ഇന്ദു മടിച്ചു മടിച്ചാണ് ദേവന്റെ മുറിയിലേക്ക് പോയത്. ഇന്ദു മുറിയിൽ ചെല്ലുമ്പോൾ ദേവൻ…

രചന : ശ്യാം കല്ലുകുഴിയിൽ

” മോളേ …. ”

” ദാ വരുന്നമ്മേ…… ”

ഉള്ളിൽ നിന്ന് ദേവകിയമ്മ വിളിച്ചപ്പോൾ ഇന്ദു സാരിതുമ്പ് കൊണ്ട് മുഖം തുടച്ച് അമ്മയുടെ അടുക്കലേക്ക് ചെന്നു..

” ന്താ.. അമ്മേ… ”

ഇന്ദു അമ്മയുടെ കട്ടിലിന്റെ അടുത്ത് ചെന്ന് കൊണ്ട് ചോദിച്ചു…

” മോളേ ഒന്ന് ബാത്‌റൂം വരെ കൊണ്ട് പോകാമോ… ”

ദേവകി അമ്മ മടിച്ചു മടിച്ചു ഇന്ദുവിനോട് ചോദിച്ചു..

” അമ്മ വാ,,, ”

ഇന്ദു അൽപ്പം പോലും മടി കൂടാതെ അമ്മയെ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു. അമ്മയെ താങ്ങി പിടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു…

അമ്മയെ ബാത്‌റൂമിൽ ആക്കി ഇന്ദു വാതിൽ ചാരി പുറത്ത് നിന്നു…

ഏതാനും മാസങ്ങൾക്ക് മുൻപാണ് ദേവകിയമ്മയുടെ മകൻ ദേവൻ ഇന്ദുവിനെ വിവാഹം കഴിച്ചത്.

ഇന്ദുവിന്റെ രണ്ടാനമ്മ കണ്ട് പിടിച്ചതാണ് ദേവനെ, പിന്നെ പെട്ടെന്ന് ആയിരുന്നു കല്യാണം, രണ്ടാൾക്കും പരസപരം നല്ലത് പോലെ സംസാരിക്കാൻ പോലും സമയം കിട്ടാതെ ആയിരുന്നു കല്യാണം….

കല്യാണം കഴിഞ്ഞ് ഇന്ദു ആ വീട്ടിലേക്ക് കാല് കുത്തിയതിന്റെ അന്നാണ് ദേവകിയമ്മയ്ക്ക് ബിപി കൂടി പെട്ടെന്ന് തളർന്നു വീണതും കിടപ്പിലായതും..

അന്ന് മുതൽ ഒരു മാസം ഇന്ദുവും ദേവനും അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ ആയിരുന്നു..

ഇന്ദു വന്നു കയറിയത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തൽ.

ദേവനും അമ്മയും അവളെ കുറ്റപ്പെടുത്തി സംസാരിക്കാതെ ഇരുന്നത് ഇന്ദുവിന്‌ വല്യ ആശ്വാസം ആയിരുന്നു..

ഒരു മാസത്തെ ആശുപത്രിയിവാസം കഴിഞ്ഞ് വന്നപ്പോൾ ഇന്ദു കിടത്തം അമ്മയുടെ അടുത്ത് ആക്കി, അമ്മയുടെ കട്ടിലിന്റെ താഴെ ഒരു പായവിരിച്ച് അവൾ കിടക്കും, ആരോടും ഒരു പരാതിയും പരിഭവവും പറയാതെ ആ വീട്ടിൽ അവൾ ഒതുങ്ങികൂടി. പെട്ടെന്നുള്ള കല്യാണവും പിന്നെ അമ്മയുടെ അസുഖവും കൂടെ ആയപ്പോൾ ദേവനും ഇന്ദുവിനും പരസ്പരം മനസ്സിലാക്കാനോ അടുത്ത് സംസാരിക്കാനോ കഴിഞ്ഞില്ല, ഉള്ളിൽ ഉള്ള ഇഷ്ടം പുറത്തു കാണിക്കാൻ പറ്റാതെ രണ്ട് പേരും ജീവിച്ചു…

” മോളേ…. ”

ദേവകിയമ്മ വിളിച്ചപ്പോൾ ആണ് ഇന്ദു ചിന്തകളിൽ നിന്ന് ഉണർന്നത്.. ഇന്ദു വീണ്ടും അമ്മയെ പിടിച്ചു കൊണ്ട് കട്ടിലിൽ കിടത്തി…

” അമ്മയ്ക്ക് കഞ്ഞി എടുക്കട്ടെ.. ”

“അൽപ്പം കഴിഞ്ഞിട്ട് മതി മോളെ..”

ഇന്ദു അമ്മയെ നല്ലപോലെ കിടത്തിയിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി..

തനിക്ക് വേണ്ടി കഷ്ടപെടുന്ന ഇന്ദുവിന്റേയും,

ദേവന്റെയും ജീവിതം ഓർത്തപ്പോൾ ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി…

ഉച്ച ആയപ്പോൾ ദേവൻ വീട്ടിൽ എത്തി.

ദേവന് സ്വന്തമായി ഒരു ചെറിയ പലവ്യഞ്ജന കടയുണ്ട്,

ദേവൻ എന്നും ഉച്ചക്ക് വീട്ടിൽ വന്നാണ് കഴിക്കാറ്.

ദേവൻ കയ്യും കാലും കഴുകി വന്നപ്പോഴേക്കും ഇന്ദു ചോറെടുത്ത് വച്ചു..

“അമ്മ കഴിച്ചോ…. ”

ഭക്ഷണം കഴിക്കുന്നതിനിടയിൽ ദേവൻ ചോദിച്ചു.. ഇന്ദു ഇല്ലെന്ന് മറുപടി കൊടുത്തു. മിക്കപ്പോഴും അവരുടെ സംസാരം ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങാറാണ് പതിവ്… ഭക്ഷണം കഴിച്ചു കഴിഞ്ഞ് അൽപ്പനേരം അമ്മയുടെ അടുത്ത് ഇരുന്നിട്ട് ദേവൻ തിരികെ കടയിൽ പോയി…

ദിവസങ്ങൾ കൊഴിഞ്ഞു പോയി ദേവകിയമ്മയ്ക്ക് ഇപ്പോൾ ഒരുവിധം വടി കുത്തിപിടിച്ച് നടക്കാൻ സാധിക്കും. ഒറ്റയ്ക്ക് ബാത്‌റൂമിൽ പോകാനും വരാനും തുടങ്ങിയതോടെ അവർക്ക് അൽപ്പം ആശ്വാസമായി..

” മോള് ഇനി മുതൽ അവന്റെയൊപ്പം കിടന്നോ…

പതിവുപോലെ ഇന്ദു കിടക്കാൻ മുറിയിൽ വന്നപ്പോൾ ദേവകിയമ്മ പറഞ്ഞു..

” അല്ല… അമ്മ.. ഒറ്റയ്ക്ക് എങ്ങനെ,,,

ഇനി രാത്രി എങ്ങാനും അത്യാവശ്യം വന്നാലോ…

” എനിക്ക് അത്യാവശ്യം തനിച്ചു നടക്കാനോക്കെ പറ്റും.. പിന്നെ നിങ്ങൾ അടുത്ത മുറിയിൽ തന്നെ ഉണ്ടല്ലോ… ഞാൻ വിളിച്ചോളാം… ”

ദേവകിയമ്മ അത് പറഞ്ഞിട്ടും ഇന്ദു മടിച്ചു മടിച്ചു നിന്നു…

” ചെല്ല് മോളെ മതി എനിക്ക് വേണ്ടി കഷ്ടപ്പെട്ടത്,, ഇനി നിങ്ങൾക്ക് വേണ്ടി ജീവിക്ക്…

ദേവകിയമ്മ ഇന്ദുവിനെ ഒരു വിധം തള്ളി വിട്ടു…

ഇന്ദു മടിച്ചു മടിച്ചാണ് ദേവന്റെ മുറിയിലേക്ക് പോയത്.

ഇന്ദു മുറിയിൽ ചെല്ലുമ്പോൾ ദേവൻ എന്തോ കണക്കുകൾ നോക്കി ഇരിക്കുക ആയിരുന്നു

” അമ്മ തനിച്ചു കിടക്കാം എന്ന് പറഞ്ഞോ.. ”

ദേവൻ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു… ഇന്ദു ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…

” താൻ കിടന്നോളു… എനിക്ക് കുറച്ചു കണക്ക് കൂടെ നോക്കാൻ ഉണ്ട്… ”

ഇന്ദു ഒന്നും മിണ്ടാതെ കട്ടിലിന്റെ ഒരു സൈഡിൽ ഒതുങ്ങി കിടന്നു. ദേവൻ കിടക്കാൻ വന്നപ്പോഴേക്കും ഇന്ദു ഉറക്കം പിടിച്ചിരുന്നു. ഇന്ദു ഉറങ്ങുന്നതും നോക്കി ദേവൻ അൽപ്പനേരം നിന്നു,

ഇന്ദുവിന്റെ മുഖം അത്ര അടുത്ത് ആദ്യമായി ആണ് ദേവൻ കാണുന്നത്,, കുറച്ചു നേരം അങ്ങനെ നോക്കി നിന്ന ശേഷം ദേവനും കിടന്നു..

രാവിലെ ദേവൻ എഴുന്നേൽക്കുമ്പൊഴേക്കും ഇന്ദു അടുക്കളയിൽ കയറിയിരുന്നു..

” ഇന്ദു നീ ഒന്ന് കുളിച്ച് റെഡിയാവ്‌ നമുക്ക് ഒരിടം വരെ പോകണം.. ”

അടുക്കളയിൽ നിന്ന ഇന്ദുവിനോട് അത് പറഞ്ഞിട്ട് ദേവൻ അമ്മയുടെ മുറിയിലേക്ക് പോയി. തന്നോട് ആണോ അത് പറഞ്ഞത് എന്നോർത്ത് ഇന്ദു അൽപ്പനേരം സംശയിച്ചു നിന്നു. ദേവൻ അമ്മയുടെ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഇന്ദു അമ്മയുടെ അടുത്തേക്ക് ചെന്നു..

” മോള് ഭക്ഷണം ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട,, വേഗം റെഡിയാവ് അവന്റെ കൂടെ ഒന്ന് പുറത്തൊക്കെ പോയിട്ട് വാ… ”

അത് കേട്ടപ്പോൾ ഇന്ദുവിന്റെ ഉള്ളിൽ സന്തോഷം ഉണ്ടായിയെങ്കിലും അമ്മ തനിച്ചാകുമെന്നോർത്തപ്പോൾ ദുഃഖമായിരുന്നു..

“എനിക്കുള്ള ആഹാരം അവൻ ഇപ്പോൾ വാങ്ങി വരും,, അപ്പോഴേക്കും മോള് റെഡിയാകാൻ നോക്ക് അല്ലേ പിന്നെ അവന് അത് മതി ദേഷ്യം പിടിക്കാൻ… ”

ഇന്ദു അപ്പോൾ തന്നെ കുളിക്കാൻ കയറി, അവൾ എന്തെന്ന് ഇല്ലാത്ത സന്തോഷത്തിലായിരുന്നു..

അവൾ വേഗം കുളിച്ചിറങ്ങി അലമാരയിൽ നിന്ന് ഒരു ചുരിദാർ എടുത്തിട്ടപ്പോൾ ദേവൻ മുറിയിലേക്ക് എത്തി…

” ചുരിദാർ വേണ്ട, ഈ സാരി മതി.. ”

അത് പറഞ്ഞ് ദേവന്റെ ഡ്രെസ്സുകൾ അടുക്കി വച്ചിരിക്കുന്നതിന്റെ ഇടയിൽ നിന്ന് ഒരു കസവ് സാരി എടുത്തു കൊടുത്തു… അവൾക്ക് ഏറെ ഇഷ്ട്ടം ഉള്ള സിൽവർ കരയുള്ള കസവു സാരി.

ജീവിതത്തിൽ ആദ്യമായി അവൾ ആഗ്രഹിച്ച ഒരു സാധനം കിട്ടിയപ്പോൾ ഇന്ദുവിന് വല്യ സന്തോഷമായി….

അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും ഇന്ദു റെഡിയായി പോകാൻ ഇറങ്ങി, ആ സാരിയിൽ അവൾ കുറച്ചു കൂടി സുന്ദരിയായത് പോലെ ദേവന് തോന്നി,

അവളുടെ മുഖത്തും നല്ല സന്തോഷം ഉണ്ടായിരുന്നു.. അവരെ യാത്ര ആക്കാൻ ഉമ്മറത്ത് അമ്മയും നിൽപ്പുണ്ടായിരുന്നു. ബൈക്കിൽ ദേവന്റെ പുറകിൽ ഇരിക്കുമ്പോൾ അവൾ അകലം പാലിക്കാൻ ശ്രമിച്ചിരുന്നു…

ആദ്യം അവർ പോയത് അടുത്തുള്ള ശിവക്ഷേത്രത്തിൽ ആണ്. അമ്പലനടയിൽ കണ്ണടച്ചു നിന്ന് പ്രാർത്ഥിക്കുന്ന ഇന്ദുവിനെ അൽപ്പനേരം ദേവൻ നോക്കി നിന്നു..

“ടോ.. ഇതെല്ലാം കൂടി ഒരുമിച്ചു പറഞ്ഞാൽ പുള്ളിക് കൺഫ്യൂഷൻ ആകും…

ദേവൻ ചിരിച്ചു കൊണ്ട് ഇന്ദുവിന്റെ ചെവിയിൽ പറഞ്ഞു.. അവൾ ചിറികോട്ടി ദേവനെ നോക്കിയിട്ട് വീണ്ടും കണ്ണടച്ചു പ്രാർത്ഥിച്ചു.. തിരികെ അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോൾ അവന്റ കൈ പിടിക്കാൻ അവളൊന്ന് കൊതിച്ചു എങ്കിലും പേടിച്ച് അത് ചെയ്തില്ല.

പിന്നെ അവർ നേരെ പോയത് ഇന്ദുവിന്റെ വീട്ടിലേക്ക് ആയിരുന്നു. വീട്ടിൽ അവളുടെ രണ്ടാനമ്മയും അവരുടെ രണ്ട് മക്കളും ആണുള്ളത്. ദേവനെയും ഇന്ദുവിനെയും കണ്ടപ്പോൾ അവർ മുഖത്ത് സന്തോഷം വരുത്തി സംസാരിക്കാൻ ശ്രമിച്ചു..

” ഇവളൊരു ഭാഗ്യം കെട്ടവൾ ആണ് മോനെ,

ഇവളെ കണ്ടതോടെ ഇവളുടെ അമ്മ മരിച്ചു,

പിന്നെ ഇവളുടെ അച്ഛൻ ഇവളെ കുറെ കഷ്ടപെടുത്തി പഠിപ്പിച്ചു..

പിന്നെ കുറേനാൾ കിടന്ന് ദുരിതം അനുഭവിച്ചു അങ്ങേരും മരിച്ചു…

ഇവൾ കാലെടുത്തു കുത്തിയപ്പോൾ മോന്റെ അമ്മയും കിടപ്പിലായി.

അവർ അത് പറയുമ്പോൾ ദേവൻ ഇന്ദുവിനെ നോക്കി, അവൾ അടക്കിപിടിച്ചു കരച്ചിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അനുസരണ ഇല്ലാതെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നത് ദേവൻ കണ്ടു…

” അതേ ഞങ്ങൾ ഇവിടെ താമസിക്കാൻ വന്നതല്ല, നാട്ടുനടപ്പ് അനുസരിച്ചു ഒന്ന് വരണമല്ലോ അങ്ങനെ വന്നത് ആണ്,, പിന്നെ നിങ്ങൾക്ക് ഇവൾ ഭാഗ്യം കെട്ടവൾ ആയിരിക്കും, പക്ഷെ എനിക്ക് അങ്ങനെ അല്ല,, എന്റെ അമ്മയ്ക്ക് നേരത്തെ അസുഖം ഉണ്ടായിരുന്നു അത് ഇവൾ കാല് കുത്തിയപ്പോൾ പൊട്ടിമുളച്ചത് അല്ല… പക്ഷെ എന്റെ അമ്മ ഇന്ന്‌ അൽപ്പമെങ്കിലും എഴുന്നേറ്റു നടക്കുന്നുണ്ട് എങ്കിൽ അത് ഇവളുടെ സ്നേഹവും പരിചരണവും ഒന്ന് കൊണ്ട് മാത്രം ആണ്…. അത് കൊണ്ട് തന്നെ ഇവൾ എനിക്ക് ഏറെ പ്രീയപെട്ടവൾ ആണ്…”

ദേവൻ അത് പറഞ്ഞപ്പോൾ ഇന്ദു പൊട്ടി കരഞ്ഞു പോയി…

” ഇന്ദു നിനക്ക് എന്തേലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തോ, ഇനി ഒരിക്കൽ കൂടി നമ്മൾ ഈ വീട്ടിൽ വരില്ല… ”

ഇന്ദു കണ്ണീർ തുടച്ച് അകത്തേക്ക് പോയി അവളുടെ സർട്ടിഫിക്കറ്റ് മാത്രം എടുത്തു പുറത്തേക്ക് വന്നു..

പിന്നെ യാത്ര പോലും പറയാതെ അവർ അവിടെ നിന്ന് ഇറങ്ങി….

അവിടെ നിന്ന് അവർ നേരെ പോയത് അടുത്തുള്ള ഒരു കടൽ തീരത്തേക്ക് ആണ്. ആളൊഴിഞ്ഞ മണൽ തിട്ടയിൽ പോയി പരസപരം ഒന്നും മിണ്ടാതെ തിരമാലകളെയും നോക്കി ഇരുന്നു…

“ഏയ്‌,, ന്താ ഒന്നും മിണ്ടാതെ…”

തിരമാലകളെയും നോക്കി ഇരിക്കുന്ന ഇന്ദുവിനോട് ദേവൻ ചോദിച്ചു…

” എന്റെ ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിക്കുന്ന ദിവസം ആണിന്ന്.

ഇതുവരെ ജീവിതത്തിൽ നിറയെ കുറ്റപ്പെടുത്തലുകളും, അവഗണകളും, കളിയാക്കലും ഒക്കെ ആയിരുന്നു,,

ഇന്ന്‌ ആദ്യം ആയിട്ടാണ് ഞാൻ ഒരാൾക്ക് വേണ്ടപെട്ടവൾ ആകുന്നത്, എന്നെ ഇന്നാണ് ആദ്യമായി ഒരാളെങ്കിലും അംഗീകരിക്കുന്നത്…. ”

ഇന്ദു അത് പറയുമ്പോൾ വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു..

“ഏയ്‌.. ഇനി കരയാൻ പാടില്ല,,

കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇന്ന്‌ മുതൽ ഒരു പുതിയ ജീവിതം തുടങ്ങുകയാണ് നമ്മൾ..

ഇനി നമുക്ക് പരസ്പരം പ്രണയിക്കാം, പരാതികളും പരിഭവങ്ങളും പങ്കുവച്ച്, പരസപരം മനസ്സിലാക്കി ജീവിക്കാം… ”

തന്റെ അരികിൽ ഇരിക്കുന്ന ഇന്ദുവിനെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞപ്പോൾ ഇന്ദുവിന്റെ മുഖം നാണത്താൽ തുടുത്തു…

” അതെ എനിക്കും ഇനി ഉപാദികൾ ഇല്ലാതെ പ്രണയിക്കണം, സന്തോഷം പകർന്ന് കൊടുത്ത് സന്തോഷത്തോടെ എനിക്കും ജീവിക്കണം.. ”

അത് പറഞ്ഞ് ഇന്ദു ദേവന്റെ അടുക്കലേക്ക് ഒന്ന് കൂടി ചേർന്ന് ഇരുന്നു…

” അതേ അമ്മ തനിച്ചാണ്, നമുക്ക് പോണ്ടേ… ”

ഇന്ദു ദേവനെ ഓർമിപ്പിച്ചു.. തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഇന്ദു ദേവന്റെ വയറിൽ കൂടി കൈ ഇട്ട് അവനിലേക്ക് ചേർന്ന് ഇരുന്നു.. വീട്ടിലെത്തിയപ്പോൾ ഇന്ദു ആദ്യം അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു. അൽപ്പം കഴിഞ്ഞ് കടയിൽ പോകാനായി ദേവൻ ഇറങ്ങി, ബൈക്ക് സ്റ്റാർട്ട്‌ ആക്കി തിരിഞ്ഞു നോക്കുമ്പോൾ തന്നെയും നോക്കി വാതിൽ പടിയിൽ നിൽക്കുന്ന ഇന്ദുവിനെ കണ്ടു. ഇന്ദു ചിരിച്ച് കൊണ്ട് ദേവനെ കൈ വീശി കാണിച്ചു ദേവൻ തിരിച്ചും…

രാത്രി ഇന്ദു മുറിയിലേക്ക് വന്നപ്പോൾ ദേവൻ കണക്ക് നോക്കി ഇരുന്ന ബുക്ക് മടക്കി വച്ച് അവൾക്കരികിലേക്ക് ചെന്നു.

” എന്താ ഇന്ന്‌ കണക്ക് നോക്കണ്ടേ… ”

ഇന്ദു ചിരിച്ചു കൊണ്ട് മെല്ലെ ദേവനോട് ചോദിച്ചു…

” കുറച്ചു മാസത്തെ കണക്ക് തീർക്കാൻ ഉണ്ട് അത് ആദ്യം തീർക്കട്ടെ എന്നിട്ടേയുള്ളൂ ബാക്കി….

അത് പറഞ്ഞ് ദേവൻ ഇന്ദുവിനെ ചേർത്ത് പിടിച്ചു. ഇന്ദു മെല്ലെ ദേവന്റെ നെഞ്ചിൽ തല ചായ്ച്ചു ചേർന്ന് നിന്നു. ഇന്ദുവിന്റെ നെറ്റിയിൽ ദേവൻ ചുംബിച്ചപ്പോൾ സന്തോഷത്താൽ ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *