ഇഷ്ടമില്ലാതിരുന്നൊരു വിവാഹത്തിന് വീട്ടുകാരുടെ നിർബന്ധത്താൽ നിന്നുകൊടുത്തതാണത്രേ…

രചന : SURUMI SHAJI

പ്രണയത്തിനറ്റം !!

❤❤❤❤❤❤❤❤

രേഖ ഫോണെടുത്തു ദേവന്റെ നമ്പർ ഡയൽ ചെയ്തു.

മുഴുവൻ ബെല്ലടിച്ചു കട്ടായതല്ലാതെ പതിവിനു വിപരീതമായി ഒന്നും തന്നെ സംഭവിച്ചില്ല.

കുറച്ചു കഴിഞ്ഞൊരു ബീപ് സൗണ്ട് പ്രതീക്ഷിച്ചിരുന്ന അവളുടെ ഫോണിലേക്ക് കൃത്യം മെസേജ് എത്തി ‘in a meeting ‘.

ഒരു പരിഹാസചിരി അവളുടെ ചുണ്ടിൽ വിടർന്നു.

അവളോട്‌ തന്നെയാണവൾക്ക് പുച്ഛം. എത്ര അനുഭവങ്ങളുണ്ടായാലും പഠിക്കാത്ത അവളോട് തന്നെ

5 വയസ്സുകാരൻ രിഹാൻ നല്ലയുറക്കമാണ്.

അവന്റെ മുടിയിഴകളിൽ തലോടി അവൾ ബെഡിന്റെ ഹെഡ്ബോർഡിലോട്ട് ചാരിയിരുന്നു.

ദേവനുമായിട്ടുള്ള വിവാഹം കഴിഞ്ഞു 1 വർഷത്തിനുള്ളിൽ തന്നെ പൊരുത്തക്കേടുകൾ പുറത്തുവന്നിരുന്നു. എന്നിരുന്നാലും വഴക്കില്ലാത്ത ജോടികൾ ഇല്ലല്ലോ എന്ന് കരുതി മുന്നോട്ട് പോയി.

എന്നിരുന്നാലും ഒരിക്കലും സ്നേഹത്തിന് ദേവൻ പിശുക്ക് കാണിച്ചിരുന്നില്ല. എന്നും ഇടനെഞ്ചിൽ കിടത്തിയുറക്കുമായിരുന്നു… ഇഷ്ടമുള്ളിടത്തൊക്കെ കൊണ്ടുപോകുമായിരുന്നു… ഇഷ്ടമുള്ളതെല്ലാം വാങ്ങി തന്നിരുന്നു… രാത്രിയുടെ യാമങ്ങളിൽ സ്വകാര്യ നിമിഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തുമ്പോൾ തിളങ്ങുന്ന കണ്ണുകളിൽ നിറഞ്ഞിരുന്ന പ്രണയം നേരിടാനാവാതെ താൻ എത്രയോ വട്ടം മുഖം പൊത്തി ആ മാറിൽ ഒളിപ്പിച്ചിരുന്നു… അതൊക്കെ കൊണ്ട് തന്നെ പിണക്കത്തിന് ഒരു ദിവസത്തിൽ കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല.

എപ്പോളാണ് എല്ലാം തകിടം മറിഞ്ഞത്??

രിഹാൻ ജീവിതത്തിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു ദേവനു.

എന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല. എപ്പോഴും കുഞ്ഞിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എനിക്കും സന്തോഷം ആയിരുന്നു.

പക്ഷെ പ്രസവത്തിനു ശേഷം….

ഒരു സ്ത്രീ അമ്മയായി കഴിയുന്ന നിമിഷം…

എല്ലാ വേദനകളും വയ്യായ്മയും സഹിച്ചു ജീവൻ പണയപ്പെടുത്തി ഒരമ്മയായി ലേബർ റൂമിൽ നിന്ന് തിരികെയിറങ്ങുമ്പോൾ അവൾ ആദ്യം കാണാൻ ആഗ്രഹിക്കുന്ന വ്യക്തി അവളുടെ ഭർത്താവ് ആയിരിക്കും. അദ്ദേഹത്തെ കണ്ട് കഴിയുമ്പോൾ തന്നെ അവൾ അനുഭവിച്ച പാതി വേദനയും മാറും.

കുഞ്ഞിനെ ലാളിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ ഒരു നോട്ടം അവളിലേക്ക് കൂടി എത്തുമ്പോൾ…

സാരമില്ലെന്ന് കാട്ടി കണ്ണൊന്നു ചിമ്മുമ്പോൾ.. ചേർത്തണച്ചു നെറ്റിയിലൊരു നറു ചുംബനം നൽകുമ്പോൾ 10 മാസക്കാലവും അതിനു ശേഷവും അനുഭവിച്ചതിനൊക്കെയും ഒരു അർത്ഥം കൈവരിച്ചതുപോലെ ഏതൊരു പെണ്ണിനും തോന്നും.

പക്ഷെ അങ്ങനൊന്നും സംഭവിക്കാതിരുന്നാലോ…??

എന്റെ ജീവിതത്തിലെ പോലെ…??

ദേവനെ പ്രതീക്ഷിച്ചു പുറത്തേക്കിറങ്ങിയ രേഖ കാണുന്നത് അവനൊഴികെ ബാക്കിയെല്ലാവരെയുമാണ്.

കുഞ്ഞുമായി റൂമിലേക്ക് പോയത്രേ.

വേദന കലർന്ന ഒരു ചിരിയോടെ റൂമിലെത്തിയപ്പോൾ കുഞ്ഞിനെ കൊഞ്ചിക്കുന്ന ദേവൻ. അവൾ വന്നത് കണ്ട് ഒന്നു നോക്കിയതല്ലാതെ പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നുമില്ലായിരുന്നു.

പിന്നെയവള് കണ്ട ദേവൻ തികച്ചും അവൾക്ക് പരിചയമില്ലാത്ത ഒരു ദേവനെ ആയിരുന്നു.

കുഞ്ഞിനപ്പുറത്തേക്ക് താൻ എന്നൊരു വിചാരം ഇല്ലാത്ത ദേവനെ കാണുംതോറും അവൾ അതുവരെ അനുഭവിച്ചതിനേക്കാൾ വേദന മനസ്സിനെ മൂടാൻ തുടങ്ങി.

പ്രസവശുശ്രുഷക്കായി തന്റെ വീട്ടിലെത്തിയവളെ കാണാൻ പോലും ദേവൻ മിനക്കെട്ടില്ല. പകരം കുഞ്ഞിനെ ഒരു നോക്ക് കാണാൻ അവൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ചു… അതിനെ എടുത്തു വാത്സല്യപൂർവ്വം നോക്കുമ്പോളും തൊട്ടടുത്തു കിടക്കുന്ന രേഖയോട് സുഖമാണോ എന്ന് അവൻ തിരക്കിയില്ല. കുഞ്ഞിന്റെ ഫോട്ടോ ചോദിച്ചു ചോദിച്ചു മെസേജ് അയക്കുമ്പോളൊന്നും നിന്റെ വേദനകൾ കുറഞ്ഞോ എന്നൊരു വാക്ക് അവൻ ചോദിച്ചില്ല.

ഈ മാറ്റത്തിന്റെയൊന്നും കാരണം മനസ്സിലാകാതെ അവളുടെ നെഞ്ച് പിടച്ചു. കണ്ണിൽ നിന്നും ചാലുകളൊഴുകി.

നാളുകൾ പോകെ എപ്പോഴോ ഒരിക്കൽ നിയന്ത്രിക്കാനാകാതെ അവന്റെ അവഗണന ചോദ്യം ചെയ്ത അവൾക്കു മുന്നിൽ തുറന്ന അവന്റെ ഹൃദയത്തിന് അപ്പോൾ ഇരുട്ടിന്റെ കറുപ്പായിരുന്നു.

ഇഷ്ടമില്ലാതിരുന്നൊരു വിവാഹത്തിന് വീട്ടുകാരുടെ നിര്ബന്ധത്താൽ നിന്നുകൊടുത്തതാണത്രേ !!

അവളോട് കാണിച്ച സ്നേഹം മുഴുവൻ അവൻ അവളെ ഉൾക്കൊള്ളാൻ ശ്രമിച്ചത് ആണത്രേ..

പക്ഷെ അവന്റെ മനസ്സിലൊരു ഇടം നേടാൻ അവൾക്ക് കഴിഞ്ഞില്ലത്രേ !! അവനും ഒരു മനസമാധാനം ഇല്ലായിരുന്നത്രെ !!

എന്നുവെച്ചാൽ മനസ്സിന് പിടിക്കാത്തൊരു പെണ്ണായിരുന്നു താനെന്നോ… കാണിച്ചത് മുഴുവൻ അഭിനയം ആയിരുന്നെന്നോ.. പിന്നെ എന്തിനാണ് എല്ലാം ഇവിടെ വരെയെത്തിച്ചത്??

അവളുടെ ചോദ്യത്തിന് മുന്നിൽ.. കൃത്യമായൊരു ഉത്തരമില്ലാതെ അവൻ നിന്നു.

പിന്നീടിങ്ങോട്ട് ഇങ്ങനൊക്കെയാണ്… ആർക്കോ വേണ്ടി ജീവിക്കുന്ന രണ്ട് ജീവിതങ്ങൾ. തനിക്കും മോനും വേണ്ടതൊക്കെ ഇപ്പോളും ദേവൻ ചെയ്ത് തരും.

മോനോട് വല്ലാത്ത സ്നേഹമാണ്.. അടുപ്പമാണ്.. അവനോട് സംസാരിക്കാതെ എത്ര ദൂരെയാണെങ്കിലും ഉറങ്ങില്ല.

പക്ഷെ തന്നോട് എന്തെങ്കിലുമൊക്കെ സംസാരിച്ചു എന്ന് വരുത്തലാണ്. ഏതെങ്കിലുമൊരു രാത്രി എന്തിനോ എന്നവണ്ണം സ്‌നേഹിക്കുന്നുണ്ടെന്ന് വരുത്തിതീർക്കലാണ്.. !

മറ്റൊരു ബന്ധം ഉണ്ടോ എന്നുള്ള ചോദ്യത്തിനും എന്റെ അന്വേഷണത്തിനും ഇല്ലാ എന്നൊരു ഉത്തരമായത് കൊണ്ട് തന്നെ ഉപേക്ഷിച്ചു പോകാനും തോന്നുന്നില്ല. എന്നോട് കാണിച്ചതൊക്കെയും അഭിനയമാണെങ്കിൽ കൂടി ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. ഇപ്പോളും അങ്ങനെ തന്നെ!

അങ്ങനൊരാളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ..

എന്റെ കുഞ്ഞിനെ അനാഥമാക്കാൻ എനിക്കൊരിക്കലും കഴിയില്ല.

താഴേക്ക് ഉതിർന്നു വീണ കണ്ണ്നീർ തുള്ളികൾ തുടച്ചുകൊണ്ട് രേഖ ഫോൺ എടുത്തു. ദേവൻ ഓൺലൈൻ ഇല്ല.

വെറുതെ ഫേസ്ബുക് തുറന്നു.

Namitha engaged to sreenath പോസ്റ്റ്‌ കണ്ടപ്പോൾ രേഖയുടെ കണ്ണുകൾ ശ്രീനാഥിൽ ഉടക്കി.

ക്യാമ്പസ്സിലും കോളേജ് ബസിലും നാട്ടിലെ ഇടവഴികളിലുമൊക്കെ തന്നെ പിന്തുടർന്നിരുന്ന കണ്ണുകൾ.

ഇഷ്ടം മനസ്സിലായിട്ടും ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും മൈൻഡ് ചെയ്തിട്ടില്ല.

അന്നൊന്നും പ്രണയമെന്ന വികാരത്തോട് ഒരു താല്പര്യവും ഇല്ലായിരുന്നു. വീട്ടിൽ കല്യാണ ആലോചന തുടങ്ങിയപ്പോൾ ആദ്യമൊക്കെ വേണ്ട എന്നുള്ള നിലപാട് ആയിരുന്നു. പക്ഷെ അത് വിലപ്പോയില്ല.

അവരുടെ കാല ശേഷം തനിക്കാരുമില്ലാതാകും..

സമ്മതിച്ചേ പറ്റു എന്നുള്ള അച്ഛന്റെ പിടിവാശിക്ക് മുന്നിൽ വേറെ വഴിയില്ലാതായിപ്പോയി. ശ്രീനാഥ് അച്ഛനെയും കൂട്ടി വന്നതാണ്. പക്ഷെ ശ്രീനാഥിന്റെ പഴയതലമുറയിലെ ആരോ തന്റെ തറവാട്ടിലെ ജോലിക്കാർ ആയിരുന്നു എന്നുള്ള മ്ലേച്ചന്യായം പറഞ്ഞു അച്ഛൻ ആ ആലോചന വേണ്ട എന്ന് വെച്ചപ്പോളും അതിനെ എതിർക്കാനോ അനുകൂലിക്കാനോ ഞാൻ മിനക്കെട്ടില്ല. ആരായാലും നമ്മുക്കൊന്നുമില്ല എന്നൊരു ഭാവം.

ദേവന്റെ ആലോചന വന്നു.. ഉറപ്പിച്ചു.. വിവാഹം ചെയ്തതിന് ശേഷം ആണ്.. താൻ പ്രണയിക്കാൻ തുടങ്ങിയത്. തന്നെ ഉൾക്കൊള്ളാൻ ശ്രമിച്ചതെന്ന് പറഞ്ഞെങ്കിലും ദേവൻ കാണിച്ച സ്നേഹത്തിൽ നിന്നുമാണ് താൻ പ്രണയിക്കാൻ പഠിച്ചത്.

പക്ഷെ ഇപ്പോൾ…

ഇപ്പോളെനിക്ക് ശ്രീനാഥിന്റെ പ്രണയം മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നമിത എന്റെ അടുത്ത സുഹൃത് അനുവിന്റെ പരിചയക്കാരിയാണ്. നല്ല കുട്ടിയാണ്. അവർ തമ്മിൽ ചേരും.

എവിടെയോ ഒരു നഷ്ടബോധം ഉദിക്കുന്നുവോ…

ദിവസങ്ങൾക്കു ശേഷം കലണ്ടർ നോക്കിയ രേഖയുടെ കണ്ണുകൾ നിറഞ്ഞു. May 14. ദേവൻ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോയിട്ട് രണ്ട് മാസം.. വിളിക്കുമ്പോളെല്ലാം മോനോട് നന്നായി സംസാരിക്കും.

ഇപ്പോൾ വരുമെന്ന തന്റെ ചോദ്യത്തിന് തിരക്ക് തിരക്ക്.. പക്ഷെ വരും …

ന്റെ മോൻ അവിടെയല്ലേ എന്നുള്ള ഉത്തരത്തിൽ വ്യക്തം. ഞാൻ ഇവിടെ ഉണ്ടെങ്കിൽ എന്ത്.. ഇല്ലെങ്കിലെന്ത്??

രേഖ മുഖം കഴുകിയിട്ട് ചുവരിലെ കണ്ണാടിയിലേക്ക് നോക്കി. നിസാര സമയം കൊണ്ട് ഒരാളെ ഉള്ളിലേക്ക് ആവാഹിച്ചവൾ. അറിയാതിരുന്ന പ്രണയത്തിന്റെ മാധുര്യം നുണഞ്ഞു മതിയാവുന്നതിനു മുൻപ് അത് നിഷേധിക്കപ്പെട്ടവൾ… തിരികെ കിട്ടുന്നില്ലെന്നറിഞ്ഞിട്ടും ഒരാളെ വീണ്ടും വീണ്ടും പ്രണയിക്കുന്നവൾ…

ചിന്തകൾ കാട് കയറവെ പെട്ടെന്ന് ഫോൺ റിങ് ചെയ്തു.

അനുവാണ്.

മരുഭൂമിയിലൊരു കുളിർ മഴയാണ് ചില നല്ല സൗഹൃദങ്ങൾ.

വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ നമിതയുടെയും ശ്രീനാഥിന്റെയും വിവാഹത്തെ കുറിച്ചും രേഖ ചോദിച്ചു

“അപ്പോൾ നി അറിഞ്ഞില്ലേ?? അത് മുടങ്ങി !”

ഒരു ഞെട്ടലോടെയാണ് രേഖ അത് ശ്രവിച്ചത്.

“എന്ത് പറ്റി? ”

” ശ്രീയേട്ടന്റെ ഉള്ളിലൊരു പ്രണയം ഉണ്ടായിരുന്നെന്നും അതല്ലാതെ മറ്റൊരാളെയും ആ സ്ഥാനത്തേക്ക് കാണാൻ കഴിയില്ലെന്നും വീട്ടുകാർ തന്റെ നിലപാടിനെ എതിർത്താണ് നിശ്ചയത്തിലെത്തിച്ചതെന്നും നമിതയെ നേരിട്ട് കണ്ട് പറഞ്ഞു !”

അനുവിന്റെ വാക്കുകൾ കേട്ട് രേഖയ്ക്ക് ചുറ്റും ഇടിമിന്നലുകൾ പാഞ്ഞു.

“അപ്പൊ… നമിത… നമിതയോ..? ” വിറച്ചുകൊണ്ടുള്ള രേഖയുടെ ചോദ്യത്തിന് അനു ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു

“അവൾ ഹാപ്പി ആടോ… വിവാഹത്തിന് മുൻപ് ശ്രീയേട്ടൻ കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ അവൾക്ക് സന്തോഷം ആണ്. പരസ്പരം എന്നല്ലാ.. പങ്കാളികളിൽ ആർക്കെങ്കിലും ഒരാൾക്ക് പോലും മറ്റൊരാളെ ഇഷ്ട്ടമായില്ലെങ്കിൽ ഉൾക്കൊള്ളാൻ ആയില്ലെങ്കിൽ അതെന്ത് ജീവിതമാണ്?? ആർക്കോ വേണ്ടി ഇച്ചിരിയുള്ള ഈ ജീവിതം എരിച്ചുകളയുന്നതെന്തിനാണ്? എന്നാണ് നമിത ചോദിച്ചത് !”

അനു പറഞ്ഞു നിർത്തിയപ്പോളും രേഖ ശിലപോൽ നിൽക്കുകയായിരുന്നു.

അവളുടെയുള്ളിൽ ദേവൻറെയും ശ്രീനാഥിന്റെയും നമിതയുടെയും വാക്കുകൾ വീണ്ടും വീണ്ടും ലാവ പോലെ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു.

അതിർവരമ്പുകൾ എപ്പോളെ വീണു കഴിഞ്ഞൊരു പ്രണയവും അതിരുകളില്ലാതെ വീണ്ടും വീണ്ടും നിറഞ്ഞൊഴുകുന്നൊരു പ്രണയവും….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : SURUMI SHAJI

Leave a Reply

Your email address will not be published. Required fields are marked *