സംഗമം, തുടർക്കഥ, ഭാഗം 14 വായിക്കൂ..

രചന : ഭാഗ്യ ലക്ഷ്മി

“എങ്കിൽ വരൂ… ചികിത്സിക്കാൻ പറ്റിയ സ്ഥലം ഇതല്ല…”

അഭി പറഞ്ഞതും ശ്രേയ ഉത്സാഹത്തോടെ അവൻ്റെ പിന്നാലെ നടന്നു….

ഇതെവിടേക്കാണോ കൊണ്ട് പോകുന്നെ..? ഇനീം വിശദമായി പരിശോധിക്കാൻ ആവുമോ…?

ശ്രേയ ചിന്തിച്ചു….

“ദാ ഇതാണ് തനിക്ക് പറ്റിയ സ്ഥലം… തൻ്റെ പ്രശ്നങ്ങൾ എല്ലാം വിശദമായി പറഞ്ഞോളൂ….”

അഭി അതും പറഞ്ഞ് നടന്നകന്നതും ശ്രേയ മുഖമുയർത്തി നോക്കി….

ഡോക്ടർ കൃഷ്ണകുമാർ…. സൈക്കാർട്ടിസ്റ്റ്….

അത് കണ്ടതും ശ്രേയ ദേഷ്യത്തോടെ അഭി പോയ വഴിയെ നോക്കി….

“എടോ ഡോക്ടറെ…!!”

ശ്രേയ ഉറക്കെ വിളിച്ചതും അഭി പിൻ തിരിഞ്ഞ് നോക്കി…

“എൻ്റെ ഭ്രാന്ത് ചികിത്സിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റുള്ളൂ…”

അവൾ അവൻ്റെ അരികിലേക്ക് നടന്നടുത്തു കൊണ്ട് പറഞ്ഞു…

“Because I love you….!!”

“What…?!”

“എനിക്ക് നിങ്ങളോട് മുടിഞ്ഞ പ്രേമം ആണെന്ന്… ഇപ്പോൾ മനസ്സിലായോ..?”

അഭി അവളെ അല്പ സമയം നോക്കി…

“ഇത് ശരിയാവില്ല മോളെ… നീ ചെല്ല്…”

അവൻ അതും പറഞ്ഞ് പോകാൻ തുനിഞ്ഞതും ശ്രേയ അവൻ്റെ കരങ്ങളിൽ പിടിച്ചു….

“അതെന്താ…? എന്താ ശരിയാവാത്തത്…?”

“ഈ പ്രായത്തിൽ ഇങ്ങനെ പലതും തോന്നും…

കുറച്ച് കഴിയുമ്പോൾ ശരിയായിക്കോളും…ഇപ്പോൾ പോകൂ..”

“പിന്നെ ഈ പ്രായത്തിൽ അല്ലാതെ പത്തറുപത് വയസ്സാകുമ്പോഴാണോ ഇതൊക്കെ തോന്നേണ്ടത്…?

“തർക്കിക്കാൻ സമയം ഇല്ല… എനിക്കൊട്ട് താത്പര്യവും ഇല്ല…”

“എനിക്ക് നിങ്ങളെ ഇഷ്ടമാണ് ഡോക്ടറെ…

ശരിക്കും ഇഷ്ടമാണ്…”

“എനിക്ക് തന്നെ ഇഷ്ടമല്ല….”

“അതെന്താ…? എന്താ എനിക്കൊരു കുറവ്…?”

“എൻ്റെ സങ്കല്പത്തിലുള്ളത് തന്നെ പോലൊരു പെൺകുട്ടി അല്ല… തൻ്റെ വേഷവും തൻ്റെ സംസാരവും തൻ്റെ രീതികളും ഒന്നും ഞാനുമായി ഒത്തു പോകില്ല… എന്നെ വിട്ടേക്കൂ…”

അഭി തൊഴു കൈയ്യോടെ പറഞ്ഞു…

“അപ്പോൾ എൻ്റെ വേഷമാണോ കുഴപ്പം…?”

“നീ മൊത്തത്തിൽ കുഴപ്പമാണ്…”

അവൻ അർത്ഥം വെച്ച് പറഞ്ഞു…

“എങ്കിൽ ഡോക്ടർ പറയൂ കുഴപ്പങ്ങൾ ഓരോന്നും ഞാൻ പരിഹരിക്കാം…”

“ആദ്യം തന്നെ ചകിരി നാര് പോലെയുള്ള ഈ മുടിയില്ലേ… അതൊന്ന് മാറ്റണം…”

ശ്രേയ പെട്ടെന്ന് തൻ്റെ തലമുടി മുൻപിലേക്കിട്ടൊന്ന് നോക്കി…

കർത്താവേ ബ്യൂട്ടി പാർലറിൽ രൂപ പതിനായിരം മുടക്കിയാ ഇതീ വിധത്തിൽ ആക്കിയത്…

അവളൊരു ദീർഘനിശ്വാസത്തോടെ ഓർത്തു…

“ആദ്യം ഈ ചകിരിക്ക് കുറച്ച് വെള്ളവും വളവും ഒക്കെ കൊടുക്കൂ…”

അഭി പറഞ്ഞു…

“എന്ന് വെച്ചാൽ…?” ശ്രേയ സംശയത്തോടെ ചോദിച്ചു…

“മനസ്സിലായില്ലേ…? തലയിൽ എണ്ണ തേയ്ക്കണമെന്ന്…”

എണ്ണ കൈ കൊണ്ട് പോലും തൊടരുതെന്ന് അവര് പ്രത്യേകം പറഞ്ഞതാ…

അവൾ സങ്കടത്തോടെ ഓർത്തു…

“ഇനീം അടുത്തത്… നീ ദിവസോം കുളിക്കാറുണ്ടോ..? നിൻ്റെ കോലം കണ്ടാൽ നീ കുളിക്കുമെന്ന് തോന്നാറേയില്ല…”

പിന്നേ… ആഴ്ചയിൽ ഒരിക്കൽ കുളിക്കുന്ന എന്നോടാ….

ശ്രേയ അതും ഓർത്തൊന്ന് ഇളിച്ച് കാണിച്ചു…

“ശരി ഇത് രണ്ടും ഒക്കെ ആക്കാം…”

“അടുത്തത്… അവിടേം ഇവിടേം കീറിയ ഈ ഡ്രസ്സുണ്ടല്ലോ… അതും പറ്റില്ല.. ബാങ്കിൽ ഒന്നര കോടി ഡെപ്പോസിറ്റ് ഉണ്ടല്ലോ മോളെ… നേരെ ചൊവ്വേയുള്ള ഒരു ഡ്രസ്സ് മേടിക്കാൻ പറ്റില്ലേ…

“ഇതോ…ഇതിപ്പോഴത്തെ ഫാഷൻ ആണ് ഡോക്ടറെ… നോട്ട് ആൻ ഇൻ്റിക്കേറ്റർ ഓഫ് ദാരിദ്ര്യം.”

“എന്ത് കുന്തമാണെങ്കിലും എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല…”

“ശരി പിന്നെ ഏത് ഡ്രസ്സ് വേണം…?”

“സാരി…” അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു…

“സാരിയോ…?” ശ്രേയ കണ്ണും തള്ളി ചോദിച്ചു..

“ങും എന്താ..?”

“അതൊക്കെ പഴയ കാലത്തെ ഡ്രസ്സ് അല്ലേ…?”

“പഴയ കാലത്തെ ഡ്രസ്സോ…? നീ ഇങ്ങോട്ട് വന്നേ… ദാ ആ സിസ്റ്റർമാർ എന്താ ഇട്ടേക്കുന്നെ

“സാരി…” ശ്രേയ അനിഷ്ടത്തോടെ പറഞ്ഞു…

“ദാ ആ വാർഡിൽ ഇരിക്കുന്ന അമ്മച്ചിയോ…?”

“സാരി…”

“ങും അതാണ്… സാരി ഈ കാലത്തും ഉപയോഗിക്കും…..

“അപ്പോൾ ഞാൻ സാരി ഉടുത്താൽ പ്രശ്നം തീരുമോ…?”

“സാരി ഉടുത്താൽ മാത്രം പോരാ…”

“പിന്നെ അഴിച്ചു കാണിക്കുവേം വേണോ…?”

ശ്രേയ മിഴിച്ചു കൊണ്ട് ചോദിച്ചു…

“അതല്ല… ദാ ഇതേ പോലെ ഇരിക്കണം…

ഇതാണ് എൻ്റെ സങ്കൽപ്പം…!!”

ഫോണിൽ ഉള്ള അല്ലിയുടെ ഫോട്ടോ കാട്ടിക്കൊണ്ട് അഭി പറഞ്ഞതും ശ്രേയ ഞെട്ടലോടെ അതിലേക്ക് നോക്കി…

“ഇത്… ഇത്.. അൽ….!!”

ശ്രേയ പെട്ടെന്ന് നാവ് കടിച്ചു…

“അല്ല ഡോക്ടർക്ക് ഈ ഫോട്ടോ എങ്ങനെ…?”

“ഇത്… എൻ്റെ ഒരു ഫ്രണ്ടിൻ്റെ ബന്ധുവാ… ഈ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അവൻ ഫോട്ടോ അയച്ച് തന്നതാ…”

അഭി വെറുതെ പറഞ്ഞു..

“ഓഹ്…. എന്നിട്ട് ഈ കുട്ടിയെ കിട്ടിയോ…?”

“അവൾ സുരക്ഷിതയായി ഒരിടത്ത് ഉണ്ട്…”

ഉം…എൻ്റെ അച്ചാച്ചൻ്റെ കൂടെയല്ലേ ഉള്ളത്…?

ശ്രേയ മനസ്സിൽ പറഞ്ഞു….

“അപ്പോൾ ഡോക്ടറെ ഞാൻ സാരിയൊക്കെ ഉടുത്ത് വരാം കേട്ടോ…”

ശ്രേയ ഒരു ചിരിയോടെ അതും പറഞ്ഞ് നടന്നകന്നു

❤❤❤❤❤❤❤❤❤❤❤

“അന്നാലും ആ മുറിവൊന്നു പതിയെ ഉണങ്ങി വരുന്നതേ ഉള്ളായിരുന്നു… അപ്പോഴേക്കും വീണ്ടും എൻ്റെ ചുണ്ട്…..”

അല്ലി കണ്ണാടിയിൽ നോക്കി സങ്കടത്തോടെ പറഞ്ഞു

ഓഹ് നീയിവിടെ നിൽക്കുവാണോ…?

അലക്സി അതും ഓർത്ത് അവൾക്കരികിലേക്ക് നടന്നു… പിന്നിൽ നിന്നുമവളെ ഇറുകെ പുണർന്നതും അല്ലി ഞെട്ടി…

“വാതിൽ അടയ്ക്കണ്ട കേട്ടോ… ഞാൻ താഴേക്കൊന്ന് പോവാ.. ഫ്രണ്ട്സ് ഒക്കെ വന്നിട്ടുണ്ട്…

ഇപ്പോൾ വരാം…”

അവളുടെ കാതോരം ചുണ്ടുകൾ ചേർത്തവൻ മൃദുവായി മന്ത്രിച്ച് താഴേക്ക് നടന്നകന്നതും അല്ലിയുടെ ശ്വാസം നേരെ വീണു…

അല്പം കഴിഞ്ഞതും മെറിനും ജിയയും ഒരു ചിരിയോടെ അല്ലിയുടെ അടുത്തേക്ക് നടന്നു…

“ഹലോ അല്ലിക്കുട്ടീ…”

മെറിൻ വിളിച്ചതും അല്ലി തല ചെരിച്ച് നോക്കി..

ഇരുവരെയും കണ്ടതും അവളുടെ മിഴികൾ വിടർന്നു… അധരങ്ങൾ പുഞ്ചിരി പുല്കി…

“എങ്ങനെ പോകുന്നു കുടുംബ ജീവിതം ഒക്കെ…?”

ജിയ ചിരിയോടെ ചോദിച്ചതും അല്ലിയുടെ മുഖം മങ്ങി….

“പുരോഗതി കാണാൻ ഉണ്ട്….”

മെറിൻ അല്ലിയുടെ ചുണ്ടിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു…

അല്ലി ചമ്മലോടെ അവരെ നോക്കി….

“ഞങ്ങളുടെ അലക്സി ഒരു പാവമാ കേട്ടോ…”

ജിയ പറഞ്ഞു…

“പാവമോ…? ചേച്ചിമാർക്ക് അറിയാഞ്ഞിട്ടാ…”

അല്ലി എടുത്തടിച്ചതു പോലെ പറഞ്ഞു…

“ങും അത് ശരിയാ… അല്ലേലും ഞങ്ങൾക്കെങ്ങനെ അറിയാനാ…. നിനക്കല്ലേ അറിയാവൂ…”

മെറിൻ അർത്ഥം വെച്ച് പറഞ്ഞതും അല്ലി ഒരു ചിരി വരുത്തി…

“അലക്സിയുടെ വീട്ടുകാരുടെ പിണക്കം മാറാനൊരു വഴിയുണ്ട്…”

“എന്ത് വഴി…?”

അല്ലി ഉത്സാഹത്തോടെ ചോദിച്ചു…

“പക്ഷേ അതിന് അല്ലി വിചാരിക്കണം…”

“ഞാനെന്താ ചെയ്യണ്ടേ…?”

“ഒരു കുഞ്ഞലക്സിയെ അവരുടെ കൈയ്യിലേക്ക് എത്രയും പെട്ടെന്ന് കൊടുത്താൽ മതി…”

“കുഞ്ഞലക്സിയോ…?”

അല്ലി സംശയത്തോടെ ചോദിച്ചു…

“ഓഹ്…. എൻ്റെ കൊച്ചേ… ഒരു കുഞ്ഞു വാവയെ അങ്ങോട്ട് കൊടുക്കണമെന്ന്….

മനസ്സിലായോ..?”

അല്ലി കണ്ണും മിഴിച്ച് നോക്കി…

“ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു…?

നിങ്ങളുടെ രണ്ട് പേരുടെയും വീട്ടുകാരുടെ പിണക്കം മാറാൻ ഇതിനും നല്ലൊരു വഴിയില്ല… നീയൊന്ന് ചിന്തിക്ക് അല്ലീ… നിനക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച് വന്നവനല്ലേ അവൻ…?”

മെറിൻ ചോദിച്ചതും അല്ലി എന്ത് പറയണമെന്നറിയാതെ നിസ്സഹായതയോടെ നോക്കി..

“സാരമില്ല എല്ലാം ശരിയാവും.. നീ അലക്സിയെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്… അവനിലെ നന്മകളെ.

നിന്നോടുള്ള അവൻ്റെ സ്നേഹത്തെ… ഒന്നറിയാൻ ശ്രമിക്ക്… നീ ഇപ്പോഴും ആ ഡോക്ടറെ ഓർത്തിരിക്കുവാണോ…? അദ്ദേഹം തന്നെയല്ലേ നിന്നെ അലക്സിയുടെ കൈയ്യിൽ ഏല്പ്പിച്ചത്…?

നിങ്ങൾ രണ്ട് പേരും സന്തോഷത്തോടെ കഴിയുന്നത് കാണാനല്ലേ ഡോക്ടറും ആഗ്രഹിക്കുക…?”

അല്ലിയുടെ ശിരസ്സിൽ തഴുകി ജിയ സ്നേഹത്തോടെ പറഞ്ഞു…

അല്ലി ഒരു പുഞ്ചിരിയോടെ ഇരുവരെയും നോക്കി….

“എന്നാൽ ഞങ്ങളിറങ്ങട്ടെ… നിങ്ങളുടെ വിവരം ഒന്നറിയാൻ വന്നതാ…”

അതും പറഞ്ഞ് പോകുന്നവരുടെ കരുതൽ ഓർക്കെ അല്ലിക്ക് വല്ലാത്ത സന്തോഷം തോന്നി..

അല്പം കഴിഞ്ഞതും അലക്സി അകത്തേക്ക് വന്നു.. അവൻ്റെ കൈയ്യിൽ രാത്രിയിലേക്കുള്ള ഫുഡും ഉണ്ടായിരുന്നു….

“അല്ലീ… വാ… കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്…”

അലക്സി അവളെ വിളിച്ചതും അല്ലി പതിയെ അവനരികിലേക്ക് നടന്നു…

“ഞാൻ കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട്…”

“നിനക്ക് കഞ്ഞിയൊക്കെ ഉണ്ടാക്കാൻ അറിയാമോ…?”

കഞ്ഞിയുണ്ടാക്കാൻ ആർക്കാ അറിയാത്തത്…? അവൾ ഓർത്തു..

“എന്നാൽ എടുത്തോണ്ട് വാ…”

അല്ലി കഞ്ഞിയും പപ്പടവും ടേബിളിൻ്റെ മുകളിലേക്ക് വെച്ചു…

“ഇതെന്താ പപ്പടം ഇങ്ങനെ ഇരിക്കുന്നെ…?”

അവൻ മിഴിച്ചു കൊണ്ട് ചോദിച്ചു…

“അത് എണ്ണ ഇല്ലായിരുന്നു…”

അല്ലി താത്പര്യമില്ലാതെ പറഞ്ഞു…

“ഞാൻ ഒരു പൊതിയെ വാങ്ങിയുള്ളൂ… നീ കഴിച്ചതിൻ്റെ ബാക്കി ഞാൻ കഴിച്ചോളാം…നീ പിന്നെ എല്ലാം ഒന്ന് നുള്ളിപ്പെറുക്കത്തല്ലേയുള്ളൂ…”

അല്ലിക്ക് നേരെ ഭക്ഷണപ്പൊതി നീട്ടി വെച്ചു കൊണ്ട് അലക്സി പറഞ്ഞു…

ചേച്ചിമാര് പറഞ്ഞത് പോലെ ഒരു കുഞ്ഞുണ്ടായാൽ പ്രശ്നങ്ങൾ ഒക്കെ മാറുമോ..?

ചോറിൽ കൂടി വിരലുകൾ ഓടിച്ചു കൊണ്ട് അല്ലി ഓർത്തു…

അതെങ്ങനെയാ ഇപ്പോൾ ചോദിക്കുക..?!

അതും ചിന്തിച്ചവൾ ആസ്വദിച്ച് കഞ്ഞി കുടിക്കുന്നവനെ മുഖമുയർത്തി നോക്കി…

അവൾ അവൻ്റെ മുഖത്തേക്ക് തന്നെ മിഴികൾ പായിച്ചിരുന്നു…

“മോളെന്താ ഇച്ചായൻ്റെ സൗന്ദര്യം കണ്ടോണ്ടിരിക്കുവാണോ…? അങ്ങനെ നോക്കിയിരുന്നാൽ വയറ് നിറയുമോ…?”

അത് കേട്ടതും അല്ലി മുഖം തിരിച്ച് കഴിക്കാൻ തുടങ്ങി…

സിങ്കിൽ കിടന്ന പാത്രങ്ങളോരോന്നും കഴുകി വെച്ചതും അവൾ പഴയതൊക്കെ ഓർത്ത് സ്ലാബിൽ ചാരി നിന്നു…

ഏറെ നേരമായിട്ടും അല്ലിയെ കാണാത്തതിനാൽ അലക്സി അടുക്കളയിലേക്ക് ചെന്നതും അവൾ അവിടെ നിന്ന് ഉറക്കം തൂങ്ങുകയാണ്…

“അത്രേം മനോഹരമായൊരു ബെഡ് റൂം ഉണ്ടായിട്ട് നീ ഇവിടെ നിന്നാണോ ഉറങ്ങുന്നെ…?”

അവൻ ചോദിച്ചതും അവൾ പെട്ടെന് ഞെട്ടിക്കൊണ്ട് കണ്ണ് തിരുമി…

അലക്സി ക്ഷണ നേരം പോലും കളയാതെ അവളെ കൈകളിൽ കോരിയെടുത്തു….

അവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്തതും അവൾ അവനോട് ചേർന്ന് കിടന്നു…

ങേ… ഇതെന്തു പറ്റി..? ഇന്ന് ഒന്നും മിണ്ടാതെയങ്ങ് കിടന്നല്ലോ…

അല്ലിയുടെ ശിരസ്സിൽ തഴുകിക്കൊണ്ട് അവൻ ഓർത്തു…

❤❤❤❤❤❤❤❤❤

“അന്നാലും ആ അല്ലി സാരിയുടുക്കുന്നതിന് ഞാൻ എന്തൊക്കെ പറഞ്ഞു… ആ എനിക്ക് നീ ഈ ഗതി വരുത്തിയല്ലോ കർത്താവേ…”

ഡെയ്സിയുടെ അലമാരി തുറന്ന് പത്ത് പന്ത്രണ്ട് സാരി വലിച്ചു വാരി ഇട്ടു കൊണ്ട് ശ്രേയ പിറു പിറുത്തു…

ഏത് കളറ് വേണം..? ശൊ ! അഭി ഇച്ചായനോട് അത് ചോദിച്ചില്ലല്ലോ..

അവസാനം ഒരു പിങ്ക് കളർ സാരി കണ്ണിൽ ഉടക്കിയതും അതവൾ വലിച്ചെടുത്തു…

“മമ്മീ.. മമ്മീ… ഈ സാരിയുടുക്കുന്നത് എങ്ങനെയാ…?”

അവൾ അലറിക്കൂവിക്കൊണ്ട് ചോദിച്ചു..

“ഞാൻ വല്ല സ്വപ്നവും കാണുവാണോ..? നീ സാരിയൊക്കെ ഉടുക്കുമോ..?”

അവർ അന്തിച്ച് ചോദിച്ചു…

“അത് പിന്നെ കോളേജിൽ അടുത്താഴ്ച ഒരു ഫംഗ്ഷൻ ഉണ്ട്… അതു കൊണ്ട് ഉടുത്ത് പഠിക്കാമെന്ന് കരുതി..”

“നന്നായി… ഇനീം ഇതൊക്കെ ഉടുത്തു പഠിച്ചോ… വൈകാതെ ആവശ്യം വരും.. നിൻ്റെ അച്ചാച്ചൻ ഇങ്ങനെ പോയോണ്ട് പപ്പയ്ക്ക് നിൻ്റെ കാര്യത്തിൽ വല്ലാത്ത ടെൻഷൻ ആണ്… നിനക്ക് കല്ല്യാണം ആലോചിക്കുന്നുണ്ട്…”

“എന്താ പറഞ്ഞെ…?”

ശ്രേയ ഞെട്ടലോടെ എഴുന്നേറ്റു…

“എനിക്കിപ്പോൾ കല്ല്യാണം വേണ്ട മമ്മീ… എനിക്ക് വേണ്ട… അച്ചാച്ചൻ അങ്ങനെ ചെയ്തെന്ന് വെച്ച് എന്നെ എന്തിനാ കല്ല്യാണം കഴിപ്പിക്കാൻ നോക്കുന്നെ…?”

അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു..

“ഞാനെന്ത് ചെയ്യാനാ..? നിൻ്റെ പപ്പേടെ സ്വഭാവം അറിയില്ലേ…”

“മമ്മി പൊയ്ക്കോ… എൻ്റെ മൂഡ് ശരിയല്ല…

ഞാൻ തന്നെ സാരി ഉടുത്തോളാം..”

ഡെയ്സിയെ പുറത്താക്കി വാതിൽ വലിച്ചടച്ച് കൊണ്ട് ശ്രേയ പറഞ്ഞു…

എന്താ ഇപ്പോൾ ചെയ്യുക…? അഭി ഇച്ചായനേം കൊണ്ട് ഒളിച്ചോടിയാലോ..? ശെ! എൻ്റെ അച്ചാച്ചനെ പോലെ അതിനുള്ള ധൈര്യമൊന്നും അങ്ങേർക്കുണ്ടെന്ന് തോന്നുന്നില്ല… അതൊരു പാവം അമ്പലവാസിയാണ്… അങ്ങേര് ഒളിച്ചോടാൻ വിളിച്ചാലൊന്നും വരില്ല.. അങ്ങേര് ഓക്കെ പറയാതെ വീട്ടിൽ പറയാനും പറ്റില്ല… ഇനീം എന്തെടുക്കും..? അല്ലിയും അച്ചാച്ചനും ഒരു റൂമിൽ കുടുങ്ങി പോയോണ്ടല്ലേ അവർക്ക് കല്ല്യാണം കഴിക്കണ്ടി വന്നത്…? അതേ പോലെ വല്ലോം നോക്കിയാലോ.?

ശ്രേയ ചിരിയോടെ ഓർത്തു…

“ശൊ ! അപ്പോഴത്തെ ദേഷ്യത്തിൽ മമ്മിയെ പറഞ്ഞും വിട്ടു… ഇനീം സാരിയെങ്ങനെ ഉടുക്കും..?

ആഹ്… യൂ ട്യൂബ് ഉണ്ടല്ലോ…”

ശ്രേയ സ്വയം പറഞ്ഞു..

ശെടാ ബ്ലൗസ്സിൻ്റെ കൈയ്ക്ക് ഇത്രയും ഇറക്കം വേണോ..? കുറച്ച് കട്ട് ചെയ്ത് കളഞ്ഞേക്കാം…

ഇച്ചായനൊന്ന് കണ്ട് കൊതിക്കട്ടെ…

അവൾ ഓർത്തു…

ഒരു വിധത്തിൽ സാരിയൊക്കെ ഉടുത്തു ശ്രേയ പുറത്തേക്കിറങ്ങി…

ഇതൊക്കെ ഉടുത്ത് സ്കൂട്ടറിൽ പോയാൽ ശരിയാവില്ല…

ശ്രേയ അതും ഓർത്ത് ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു….

“അതെ ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ല…!!”

ഹോസ്പിറ്റലിൽ എത്തിയതും സെക്യൂരിറ്റി പറഞ്ഞു…

ശ്രേയ ദേഷ്യത്തിൽ ചാടിയിറങ്ങി…

“ഞാനാരാണെന്ന് അറിയാമോ…? അഭി ഡോക്ടർ മാരീ ചെയ്യാൻ പോകുന്ന ആളാണ്.. ഡോക്ടർ പറഞ്ഞിട്ടാ വന്നത്…”

“ഓഹ് ഡോക്ടർ പറഞ്ഞിട്ടാണോ…? ചെല്ല് ചെല്ല്…”

അത് കേട്ടതും ശ്രേയ സന്തോഷത്തോടെ അകത്തേക്ക് നടന്നു….

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : ഭാഗ്യ ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *