അവർക്ക് വേണ്ടത് ഒരു ജോലിക്കാരിയെ ആയിരുന്നു.. ആട്ടും തുപ്പും കേട്ട് നിൽക്കാൻ ഒരു അടിമ….

രചന : Aysha Akbar

ഇന്നും പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിരുന്നില്ല……

ജോലികൾക്കും മർദ്ദനങ്ങൾക്കും ഒടുവിൽ വളരേ ക്ഷീണിതയായി തന്നെയാണ് ഞാൻ ഉറങ്ങാൻ കിടന്നത്……

ഉറക്കത്തിൽ മിന്നിമായുന്ന ഉമ്മാന്റെ മുഖം സുന്ദരമായ നിമിഷങ്ങളെ എന്നിലേക്ക് കോരിയിട്ട് കൊണ്ടിരുന്നു….

ഉമ്മാന്റെ കൂടെയുള്ള ദിവസങ്ങളായിരുന്നു ശെരിക്കും താൻ ജീവിച്ചത് തന്നെ….

ഇപ്പൊ താൻ വെറുമൊരു ശവമല്ലേ..ശ്വാസമുള്ള വെറുമൊരു ശവം……

അസ്സഹനീയമായ ഒരു ഗന്ധം മൂക്കിലേക്കടിച്ചപ്പോഴേക്കും ഞാൻ പിടഞ്ഞെഴുന്നേറ്റിരുന്നു…..

എന്റെ കണ്ണുകൾ ഭയത്താൽ മുറുകിയിരുന്നു….

ചുണ്ടുകൾ വിറയൽ കൊള്ളുന്നുണ്ടായിരുന്നു…..

ഒരു വാക്ക് പോലും മുഖവുരയില്ലാതെ അയാൾ എന്നിലേക്ക് പടർന്നു കയറിയിരുന്നു…

ഹൃദയത്തിലേ മുറിവിൽ നിന്നും കിനിഞ്ഞ രക്തം മിഴികളിലൂടെ പെയ്തിറങ്ങി…..

ചെറുപ്പത്തിലേ ഉപ്പ നഷ്ടപെട്ട എനിക്ക് എല്ലാം ഉമ്മയായിരുന്നു…..

ഉമ്മാന്റെ സങ്കടങ്ങളെല്ലാം കഴുകി കളഞ്ഞിരുന്നത് എന്റെ പുഞ്ചിരിയിലൂടെയായിരുന്നു…

വിധി ഞങ്ങളുടെ സന്തോഷത്തിലേക്ക് ദുരിതത്തിന്റെ കാറ്റുമായി പറന്നിറങ്ങി.. ഉമ്മാന്റെ ഹൃദയത്തിലേക്ക് ഒരു ബ്ലോക്കിന്റെ രൂപത്തിൽ..

അവസാന നിമിഷം വരെ ഉമ്മ പുഞ്ചിരിച്ചു കൊണ്ടിരുന്നു….. എന്റെ കണ്ണ് നനയാതിരിക്കാൻ….

ആ വേദനയിലും ഉമ്മാക്കെങ്ങനെ ചിരിക്കാൻ കഴിഞ്ഞുവെന്നെനിക്കറിയില്ല…….

പെട്ടെന്നൊരു ദിവസം ഉമ്മ എന്നെ ഇട്ട് സമാധാനത്തിന്റെ ലോകത്തേക്ക് പോയപ്പോഴേക്കും പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക് മുകളിലെ ആകാശം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളു..

പിന്നീട് ഉമ്മ ജോലിക്ക് പോയിരുന്ന യതീംഖാനയിലെ ചില നല്ല മനസ്സുകളാലെനിക്കവിടെയൊരു അഭയം നൽകി.

ഉമ്മ മരിച്ചതിന്റെ ദുഃഖം മറക്കാൻ എനിക്ക് അവിടെ തുണയായത് ഉമ്മയെ ഒരു നോക്ക് കാണാൻ കൂടി ഭാഗ്യമില്ലാതെ ജീവിക്കുന്ന പലരുമായിരുന്നു……. ആ ചിന്ത എന്നെ പതിയേ അവരുടെ ലോകത്തേക്ക് കൊണ്ട് പോയിരുന്നു..

അനാഥത്തതിന്റെ…… നോവിന്റെ…… ഒറ്റപ്പെടലിന്റെ……. അവരിലൊരാളായി താനും മാറിയിരുന്നു…..

പഠിക്കാൻ ഞാൻ മിടുക്കിയായിരുന്നുവെങ്കിലും പത്താം ക്ലാസ് കഴിഞ്ഞയുടനെ ഒത്തു വന്ന നല്ലൊരു കല്യാണാലോചന എന്നിലേക്ക് വന്നു ചേർന്ന മറ്റൊരു ദുരന്തമായിരുന്നു….

എന്നെ കണ്ട് ഇഷ്ടപ്പെട്ടു വന്ന മുജീബ്….. ഒരു ചായക്കട നടത്തുന്നു….. ആകെയുള്ളത് ഒരുമ്മ മാത്രം……

എല്ലാവരുടെയും സന്മനസ്സോടെ കല്യാണം ഗംഭീരമായി നടന്നു…. ഒരു യതീംക്കുട്ടിയുടെ കല്യാണം നടത്തി കൊടുത്തെന്ന സന്തോഷത്തിൽ എല്ലാവരും പിരിഞ്ഞു പോയി……

എന്റെ ജീവിതത്തിലെ കനലിന്റെ നാളുകൾ തുടങ്ങുകയായിരുന്നു……

മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി ആ സ്ത്രീ എന്നെ തുറിച്ചു നോക്കികൊണ്ടിരിക്കും…..

വാ തുറന്നാൽ വരുന്ന അസഭ്യം കേട്ടാൽ ആരും അറക്കും…..

വീടിനു ചുറ്റും ആട്ടിൻ കാട്ടം കൊണ്ട് നിറഞ്ഞിരുന്നു…..

മുറുക്കി തുപ്പിയത് അടുക്കളയിലെ പാത്രങ്ങൾ വെക്കുന്ന സ്റ്റാൻഡിൽ പോലുമുണ്ടായിരുന്നു…..

മദ്യം കൊണ്ട് ബോധം മറിഞ്ഞ എന്റെ ഭർത്താവെന്നു പറയുന്ന അദ്ദേഹം വന്നാൽ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുമായിരുന്നു….

ആദ്യമൊന്നും ദേഹോപദ്രവം ഉണ്ടായിരുന്നില്ല……

എന്നാൽ ഇപ്പൊ അതും ആയി….. വീട്ടിലേക്കുള്ള പണികൾക്ക് പുറമെ ഹോട്ടലിലേക്കുള്ള ജോലികൾ കൂടി ചെയ്യണമായിരുന്നു…….

എല്ലാ ജോലിയും എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെങ്കിലും തേങ്ങ ഉണക്കാനിടുമ്പോൾ കാക്കയെ ആട്ടുന്ന അടിയുരുണ്ട ഒരു വടിയുണ്ട്…..ആ വടിയെ എന്റെ നടുവിന് വല്ലാത്ത ഭയമായത് കൊണ്ട് എല്ലാ ജോലിയും ചെയ്യാൻ ഞാൻ ഓടിനടന്നു കൊണ്ടിരുന്നു….

എല്ലാ ജോലിയും ചെയ്താലും എന്തെങ്കിലും കാരണം പറഞ്ഞു ആ വടി കൊണ്ട് എന്നെയൊന്നു തൊട്ടില്ലെങ്കിൽ ആ സ്ത്രീക്ക് മനസ്സമാധാനമില്ലായിരുന്നു….. തല്ലി കഴിഞ്ഞു ഞാൻ വേദന കൊണ്ട് പുളയുമ്പോൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കുള്ളിൽ നിന്നു കറ പിടിച്ച ആ പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടാവും…. ഒപ്പം വായിലുള്ള മുറുക്കാൻ മുഖത്തേക്ക് നീട്ടി തുപ്പുക കൂടി ചെയ്‌താൽ പുള്ളിക്കാരിക്ക് ഇരട്ട പെറ്റ സന്തോഷമാണ്…….

അവർക്ക് വേണ്ടത് ഒരു ജോലിക്കാരിയെയായിരുന്നു

ആട്ടും തുപ്പും കേട്ട് നിക്കാനോരടിമ….. വേറെ എവിടെ നിന്നും പെണ്ണ് കിട്ടാന്നിട്ട് തന്നെയാവും ഇത്ര ദൂരത്തെ ഒരു യതീംഖാനയിൽ നിന്ന് ആരോരും തേടി വരാനില്ലാത്ത എന്നെ കല്യാണം എന്നാ പേരിൽ ഇവിടെ കൊണ്ട് വന്നത്…..

മഹറെന്ന പേരിലിട്ട ഒരു മാലയുടെ പൊട്ടു കൂടി എന്റെ കയ്യിൽ നിന്നും ഊരി വാങ്ങി തീർത്തും ഞാനിവിടുത്തെ ജോലിക്കാരിയായി സ്ഥാനമേറ്റു…

ശൂ…. ശൂ…..

വസ്ത്രങ്ങൾ അലക്കി വിരിച്ചു കൊണ്ടിരുന്ന ഞാനാ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി……

“ഇങ് വാ “….. ശബ്ദം കുറച്ചു അവരെന്നെ മതിലിനടുത്തേക്ക് മാടി വിളിച്ചു……

കയ്യിൽ പൊതിഞ്ഞു വെച്ചിരുന്ന കൊഴുക്കട്ട അവരെനിക്ക് നേരെ നീട്ടി….

“വേഗം കഴിച്ചോ….”

പറയുന്നതോടൊപ്പം അവർ നാല് പാടും ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു…..

ഒരു മതിലിനപ്പുറം താമസിക്കുന്ന സുധ ടീച്ചർ…..

തന്റെ വിഷമങ്ങളും ദുരിതങ്ങളും ഏറ്റവും അടുത്തറിയുന്ന ഒരാൾ….. ഞങ്ങൾ കൂടുതലൊന്നും സംസാരിച്ചിട്ടില്ല….. അധികം അവരെന്നോട് പറഞ്ഞത് വളരേ ചുരുക്കം ചില വാക്കുകളായിരിക്കും.

വേഗം കഴിച്ചോ….

അവർ കാണണ്ട….. ഈ മരുന്ന് പുരട്ടിക്കോ മുറി പെട്ടെന്ന് മാറിക്കോളും…..

അങ്ങനെ പലതും എനിക്ക് നേരെ നീട്ടി അതിനോടനുബന്ധമായ വാക്കുകൾ മാത്രം വളരേ പതിഞ്ഞ സ്വരത്തിൽ പറയും….. ഉമ്മ മരിച്ചതിനു ശേഷം ഞാൻ കഴിച്ച ഏറ്റവും നല്ല ഭക്ഷണം ടീച്ചർ പലപ്പോഴായി ഒളിച്ചും പാത്തും എനിക്ക് തന്നിരുന്നതായിരുന്നു…… അതിലൊരാമ്മയുടെ വാത്സല്യമുണ്ടായിരുന്നു…..

കൊഴുക്കട്ട കയ്യിലേക്ക് വാങ്ങി ഞാൻ പതിയെ പുഞ്ചിരിച്ചു….. പകരം നൽകാൻ ഒന്നുമില്ലാത്തവളുടെ ചിരി…..

സുധേ…… നീട്ടി വിളിച്ച ആ പരുക്കൻ ശബ്ദം അവരുടെ ഭർത്താവായിരുന്നു…..

പേരെന്താണെന്നെനിക്കറിയില്ല…… ടീച്ചർ മാഷേ എന്ന് വിളിക്കുന്നത് പലപ്പോഴായി കേട്ടിട്ടുണ്ട്… രണ്ടു പേരും അടുത്തൊരു യു പി സ്കൂളിലെ റിട്ടയേർഡ് അധ്യാപകരാണ്…….

അവർ രണ്ടു പേരും ഒറ്റക്കാണ് ആ വീട്ടിലെങ്കിലും അവരുടെ സ്നേഹം ജനലിലൂടെ പലപ്പോഴും ഞാൻ നോക്കി നിൽക്കുമായിരുന്നു……ഈ അറുപതുകളിലും അവരുടെ സ്നേഹം എന്റെ മനസ്സിനെ സന്തോഷിപ്പിക്കുമായിരുന്നു…….

വളരേ ഗൗരവമുള്ള മാഷിന്റെ മുഖം എന്നെ കാണുമ്പോൾ ഒന്ന് കൂടി മുറുകുന്നതായി തോന്നിയത് കൊണ്ട് അവരെ കാണുമ്പോൾ ഞാൻ തല വെട്ടിച്ചു നടക്കാറാണ് പതിവ്….. എന്നെ കണ്ടാൽ തുറിച്ചൊരു നോട്ടം നോക്കി കൊണ്ട് മാത്രമേ പോവാറുള്ളു…..

ടീച്ചർ എനിക്കായെന്ത് കൊണ്ട് വന്നാലും നീട്ടിയൊരു വിളിയുമുണ്ടാവും…. എന്നോട് സംസാരിക്കുന്നത് തന്നെ ആൾക്കത്ര ഇഷ്ടമില്ല….

അത് കൊണ്ട് പരമാവധി ടീച്ചർ വരാതിരിക്കാനാണ് ഞാൻ പ്രാർത്തിക്കാറുള്ളത്

എന്നാൽ ടീച്ചർ എന്റെ ആവശ്യങ്ങൾ ഞാൻ പറയാതെ തന്നെ എനിക്കായി കൊണ്ട് തരുമായിരുന്നു..

ഒരു ജനൽ പാളിയിലൂടെ ഉറ്റു നോക്കി എന്റെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്യുന്ന അവരോടെനിക്ക് എന്തെന്നില്ലാത്ത ഒരു സ്നേഹമായിരുന്നു….. ദിവസവും പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ അവരെ ഞാൻ ഉൾപെടുത്തുമായിരുന്നു

എന്നാൽ അവരുടെ ഭർത്താവിന് എന്നോടുള്ള അനിഷ്ടം വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെ എന്നെ സഹായിക്കുന്നത് കൊണ്ട് അവർക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോയെന്നും ഞാൻ ഭയന്നിരുന്നു.

എന്റെയുള്ളിൽ ഒരു ഭാര്യ ഉണ്ടായിരുന്നു….. ഒരു പ്രണയിനിയുണ്ടായിരുന്നു..

ഉള്ളിന്റെയുള്ളിലെ അവർ കാത്തു നിന്നിരുന്നത് സിൻഡ്രല്ല കഥകളിലെ പോലെ തന്നെ രക്ഷിക്കാൻ വരുന്ന ഒരു രക്ഷകനെയായിരുന്നു……

തന്റെ സ്വപ്നങ്ങളോരോന്നായി അനുഭവിച്ചു തീർക്കാൻ….. സന്തോഷത്തിന്റെ മാധുര്യം ആവോളം നുണയാൻ…..

അന്നൊരു ബുധനാഴ്ചയായിരുന്നു…. ആട്ടിൻ കൂട് വൃത്തിയാക്കി കൊണ്ടിരുന്ന എന്നെ ടീച്ചർ മാടി വിളിക്കുന്നത് കണ്ട് അരികിലേക്ക് ഞാൻ ചെന്നു….

കയ്യിൽ കരുതിയിരുന്ന പായസം എനിക്ക് നേരെ നീട്ടിയിരുന്നു….. അവരുടെ മുഖം മൗനത്തിലേക്ക് ആണ്ട് പോയിരുന്നു…. കണ്ണുകൾ ചുവന്നിരുന്നു….. എന്നത്തെയും പോലെ മനസ്സ് തുറന്നൊന്നു ചിരിക്കാൻ പോലും എനിക്കായില്ല……

എന്നെ തന്നെ നോക്കി അൽപ നേരം അവർ നിന്നു….. അപ്പോഴേക്കും അടുക്കള പുറത്തെ ഇറയത്ത് പിടിച്ചു മാഷും നിൽക്കുന്നുണ്ടായിരിന്നു…

എന്നും കാണുന്ന ഗൗരവം അന്നാ മുഖത്തെനിക്ക് കാണാനായില്ല….. പകരം മനസ്സിന്റെ ഭാരത്താൽ മിഴികൾ നിറഞ്ഞു ഞാൻ കണ്ടിരുന്നു….

ആ പായസവുമായി വിറക് പുരയുടെ പിറകിലേക് പോയി ഞാൻ കഴിച്ചു തുടങ്ങി…

എന്നാൽ എന്നത്തേയും സ്വാദ് അതിനുണ്ടായിരുന്നില്ല…. മധുരത്തിനു പകരം കണ്ണീരുപ്പ് കലർന്നതായെനിക്ക് തോന്നിയിരുന്നു…..

അടുക്കള പുറത്തെ തേങ്ങിനോട് ചേർന്നൊരു പൈപ്പുണ്ട്…. പാത്രം മുഴുവൻ അവിടെ കൊണ്ട് പോയിട്ടാണ് ഞാൻ കഴുകിയെടുത്തിരുന്നത്….

ആ പൈപ്പ് കൊണ്ട് ജീവിതം മാറി മറിഞ്ഞ ഒരാളാണ് ഞാൻ……

പണിയെല്ലാം തീർന്നു എന്ന് കണ്ടാൽ മനപ്പൂർവം ആ സ്ത്രീ എന്തെങ്കിലും ചെയ്തു വെക്കും…..

തുടച്ച ഭാഗത്തു ചളി വാരിയിട്ട് വീണ്ടും തുടക്കാൻ പറയുകയോ അങ്ങനെയെന്തെങ്കിലും…

അന്നൊരു വൈകുന്നേരമായിരുന്നു…. മഗ്‌രിബ് ബാങ്ക് കൊടുക്കാൻ നേരമായിരുന്നത് കൊണ്ട് തന്നെ ഉള്ളിൽ വാരിവലിച്ചിട്ട പാത്രം വേഗത്തിൽ ഞാൻ കഴുകിയെടുത്തു കൊണ്ടിരിക്കുന്നതിനിടയിലായാണ് ആ പൈപ്പ് എന്റെ കയ്യിൽ പൊട്ടി പോന്നത്……

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നപ്പോഴേക്കും അവരത് കണ്ട് കൊണ്ട് വന്നിരുന്നു…..

പിന്നെ എന്തൊക്കെ സംഭവിച്ചു എന്നത് ശരീരത്തിന്റെ പല ഭാഗത്തായി നീറുന്ന മുറിവുകൾ പറയും

എന്ത് ചെറിയ കാര്യം ആണെങ്കിലും മകൻ വരുമ്പോഴേക്കും അവരത് ഊതി പെരുപ്പിക്കുമായിരുന്നു.

അപ്പൊ പിന്നെ ഈ കാര്യം പറയേണ്ടല്ലോ….

നാലുകാലിൽ ആടിയാടി വരുന്ന മകനോടായത് പറഞ്ഞപ്പോഴേക്കും കാര്യം എന്തെന്ന് പോലും അറിയുന്നതിന് മുന്പേ എന്നെ അടിച്ചു കഴിഞ്ഞിരുന്നു

ഉള്ളതും ഇല്ലാത്തതുമായ ഓരോ കാര്യങ്ങൾ അദ്ദേഹത്തോടാ സ്ത്രീ പറയുമ്പോഴും അതിനുള്ള പ്രതിഫലം ഞാൻ ഏറ്റു വാങ്ങി കൊണ്ടേയിരുന്നു

അവരിലെ നിഗൂഢമായ ചിരി കാണാനോ എന്റെയുള്ളിലെ നോവറിയാനോ കഴിവുള്ള കണ്ണുകൾ അവിടെയുണ്ടായിരുന്നില്ല…

അപ്പുറത്തെ വീട്ടിലെ ഉമ്മറത്തിരുന്ന് എത്തി നോക്കി ടീച്ചർ മിഴികൾ നിറക്കുന്നുണ്ടായിരുന്നു……

തൊട്ടടുത്തായി മൗനമായി മാഷുമുണ്ടായിരുന്നു…..

ചുറ്റുമുള്ള പല വീടുകളിൽ നിന്നും ആളുകൾ എത്തിനോക്കിയിരുന്നു…..

കരുണ തീണ്ടിയിട്ടില്ലാത്ത ആ സ്ത്രീ സ്നേഹ നിധിയായ എന്റെ ഉമ്മയെ അസഭ്യം പറയുന്നത് കേട്ട് ഒത്തിരി നേരം എനിക്ക് പിടിച്ചു നിൽക്കാനായില്ല…..

“എന്റെ ഉമ്മാനെ പറഞ്ഞാലുണ്ടല്ലോ….”

ആദ്യമായി ചൂണ്ടു വിരലുയർത്തി ഞാനത് പറയുമ്പോൾ ഒന്നും ചെയ്യാൻ എനിക്കാവില്ല എന്നാ ഉറച്ച ബോധ്യമുണ്ടായിരുന്നു…. എങ്കിലും മനസ്സിനു സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നത്..

ആദ്യമായാണ് എന്റെ ശബ്ദം ആ വീട്ടിലുയർന്നു കേൾക്കുന്നത്….

പറഞ്ഞു തീരും മുന്പേ അടിവയറ്റിലേക്ക് ശക്തിയായ ചവിട്ടാണെനിക്ക് സമ്മാനമായ് കിട്ടിയത്….

കണ്ണിലിരുട്ടു കയറും പോലെ ഞാൻ അവിടെ തളർന്നിരുന്നു….. കണ്ണുകൾ മൂടിയിരുന്നു….

എങ്കിലും പാതിയടഞ്ഞ മിഴികളിൽ ഞാൻ കണ്ടിരുന്നു എന്റെ രക്ഷകനെ….. ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ഓടി വന്നു മുജീബിന്റെ കരണം നോക്കി ഒരടി…..

ആദ്യമായി എനിക്ക് വേണ്ടി സംസാരിക്കുന്ന ഒരാളെ ഞാൻ കാണുകയായിരുന്നു… എനിക്ക് വേണ്ടി അവനുമായി അടി തുടങ്ങിയപ്പോഴേക്കും ആളുകൾ ഓടിക്കൂടി അവരെ പിടിച്ചു മാറ്റിയിരുന്നു…..

“നിനക്ക് എടുക്കാനുള്ളതൊക്കെ എടുത്തോ…..

നിനക്ക് താമസിക്കാൻ വേണ്ടതൊരു ഇടമാണെങ്കിൽ എന്റെ കൂടെ വരാം….”

എന്നെ പിടിച്ചെഴുന്നേൽപ്പിച് സൗമ്യമായെന്നോടത് പറയുമ്പോൾ വിശ്വസിക്കാനാവാത്ത വിധം ഞാനദ്ദേഹത്തെ നോക്കുന്നുണ്ടായൊരുന്നു…..

ഒരിക്കൽ പോലും സ്നേഹത്തോടെയോ സഹതാപത്തോടെയോ നോക്കിയിട്ടില്ലാത്ത ആ മുഖത്തപ്പോൾ ഒരച്ഛന്റെ വാത്സല്യം നിറഞ്ഞു നിന്നിരുന്നു

ഞാൻ ഇമ വെട്ടാതെ മാഷിനെ നോക്കി കൊണ്ടിരുന്നു…

എന്റേതെന്നു പറയാനുള്ള ചുരുക്കം സാധനങ്ങൾ മാത്രം ബാഗിലാക്കി ഞാനാ വീട്ടിലേക്ക് കയറുമ്പോൾ എന്റെ കൈകൾ മാഷ് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… ഒരച്ഛന്റെ ചേർത്ത് പിടിക്കൽ എനിക്ക് ധൈര്യമാണ് തന്നതെങ്കിൽ ടീച്ചറുടെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പെയ്തു തീർത്തത് മുഴുവനെന്റെ സങ്കടങ്ങളായിരുന്നു…..

“ഒരു അനാഥയായ എനിക്ക് പോകാൻ മറ്റൊരിടമില്ല….. എത്ര കാലം എന്ന് വെച്ചാണ് ഞാനിവിടെ ജീവിക്കുക…. നാളെ ഞാൻ നിങ്ങൾക്കും ഒരു ബാധ്യതയാവില്ലേ….വാക്കുകൾ മുറിഞ്ഞു പോകുമ്പോഴും അതെല്ലാം കൂട്ടി ചേർക്കാൻ ഞാൻ നന്നേ പ്രായാസപ്പെട്ടിരുന്നു…..

കവിളുകളിൽ കൂടി ഒലിച്ചിറങ്ങിയ എന്റെ കണ്ണുനീരിനെ സാരിതലപ്പു കൊണ്ട് തുടച് തന്നിട്ട് അവർ പറഞ്ഞു തുടങ്ങി…..

“ഞങ്ങൾക്കൊരു മോളുണ്ടായിരുന്നു…. അവളിന്നുണ്ടായിരുന്നെങ്കിൽ നിന്റെ പ്രായം കാണുമായിരുന്നു

ഇന്നവളുടെ പിറന്നാളാണ്….നിന്റെ ചിരി കാണുമ്പോൾ പലപ്പോഴും അവളെ പോലെ തോന്നിയിരുന്നത് മാഷിന് വല്ലാത്ത മനപ്രയാസമായിരുന്നു….

മോൾടെ അത്ര നിറമില്ലെങ്കിലും നിങ്ങളുടെ മുഖങ്ങൾ തമ്മിൽ നല്ല സാമ്യമുണ്ട്…..നിന്നെ കണ്ട അന്ന് തന്നെ മാഷ് പറഞ്ഞിരുന്നു ആ കൊച്ചു ചിരിക്കുമ്പോൾ ചാരുവിനെ പോലെയുണ്ടെന്ന്……

അവരുടെ കണ്ണുകൾ ചാരുവിന്റെ ഓർമകളാൽ വാചാലമാകുന്നത് ഞാനറിഞ്ഞിരുന്നു..സ്വാദുള്ള ആ പായസത്തിലെ കണ്ണീരിന്റെ നനവ് ഞാൻ തിരിച്ചറിയുകയായിരുന്നു….

” നിന്നോടുള്ള സഹതാപം മാത്രമല്ല നിന്നെ ഞങ്ങളിവിടെ കൊണ്ട് വരാൻ കാരണം നിനക്ക് ഞങ്ങൾ മോൾടെ സ്ഥാനം തന്നത് കൊണ്ട് കൂടിയാണ് …….ഞങ്ങളെയും തിരിച്ചു അങ്ങനെ കാണാൻ കഴിയുമെങ്കിൽ നിനക്ക് ഞങ്ങളൊരു ഭാരമാവുന്നത് വരെ നിനക്കിവിടെ കഴിയാം..ഞങ്ങളുടെ മോളായി….. ”

മാഷിന്റെ ഗൗരവത്തോടെയുള്ള ആ ശബ്ദത്തിൽ വിറയൽ ബാധിക്കുന്നത് ഞാനറിഞ്ഞിരുന്നു……

ഓടി പോയി ഞാനാ കാൽക്കൽ വീണപ്പോഴേക്കും എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു ആ നെഞ്ചിലേക്കെന്നെ ചേർത്ത് പിടിച്ചിരുന്നു….

മുജീബും അവന്റെ ഉമ്മയും കൂടി ഇതൊരു വർഗീയ പ്രശ്നമാക്കാൻ ശ്രമിച്ചിരുന്നു….. പള്ളിക്കമ്മിറ്റിക്കാരും യതീംഖാനയിലെ ആളുകളുമെല്ലാം ആ മുറ്റത്തു നിരന്നപ്പോഴും മാഷിനെ കുറ്റപ്പെടുത്തുമ്പോഴും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

എല്ലാവർക്ക് മുമ്പിലും മുജീബിന്റെയും ഉമ്മയുടെയും പീഡനങ്ങൾ ഞാൻ എണ്ണി പറയുമ്പോഴും മുജീബ്ടക്കം എല്ലാവരുമെന്നേ അതിശയത്തോടെ നോക്കിക്കൊണ്ടിരുന്നു……

എന്റെ ശബ്ദം ഉയർന്നു കേൾക്കുക പോലും ചെയ്യാത്ത അനാഥലയത്തിലേ എന്റെ സംരക്ഷകർക്ക് എന്റെ മനസ്സിലെ വേദനയുടെ ആഴം വ്യക്തമായി മനസ്സിലാവുന്നുണ്ടായിരുന്നു…….. അവർ തിരികെ അനാഥലയത്തിലേക്ക് തന്നെ തിരിച്ചു വിളിച്ചെങ്കിലും തന്റെ സ്വർഗം ഞാൻ കണ്ടെത്തിയിരുന്നു….

ഡിവോഴ്‌സിനുള്ള കാര്യങ്ങൾ നടക്കുബോഴും ആദ്യം മാഷ് ഞങ്ങളെ കൂട്ടി ആ വീട്ടിൽ നിന്നു മാറുകയാണ് ചെയ്തത്…. കുറച്ചു മാറി മനോഹരമായ ഒരു വീട്….. അതിൽ ഞങ്ങളുടെ സ്നേഹവും സന്തോഷവും നിറഞ്ഞിരുന്നു…..

കുറച്ചു കാലങ്ങൾക്ക് ശേഷം എന്റെ ചിരികൾ ആ ചുവരിൽ തട്ടി പ്രതിഫലിച്ചു കൊണ്ടിരുന്നു….

ഞാൻ പഠിക്കാൻ പോയിതുടങ്ങി… പ്ലസ് ടു നല്ല മാർക്കോടെ പാസ്സായി….. പലരും എന്റെ കല്യാണ കാര്യവുമായി മാഷിനെ സമീപിച്ചെങ്കിലും മാഷിന്റെ നിലപാട് ഉറച്ചതായിരുന്നു…. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയായിട്ടല്ലാതെ അവളെ ഞാൻ ആരുടെ കയ്യിലുമേൽപ്പിക്കില്ല……

നാളെ ഞങ്ങളില്ലാത്തൊരവസ്ഥ വന്നാലും അവൾ തളരാതിരിക്കണമെങ്കിൽ അവൾക്കൊരു ജോലി അത്യാവശ്യമാണ്….. ഒരു പെണ്ണിന്റെ ഭാവിയെക്കുറിച്ചുള്ള ധൈര്യം മാതാപിതാക്കളോ ഭർത്താവോ മക്കളോ അല്ല… മറിച് അവളുടെ വിദ്യാഭ്യാസമാണ്…..

അങ്ങനെ ഞാൻ പഠിച്ചു ബാങ്കിൽ നല്ല ജോലിയും കിട്ടി….അച്ഛന്റെയും അമ്മയുടെയും കണ്ണിലെ സന്തോഷത്തിന്റെ നീര്തിളക്കം എന്നെ ആനന്ദത്തിന്റെ കൊടുമുടിയിലാക്കിയിരുന്നു….

വിനോദേട്ടൻ അച്ഛന്റെ ഒരു സ്റ്റുഡന്റ് ആയിരുന്നു….

ഇപ്പൊ കോളേജ് ലെക്ച്ചർ ആണ്….ഞാനൊരു മുസ്ലിമായത് കൊണ്ടും ജാതക ദോശത്താൽ അദ്ദേഹത്തിന്റെ കല്യാണം നീണ്ടു പോയതു കൊണ്ടും തന്നെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു വന്നപ്പോൾ തിരിച്ചു പറയാനവാനവർക്കൊരു വാക്കുണ്ടായിരുന്നില്ല….അവർ എന്റെ സമ്മതത്തിനായി കാത്തിരുന്നു

“മതമേതായാലും ജാതകം മോശമായാലും ആളു നന്നായാൽ മതി.. കരുണയുണ്ടായാൽ മതി…

എന്റെ വാക്ക് കേട്ടു അച്ഛന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞിരുന്നു….

കരുണയില്ലാത്ത ഒരുവന്റെ കൂടെ അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചിരുന്നു ഞാൻ…

അച്ഛന്റെ കൈ പിടിച്ചന്നാ കതിര്മണ്ഡപത്തിലേക്ക് കയറുമ്പോൾ ഹൃദയത്തിന്റെ ഉള്ളിലെന്തോ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു…..

വിനോദേട്ടന്റെ പെണ്ണായി അന്നാ പടിയിറങ്ങുമ്പോൾ മോളെ എന്ന് വിളിചെന്നെ ചേർത്ത് പിടിച്ചു കരയുമ്പോൾ ഞാനറിയുന്നുണ്ടായിരുന്നു ആ ഹൃദയങ്ങളിലെ ഭാരം….

ഞങ്ങളുടെ കണ്ണുനീര് കണ്ട് ചുറ്റും കൂടിയ പലരുടെ കണ്ണിൽ നിന്നും അന്ന് കണ്ണുനീര് പൊടിയുന്നുണ്ടായിരുന്നു….

അന്നവിടെ ജാതിയോ മതമോ ആലോചിക്കാനുള്ള ഇടം കൂടി ഞങ്ങൾ കൊടുത്തില്ല…

വിനോദേട്ടനൊപ്പം ഇറങ്ങുമ്പോൾ തിരിച്ചു വരാണെനിക്കൊരിടമുണ്ടെന്ന സന്തോഷം എന്റെ മനസ്സാകെ നിറഞ്ഞു നിന്നിരുന്നു…..

ഞാൻ കണ്ണുകളിൽ നിന്നും മായുന്നത് വരെ എന്നെ നോക്കി കൊണ്ടിരിക്കുന്ന ഹൃദയങ്ങളിൽ മുറിപ്പാടുകൾ ബാക്കി വെച് ഞാൻ യാത്രയായി….

മിഴികളിൽ കണ്ണുനീര് ഉരുണ്ടുകൂടുമ്പോഴും കൈകൾക്ക് മേൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ ഒരു ചൂട് പടരുന്നത് ഞാനറിഞ്ഞു…

ഇത് വരെ കിട്ടാത്ത ആ സ്നേഹം മരണം വരെ ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Aysha Akbar

Leave a Reply

Your email address will not be published. Required fields are marked *