അവൾക്കൊരു ഷാളിട്ടിട്ട് പൊക്കുടേ.. ഇങ്ങനെ പോയ പെണ്ണ് കൈവിട്ടു പോകുവേ..

രചന : മുരളി.ആർ.

“എടി ഗീതേ.. അതെന്ത്‌ വേഷാടി അവളിട്ടേക്കണേ.. അവക്കൊരു ഷാളിട്ടിട്ട് പൊക്കുടേ..? ഇങ്ങനെ പോയ പെണ്ണ് കൈവിട്ടു പോകുവേ.. ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ..”

ആമിയെ യാത്രയാക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു. മുറ്റത്ത്‌ നിന്നും ഞാൻ കേൾക്കാത്ത മട്ടിൽ വീട്ടിലേക്ക് കയറി. അടുക്കളയിലെ ബാക്കി ജോലികളിലേക്ക് തിരിയുമ്പോൾ, എനിക്ക് പിറകെ വന്ന അമ്മ വീണ്ടും തുടർന്നു.

“എടി നിന്നോടാ.. നീയെന്താ അവളോടൊന്നും പറയാതെ..? നീ അവൾടെ ഇഷ്ടത്തിന് വിട്ടേക്കുവാണോ..?”

“എന്റമ്മേ.. അമ്മക്കെന്താ ഇപ്പോ വേണ്ടേ..?”

“എടി.. എനിക്കൊന്നും വേണ്ട, കെട്ടിക്കാൻ പ്രായമായ പെണ്ണാ അവള്.. നീയത് മറന്നോ..?

നീയവളെ അഴിച്ചു വിട്ടേക്കുവാന്നെ നാട്ടുകാര് പറയൂ. പണ്ടത്തെ കാലമല്ല ഇത്.

അമ്മ ആമിയെ കുറിച്ച് എന്നോട് പറയുമ്പോൾ ഞാൻ അമ്മയെ ഒന്ന് നോക്കി. മിച്ച ജോലികൾ ബാക്കി കിടക്കുന്നത് കൊണ്ട് അമ്മയോട് ഞാൻ തർക്കിക്കാൻ നിന്നില്ല. മറുപടി കൊടുക്കാതെ അഴുക്ക് പാത്രങ്ങൾ കഴുകുന്നത് തുടർന്നു.

“അച്ഛനില്ലത്ത കൊച്ചല്ലേന്ന് കരുതി നീയവക്ക് ഒരുപാട് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട് കെട്ടോ,

അത് ശരിയല്ല. പെണ്ണിനെ പെണ്ണായി വളർത്തണോടി.”

അമ്മ എന്നോട് പറഞ്ഞിട്ട് കൈയിലെ മുറുക്കാൻ വായിലേക്ക് തിരുകി കേറ്റി. ഞാൻ ഉടനെ പാത്രം കഴുകുന്നത് നിർത്തിട്ട് അമ്മയെ ഒന്ന് തുറിച്ചു നോക്കി.

“ദേ.. അമ്മേ.. അമ്മ പറഞ്ഞത് ശരിയാ, അച്ഛനില്ലത്ത കൊച്ചാ അവള്.. എന്നും പറഞ്ഞ് എന്റെ മോളെ ഞാൻ അഴിച്ചു വിട്ടേക്കുവല്ല. പെണ്ണായിട്ട് തന്നാ വളർത്തുന്നത്, പ്രതികരിക്കാൻ ശേഷിയുള്ള പെണ്ണായിട്ട്. എനിക്കറിയാം ശരിയും തെറ്റുമൊക്കെ, അതവൾക്ക് നല്ലോണം പറഞ്ഞു കൊടുക്കുന്നുമുണ്ട്. പിന്നെ, അവളൊരു പ്രായപൂർത്തിയായ പെണ്ണാ.. അവൾക്കും സ്വയം ചിന്തിച്ചു പ്രവർത്തിക്കാനും പക്വതയായി. ഈ നാട്ടുകാരെ ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല.”

“എടി.. നീയെന്താ ഈ പറയുന്നേ..? നാളെ ഒരാവശ്യത്തിന് ഈ നാട്ടുകാരെ കാണു, അത് മറക്കരുത്.”

“പിന്നെ.. എന്റെ കെട്ടിയോൻ കള്ള് കുടിച്ച് മരിച്ചെപ്പിന്നെ ഒരുത്തനും ഇങ്ങോട്ട് തിരിഞ്ഞു നോക്കിട്ടില്ല. ഞാൻ സ്വയം കഷ്ടപ്പെട്ട എന്റെ മോളെ പഠിപ്പിച്ചു വളർത്തിയത്. ഇപ്പോ അവൾക്കൊരു ജോലിയുമുണ്ട്. അഥവാ, അവൾക്കാരെലും ഇഷ്ടാണേൽ തന്നേ.. നല്ല ആലോചനയാണേൽ ഞാനങ്ങു സമ്മതിക്കും. ഇന്നത്തെ കാലല്ലേ, പ്രേമിക്കാത്ത ആരാ ഒള്ളെ..? ഞാൻ എന്റെ മോൾക്ക് വേണ്ടിട്ടാ ജീവിക്കുന്നെ.. അല്ലാതെ ഈ നാട്ടുകാരെ ബോധിപ്പിക്കാനല്ല. പിന്നെ, ജീവിക്കുമ്പോ ഈ കാലഘട്ടത്തിനൊത്ത പോലെ അവള് ജീവിക്കും.

അവൾടെ സ്വാതന്ത്ര്യത്തിനും, ഇഷ്ടങ്ങൾക്കും ഞാൻ തടസം നിൽക്കില്ല.”

ഞാൻ അത് പറയുമ്പോൾ അമ്മ എന്നെ തുറിച്ചു നോക്കി. പല്ല് കടിച്ചുകൊണ്ട് ദീർഘ ശ്വാസം എടുത്തു. എന്നോട് പറയാനുള്ളത് പറയാതെ സ്വയം പിറുപിറുത്തു കൊണ്ട് മുറിയിലേക്കു നടന്നു. ചെറു ചിരിയോടെ അമ്മയെ ഞാൻ നോക്കി.

എന്നാൽ, എന്റെ അമ്മയുടെ വാക്കുകൾ ഞാൻ തള്ളികളയില്ല. എന്റെ ആമിക്ക് പിറകെ എന്നും എന്റെ കണ്ണുണ്ടാകും.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *