ആരുമില്ലാതായി പോകുന്നത് ഭീകരമായ ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർ..

രചന : അബി

ടാർഗറ്റ്

❤❤❤❤❤❤❤❤❤❤❤

അന്നൊരു പൗർണമി ദിവസമായിരുന്നു.

നിലാവിന്റെ ശോഭയിൽ അമരാവതി നദി ശാന്തമായി ഒഴുകുകയാണ്.

സമയം ഏറെ കഴിഞ്ഞിരിക്കുന്നു. പുലർച്ചയ്ക്ക് മുൻപേ വീശാറുള്ള കരക്കാറ്റ് അന്ന് പതിവിലും നേരത്തെ വീശിത്തുടങ്ങി.

നദിയുടെ പടിഞ്ഞാറെ തീരത്തുള്ള ഇലഞ്ഞി മരത്തിന് പിറകിലായി കാടുപോലെ വളർന്നു നിൽക്കുന്ന കൂറ്റൻ ഇല്ലിമുളകളുടെ ഇടയിലൂടെ കാറ്റ് ചൂളം വിളിച്ചുകൊണ്ട് തീരത്തേക്ക് അടുത്തന്നേരം നീണ്ടുനിന്ന വേഷൻ കോലുകൾ കാറ്റിൽ ഉരസി മറയുന്നതിന്റെ ശബ്ദം നദിയിലെ ഓളങ്ങളെ തലോടികൊണ്ട് മറുകരയിലേക്ക് നീങ്ങി.

നദിയുടെ ഇരുവശവും സമൃദ്ധമായി വളർന്ന് നിൽക്കുന്ന ഇല്ലിക്കാടുകളാണ്. തീരമടുക്കുന്നടുത്ത് നല്ല വിസ്തൃതിയിൽ ഒരു ചതുപ്പ് നിലവും അതിനോട് ചേർന്ന് പൊട്ടിപ്പൊളിഞ്ഞ ഒരു കൽപ്പടവുമുണ്ട്.

മഴയുള്ള ദിവസങ്ങളിൽ വേലിയേറ്റം മൂലം ചതുപ്പുനിലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൽപ്പടവുകളിലും വെള്ളം കയറുന്നതിനാൽ ഇഴജന്തുക്കൾക്ക് അവിടമൊരു താവളം കൂടിയാണ്.

ചതുപ്പുനിലത്തിന്റെ കിഴക്കേയറ്റം മുതൽ കൽപ്പടവിനെ വളഞ്ഞ് തീരം വരെ പൂത്തുനിൽക്കുന്ന ഇല്ലി കാടുകളാണ്. ഇരുട്ട് തങ്ങി നിൽക്കുന്നതിനാൽ പേടിപ്പെടുത്തുന്നയെന്തോ അവിടെയുണ്ടെന്ന് തോന്നുമെങ്കിലും ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമാണ് അന്തരീക്ഷത്തിന്.

മനംമടുപ്പിക്കുന്ന ഏകാന്തതയുടെ തീരമായതിനാൽ പകൽ സമയങ്ങളിൽ പോലും നദീതീരത്ത് ആരുമെത്താറില്ല.

എത്തണമെങ്കിൽ തന്നെ കൽപ്പടവിലേക്കുള്ള ചവിട്ടടിപ്പാതയ്ക്ക് ചുറ്റും പടർന്നുക്കിടക്കുന്ന വള്ളിച്ചെടികളും, കൂട്ടംകൂട്ടമായി പിരിഞ്ഞുക്കിടക്കുന്ന കണ്ടൽക്കാടുകളും പ്രധാന നിരത്തിൽ നിന്നുള്ള യാത്രയെ ദുസ്സഹമാക്കും. അതിനേക്കാൾ ക്ലേശകരമാണ് തെരുവ് വിളക്കിന് മുൻപിലുള്ള കൈതക്കാടുകൾ.

നിലാവുമറയുന്ന നേരം നിഗൂഢതകളുടെ അപദസഞ്ചാരം പോലെ കാറ്റ് ശക്തമായി വീശുമ്പോൾ തീരത്തോട് ചേർന്നുള്ള മൺതിട്ടകളിൽ ഓളങ്ങൾ ഒന്നിന് പിറകെ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു.

ഉരുളൻ പാറകൾക്ക് ചുറ്റും നദിയിലേക്ക് വീണുക്കിടന്ന ഇലഞ്ഞിപ്പൂക്കൾ കുതിർന്ന് വെള്ളപ്പാട പോലെ നുരകൾക്കൊപ്പം പൊങ്ങി കിടക്കുകയും ഓളത്തിന്റെ ഗതിക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന കാഴ്ച തീരത്തെ കൂടുതൽ സുന്ദരമാക്കി.

കൽപ്പടവിന്റെ ഏറ്റവും മുകളിൽ നിന്നും നോക്കിയാൽ മറുകരയിലുള്ള മുളങ്കാടുകളും, തീറ്റപ്പുല്ല് നിറഞ്ഞ തൂറ്റപ്പറമ്പുകളും നേരിയതോതിൽ കാണാൻ സാധിക്കുമെങ്കിലും പൈശാചികമായ നിഴൽ അവിടെ കനത്തു നിന്നു.

സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു, കാത് തുളപ്പിക്കുന്ന ചീവീടുകളുടെ ശബ്ദത്തിന് ഇപ്പോൾ ഒരൊതുക്കം വന്നിട്ടുണ്ട്. എന്നാലും അകലെനിന്നും തെരുവ് പട്ടികളുടെ ഓലിയിടൽ വ്യക്തമായി കേൾക്കാം. കര പൂർണമായും തണുത്തതിനാൽ കാറ്റിന് തണുപ്പ് വീണു.

അന്ന് അവിചാരിതമായി ആരൊക്കെയോ തീരത്തെ ലക്ഷ്യമാക്കിക്കൊണ്ട് കൽപ്പടവിലേക്ക് നടന്നു വന്നു. തീപ്പെട്ടിക്കൊള്ളികളുടെ അരണ്ടവെളിച്ചത്തിൽ കയ്യിലെ ഊന്നുവടിക്കൊണ്ട് കാടുകയറിയ നടപ്പാതയിലെ വള്ളികളെയും ചെടികളെയും വകഞ്ഞുമാറ്റി കൊണ്ടാണ് അവരുടെ വരവ്.

മിന്നാമിനുങ്ങുകളെ പോലെ ഇടയ്ക്കിടയ്ക്ക് തീപ്പെട്ടിക്കൊള്ളികൾ കാറ്റിൽ അണയുകയും വീണ്ടും തെളിയുകയും ചെയ്യുന്നുത് ഇടതടവില്ലാതെ ആവർത്തിച്ചുകൊണ്ടിരുന്നു.

കൃത്യമായി പറഞ്ഞാൽ അവർ അഞ്ചു പേരുണ്ട്. പത്ത് പന്ത്രണ്ട് വയസ്സ് മാത്രം കഷ്ടിച്ച് പ്രായമുള്ള ഒരു കുട്ടിയും മധ്യവയസ്സ് കഴിയാറായൊരു സ്ത്രീയും അവർക്ക് തൊട്ടുപിന്നിലായി മൂന്ന് ചെറുപ്പക്കാരും…..

നിറയെ പൂക്കളുള്ള നിറം മങ്ങിപ്പോയ ഒരു പോളിസ്റ്റർ സാരിയായിരുന്നു സ്ത്രീയുടെ വേഷം. സാരിയുടെ ഒരറ്റം തലവഴിമൂടി ബ്ലൗസിന്റെ അകത്ത് കുത്തിയതിന്റെ വിടവിലൂടെ ജഡപ്പിടിച്ച മുടിയിഴകൾ തൂങ്ങിനിന്നു.

വാറുപ്പൊട്ടിയ ചെരുപ്പിനോട് ചേർന്ന് കിലുക്കങ്ങൾ ഇല്ലാത്ത ഒറ്റ കമ്പി കൊണ്ട് കെട്ടിയ കൊലുസ് ആയിരുന്നു അവരുടെ ഏക അലങ്കാരം. പുറത്തേക്കുന്തി നിൽക്കുന്ന ബീഡിക്കറ പുരണ്ട കോന്ത്ര പല്ലുള്ളതിനാൽ ആ സ്ത്രീക്ക് മുഖം ഉണ്ടെന്ന് മനസ്സിലാക്കും.

അവരെ അനുഗമിച്ച് വരുന്ന ബലിഷ്ടമായ ശരീരമുള്ള ചെറുപ്പക്കാരുടെ തോളിൽ താരതമ്യേന നല്ല ഭാരമുള്ള ചണച്ചാക്ക് കൊണ്ട് മൂടിയ നീല ജാറുകൾ കാണാം. അതിന്റെ ഭാരം താങ്ങാനാകാതെ ഇടയ്ക്കിടയ്ക്ക് കിതയ്ക്കുകയും അവരുടെ കാലുകൾ കുഴയുകയും ചെയ്യുന്നുണ്ട്.

ഇവരിൽ നിന്നെല്ലാം സ്വല്പം മുൻപിലായി തീപ്പെട്ടിക്കൊള്ളികൾ കത്തിച്ചുകൊണ്ട് വഴിതെളിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം കൂട്ടത്തിലെ കുട്ടിക്കായിരുന്നു. എന്നിട്ടും അവന്റെ മുഖത്ത് മാത്രം പ്രകാശം എത്താതെ അവ്യക്തമായി കിടന്നു.

ഒറ്റ നോട്ടത്തിൽ തന്നെ അവരെ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. ചേറിൽ കിടന്നുരുണ്ട് രസിക്കുന്ന പന്നിക്കൂട്ടങ്ങളെ പോലെ രാത്രികാലങ്ങളിൽ നഗരത്തിലെ വീടുകളിൽ നിന്നും കക്കൂസ് മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ വഴിയരികിലെ ഓടകളിലോ, നദീതീരത്തോ കൊണ്ടുപോയിടുന്ന അധകൃതരായ തോട്ടികളാണവർ.അതിനായി മിക്കവാറും അവർ ആരും കടന്നുചെല്ലാത്ത നദീ തീരങ്ങളാണ് തിരഞ്ഞെടുക്കാറ്.

അതുകൊണ്ടുതന്നെ അമരാവതിയുടെ ഭൂരിഭാഗം തീരവും അവരുടെ പ്രവർത്തിക്ക് അനുയോജ്യമാണ്

നീണ്ട നേരത്തെ പരിശ്രമത്തിനു ശേഷം ഏറെ പ്രയാസപ്പെട്ട് അവർ നദിക്കരയിലുള്ള കൽപ്പടവിൽ എത്തിനിന്നു.

നല്ല തെളിഞ്ഞ മാനമായതിനാൽ എല്ലാവരും ശ്രദ്ധാകുലാരാണ്. പിടിക്കപ്പെട്ടാൽ പിന്നീടുള്ള കാര്യത്തെപ്പറ്റി അവർക്ക് ഓർക്കാൻ കൂടി സാധിക്കുമായിരുന്നില്ല. കഴിവതും വേഗത്തിൽ തന്നെ അവർ പണി തീർക്കാൻ ശ്രമിച്ചു.

ചെറുപ്പക്കാർ തങ്ങളുടെ തോളിലിരുന്ന നീല ജാറുകളുടെ മൂടി തുറന്ന് ചതുപ്പുനിലത്തേക്ക് മാലിന്യം ഒഴുക്കിയപ്പോൾ മൂക്ക് തുളച്ചുകയറുന്ന ദുഷിച്ച ദുർഗന്ധം അവിടുത്തെ കാറ്റിൽ പരന്നു.

അവരാരും മൂക്കുപൊത്തിയില്ല. എത്രയോ നാളുകളായി ഈ ഗന്ധം അവർക്ക് പരിചിതമാണ്.

അവരുടെ വിയർപ്പിൽ പോലും അതിന്റെ അംശമുണ്ട്.

കൃമികൾ നുരച്ചുപൊന്തുന്ന കറുത്ത വെള്ളം ചതുപ്പുനിലത്തിലൂടെ സാവകാശം ഒരു കുഞ്ഞരുവി പോലെ ഒഴുകി നദിയിലെ വെള്ളത്തിൽ കലർന്നു.

നിലാവിന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി വരുന്ന ഓളങ്ങൾക്ക് കറുത്ത ചായം പൂശി കൃമികൾ വെള്ളത്തിൽ നുരച്ചു പൊന്തി.

പൊട്ടിയ കൽപ്പടവുകൾ ഇറങ്ങി നദിയിലെ വെള്ളത്തിൽ തൊട്ടിയും മറ്റു പണിയായുധങ്ങളും കഴുകുന്ന തിരക്കിലായിരുന്നു കൂട്ടത്തിലെ സ്ത്രീ,

അവരെയും കാത്ത് ശരീരമാസകലം കുത്തിക്കയറിയ കൈത മുള്ളുകൾ ധൃതിയിൽ പറിച്ചെടുക്കുന്നതിനൊപ്പം ഇരുട്ട് വീണ നടപ്പാതയും,

ചതുപ്പുനിലവും, തീരത്തിന് കുറുകെയുള്ള വെളിപ്പറമ്പിലെ പരുത്തിക്കാടും നിരീക്ഷിച്ചുകൊണ്ട് കൽപ്പടവിൽ കുട്ടി ക്ഷമയോടെ നിന്നു .

ചോരപ്പൊടിച്ച് കൊണ്ട് അലസതയോടെ കൈതമുള്ളുകൾ പറിച്ചെടുക്കുന്ന കുട്ടിയുടെ ആവലാതികൾ അവരാരും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിലും വള്ളി നിക്കറിട്ട ഒരു തോട്ടിയുടെ മകന്റെ ആവലാതികൾക്ക് ഈ ലോകത്ത് എന്തെങ്കിലും സ്ഥാനമുണ്ടോ? ചില്ല് ഇല്ലാത്ത കണ്ണാടിയിലൂടെയാണ് ലോകം അവരെ വീക്ഷിക്കുന്നത്. അതിനുമപ്പുറം ഒരു നീർക്കുമിളയുടെ ആയുസ്സ് മാത്രം.

വലിയൊരു കള്ളത്തരം ചെയ്ത കൃതാർത്ഥതയോടെ ചതുപ്പുനിലത്തിൽ നിന്നും വന്ന ചെറുപ്പക്കാർ ദേഹത്ത് ഉണങ്ങിപ്പിടിച്ചിരുന്ന അഴുക്കുകളെല്ലാം കഴുകി കളഞ്ഞതിന് ശേഷം വീണ്ടും കൽപ്പടവിലേക്ക് വന്നു. നിലാവിന്റെ നീല വെളിച്ചത്തിൽ പരസ്പരം നോക്കി കൊണ്ട് ആംഗ്യങ്ങൾ കാണിച്ചതല്ലാതെ അവർ ഒന്നും മിണ്ടിയില്ല.

സാരിത്തുമ്പിൽ മറഞ്ഞുനിന്ന കുട്ടിയുടെ മുഖം അപ്പോഴും ഇരുട്ടിലായിരുന്നു.

അന്നത്തിന് വേണ്ടിയുള്ള അന്നത്തെ കഷ്ടപ്പാടുകൾ എല്ലാം തീർത്ത് അവർ മടങ്ങാൻ തീരുമാനിച്ചപ്പോഴാണ് അവരെ ഞെട്ടിച്ചുകൊണ്ട് ആ ഞരക്കം കേട്ടത്.

തീരത്തിന് കുറുകെയുള്ള വെളിപ്പറമ്പിലെ ചെരിഞ്ഞ മൺകൂനകളുടെ ഇടയിൽ നിന്നും കേട്ട ആ ശബ്ദം അവരെ വല്ലാതെ ഭയപ്പെടുത്തിയെങ്കിലും ഓടാനോ അവിടെയൊട്ട് നിൽക്കാനോ സാധിക്കാതെ പരിഭ്രാന്തി നിറഞ്ഞ മനസ്സോടെ അവർ മൺകൂനയുടെ ഭാഗത്തേക്ക് ചെന്നു.

നല്ല നിലാവ് ഉണ്ടായിരുന്നിട്ടും തീപ്പെട്ടിക്കൊള്ളികൾ ക്രമമില്ലാതെ കത്തിച്ചു കളഞ്ഞതിനുശേഷം ഒടുവിൽ അമ്പരപ്പോടെ അവരാ ശബ്ദം തിരിച്ചറിഞ്ഞു…

ചോരവാർന്നു പൂർണനഗ്നയായി മൺപരപ്പിൽ കിടക്കുന്ന ഒരു പെൺകുട്ടിയുടെ അവസാന ഞരക്കങ്ങളായിരുന്നത്.

വിടർന്ന കണ്ണുകളുമായി അവർ അവൾക്കു ചുറ്റും വട്ടത്തിൽ കൂടിനിന്നു. എല്ലാവരുടെയും മുഖത്ത് ഭയത്തിന്റെ നിഴലുകൾ ഇരുണ്ട് കൂടുകയും ശരീരം വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ശൂന്യമായ മനസ്സുകളിൽ ചിന്തയുടെ തിരയിളക്കം പോലെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയും ചിലതെല്ലാം പെറുക്കി മാറ്റിയതിന്റെ സ്ഥാനത്തേക്ക് പുതിയവ കുത്തി നിറക്കുകയും ചെയ്തു.

പെൺകുട്ടിയെ കൂടുതൽ വ്യക്തമായി കാണാൻ കൂട്ടത്തിലെ ചെറുപ്പക്കാരിൽ ഒരാൾ പെൺകുട്ടിയുടെ മുഖത്തേക്ക് തീപ്പെട്ടിക്കൊള്ളി ഉരച്ച നേരം കൂട്ടത്തിലെ സ്ത്രീ സാരിത്തുമ്പിൽ പിടിച്ചു നിന്ന കുട്ടിയുടെ രണ്ട് കണ്ണുകളും പെട്ടെന്ന് പൊത്തിപ്പിടിച്ചു.

മുറിപ്പാടുകൾ കൊണ്ട് വികൃതമായ മുഖം, നെറ്റിക്ക് മേലെയും കഴുത്തിന് പിറകിലുമുള്ള ആഴത്തിലുള്ള മുറിവിൽ നിന്നും ഒലിച്ചിറങ്ങിയ ചോര മണലിൽ കട്ടപ്പിടിച്ച് കിടന്നു. ഇടത്തെ കൺപോള നീര് വെച്ച് മാംസം തൂങ്ങി നിന്നതിൽ ചുവന്ന കണ്ണുനീർ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.

കടിച്ച് പൊട്ടിച്ച ചുണ്ടുകളിലും ചെവിയിലും കൊഴുത്ത രക്തത്തുള്ളികൾ…..

ചോരയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന മുടിയിഴകളിൽനിന്നും രൂക്ഷമായ ഗന്ധം ഉയരുന്നുണ്ടെങ്കിലും ഉരുക്കിയ ശർക്കരയുടെ ഗന്ധമാണ് ഇപ്പോഴും അവളുടെ ശരീരത്തിന്….

വേർതിരിച്ചെടുക്കാനാകാത്ത വിധം മുളങ്കാടുകളിൽ നിന്നും വീശുന്ന കാറ്റിൽ അത് വട്ടമിട്ട് കറങ്ങി.

കാറ്റാഞ്ഞു വീശി; തീപ്പെട്ടി കൊള്ളികൾ കെട്ടു. കെട്ടത്തിലും വേഗത്തിൽ വീണ്ടുമവ തെളിഞ്ഞു.

മാറിടത്തിന് തൊട്ടുതാഴെയും പുക്കിൾ ചുഴിക്ക് ചുറ്റും കരിനീലിച്ച ദന്തക്ഷതങ്ങളും കഴുത്തിൽ വലിഞ്ഞുമുറുകിയ ചുവന്ന പാടുകളും തെളിഞ്ഞു കാണാം. മുലക്കണ്ണുകൾ പൊട്ടി ചുവന്നു കിടക്കുന്ന മാറിടത്തിന് താഴെ അടിവയറിനോട് ചേർന്ന ചെമ്പിച്ച രോമരാചികളിൽ രക്തം ഉണങ്ങി തുടങ്ങിയിരുന്നു.

കാറ്റുവീശുന്നതിന് മുൻപേ തീപ്പെട്ടിക്കൊള്ളി കെട്ടു. നിലാവിന്റെ വെളിച്ചം കുറഞ്ഞതുകൊണ്ടായിരിക്കാം എന്തെന്നില്ലാത്ത ഇരുട്ട് അവിടെയാകെ വ്യാപിച്ചു. പൊത്തിപ്പിടിച്ച കൈകൾ മാറ്റി കുട്ടിയുടെ കണ്ണുകളെ സ്വതന്ത്രമാക്കിക്കൊണ്ട് കൂട്ടത്തിലെ സ്ത്രീ പെട്ടെന്ന് മുന്നോട്ടാഞ്ഞു.

എല്ലാവരും അവരെ തന്നെ നോക്കി നിന്നു.

അപ്പോഴാണ് അവരുടെ കണ്ണിൽ അലക്ഷ്യമായി ഉപേക്ഷിച്ച ഒരു ബാഗ് പെട്ടത്. പരുത്തി കമ്പുകളുടെ ഇടയിൽ കിടന്ന ബാഗ് എടുത്തുകൊണ്ട് പഴയ സ്ഥാനത്തേക്ക് സ്ത്രീ തിരിച്ചു വന്നു.

ഒട്ടും താമസിക്കാതെ എല്ലാ അറകളും തുറന്നുക്കിടന്ന ആ ബാഗവർ പരിശോധിക്കാൻ തുടങ്ങി. തുണികൾ പുറത്തേക്ക് നീണ്ടു കിടന്ന ആദ്യത്തെ അറയിൽ വെറുതെ കണ്ണുകൾ ഓടിച്ചതിനു ശേഷം അവസാനത്തെ അറയിലേക്ക് നോക്കി. അതിൽ കുറേ പേപ്പറുകളും ഒരു ഫയലും പിന്നെ കറുത്ത മുത്തുകൾ പിടിപ്പിച്ച ഒരു പേഴ്സുമുണ്ടായിരുന്നു.

പേപ്പറുകളും ഫയലുകളും ഒന്നും നോക്കാതെ പേഴ്സ് മാത്രം പുറത്തേക്ക് എടുത്തു തുറന്നു,അതിലെ അറകളും ശൂന്യമായിരുന്നു. ഒന്നിൽ കുറച്ച് നാണയത്തുട്ടുകൾ അതാ സ്ത്രീയുടെ സാരിത്തുമ്പിൽ ഞാന്നുക്കിടന്ന തുണി സഞ്ചിയിലേക്ക് ഇട്ടു.

മറ്റൊന്നിൽ ഒരു ഐഡന്റിറ്റി കാർഡും റെയിൽവേ ടിക്കറ്റുമായിരുന്നു. പിന്നെ മൂന്നാല് ജീരക മുട്ടായി

മുട്ടായി എടുത്ത് കുട്ടിക്ക് നേരെ ആ സ്ത്രീ നീട്ടിയെങ്കിലും എന്തുകൊണ്ടോ അവനത് വാങ്ങാൻ വിസമ്മതിച്ചു. ഐഡന്റിറ്റി കാർഡിൽ പലതവണ അവർ മാറി മാറി നോക്കിയെങ്കിലും അതിൽ പതിപ്പിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ മാത്രമായിരുന്നു അവർക്ക് മനസ്സിലാക്കാൻ സാധിച്ചത്.

പിന്നെ ഒന്നും തിരയാതെ കയ്യിൽ കിട്ടിയ തുണിയെടുത്ത് ആ സ്ത്രീ പെൺകുട്ടിയുടെ ശരീരം മറച്ചു.

പെൺകുട്ടിയിൽ ഇപ്പോഴും ജീവൻ അവശേഷിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കി .

അവളിലെ നിശ്വാസത്തിന്റെ ശബ്ദം അന്തരീക്ഷത്തിൽ തങ്ങി നിന്നു.

എല്ലാവരും വീണ്ടും പരസ്പരം നോക്കി കൊണ്ട് ആംഗ്യങ്ങൾ കാണിച്ചു ; ശേഷം മൗനം.

അവരുടെ മനസ്സിലേക്ക് ഇതുപോലൊരു കറുത്ത രാത്രിയും, കോരിച്ചൊരിയുന്ന മഴയും, പിന്നെ വാടിയ മുല്ലപ്പൂവിന്റെ മണവുമുള്ള ഒരു പെൺകുട്ടിയുടെ മുഖവും തെളിഞ്ഞുവന്നു. ഭൂതക്കാലത്ത് നിന്നും വർത്തമാനക്കാലത്തിലേക്കുള്ള പരിക്രമണം വീണ്ടും അങ്ങനെയൊരു രാത്രിയിൽ തന്നെ എത്തി നിൽക്കുന്നു. ആ സ്ത്രീയിലെ അമ്മ ഓർമ്മയിൽ നിന്നുകൊണ്ട് കരഞ്ഞു.

ചുറ്റും കൂടി നിന്ന ചെറുപ്പക്കാരെ നോക്കിക്കൊണ്ട് ആ സ്ത്രീ പിന്നെയും എന്തൊക്കെയോ ആംഗ്യങ്ങൾ കൈകൊണ്ട് കാണിച്ചു. അത് മനസ്സിലാക്കിയപാടെ മറ്റൊന്നും ചിന്തിക്കാതെ ചെറുപ്പക്കാർ ആ പെൺകുട്ടിയെ വാരിയെടുത്തു. പെൺകുട്ടിയേയും കൊണ്ട് പ്രധാന നിരത്തിലേക്കവർ നടന്നു നീങ്ങി,

തൊട്ടുപിന്നാലെ ബാഗും തൂക്കിപ്പിടിച്ച് സ്ത്രീയും കുട്ടിയും……..

************************

ജനറൽ ആശുപത്രിയുടെ ആളൊഴിഞ്ഞ ഇരുമ്പ് കസേരയിൽ കണ്ണുകളടച്ച് ഇരുന്ന സിദ്ധാർത്ഥനെ ഡോക്ടർ നന്ദൻ തട്ടിവിളിച്ചു.

ഉറക്കം തൂങ്ങിയ കൺപോളകൾ ആരോ വിളിക്കാൻ കാത്തിരുന്നത് പോലെ…. സിദ്ധാർത്ഥ് കണ്ണുകൾ തുറന്ന് ഡോക്ടറെ നോക്കി.

മേഘങ്ങൾ ഒഴിഞ്ഞുപോയ ആകാശത്തിന്റെ ശൂന്യമായ പരിഭവം പോലെന്തോ ഒന്ന് ഡോക്ടറെ അലോസരപ്പെടുത്തുന്നതായി സിദ്ധാർത്ഥന് തോന്നി. അവൻ ഡോക്ടറുടെ കണ്ണുകളെ മാത്രം ആശ്രയിച്ചു.

അതിൽ അഭയം കണ്ടെത്താൻ പരിശ്രമിക്കുകയും ഓരോ വട്ടവും അതിൽ പരാജയപ്പെടുകയും ചെയ്തു.

സിദ്ധാർത്ഥ് ആകെ തളർന്നിരിക്കുന്നു, വിങ്ങി പൊട്ടാറായ ഹൃദയമുള്ള ഒരു പയ്യൻ. അതിന്റെ വേദന എത്ര കഠിനമെന്ന് ആർക്കെങ്കിലും പ=റയാൻ സാധിക്കുമോ….

നിസ്സഹായതയുടെ ചിലന്തിവലകൾ പൊട്ടിക്കാനാവാത്ത വിധം അവന്റെ മനസ്സ് ഓർമകളിൽ കുടുങ്ങിക്കിടക്കുകയാണ്. അല്ലെങ്കിലും ആശുപത്രി വരാന്തകൾ നിസ്സഹായാരുടെ മാത്രമാണ്. എത്ര വലിയവനും ദൈവമെന്ന അദൃശ്യനായ മാജിക് കാരന്റെ ജാലവിദ്യകളിൽ വിശ്വസിച്ച് പോവുന്നത് അതുകൊണ്ടാണ്.

” സിദ്ധാർത്ഥ് ഇവിടെ ഇരിക്കുകയായിരുന്നോ? ഞാൻ എവിടെയൊക്കെ അന്വേഷിച്ചു..വരൂ എന്റെ ക്യാബിനിലേക്ക് പോകാം… ചിലത് പറയാനുണ്ട് ”

ഡോക്ടർ നന്ദൻ സിദ്ധാർത്ഥന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അനുസരണയോടെ സിദ്ധാർത്ഥ് ഡോക്ടർക്കൊപ്പം ക്യാബിനിലേക്ക് നടന്നു.

വളരെ നാളത്തെ പരിചയമുള്ള ഏക മലയാളി ഡോക്ടർ ആയിരുന്നിട്ടും സിദ്ധാർത്ഥ് ഡോക്ടർ നന്ദനോട്‌ ഒന്നും മിണ്ടിയില്ല. മുമ്പോട്ടുള്ള വഴിയിൽ തളർന്നു പോകുന്ന തന്നെ ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന ഡോക്ടറെ അവൻ നിശബ്ദം പിന്തുടർന്നു.

വിജനമായ ആശുപത്രി വരാന്തകളിൽ ഏകാധിപതിയെപ്പോലെ തൂങ്ങിക്കിടന്ന ബൾബുകൾ നിന്നും അരിച്ചിറങ്ങിയ പ്രകാശത്തെ മുറിച്ചുമാറ്റി കൊണ്ട് സിദ്ധാർത്ഥും ഡോക്ടറും വരാന്തയിൽ നിന്നും ക്യാബിനിലേക്ക് കടന്നു.

വളരെ വിശാലമായ ഒരു മുറി, നീണ്ടുകിടക്കുന്ന ചുവന്ന പരവതാനിക്ക് ഇരുവശവുമുള്ള ചുവരലമാരകളിൽ അനവധി നിരവധി ഫയലുകൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

കോറിഡോറിൽ മനോഹരമായി പെയിൻ്റ് ചെയ്തിട്ടുള്ള ഗ്ലാസ് ഫർണസിനോട് ചേർന്ന് ടേബിളും മൂന്ന് കസേരകളും. ടേബിളിന്റെ വലതുവശം തീരുന്നിടത്ത് കോറിഡോറിലേക്ക് തുറന്നുകിടക്കുന്ന ഒരു കിളിവാതിൽ. അതിന് തൊട്ടു താഴെ വലിയ രണ്ട് ഫ്ലവർവെയ്സുകൾ.

ഏറ്റവും പിറകിൽ കാപ്പിപ്പൊടി കളറിലുള്ള വാഷ്ബേസൻ. അതിനെ മറച്ചു നിർത്തിക്കൊണ്ട് ഒറ്റ വരയൻ ഡോർ കർട്ടനുകൾ ആ മുറിയെ രണ്ടായി വേർതിരിക്കുന്നു.

സിദ്ധാർത്ഥനെ ടേബിളിന് മുൻപിലുള്ള കസേരയിൽ ഇരുത്തിയതിനു ശേഷം, ഡോക്ടർ നന്ദൻ ചുവരലമാരിക്കുള്ളിൽ മടക്കി വെച്ചിരുന്ന ഒരു ടവൽ എടുത്തു കൊണ്ട് വാഷ്ബേസന്റെ അരികിലേക്ക് നടന്നു.

പുറത്ത് വെട്ടം വീണു തുടങ്ങിയിരിക്കുന്നു. കിളിവാതിലൂടെ അകത്തുകയറിയ പ്രകാശരശ്മികൾ ഗ്ലാസ് ഫർണസിൽ തട്ടി നിന്നപ്പോൾ ആ മുറിക്ക് കൂടുതൽ വിശാലത വന്നതുപോലെ. പെട്ടെന്നൊരു തണുത്ത കാറ്റ് കോറിഡോറിലൂടെ മുറിയിലേക്ക് പ്രവേശിച്ചു.

ചുവരലമാരയുടെ മുകളിൽ നിരത്തിവച്ചിരുന്ന ഒഴിഞ്ഞ മരുന്നു കുപ്പികളെ താഴേക്കിട്ടപ്പോൾ ആ മുറിയിൽ അലോപ്പതി മരുന്നുകളുടെ ഗന്ധം ഉണർന്നു.എന്നാൽ പ്രതീക്ഷിക്കാതെ എത്തിയ ആ കാറ്റ് സിദ്ധാർത്ഥനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. കൺകോണുകളിൽ കണ്ണുനീർ ജനിച്ചു.

” മുഖം തുടയ്ക്കു സിദ്ധാർത്ഥ് ”

നനഞ്ഞ ടവ്വൽ നീട്ടിക്കൊണ്ട് ഡോക്ടർ നന്ദൻ സിദ്ധാർത്ഥനെ വീണ്ടും വിളിച്ചു. സിദ്ധാർത്ഥത് വാങ്ങിച്ച് മുഖം തുടച്ചുവെന്ന് വരുത്തി തിരികെ ഡോക്ടറിലേക്ക് തന്നെ ഏൽപ്പിച്ചു. ടൗവൽ കോറിഡോറിന്റെ വാതിൽ പടിയിൽ തൂക്കിയിട്ടതിനുശേഷം ഡോക്ടർ നന്ദൻ അവനഭിമുഖമായി വന്നിരുന്നു.

പുറത്ത് പ്രകാശരശ്മികൾക്ക് ചൂടുപിടിച്ച് തുടങ്ങിയിരിക്കുന്നു. ഗ്ലാസ് ഫർണസ് ഒന്നുംകൂടി വെട്ടിത്തിളങ്ങി. ഡോക്ടറുടെ കണ്ണുകൾ സിദ്ധാർത്ഥന തന്നെ നോക്കി.

“നമുക്കൊന്നും ചെയ്യാൻ സാധിച്ചില്ല സിദ്ധാർത്ഥ്,

അതിനുമുമ്പേ ചേച്ചി !!!…. ”

ഡോക്ടർ നന്ദൻ അല്പം ക്രൂരതയോട അത് പറഞ്ഞു.

കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നതല്ലാതെ അവനൊന്നും മിണ്ടിയില്ല.

അവൻ ഉറക്കെ കരയുമെന്ന് ഡോക്ടർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വല്ലാത്തൊരു മരവിപ്പ് അവനെ വേട്ടയാടുന്നതായി ഡോക്ടർക്ക് മനസ്സിലായി.

ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും അതുവരെ കൂടെയുണ്ടായിരുന്ന ആൾ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ സിദ്ധാർത്ഥന്റെ മനസ്സ് എവിടെയൊക്കെയോ അലയുകയാണ്.

ആ ഓട്ടപ്പാച്ചിലിന്റെ അവസാനം മുകളിൽ നിന്ന് താഴോട്ടും താഴെ നിന്നും മുകളിലേക്കും വലിക്കുന്ന സങ്കീർണമായ ഒരു പുസ്തകം വായിക്കുന്നത് പോലെയാണ്. എങ്ങും അഭയം കിട്ടാതാകുമ്പോൾ ഒടുക്കം തുടങ്ങിയിടത്തുതന്നെ വന്നു നിൽക്കും.

“സിദ്ധാർഥ് ഇത് ചേച്ചിയുടെ ബാഗ് ആണ്.

ഇവിടുത്തെ സെക്യൂരിറ്റിക്ക് ആശുപത്രിയുടെ പുറകിൽ നിന്നും കിട്ടിയതാണ്. അവിടെ ആരോ കൊണ്ട് ഇട്ടതാണ് ബാഗും…..പിന്നെ……”

ഡോക്ടർ നന്ദൻ പറഞ്ഞു വന്നത് പൂർത്തിയാക്കാതെ മേശവിരിക്ക് താഴെയുള്ള വലിയ റോ തുറന്ന് ബാഗെടുത്ത് സിദ്ധാർത്ഥന്റെ നേരെ നീട്ടി. അവനത് വാങ്ങിച്ചു.

സിദ്ധാർഥ് എന്തെങ്കിലും സംസാരിക്കുമെന്ന് കരുതിയാകണം ഡോക്ടർ നന്ദൻ പിന്നെ ഒന്നും മിണ്ടിയില്ല.

അപ്പോഴേക്കും സിദ്ധാർത്ഥ് എഴുന്നേറ്റ് ഡോക്ടറെ ഒന്ന് നോക്കിയതിനുശേഷം പുറത്തേക്കിറങ്ങി.അവൻ പോകുന്നത് നോക്കി നന്ദൻ സഹതാപത്തോടെ ഇരുന്നു.

മൂന്ന് കൊല്ലങ്ങൾക്ക് മുൻപ് സഹപ്രവർത്തകനായ വേണു വഴിയാണ് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ആയുർവേദ ആശുപത്രിയിൽ ജീവനക്കാരനായിരുന്ന ഗോപാലകൃഷ്ണനെയും ഭാര്യ സുമതിയെയും ഡോക്ടർ നന്ദൻ പരിചയപ്പെടുന്നത്. അവർക്ക് രണ്ടു മക്കൾ സിദ്ധാർത്ഥും അവൻ്റെ ചേച്ചിയും.

നാട്ടിൽ നിന്നും കുടിയേറിപ്പാർത്ത സന്തുഷ്ടമായ ഒരു മലയാളി കുടുംബം.

കൂടെക്കൂടെയുള്ള കണ്ടുമുട്ടലുകൾ ഡോക്ടർ നന്ദനെ ആ കുടുംബവുമായി കൂടുതൽ സുപരിചിതനാക്കി.

ഉച്ച വിരുന്നുകളുടെ നാളുകളിൽ പ്രാരാബ്ദം നിറഞ്ഞ കഥകൾ മുതൽ നാട്ടുവർത്തമാനം വരെ അവരുടെ സൗഹൃദത്തെ വളർത്തി. എന്നാലും അപരിചിതരായ ആളുകൾക്കിടയിൽ കണ്ടുമുട്ടിയ രണ്ടു മലയാളികളുടെ നിസ്വാർത്ഥമായ ഐക്യമാണ് അവരിൽ പ്രകടമായി ഉണ്ടായിരുന്നത്.

നിർഭാഗ്യമെന്ന് പറയട്ടെ ഒരു വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ ഗോപാലകൃഷ്ണനും ഭാര്യയും മരിച്ചു. അനാഥരായി പോയ രണ്ടു കുട്ടികളുടെ നിലയ്ക്കാത്ത നിലവിളി ഡോക്ടർ നന്ദൻ്റെ കാതുകളിൽ ഇപ്പോഴുമുണ്ട്.

കൂടെയുണ്ടായിരുന്നവരുടെ സഹായത്താൽ സിദ്ധാർത്ഥന്റെ ചേച്ചിക്ക് ആശുപത്രിയിൽ തന്നെ ജോലി തരപ്പെടുത്തി കൊടുക്കുകയും അവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു.

നാളുകൾ പിന്നെയും കടന്നു പോവുകയും അവർ പുതിയ ജീവിതത്തോട് പൊരുത്തപ്പെട്ട് വരുമ്പോഴായിരുന്നു ഇങ്ങനെയൊക്കെ സംഭവിച്ചത്.

ഡോക്ടർ നന്ദൻ എഴുന്നേറ്റ് കോറിഡോറിന്റെ അരികിലേക്ക് മാറി ഒരു സിഗററ്റ് കത്തിച്ചു കൊണ്ട് നിന്നു.

സിദ്ധാർഥ് അപ്പോഴേക്കും പഴയ ഇരുമ്പ് കസേരയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. കയ്യിലിരുന്ന ബാഗ് നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് തലതാഴ്ത്തി കിടന്നപ്പോൾ അവന്റെ നിശ്വാസത്തിൽ ചേച്ചിയുടെ ഗന്ധം കലർന്നു.

നിറഞ്ഞ പുഞ്ചിരി തൂകിയ ചേച്ചിയുടെ മുഖം അവന്റെ മനസ്സിലൂടെ കടന്നു പോയി. ഒഴിവു സമയങ്ങളിലെ കളിചിരികളും, പൊടി മീശ മുളച്ചപ്പോൾ ഉള്ള ചേച്ചിയുടെ കളിയാക്കലുകളും, വഴക്കിടുമ്പോൾ ഉള്ള ശുണ്ഠി പറച്ചിലും , സ്നേഹത്തോടെയുള്ള തലോടലുകളും, ഒന്നിച്ചുള്ള നടത്തവും, പനിച്ചു കിടന്നപ്പോൾ ആവലാതിയോടെ അരികത്ത് ഇരുന്നതും സിദ്ധാർത്ഥ്ന്റെ നെഞ്ചിൽ വലിയൊരു വിങ്ങലായി രൂപപ്പെട്ടു.

അച്ഛനും അമ്മയും മരിച്ചതിനുശേഷം സിദ്ധാർത്ഥന് എല്ലാം അവന്റെ ചേച്ചിയായിരുന്നു. ആരുമില്ലാതായി പോകുന്നത് ഭീകരമായ ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് അത്രമേൽ ആഴത്തിൽ സ്നേഹിച്ചവർ ഒന്നും പറയാതെ കടന്നുപോകുന്നത്

ഇനി അവർ ഒരിക്കലും തിരിച്ചു വരില്ലയെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ അവരുടെ ഓർമ്മകളിൽ ജീവിക്കുന്നത് അതിനേക്കാൾ വലിയ ഭീകരതയും.

ഡോക്ടർ നന്ദൻ സിദ്ധാർത്ഥിൻ്റെ അരികിൽ വന്ന് അവന്റെ തോളിൽ ഒന്നമർത്തിപ്പിടിച്ചു. അതവന് വല്ലാത്തൊരു ആശ്വാസം പകർന്നത് പോലെ.

ഒന്നും പറയാതെ അവനെയും ചേർത്തുപിടിച്ചുകൊണ്ട് മറ്റൊരു വാതിലിന്റെ മുന്നിലേക്ക് അവർ നിന്നു.

കാത്തിരിപ്പിന്റെ നിമിഷങ്ങളെ അവസാനിപ്പിച്ചുകൊണ്ട് വാതിൽ മലർക്കെ തുറന്നുകൊണ്ട് രണ്ടുപേർ പുറത്തേക്കിറങ്ങി. അവരുടെ മധ്യത്തിൽ സ്ട്രക്ച്ചറിൽ തണുത്തുമരവിച് തുടങ്ങിയ ഒരു ശരീരം വെള്ള പുതച്ച് കിടക്കുന്നുണ്ടായിരുന്നു.

ചക്രങ്ങൾ മരണവെപ്രാളത്തിൽ ഉരുണ്ട് സിദ്ധാർത്ഥിന് അരികിലായി നിന്നു.

മുന്നിലെ വെള്ളത്തുണിയിലേക്ക് സിദ്ധാർത്ഥ് സൂക്ഷിച്ച് നോക്കിയശേഷം ഡോക്ടർ നന്ദനന്റെ മുഖത്തേക്ക് വീണ്ടും നോക്കി. എന്തു പറയണമെന്നറിയാതെ നന്ദൻ വിഷമിക്കുകയും അവസാനം ദയനീയമായ ഒരു നോട്ടമായിരുന്ന് മറുപടി.

സിദ്ധാർഥ്ന്റെ കണ്ണുകൾ നിറഞ്ഞു. ഭൂമി രണ്ടായി പിളരുകയും അവൻ ഏകനായി പോകുന്നതുപോലെ തോന്നി. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവനാ വെള്ളത്തുണി നീക്കി .

വിളറി വെളുത്ത് ചിരി മാഞ്ഞു പോയ കല്ലിച്ച ഒരു മുഖം.

അവൻ പൊട്ടിക്കരഞ്ഞുകൊണ്ട് ആ മുഖത്തേക്ക് കമിഴ്ന്നു വീഴാൻ തുടങ്ങിയപ്പോൾ നന്ദൻ അവനെ പുറകിലേക്ക് അടർത്തി മാറ്റി.

കണ്ണുനീർ ചാലുകൾ ഒഴുകി ഇറങ്ങിയപ്പോൾ ചേച്ചി പണ്ട് പറഞ്ഞത് അവന്റെ മനസ്സിലേക്ക് ഓടി വന്നു.

‘ആണുങ്ങൾ കരയാറില്ലത്രേ….’

വാൽസല്യത്തോടെ ഉള്ള ചേച്ചിയുടെ വിളിക്കായി അവൻ കാതോർത്തു.

പുറത്തു പുലരി വിടരുകയും വാഹനങ്ങളുടെ ശബ്ദം നിരത്തിൽ കൂടിക്കൂടി വരികയും ചെയ്തു.

എന്നത്തെയും പോലെ ഇന്നും ഒരു ദിവസം പിറന്ന സന്തോഷത്തിൽ നഗരം അതിൻ്റെ തിരക്കുകളിൽ ലയിച്ചുചേർന്നു….

ആരുമറിയാതെ അന്ന് ആ ആശുപത്രി വരാന്തയിൽ ഒരു അനാഥൻ കൂടി പിറന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അബി

Leave a Reply

Your email address will not be published. Required fields are marked *