എന്റെ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനുമായി അവൾ സ്ഥിരം ഫോൺ ചെയ്യുമായിരുന്നു.

രചന : Ammu Santhosh

ഭാര്യയെ കാണാനില്ല

❤❤❤❤❤❤❤❤❤

“ആരാടോ പുറത്ത് നിൽക്കുന്നത്? കുറച്ചു നേരമായല്ലോ എന്താ കാര്യം?”

സബ് ഇൻസ്‌പെക്ടർ സജീവ് കോൺസ്റ്റബിൾ റഹിംനോട് ചോദിച്ചു

“അയാൾ സാറിനെ കാണാൻ നിൽക്കുകയാണ്.

അയാൾക്ക് മുന്നേ വന്നവർ കുറച്ചു പേരുണ്ടല്ലോ അതാണ് ഞാൻ..”

സജീവൻ വീണ്ടും ജനാലയിലൂടെ അയാളെ നോക്കി

ജീവിതം നഷ്ടമായവന്റെ നിൽപ്.ജീവിതം നഷ്ടമായവന്റെ മുഖത്തിന്‌ ഒരു പ്രത്യേകത ഉണ്ട്.

അയാളുടെ മുഖത്ത് ഒരു കരിവാളിപ്പ് ഉണ്ടാകും.

കണ്ണുകൾ ചത്ത മീനിന്റെ പോലെ അനങ്ങാതെ തുറന്നിരിക്കും. അയാൾ ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല.

അയാളുടെ നെഞ്ചിൽ ചേർന്ന് ഏകദേശം രണ്ടു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു

“അയാളെ അകത്തോട്ടു വിളിക്ക് ”

“അല്ല സാറെ എം എൽ എ പറഞ്ഞിട്ട് വന്ന രണ്ടു പേര് വെയ്റ്റിംഗ് ആണ് ”

“ആ അവർ വെയിറ്റ് ചെയ്യട്ടെ ഇയാളെ വിളിക്ക്. ഒരു കുഞ്ഞിനെ വെച്ചു നിൽക്കുവല്ലേടോ. പോയി വരാൻ പറ ”

“ശരി സാർ ”

റഹിം പോയി അയാളെ കൂട്ടി വന്നു

“റഹിം പൊയ്ക്കോ ”

സജീവൻ പറഞ്ഞു

“നിങ്ങൾ ഇരിക്ക് ”

“വേണ്ട സാറെ നിന്നോളാം ”

അയാൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു

“നിങ്ങൾക്ക് ഒക്കെ ഇരിക്കാനാണ് സുഹൃത്തേ ഈ കസേരകളൊക്കെ ഇരിക്ക് എന്നിട്ട് കാര്യം പറ ”

അയാൾ മടിച്ചു ഇരുന്നു. അയാളുടെ നെഞ്ചിൽ കിടന്ന് കുട്ടി ഉറങ്ങി പോയിരുന്നു

“പറഞ്ഞോളൂ ”

“എന്റെ ഭാര്യയെ കാണാനില്ല സാറെ ”

അയാൾ ദയനീയമായി പറഞ്ഞു

ദിവസവും എത്ര പരാതികൾ ആണ് ഒരെ രീതിയിൽ ഒരെ കാര്യം.

“ഭാര്യയെ കാണാനില്ല “ആ ഒറ്റ വാചകത്തിൽ ജീവിതം തീർന്നു പോകുന്ന പുരുഷജന്മങ്ങൾ.

ശേഷിച്ച കാലം അപമാനത്തിന്റെയും വേദനയുടെയും ചവർപ്പ് നീര് കുടിക്കുന്നവർ .

“എവിടെയാ പോയത്? എപ്പോഴാ പോയത്?”അയാൾ സാവകാശം ചോദിച്ചു

“രണ്ടു ദിവസമായി. ഞാൻ മിനിഞ്ഞാന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇല്ലായിരുന്നു..”

“എന്നിട്ട് ഇപ്പോഴാണോ പറയുന്നത്?”അയാൾ ശാന്തമായി വീണ്ടും ചോദിച്ചു

“അവൾ ഇടക്ക് ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കാൻ ഇറങ്ങി പോകും.. എന്തെങ്കിലും പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടുകാരുടെ വീട്ടിലേക്കൊക്കെ പൊയ്ക്കളയും. രണ്ടു ദിവസം കഴിഞ്ഞു വരികയും ചെയ്യും ”

സജീവന് അതിശയം തോന്നി

“അങ്ങനെ ഒരു പെണ്ണോ?”

“നിങ്ങൾക്ക് എത്ര കുട്ടികൾ ആണ്?”

“ഈ കുഞ്ഞ് മാത്രം ഉള്ളു സാറെ ”

“അവസാനം എന്തിനാ വഴക്കിട്ടത്?”

“അത്… അത്…”അയാൾ ഒന്ന് പരുങ്ങി

“പറഞ്ഞോളൂ ”

“എന്റെ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരനുമായി അവൾ സ്ഥിരം ഫോൺ ചെയ്യുമായിരുന്നു.

സുഹൃത്തുക്കളാണ് എന്നാ പറയുന്നത്. എത്ര എന്ന് വെച്ചാ ക്ഷമിക്കുന്നത്? ഈ കൊച്ച് കുഞ്ഞിന് ഭക്ഷണം പോലും കൊടുക്കാതെ മണിക്കൂറുകളോളം ഫോൺ വിളിയാ..

അതിന്റെ പേരിൽ വഴക്കുണ്ടായി..”

സജീവന് ഏകദേശം സംഗതികളുടെ കിടപ്പ് പിടികിട്ടി

“നിങ്ങളുടെ വീട്ടുകാർ കൂടെയല്ലേ ?”

“ഇല്ല സാറെ. .. ഞങ്ങളുടെത് ഒരു ലവ് മാര്യേജ് ആയിരുന്നു.എന്റെ വീട്ടുകാർ പോലുമിതിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചു കളഞ്ഞു. പക്ഷെ എനിക്ക് അവളെ ജീവനാ.. സാർ അവളെയൊന്ന് കണ്ടു പിടിച്ചു തരണം ”

“നിങ്ങളുടെ കടയിൽ നിൽക്കുന്ന ചെറുപ്പക്കാരൻ കടയിൽ വരുന്നുണ്ടോ?”

“അവനിപ്പോ എന്റെ കടയിൽ ഇല്ല.പക്ഷെ ഞാൻ അന്വേഷിച്ചു അവൻ വീട്ടിലുണ്ട്.അവന് ഭാര്യയും മക്കളുമൊക്കെ ഉള്ളതാ. ഇവള് മണ്ടിയാ സാറെ..

ഇവൾ വിളിച്ചു കൊണ്ടിരുന്നവനോട് ഞാൻ സംസാരിച്ചു.അവനവന്റെ ഭാര്യയും കുഞ്ഞുങ്ങളും തന്നെ ആണ് വലുത്.. അവനോട് ഞാൻ ചോദിച്ചപ്പോ അവൾ ഇങ്ങോട്ടാ വിളിക്കുന്നെ എന്നാ പറയുന്നേ. സംഗതി സത്യം ആണ് താനും ”

“ഭാര്യയുടെ ഫോൺ നമ്പർ തന്നേക്ക്. ഒരു പരാതി എഴുതി കൊടുക്കണം ഓഫീസിൽ..

പൊയ്ക്കോ ഞാൻ അന്വേഷിക്കാം ”

“സാറെ ഇനി അവൾ ആരുടെയെങ്കിലും ഒപ്പം പോയതാണെങ്കിൽ കൂടി തിരിച്ചു വരാൻ പറയണം..

ഞാൻ ക്ഷമിച്ചു എന്ന് പറയണം എന്റെ കുഞ്ഞിന്റെ അമ്മയല്ലേ സാറെ?”

സജീവന്റെ കണ്ണ് ഒന്ന് കലങ്ങി

“ശരി പൊയ്ക്കോ ഞാൻ വിളിക്കാം ”

അയാൾ പോയി

മൊബൈൽ ഫോൺ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ അത് കുന്നംകുളം ടവറിന്റെ കീഴിൽ ആണ് അവസാനം ഉണ്ടായിരുന്നത് എന്ന് തെളിഞ്ഞു

“ഒരുപാട് പ്രണയങ്ങൾ സൂക്ഷിച്ചിരുന്ന ഒരു പെണ്ണാണ് ഇത് ”

സൈബർ സെല്ലിലെ സുഹൃത്ത് വിവേക് സജീവനോട് പറഞ്ഞു

“പ്രണയങ്ങൾ എന്ന് പറയാൻ പാടില്ല അത് പ്രണയത്തിന് അപമാനമാണ്.. ഈ സ്ത്രീക്ക് ഒരുപാട് റിലേഷൻസ് ഉണ്ട് സജീവ്.ഭർത്താവിനെ ഇവര് ഇത്രയും കാലവും നല്ല സുന്ദരമായിട്ട് ചതിക്കുക തന്നെ ആയിരുന്നു.. ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആവും..ഭാവിയിൽ ആ പാവത്തിനെ കൊല്ലാൻ പോലും ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ മടിക്കില്ല.ഇയാൾക്ക് എന്തിനാ ഇനി അവരെ?”

സജീവൻ മറുപടി ഇല്ലാതെ നിശബ്ദനായി

“ചതിക്കുന്നവളുമാരെയൊക്കെ കൊല്ലണം ”

വിവേക് പല്ല് കടിച്ചു

ഒരു ഫോൺ വന്നപ്പോൾ സജീവ് അയാളോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി

“സാറെ കുന്നംകുളത്ത് ഒരു ലോഡ്ജിൽ ഒരു സ്ത്രീയും പുരുഷനും സംശയാസ്പദകരമായ നിലയിൽ ഉണ്ടെന്ന് ഇപ്പൊ ലോഡ്ജിന്റ മാനേജർ വിളിച്ചു പറഞ്ഞു. ലക്ഷണങ്ങൾ കേട്ടിട്ട് അത് അവര് ആണെന്ന തോന്നുന്നേ ”

സജീവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

“നിങ്ങൾ അങ്ങോട്ട് വന്നേക്ക് ഞാൻ അങ്ങോട്ട് പോകുകയാ..”

“, ഒകെ സാർ “.

സജീവൻ ചെല്ലുമ്പോൾ മാനേജർ ഉണ്ട്. മഫ്തിയിലായത് കൊണ്ട് അയാൾ ഐഡി കാർഡ് കാണിച്ചു

“സാറെ അവർ ഭാര്യയും ഭർത്താവുമാണെന്ന് പറഞ്ഞു ഇതിനു മുൻപും മുറിയെടുത്തിട്ടുണ്ട്..

കഴിഞ്ഞ തവണ അയാളുടെ ഭാര്യ ആണെന്ന് പറഞ്ഞു വേറെ ഒരു സ്ത്രീ വന്നു വഴക്കുണ്ടാക്കുകയൊക്കെ ചെയ്തപ്പോഴാ അറിഞ്ഞേ ഇത് കേസ് വേറെയാ എന്ന്.. പിന്നേ കുറച്ചു നാൾ വന്നില്ല. ഇത്തവണ ഞാൻ ഇവിടെ ഇല്ലായിരുന്നു.

സ്റ്റാഫ്‌ ഒക്കെ മാറി. അവർക്ക് അറിയില്ലല്ലോ..

ഞാൻ ഇന്നലെ വന്നപ്പോഴാ സംഭവം അറിയുന്നേ.

രാത്രി തന്നെ പൊയ്ക്കോളാൻ പറഞ്ഞു. പോയില്ല. അപ്പൊ ഞാൻ അയാളുടെ ഭാര്യയുടെയും പോലീസിന്റെയും നമ്പറിൽ വിളിച്ചു പറയുമെന്ന് അവരോട് പറഞ്ഞു. അപ്പൊ അവര് രാവിലെ പൊയ്ക്കോളാമെന്ന് പറഞ്ഞു. ഞാൻ രാത്രി വീട്ടിൽ പോകുകയും ചെയ്തു. രാവിലെ വന്നപ്പോൾ അവർ പോയിട്ടില്ല. അങ്ങനെ ആണ് ഞാൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെ ”

സജീവൻ കുറച്ചു നേരം അയാളുടെ മുഖത്ത് നോക്കി നിന്നു

“എന്നിട്ട്?”

“.ഇപ്പൊ ദേ മുറി തുറക്കുന്നില്ല.. അപ്പൊ എനിക്ക് ഒരു പേടി.ഇനി വല്ല അബദ്ധവും…”

“താൻ പേടിക്കണ്ട. ആ ഫ്ലോറിൽ ഉള്ള മറ്റ് ആൾക്കാരെ താഴെക്ക്‌ മാറ്റണം.. എന്റെ കൂടെ മറ്റാരും അങ്ങോട്ടേക്ക് വരുകയും വേണ്ട ”

“ആള് കുറവാ സാറെ. ഒന്ന് രണ്ടു മുറിയിൽ ഉള്ളവർ രാവിലെ തന്നെ പുറത്ത് പോയി ആരുമില്ല ”

“ശരി ”

വാതിൽ ബലമായി തുറന്നു അകത്തു കയറുമ്പോൾ വിഷത്തിന്റ രൂക്ഷഗന്ധം.

മേശപ്പുറത്ത് പകുതി ഒഴിഞ്ഞ വിഷത്തിന്റ കുപ്പി

പുരുഷൻ മരിച്ചു കഴിഞ്ഞു എന്ന് അയാൾക്ക് പൾസ് നോക്കിയപ്പോൾ മനസിലായി

സ്ത്രീ മരിച്ചിട്ടില്ല

അവൾക്ക് ബോധമുണ്ട്

അവൾ ശര്ദിച്ചിട്ടുണ്ട്

അങ്ങനെ കുറച്ചു വിഷം പുറത്ത് പോയിട്ടുണ്ടാവും

“എന്നെ രക്ഷിക്കൂ സാറെ ഇയാൾ ബലമായി കുടിപ്പിച്ചതാ..”അവൾ ദുർബലമായി പറഞ്ഞു

സജീവന്റെ കണ്ണുകൾ എരിഞ്ഞു

എത്ര പേരെ ചതിച്ചവൾ?

എത്ര കുടുംബം തകർത്തവൾ?

രക്ഷപെട്ടു വന്നാൽ ഇനി എത്ര പേര്?

ഇവളെ പോലുള്ളവർ ഭൂമിയിൽ എന്തിനാണ്?

അയാൾ മേശപ്പുറത്തിരുന്ന പാതി ഒഴിഞ്ഞ വിഷം നിറഞ്ഞ കുപ്പി കയ്യിൽ എടുത്തു

കോൺസ്റ്റബിൾ റഹിമിന്റെ ഫോൺ വരുമ്പോൾ സജീവ് ഒരു സിഗരറ്റിനു തീ കൊടുക്കുകയായിരുന്നു

“സാർ ഇപ്പൊ വരാം ഒരു അർജന്റ് കേസ് വന്നു പെട്ടു ”

“പതിയെ വന്നാൽ മതി റഹിം.. അവള് ചത്തു ”

അയാൾ ഫോൺ കട്ട്‌ ചെയ്തു

കയ്യിൽ പറ്റിയ വിഷത്തിന്റ അംശം ഒരു തൂവാലയിൽ തുടച്ച് പോക്കറ്റിൽ ഭദ്രമായി വെച്ചു

മുറിയിൽ മരണത്തിന് കീഴടങ്ങി കഴിഞ്ഞിരുന്നു അപ്പോൾ വിഷത്തേക്കാൾ വിഷമുള്ള പെണ്ണൊരുത്തി…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *