഒന്നും ആ വഴിക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല

എന്നോട് പിണക്കം ആണേലും വീട്ടുകാരൊക്കെ ബിനു ചേട്ടനും ഭാര്യയുമായി നല്ല സഹകരണം ആണ്

അങ്ങനെ വീടിനു മുന്നിൽ നിക്കുന്ന ചേട്ടനെ മൈൻഡ് ചെയ്യാതെ ഞാൻ ഓടാൻ തയ്യാറെടുത്തു

എന്താടാ നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ ചേട്ടൻ ചോദിച്ചു

ആ മാറിയില്ല ഇയാൾക്കിപ്പോ എന്താ… ഞാൻ ചോദിച്ചു

ഓ നീ ഇത് എത്ര നാള് ഇങ്ങനെ നീട്ടികൊണ്ട് പോകും എനിക്കെന്തെങ്കിലും പറ്റിയാൽ ലിസിക്കും കൊച്ചിനും നിങ്ങളൊക്കെ അല്ലെ ഉള്ളു

ഞാൻ ഗൗരവം കുറച്ചു ഇയാളെന്തിനു ഇങ്ങനൊക്കെ പറയുന്നേ

ഓ ഇയാൾക്കു എന്ത് പറ്റാനാ

ഞാൻ ചോദിച്ചു

അത് കേട്ടു ചേട്ടൻ എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു

നീ എങ്ങോട്ടാ ഈ രാവിലെ

ചുമ്മാ ഒന്ന് ഓടാൻ ഇറങ്ങിയതാ നിങ്ങൾ വരുന്നോ നമുക്ക് ലല്ലു അണ്ണന്റെ കടയിൽ കയറി ഒരു ചായയും കുടിക്കാം

ഓടാൻ ഒന്നും ഞാനില്ല വേണേൽ നമുക്ക് കുറച്ചു നടക്കാം

ഓ അങ്ങനെ ആകട്ടെ നമുക്ക് നടക്കാം

ഡാ നമ്മൾ ഈ ലോകത്തു എത്ര നാള് ജീവിക്കും ഈ തുച്ഛമായ സമയത്ത് നമ്മൾ തമ്മിലടച്ചും അടികൂടിയും നടന്നിട്ട് എന്ത് കാര്യം നമ്മൾ പരസ്പരം സ്നേഹിച്ചു അല്ലെ ജീവിക്കേണ്ടത്

ഇയാളെന്താ വെല്ലോ ധ്യാനവും കൂടിയോ ഞാൻ മനസിലോർത്തു

ഡാ നമ്മൾ മരിച്ചു കഴിഞ്ഞാൽ ആദ്യം ചിന്തിക്കുന്നത് എന്താണെന്നു അറിയോ

ഇല്ല ഞാൻ മരിച്ചു നോക്കിയിട്ടില്ല നോക്കിയിട്ട് പറയാം കേട്ടോ

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ഡാ നമ്മൾ ആദ്യം ചിന്തിക്കുന്നത് നമ്മൾ ഭൂമിയിൽ എത്ര സമ്പാദിച്ചു എന്നല്ല മറിച്ചു ഇവിടെ എന്തൊക്കെ നന്മ ചെയ്തു എന്നാണ് കാരണം ആ നന്മ മാത്രമേ പിന്നെ നമുക്ക് കൂട്ടിനുണ്ടാകൂ…

അങ്ങനെ നടന്നു ഞങ്ങൾ ലല്ലു ചേട്ടന്റെ കടയുടെ മുന്നിൽ എത്തി

കട തുറന്നട്ടില്ല

നമുക്ക് തിരിച്ചു നടന്നാലോ

എന്നാലും ഇയാൾക്കു ഇത് എന്ത് പറ്റി മുൻപ് ഇങ്ങനെ ഒന്നുമല്ലാരുന്നല്ലോ

നല്ല തല കനവും ഞാനെന്ന ഭാവവും ആയിരുന്നു…..

അങ്ങനെ വീടിനു മുന്നിലെത്തിയപ്പോൾ പിണക്കം മാറി എന്നോണം ഞാൻ പറഞ്ഞു

നമുക്ക് വൈകിട്ട് കാണാം ട്ടോ

അനിയൻ മൂടി പുതച്ചു കിടന്നു ഉറക്കം ആണ്

അമ്മ എവിടെ അമ്മയെ കാണുന്നില്ലാലോ

കൊട്ടുവാ ഇട്ടു കണ്ണ് തുറന്ന അനിയനെ നോക്കി ഞാൻ ചോദിച്ചു

ഡാ അമ്മ എവിടെ

കേട്ട ഭാവം പോലും ഇല്ല

ഡാ പൊട്ടാ അമ്മ എവിടെ കുറച്ചു ഉറക്കെ തന്നെ ചോദിച്ചു

എവിടെ ഇവൻ ഇപ്പഴും ഉറക്ക പിച്ചിൽ തന്നെ

അങ്ങനെ ടെറസിന്റെ മുകളിൽ കയറി നല്ല ഇളം തണുപ്പിൽ ശുദ്ധ വായു ശ്വസിച്ചു നിക്കുന്ന സമയം

ഹാ എന്ത് സുഖം ആണ് മനസിന്‌ ഒരു പിണക്കം പറഞ്ഞു തീർത്തപ്പോൾ

അപ്പോഴാണ് ശ്രദിച്ചത് അമ്മ ബിനു ചേട്ടന്റെ വീട്ടിൽ നിക്കുന്നു

അമ്മ എന്തിനു അവിടെ നിക്കണം എന്തായാലും പിണക്കം മാറിയതല്ലേ ഒന്ന് പോയി നോക്കാം

അവിടെ നിറയെ ആളുകൾ ഇതെന്തു പറ്റി

ഞാൻ അമ്മയോട് ചോദിച്ചു

എന്ത് പറ്റി അമ്മ ഇവിടെന്താ

അമ്മ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല

അമ്മേ.. അമ്മേ.. ഞാൻ ഉറക്കെ വിളിച്ചു

ഇല്ല അമ്മ വിളി കേൾകുന്നില്ല

അമ്മ എന്നെ കാണുന്നത് പോലുമില്ല

നേരത്തേ അനിയനും കേട്ടില്ല

എനിക്ക് എന്ത് പറ്റി എന്റെ മരണം സംഭവിച്ചോ

രാവിലെ ബിനു ചേട്ടനുമായി ഞാൻ സംസാരിച്ചത് ആണല്ലോ

ചേട്ടൻ എവിടെ

ഞാൻ ചേട്ടന്റെ വീടിനുള്ളിലേക് ഓടി

അവിടെ കണ്ട കാഴ്ച കണ്ടു ഞാൻ ഞെട്ടി

ബിനു ചേട്ടനെ ഒരു വെള്ള തുണിയിൽ പുതപ്പിച്ചു കിടത്തിയേക്കുന്നു

ചേച്ചി അടുത്ത് തളർന്നു ഇരിക്കുന്നു

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി

ദേഹം കുഴയുന്നത് പോലെ

ഞാൻ തളർന്നു വീണതും ഞെട്ടി ഉണർന്നതും ഒരുമിച്ചായിരുന്നു

ഞാൻ ചുറ്റിനും നോക്കി

എന്റെ മുറിയിൽ ആണ് ഞാൻ

അതും ഇന്നലെ രാത്രി കിടക്കാൻ പോയ അതേ കോലത്തിൽ

അപ്പോ ഞാൻ ഓടാൻ പോയതും ചേട്ടനെ കണ്ടതും എല്ലാം……

ഞാൻ മുറിക്കു പുറത്തിറങ്ങി നേരെ ടെറസിന്റെ മുകളിലോട്ട് ഓടി ബിനു ചേട്ടന്റെ വീട്ടിലേക്ക് നോക്കി

അവിടെ നിറയെ ആൾക്കൂട്ടം ആയിരുന്നു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Yazzr

Leave a Reply

Your email address will not be published. Required fields are marked *