അയാളുടെ ശരീരമാകെ ഇപ്പോഴും വിറക്കുന്നുണ്ട്. ആ മനുഷ്യൻ കരയുന്നതുപോലെ എനിക്ക് തോന്നി.

രചന : ദീക്ഷിദ് ബാലചന്ദ്രൻ

നിലയ്ക്കാത്ത കോളിംഗ് ബെല്ലിന്റെ ശബ്ദത്തിൽ അലസമായ ഈ ഞായറാഴ്ചയും ഞങ്ങൾക്ക് നഷ്ടമായി ….

“ഇത്ര വെളുപ്പാൻകാലത്ത് ആരാണ് ….നാശം….” നഷ്ടപ്പെട്ട ഞായറാഴ്ചയുടെ പരിഭവം എന്നോണം അഴിഞ്ഞു കിടന്ന സാരി നേരെയാക്കി അവൾ തിരിഞ്ഞുകിടന്നു,എന്നിട്ട് വീണ്ടും ഉറക്കം തുടർന്നു . പാവം ഉറങ്ങട്ടെ ദിവസംതോറുമുള്ള ഓട്ടപ്പാച്ചിലിൽ പിടയുന്ന അവൾക്ക് ആകെയുള്ളത് ഈ ഞായറാഴ്ചയുടെ അവധി മാത്രമാണ് .

വീണ്ടും നിലക്കാതെ കോളിംഗ് ബെല്ലിന്റെ മുറവിളി ഉയർന്നുകൊണ്ടിരുന്നു.

അവളുടെ കൈകളാൽ ചുറ്റിപ്പിടിച്ചിരുന്ന എന്റെ നെഞ്ചിനെ സ്വതന്ത്രമാക്കി കൊണ്ട് , എഴുന്നേറ്റ് കുത്തഴിഞ്ഞ മുണ്ടിന്റെ തുമ്പ് ഞാൻ അരയിൽ തിരുകി മുറിയുടെ പുറത്തിറങ്ങി . ഞാൻ ഉറങ്ങുകയല്ലായിരുന്നു എന്ന് ആരെയോ ബോധിപ്പിക്കാൻ എന്നപോലെ മുഖമൊന്നു കഴുകി തുടച്ചു കൊണ്ട് വീടിന്റെ കൊട്ടിയടച്ച മുൻവശത്തെ വാതിൽ തുറന്നു .

ക്രിസ്റ്റഫർ !

ഇത്ര രാവിലെ ഇയാൾ എവിടെ നിന്നാണ് ?

വാതിൽ തുറന്ന എന്നെ കണ്ടതും അയാൾ എന്റെ കയ്യിൽ കൈ ചേർത്തുപിടിച്ചു .

” ന്റെ മകൻ … ആൽബർട്ട് അവൻ തിരികെ വന്നു ധനേഷ്…! ”

വീടിന്റെ അകത്തേക്കുള്ള എന്റെ ക്ഷണത്തിനുപോലും കാത്തുനിൽക്കാതെ അകത്തേക്ക് കയറിക്കൊണ്ട് അയാൾ പറഞ്ഞു .

കയ്യിലിരുന്ന സിഗരറ്റ് ലാമ്പും ഊന്നു വടിയും മേശപ്പുറത്ത് വച്ച് കൊണ്ട് സെറ്റിയിൽ ഇരുന്നു.കളഞ്ഞുപോയ പ്രിയപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെ പോലെ അയാൾ എന്നെ നോക്കി ചിരിച്ചു .

പതിനാറ് വർഷത്തിനിടയ്ക്ക് ഞാനാദ്യമായിട്ടാണ് ക്രിസ്റ്റഫറിനെ ഇത്രയും സന്തോഷവാനായി കാണുന്നത്

അല്ലെങ്കിലും ഇങ്ങനെ ഒരവസരത്തിൽ ആരാണ് സന്തോഷിക്കാത്തത്. മരിച്ചെന്ന് എല്ലാവരും വിധിയെഴുതിയ മകൻ, അവൻ തിരിച്ചുവന്നിരിക്കുന്നു .

സന്തോഷിക്കാൻ വേറെയെന്താണ് ഒരച്ഛന് വേണ്ടത് . അതും ക്രിസ്റ്റഫറെ പോലെയുള്ള ഒരാൾക്ക് .

നാട്ടിൽ നിന്നും ജോലിക്കായി വന്ന കാലം മുതലേ എനിക്ക് ക്രിസ്റ്റഫറിനെ അറിയാം .

ഇട്ടുമൂടാൻ സ്വത്തുള്ള കോടീശ്വരൻ . ആരോടും അധികം മിണ്ടാറില്ല . ചിലപ്പോൾ പരിചയം പുതുക്കാൻ എന്നപോലെ എല്ലാവരോടും ഒന്ന് ചിരിക്കും അതും വല്ലപ്പോഴും മാത്രം . പക്ഷേ എന്നോട് അങ്ങനല്ലായിരുന്നു. അവധി ദിവസങ്ങളുടെ സന്ധ്യയിൽ മദ്യം നുണഞ്ഞു കൊണ്ട് തന്റെ പൊടിപിടിച്ച വസന്തകാലത്തെക്കുറിച്ച് എന്നോട് വാ തോരാതെ പറയും . പറയുന്ന വാക്കുകളിൽ മുഴുവനും വർഷങ്ങൾക്കുമുമ്പ് നാടുവിട്ടുപോയ മകനും ആറ് വർഷങ്ങൾക്ക് മുമ്പ് മരണപെട്ട തന്റെ ഭാര്യ ഗ്രേസിയുമായിരുന്നു നിറഞ്ഞിരുന്നത് .

മദ്യത്തിന്റെ അളവ് കൂടുന്ന ദിവസങ്ങളിൽ ക്രിസ്റ്റഫർ നിറഞ്ഞകണ്ണുകളോടെ എന്നോട് ചോദിക്കും

‘ അവൻ എന്തിനാണ് പോയത്…എന്നെ വിട്ട്….? ‘

ആ ചോദ്യത്തിനു മുമ്പിൽ ഞാൻ എന്ത് ഉത്തരമാണ് നൽകുക .

പല ചോദ്യങ്ങളും എന്നിൽ തന്നെ ഒതുക്കിക്കൊണ്ട് ഞാൻ ക്രിസ്റ്റഫറിന്റെ തോളിൽ തട്ടി,അയാൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പറയും…

അവൻ വരും സർ …

അതെ അവൻ വരും, ധനേഷ് ..

എന്റെ വാക്കുകൾ വിശ്വസിച്ചു എന്ന മട്ടിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് അടുത്ത പെഗ്ഗും ഉള്ളിലാക്കി കണ്ണുകൾ തുടക്കും .

” എന്തായാലും സന്തോഷമായില്ലേ ! ”

അവധി ദിവസത്തിന്റെ സുഖമുള്ള ആലസ്യം ഇല്ലാതാക്കിയ പരിഭവം മറച്ചുകൊണ്ട് ഞാൻ അയാൾക്ക് കൈ കൊടുത്തു .

” അതെ ധനേഷ് …. ഇനി വേണം എനിക്ക് ഒന്ന് സ്വതന്ത്രനാകാൻ , ഒരു സങ്കടമേയുള്ളു, അവൻ തിരിച്ചുവന്നത് കാണാൻ ന്റെ ഗ്രെസ്സി ഇല്ലല്ലോ .. ”

ക്രിസ്റ്റഫറിന്റെ വാക്കുകൾ ചെറുതായൊന്ന് വിറച്ചുവെങ്കിലും ഒരു ചെറുപുഞ്ചിരിയുടെ പിൻബലത്തിൽ എന്നോട് അത്രയും പറഞ്ഞൊപ്പിച്ചു.

പിന്നീട് കുറെനേരം ഒന്നും മിണ്ടാതെ എങ്ങോ നോക്കിയിരുന്നുകൊണ്ട് പോക്കറ്റില്നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് തീ കൊളുത്തി പുക അകത്തേക്ക് എടുത്തു. ക്രിസ്റ്റഫർ തീർക്കുന്ന ഓരോ പുകകണ്ണയുടെ ഇടയിൽ അയാളുടെ ശരീരം വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു .

എന്താണ് ഇയാൾക്ക് പറ്റിയത് !

പകുതി വലിച്ച സിഗരറ്റ് കുറ്റി ടേബിളിൽ ഇരുന്ന മേശയിൽ ആഷ്ട്രെയിൽ ഉപേക്ഷിച്ച് ഊന്നുവടിയിൽ ബലംകൊടുത്തുകൊണ്ട് ക്രിസ്റ്റഫർ എഴുന്നേറ്റു.പക്ഷേ പെട്ടെന്ന് അയാൾ തറയിലേക്ക് വീണു .

” എന്ത് പറ്റി സർ ? ”

അയാളെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

പെട്ടെന്നുള്ള ക്രിസ്റ്റഫറിന്റെ വീഴ്ച്ചയിൽ എനിക്ക് വല്ലാത്ത ആശങ്കയാണ് ഉണ്ടായത് . അതുകൊണ്ട് തന്നെ ക്രിസ്റ്റഫരിനെ വീട്ടിലേക്ക് കൊണ്ടാക്കാം എന്ന് ഞാൻ ഏറ്റു. അയാൾ അതിന് എതിര് പറഞ്ഞതും ഇല്ല.

ഒരു കൈകൊണ്ട് ക്രിസ്റ്റഫറിനെ എന്റെ ദേഹത്തിൽ ചേർത്തുപിടിച്ച്, മറ്റേ കൈ കൊണ്ട് മുടിയും ഒന്നൊതുക്കി അയാളെ എന്റെ കാറിലേക്ക് കൊണ്ടിരുത്തികൊണ്ട് ഞാൻ വണ്ടിയെടുത്തു.അയാളുടെ വീട്ടിലേക്കുള്ള ആ യാത്രയിൽ ഞാൻ പലതും ചോദിച്ചെങ്കിലും അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു .

അയാളുടെ ശരീരമാകെ ഇപ്പോഴും വിറക്കുന്നുണ്ട്.

ആ മനുഷ്യൻ കടിച്ചമർത്തി കരയുന്നതുപോലെ എനിക്ക് തോന്നി.

എന്റെ ചോദ്യത്തിനും അയാളുടെ മൗനത്തിനും ഇടയിൽ വണ്ടി അയാളുടെ വീടിന്റെ മുമ്പിൽ എത്തിക്കഴിഞ്ഞിരുന്നു . ആദ്യമായിയാണ് ക്രിസ്റ്റഫർ വീട്ടിലെ ഭീമാകാരമായ ഗേറ്റ് താഴിട്ടു പൂട്ടാതെ തുറന്നു മലർത്തി ഇട്ടിരിക്കുന്നത് ഞാൻ കാണുന്നത് .

നോക്കിനിൽക്കെ ആളുകളുടെ എണ്ണം വീടിന് മുന്നിൽ കൂടുന്നുണ്ട്. സംഭവം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാൻ വണ്ടിയുടെ പുറത്തിറങ്ങിയപ്പോൾ ആരോ എന്റെ കയ്യിൽ പിടിച്ചു

സുധി !

ക്ലബ്ബിലെ സ്ഥിര സന്ദർശകനാണ് ഈ വിരുതൻ .

അങ്ങനെയാണ് ഞങ്ങളുടെ പരിചയവും .

രസികൻ.

പക്ഷേ ഇന്ന് സുധിയുടെ മുഖത്ത് ഗൗരവമാണ് അലയടിക്കുന്നത് . അതെന്താണ് അങ്ങനെ ?

“എന്താണ് സുധി,എന്താ ഇവിടെ….? ”

ഞാൻ അനുനിമിഷം വർദ്ധിക്കുന്ന ആൾക്കാരെ നോക്കിക്കൊണ്ട് സുധിയോട് ചോദിച്ചു .

” താൻ അറിഞ്ഞില്ലേ ? ക്രിസ്റ്റഫർ മരിച്ചു,ഇന്നലെ ആയിരുന്നു . ”

സുധിയുടെ പതിഞ്ഞ ശബ്ദത്തിലുള്ള അടക്കം പറച്ചിൽ എന്നിൽ വല്ലാത്തൊരു ഒരു ഞെട്ടലാണ് ഉണ്ടാക്കിയത് .

ക്രിസ്റ്റഫർ മരിച്ചെന്ന് ! ഇല്ല ഞാൻ വിശ്വസിക്കില്ല

‘ക്രിസ്റ്റഫർ എന്റെ കൂടെ കാറിൽ ….’

ആത്മഗതത്തോടെ, അയാൾ തളർന്നു ചാഞ്ഞു കിടന്നിരുന്ന മുൻസീറ്റിലേക്ക് ഞാൻ നോക്കി ….

ഇല്ല ! അവിടെ അയാളില്ല …

ഞാൻ സുധിയുടെ കൈ തട്ടിമാറ്റി വീടിന്റെ മുന്നിലേക്ക് നടന്നു .

തൂവെള്ള തുണിയിൽ പൊതിഞ്ഞ് ക്രിസ്റ്റഫറിനെ ഞാൻ കണ്ടു !

അയാൾ മരിച്ചിരിക്കുന്നു !

അയാളുടെ കാലിന്റെ ഭാഗത്തായി തലകുനിച്ച് ഒരാൾ ഇരുന്നു കരയുന്നു .ഞാൻ ചുറ്റും നോക്കി എന്തെന്നില്ലാത്ത ശൂന്യത.അപ്പോഴേക്കും എന്റെ തോളിൽ പിടിച്ചുകൊണ്ട് സുധി അടക്കം പറഞ്ഞു

” അയാളുടെ നാടുവിട്ടുപോയ മകൻ രാവിലെ വന്നതേയുള്ളൂ . പാവത്തിന് ജീവനോടെ കാണാനുള്ള യോഗമില്ല . ”

എനിക്ക് ക്രിസ്റ്റഫറിന്റെ മുന്നിൽ നിൽക്കാൻ കഴിയുന്നില്ലായിരുന്നു.എന്റെ കാലുകൾ തളരുന്നപോലെ . ഞാൻ കൂടുതൽ നേരം അവിടെ നിന്നില്ല.സുധിയോട് യാത്രപറഞ്ഞു തിരിച്ചു വണ്ടിക്കടുത്തേക്ക് നടന്നു . യാന്ത്രികമായി വീട്ടിലേക്ക് വണ്ടി എത്തിച്ചേർന്നു. അപ്പോഴും ഉത്തരമില്ലാത്ത നൂറായിരം ചോദ്യങ്ങളായിരുന്നു എന്റെ ഉള്ളിൽ . ഞാൻ വീടിനുള്ളിൽ എത്തി.

ഒന്നുമറിയാതെ അവൾ ഇപ്പോഴും ഉറക്കം തുടരുകയാണ് . ഉത്തരമില്ലാത്ത ചോദ്യങ്ങളെ എന്നിൽ തന്നെ ഒതുക്കി കൊണ്ട്, അപ്പുറത്തെ മുറിയിൽ കിടന്ന എന്റെ മകന്റെ അടുത്തേക്ക് ഞാൻ നടന്നു .

അവനും നല്ല ഉറക്കമാണ് ഇന്നലെ ഞാനുമായി നടന്ന വഴക്കിന്റെ ചൂടിലാണ് അവന്റെ ഉറക്കം .

ഞാൻ ശബ്ദമുണ്ടാക്കാതെ അവന്റെ അടുത്തേക്ക് ചേർന്ന് കിടന്നു . അവൻ , ഉറക്കത്തിൽ അറിയാതെ കൈകൾ കൊണ്ടെന്നെ ചേർത്തുപിടിച്ചു .

അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ഞാൻ എന്റെ കൈ ചേർത്തുതഴുകി.അപ്പോളും ക്രിസ്റ്റഫറിന്റെ മുഖമാണ് മനസ്സിൽ വന്നത് .

ഇവനും ഒരിക്കൽ ആൽബർട്ട്നെ പോലെ ആകുമോ ? ആരും ഇല്ലാത്തവനായി ഇവനും മാറുമോ? അന്ന് ചിലപ്പോൾ ഇവന് കള്ളും കഞ്ചാവുമായിരിക്കും കൂട്ട്. ചിലപ്പോൾ പലരോടുമൊപ്പം അന്തിയുറങ്ങും.ഞാൻ പോലുമറിയാതെ എന്റെ കണ്ണിൽ നിന്ന് വീണ കണ്ണുനീരിന് ക്രിസ്റ്റഫറിന്റെ കണ്ണുനീരിന്റെ അതേ ചൂടാണെന്ന് എനിക്ക് തോന്നി. ഒരു നിമിഷം ഞാൻ അവനെ ഒന്നുകൂടെ നോക്കി . എന്നിട്ട് എന്റെ ചുണ്ടുകൾ അവന്റെ മുഖത്ത് ചേർത്തു. ഞാൻ അവനെ നെഞ്ചോട് ചേർത്തുപിടിച്ചു .

“നീ ജീവിക്കൂ” എന്റെ മനസ്സ് വീണ്ടും പറഞ്ഞു .

നീ ആൽബർട്ടായോ അല്ലാതെയോ ജീവിക്കൂ. ഈ ഞാൻ ഒരു അച്ഛനായി എന്നും നിന്റെ കൂടെ ഉണ്ടാകും …. ക്രിസ്റ്റഫർ ഉറങ്ങട്ടെ!!!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ദീക്ഷിദ് ബാലചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *