ചേച്ചിയമ്മ ഞാനിനി ഇങ്ങനെയേ വിളിക്കൂ… എനിക്കും അമ്മയുണ്ട്. കുഞ്ഞന്റെ അമ്മ എന്റെ ചേച്ചിയമ്മ…

രചന : രമ്യ രാമൻ

ചേച്ചിയമ്മ

***************

”മോനേ വിനൂട്ടാ ഇങ്ങട്ട് വാ “വിനൂട്ടൻ മാമന്റെ അടുത്തേക്ക് ചെന്നു. മാമൻ കരയുന്നതവൻ ശ്രദ്ധിച്ചു.

കണ്ണുതുടച്ചുകൊണ്ട് വിനൂട്ടന്റെ തലവഴി വെള്ളം ഒഴിച്ചു കൊടുത്തു. ഉടുത്തതോർത്തും ആ ചെറിയ ശരീരവും ആകെ നനഞ്ഞു.

അവന്റെ കൈപിടിച്ച് അദ്ദേഹം നടന്നു.

അവർ പറഞ്ഞുകൊടുത്ത പോലെ അവൻ കർമ്മങ്ങളെല്ലാം ചെയ്തു. സഹതാപത്തോടെ അവനെ പലരും നോക്കുന്നത് അവൻ കണ്ടു. നനഞ്ഞു കുതിർന്ന തന്നെ കണ്ടപ്പോൾ അച്ഛൻ പൊട്ടി കരഞ്ഞത് അവനു വലിയ സങ്കടമായി. ആ ആറു വയസ്സുകാരന് അമ്മ മരിച്ചെന്ന് മനസ്സിലായി.പക്ഷേ അവന്റെ ബാല്യം ആ നൊമ്പരത്തെ ചൊല്ലി കരഞ്ഞില്ല. അവന്റെ ഉള്ളിൽ ഒത്തിരി സന്തോഷം ഉണ്ടായിരുന്നു.

വീട് നിറയെ ആളുകൾ.. മാമന്റെ മക്കളായ അപ്പുവും കുട്ടൂസും ആകെ നല്ല രസം. അച്ഛനും അമ്മയും താനും മാത്രമുള്ള വീട് ഒരു രസവും ഇല്ലായിരുന്നു.

ഒരു കുഞ്ഞുവാവ ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ കൊതിച്ചു തുടങ്ങിയിരുന്നു.പക്ഷേ! കുഞ്ഞുവാവയെ കൊണ്ടുവരാൻ പോയപ്പോഴാ അമ്മ മരിച്ചുപോയതെന്നവൻ ഓർത്തു. കുഞ്ഞുവാവയും മരിച്ചു. കുഞ്ഞുവാവ ഇല്ലെങ്കിലും അപ്പു കുട്ടൂസിനെയും കൂടെ കളിക്കാമല്ലോ പക്ഷേ!അമ്മ വേണം എനിക്ക് തരാൻ ചോറ് വാരി തരാൻ പഠിപ്പിച്ചു തരാൻ അങ്ങനെ എന്തെല്ലാം കാര്യങ്ങൾ.

അമ്മ ഇതൊന്നും ഓർത്തു കാണില്ലേ? ഇനി അമ്മ വരില്ലേ?കത്തിച്ചു കളഞ്ഞില്ലേ.. എന്തിനാ കത്തിച്ചു കളഞ്ഞത്? ഒരുപാട് ആളുകൾ വീട്ടിൽ വന്നു പോകുന്നു. പലരും അച്ഛനോട് എന്തൊക്കെയോ പറയുന്നു അച്ഛൻ കരയുന്നുണ്ട്. ചില സ്ത്രീകൾ ദുഃഖഭാവത്തോടെ അത് നോക്കി നിൽക്കുന്നു. അവരെന്ത് കാര്യം പറഞ്ഞിട്ടാവും അച്ഛൻ കരഞ്ഞത്.

അവൻ വാതിൽ മറവിലൂടെ അച്ഛനെ നോക്കി.

ചിലർ അവന്റെ തലയിൽ കൈവെച്ച് തഴുകി..ചിലർ കവിളത്ത് കൈവെച്ച് തലോടി.

അപ്പോഴെല്ലാം അവരിൽ സങ്കടം നിറയുന്നതവൻ കണ്ടു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ മാമനും മക്കളുമെല്ലാം പോയി. ഞാനും അച്ഛനും തനിച്ചായി അമ്മ മരിച്ചിട്ട് രണ്ടാഴ്ചയോളം കഴിഞ്ഞശേഷമാണ് വിനൂട്ടൻ സ്കൂളിലേക്ക് പോയത്. തൊട്ടടുത്ത വീട്ടിലെ കുഞ്ഞന്റെ കൂടെയാണ് സ്കൂളിൽ പോവുക.

കുഞ്ഞന്റെ അമ്മ പാവമാണ്. അവർക്കിപ്പോൾ അവനോട് മുമ്പത്തേക്കാൾ ഇഷ്ടം ഉണ്ടെന്നവന് തോന്നി. അവനെയും കുഞ്ഞനെയും ക്ലാസ്സിൽ ഇരുത്തി കുഞ്ഞന്റെ അമ്മ പോയി. അവന്റെ ഉള്ളിൽ ഒരു നിരാശ കടന്നുവന്നു. എല്ലാവരും അവനെ ശ്രദ്ധിക്കുന്നു. എന്തോ അടക്കം പറയുന്നു.പക്ഷേ അവരുടെ മുഖത്തെല്ലാം ഒരു സഹതാപം അവൻ കണ്ടു. തല താഴ്ത്തി പിടിച്ചവൻ ക്ലാസിൽ ഇരുന്നു ബെല്ലടിച്ചപ്പോൾ ടീച്ചർ വന്നു. ടീച്ചർ വാത്സല്യത്തോടെ അവന്റെ തലമുടിയിൽ തഴുകി.ആ ദിവസം അവൻ നെടുമ്പിരിക്കൊണ്ടു. അവന്റെ നഷ്ടം മറ്റുള്ളവർ അറിഞ്ഞത് അവനെ കൂടുതൽ വേദനിപ്പിച്ചു. ഓരോ പിരീഡും പെട്ടെന്ന് കഴിയാൻ അവൻ ആഗ്രഹിച്ചു.

സ്കൂൾ വിട്ടപ്പോൾ ചേച്ചി വന്നു അവനെയും കുഞ്ഞനെയും കൊണ്ടുപോകാൻ. പിറ്റേദിവസം അവനെ ഒത്തിരി വേദനിപ്പിച്ച ഒരു കാഴ്ചയുണ്ടായി. തന്റെ ക്ലാസിലെ അഭിയുടെ അമ്മ അവന് മുത്തം കൊടുത്തു പോകുന്നു. സങ്കടം കൊണ്ടവൻ മുഖം താഴ്ത്തി പിടിച്ചു. തന്റെ വേദന ആരും കാണാതിരിക്കാൻ അവൻ ബെഞ്ചിൽ തല ചായ്ച്ചു കിടന്നു.

കുഞ്ഞന്റെ അമ്മയുടെ പേര് ലീലയെന്നാണ്.

വിനൂട്ടൻ അവരെ വിളിച്ചിരുന്നത് ചേച്ചി എന്നാണ്.

ഒരു ദിവസം കുഞ്ഞന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുമ്പോൾ അവർ കുഞ്ഞന് ചോറ് വാരി കൊടുക്കുന്നതാണവൻ കണ്ടത്. വിനുട്ടൻ നിശബ്ദനായി അത് നോക്കി നിന്നു. ലീലേച്ചി അത് കണ്ടു,

അവനെ സ്നേഹത്തോടെ അരികിലേക്ക് വിളിച്ചു.

ഒരു ചോറുരുള അവന് നേരെ നീട്ടി വിനൂട്ടൻ അത് നിരസിച്ചു.

” ഉം അതെന്താ മടിക്കേണ്ട മോന്റെ അമ്മയെപ്പോലല്ലേ “.

ആണോ അവൻ അവരെ നോക്കി.എന്റെ അമ്മ വെളുത്തിട്ടായിരുന്നു. ഇവരത്ര വെളുത്തിട്ടല്ല.

അമ്മ വലിയ പൊട്ടു തൊടുമായിരുന്നു.

കുഞ്ഞന്റെ അമ്മ പൊട്ടുതൊടില്ല കുറി വരയ്ക്കും. പിന്നെങ്ങനെയാ അമ്മയെ പോലാവുക.

” നീയെന്താ ആലോചിക്കണേ”

അതും ചോദിച്ചവർ ഒരു ഉരുള അവന് നേരെ നീട്ടി. അത്ര ഇഷ്ടത്തോടെ അല്ലെങ്കിലും അവൻ അത് വാങ്ങി കഴിച്ചു. ആ മാതൃവാത്സല്യത്തിന്റെ രുചി അവന്റെ നാവിലും മനസ്സിലും പരന്നിറങ്ങി.

പിന്നെ ഓരോ ചോറുരുളയും അവനാർത്തിയോടെ വാങ്ങി കഴിച്ചു. അവൻ ഓർത്തു അമ്മ തന്ന ഉരുളയുടെ സ്വാദുണ്ടിതിന്. ലീല അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. തിരിച്ച് ഒരു ഉമ്മ കൊടുക്കാൻ അവന് തോന്നി. എന്തോ ചെയ്തില്ല,

പകരം അവൻ കരഞ്ഞു പോയി.

” എന്താ വിനൂട്ടാ “ലീല ചോദിച്ചു.

“അമ്മ… അമ്മ.. ”

അതുമാത്രം പറഞ്ഞവൻ എങ്ങലടിച്ചു കരഞ്ഞു ലീല അവനെ തന്റെ മാറോട് ചേർത്ത് പിടിച്ചു.

” ഞാൻ മോന്റെ അമ്മയല്ലേ.. മോന്റെ ചേച്ചിയമ്മ”

ചേച്ചിയമ്മ അവനാ വാക്ക് മനസ്സിലേറ്റി. ചേച്ചിയമ്മ ഞാനിനി ഇങ്ങനെയേ വിളിക്കൂ.എനിക്കും അമ്മയുണ്ട്. കുഞ്ഞന്റെ അമ്മ എന്റെ ചേച്ചിയമ്മ.

മനസ്സ് നിറഞ്ഞ് ആഹ്ലാദത്തോടെ അവൻ വീട്ടിലേക്കോടി. അവന്റെ സന്തോഷത്തെ തല്ലിയുടച്ചു

കളഞ്ഞ പോലെ അച്ഛന്റെ കിടപ്പ്. അമ്മ മരിച്ച ശേഷം അച്ഛൻ ഇങ്ങനെയാണ്. കുടിച്ചു ലെക്കുകെട്ട് എവിടെയെങ്കിലും കിടക്കും. ചിലപ്പോൾ റോഡിലായിരിക്കും. സ്കൂൾ വിട്ടു വരുമ്പോൾ കുട്ടികൾ അത് കണ്ട് കളിയാക്കും. കുഞ്ഞൻ മാത്രം കളിയാക്കില്ല. ചേച്ചിയമ്മ അവരെയെല്ലാം വഴക്ക് പറയും. പലതും ചിന്തിച്ചവൻ കിടക്കാൻ പോയി അലങ്കാലമായി കിടക്കുന്ന കട്ടിലിൽ ചെരിഞ്ഞു കിടന്നവൻ ആലോചിച്ചു. കുഞ്ഞനിപ്പോ അവന്റെയമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ടാവും.

നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ച് ഉറക്കത്തിനായി അവൻ കിടന്നു.

“വിനൂട്ടാ ”

കുഞ്ഞന്റെ ശബ്ദമാണല്ലോയെന്ന് ചിന്തിച്ചു അവൻ ചാടി എഴുന്നേറ്റു.

“ഉം എന്താ കുഞ്ഞാ ”

“വാ, അവിടെ കിടക്കാം അമ്മ പറഞ്ഞതാ”

സന്തോഷം തിങ്ങിയ മനസ്സോടെ അവൻ ചാടി ഇറങ്ങി.ആ നടത്തത്തിന് ഒരു ഓട്ടത്തിന്റെ സ്പീഡ് ഉണ്ടായിരുന്നു.

“ചേച്ചിയമ്മേ”

“ആ വന്നോ “അച്ഛൻ കിടന്നോ മോനേ “കുഞ്ഞന്റെ അച്ഛനാണത് ചോദിച്ചത്.

“ഉം “അവൻ സങ്കടത്തോടെ മൂളി.

“സാരല്ല്യ മോൻ പോയി കിടന്നോ “.

അവൻ അകത്തേക്ക് ചെന്നു. വൃത്തിയിൽ വിരിച്ചിരിക്കുന്ന മെത്ത. മുമ്പ് അമ്മ ചെയ്യാറുള്ളത് പോലെ.

എന്റെയും കുഞ്ഞന്റെയും നടുവിലാണ് ചേച്ചിയമ്മ കിടന്നത്. അവരെന്നെ കെട്ടിപ്പിടിച്ചു.ഞാനാ അമ്മയുടെ ചൂടിലേക്ക് ഒട്ടിക്കിടന്നുറങ്ങി. ചേച്ചി അമ്മയുടെ കൂടെ തന്നെയായി പിന്നെന്നും. ഞാനെന്റെ അമ്മയെ ശരിക്കും മറന്നു. എന്നെ കുളിപ്പിക്കാനും ചോറ് തരാനും ഉറക്കാനുമെല്ലാം ചേച്ചിയമ്മയായി. അച്ഛൻ മിക്ക ദിവസവും വീട്ടിൽ ഉണ്ടാവില്ല.വന്നാലും ഒരു കാര്യവുമില്ല. വല്ലപ്പോഴും വെച്ചുണ്ടാക്കും. ഒരു ദിവസം ചേച്ചിയമ്മ ചോറ് വാരി തരുമ്പോൾ അവൻ ശ്രദ്ധിച്ചു,കയ്യിൽ കറുത്ത വട്ടം.

” ഇതെന്താ ചേച്ചിയമ്മേ” ചേച്ചിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതു മറുകാ മോനേ”

“ഹോ ഇത്ര വലുതോ ” വിനൂട്ടന്റെ ചോദ്യം കെട്ട് കുഞ്ഞനും ചേച്ചിയമ്മയും ഒത്തിരി ചിരിച്ചു.

കാലം കാൽ നീട്ടി നടന്നു.ആറു വയസ്സുകാരൻ പത്തു വയസ്സുകാരനായി.

ഇടയ്ക്കൊക്കെ വിനൂട്ടൻ ചിന്തിക്കും. ഞാൻ കുഞ്ഞനെപ്പോലെ ചേച്ചിയമ്മയുടെ സ്വന്തം മോനായി.

ഒരേ പോലത്തെ പുസ്തകങ്ങൾ, ഷർട്ടുകൾ, ബാഗ് ഇടയ്ക്ക് കുഞ്ഞന് കുശുമ്പ് തോന്നിയിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. എന്നാലും എന്നോടവനത് കാട്ടിയിട്ടില്ല അവൻ എന്റെ ഉറ്റ ചങ്ങാതി ആയിരുന്നു. ഒരു ദിവസം വിനൂട്ടന്റെ വീട് പഴയപോലെയായി. ഒരുപാട് ആളുകൾ.. മാമനും മാമിയും മക്കളും ബന്ധുക്കളും എല്ലാം വന്നു. അവൻ ഈറനായി ബലിയിട്ടു ബലികാക്കകൾ ചോറ് കൊത്തി പറന്നു പോയി. പക്ഷേ അന്നത്തെ സന്തോഷം അവനിൽ കണ്ടില്ല അവന് പലതും മനസ്സിലാക്കാൻ സാധിച്ചിരുന്നു. കുടിച്ച് തലതല്ലി വീണ് ചോര വാർന്ന് അച്ഛൻ മരിച്ചെന്ന് ആൾക്കൂട്ടത്തിലെ സംസാരം അവനെ മനസ്സിലാക്കി.

അവൻ ചേച്ചിയമ്മയെ കെട്ടിപ്പിടിച്ചു നിന്നു. ആരോടൊപ്പം കളിക്കാൻ പോയില്ല .

കർമ്മങ്ങൾ കഴിഞ്ഞശേഷം മാമൻ വന്നു വിളിച്ചു.

“വിനൂട്ടാ, വാ ”

അവൻ അടുത്തേക്ക് ചെന്നു.

“മോന്റെ പുസ്തകം എല്ലാം എടുത്തോ നമുക്ക് മാമന്റെ വീട്ടിലേക്ക് പോകാം ”

അവൻ ചേച്ചിയമ്മയെ നോക്കി.അവരും കുഞ്ഞനും കരയുകയാണ്.

” ചേച്ചിയമ്മേ ഞാൻ പോണില്ല.. എന്നെ വിടല്ലേ ചേച്ചിയമ്മേ”

ചേച്ചിയമ്മ നിസ്സഹായയായിരുന്നു. ഏതു ബന്ധത്തിന്റെ പുറത്ത് എന്നെ തടഞ്ഞുനിർത്താനാവും അവർക്ക് . ബന്ധങ്ങൾക്ക് വില വരുന്ന നിമിഷത്തെ ആ നിമിഷം അവൻ ശപിച്ചു. മാമൻ ചേച്ചി അമ്മയോട് നന്ദി പറയുന്നത് കേട്ടു. അതെന്തിനാ ഞാൻ ചേച്ചി അമ്മയുടെ മോനായി കഴിയില്ലേ.

“ഞാൻ വരില്ല, എനിക്ക് കുഞ്ഞനെ വേണം ചേച്ചിയമ്മയെ വേണം ഞാൻ വരില്ല.”

” മോനേ അവരന്യരല്ലേ! അവരെത്രനാൾ നിന്നെ വളർത്തും. അച്ഛൻ വിടാത്തതു കൊണ്ടാ അല്ലെങ്കിൽ മുമ്പേ നിന്നെ കൊണ്ടുപോയേന”.

അവനൊന്നും കേൾക്കണ്ടായിരുന്നു. പ്രാണൻ പറിഞ്ഞു പോകുന്ന വേദന. അവൻ ഏങ്ങിയേങ്ങി കരഞ്ഞു. മാമന്റെ കൈപിടിച്ച് അവൻ വണ്ടിയിലേക്ക് കയറി. ഗ്ലാസിനുള്ളിലൂടെ ചേച്ചിയമ്മയുടെ മുഖം മറയും വരെ അവൻ നോക്കിയിരുന്നു. പത്തു വയസ്സുകാരന് ഓടി വരാൻ കഴിയാത്തത്ര ദൂരേക്ക് അവനെ പറിച്ചു നട്ടു .

പിന്നീട് വളർച്ചയുടെ ഘട്ടങ്ങളിലെപ്പോഴോ അവൻ ചേച്ചിയമ്മയെയും കുഞ്ഞനെയും മറന്നു.

വിനൂട്ടൻ വിനയചന്ദ്രൻ എന്ന അധ്യാപകനായി. വിവാഹിതനായി. സ്വന്തമായി വീട് വെച്ചു. ഭാര്യ ലേഖയും അധ്യാപികയാണ്.

” ആരെയെങ്കിലും കിട്ടിയോ വിനു” ലേഖ ചോദിച്ചു.

“ഇല്ല പറഞ്ഞിട്ടുണ്ട്.ഈ ആഴ്ച ശരിയാകും”

” ഇത് ശരിക്കും റിസ്കാണ് കേട്ടോ പറ്റുമെങ്കിൽ ഇന്ന് തന്നെ ഒരു സർവെന്റിനെ ഏർപ്പാടാക്കണം “.

വിനു മറുപടിയൊന്നും കൊടുക്കാതെ പോയി അവൻ പോയ ഉടനെ ഒരു കോൾ വന്നു.

“ലേഖ മാഡം ആണോ ”

” അതെ”

അവൾ മറുപടി പറഞ്ഞു അവർ തിരിച്ചു പറഞ്ഞ മറുപടി അവൾക്ക് ഒത്തിരി ആശ്വാസമേകി.

ഉച്ചയോടെ അവരെത്തി. ലേഖ അവരെ അകത്തേക്ക് വിളിച്ചു.

“ലേഖ ഇതാണ് ഞാൻ പറഞ്ഞ ആൾ”

ലേഖ അവരെ നന്നായി നോക്കി. ഒരു അൻപതു കഴിഞ്ഞ വയസ്സ് പ്രായം കാണും. വിശ്വസിക്കാമെന്ന് തോന്നുന്നു. അവൾ അവരെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടു പോയി. എല്ലാം പറഞ്ഞു കൊടുത്തു.

അവർക്ക് പരിചയക്കുറവ് ഉണ്ടായിരുന്നില്ല. ഒരുപാട് വർഷമായി അവർ സെർവെൻറ് ആയി ജോലി ചെയ്യുന്നു.

ലേഖക്ക് ഇപ്പോൾ ഡെലിവറി ലീവ് ആണ്.

” വിനു നാളെയേ വരൂ, നമുക്കുള്ള ഭക്ഷണം ഉണ്ടാക്കിയാൽ മതി”ലേഖ അവരോട് പറഞ്ഞു.

അവർ തലയാട്ടി.

“എന്താ പേര് ”

“ലീല ”

“ആഹ് ശെരി ”

ലേഖ തിരിച്ച് ആന്റിയുടെ അടുത്തെത്തി “ഇവരെങ്ങനെയാ” ലേഖ ചോദിച്ചു.

“വിശ്വസിക്കാം,ഭർത്താവ് മരിച്ചുപോയി. ഒരു മകനുള്ളത് വിദേശത്താണ്.അവന് ഇവരെ വേണ്ട ”

“ഉം ”

ആന്റിക്ക് ഊണു കഴിച്ചിട്ട് പോകാം.

“ഇല്ല! പിന്നെ വരാം എന്നാ നിനക്ക് ഡേറ്റ്”.

” അടുത്തമാസം 23ന്”

” ശരി ഞാൻ പിന്നെ വരാം” ആന്റി പോയി കഴിഞ്ഞ് അവൾ അടുക്കളയിലേക്ക് ചെന്നു.

അവർ ജോലിയിലാണ്.

പിറ്റേന്ന് വൈകിട്ട് വിനയൻ എത്തിയപ്പോൾ അവൾ പറഞ്ഞു

“ഒരു സർപ്രൈസ് ഉണ്ട്”

” ഓ എനിക്കറിയാം പുതിയ ജോലിക്കാരി വന്നു. ആന്റി വിളിച്ചു പറഞ്ഞിരുന്നു. ”

“ഓ ”

ലേഖ മുഖം കനപ്പിച്ചു. വെട്ടിതിരിഞ്ഞു നടന്നു.

അവൻ ഊറിചിരിയോടെ കുളിക്കാൻ പോയി.

” വിനൂ..ഭക്ഷണം കഴിക്കാൻ വാ ”

“ആ എടുത്തു വെച്ചോ

“അവൻ പറഞ്ഞു.

“ചേച്ചി എടുത്തോളൂ ”

ലേഖ പറഞ്ഞു.

വസ്ത്രം മാറി വിനയൻ ഭക്ഷണം കഴിക്കാൻ വന്നിരുന്നു. തൊട്ടടുത്ത് ലേഖയും. രണ്ടു പ്ലേറ്റ് എടുത്ത് ലേഖ അവർക്ക് മുമ്പിൽ വച്ചു.

“ചേച്ചി ”

” ഓ, വരുന്നു മോളെ” വിനയൻ അവരെ ശ്രദ്ധിക്കാൻ പോയില്ല.

അവർ ചോറെടുത്ത് പ്ലേറ്റിലേക്ക് വിളമ്പി.ഒരു നിമിഷം അവൻ ആ കയ്യിലേക്ക് സൂക്ഷിച്ചു നോക്കി.

കറുത്ത വലിയ മറുക്.

അവൻ വെട്ടി തിരിഞ്ഞുനോക്കി.

തൊണ്ടയിൽ തടഞ്ഞു പോയ വാക്കിനെ തേടിയവൻ വിമ്മിഷ്ടപ്പെട്ടു.

“ചേച്ചിയമ്മേ ”

ആ വിളി അവരെ സ്തബ്ധയാക്കി.ആ പത്തുവയസുകാരൻ വിനൂട്ടനാണിതെന്ന് അവർക്ക് വിശ്വസിക്കാനായില്ല.

“ലേഖ.. ഇത്.. ഇത്.. ഇതെന്റെ അമ്മയാണ്..

എന്റെ ചേച്ചിയമ്മ ”

ആ മെലിഞ്ഞുണങ്ങിയ ശരീരത്തെ ചേർത്തുപിടിച്ച് അവൻ വിതുമ്പി. ബന്ധങ്ങൾക്ക് വില വരുന്ന ആ നിമിഷത്തെ അവൻ കണ്ണീരോടെ സ്നേഹിച്ചു.

കൂടെ അവന്റെ ചേച്ചിയമ്മയെയും..!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രമ്യ രാമൻ

Leave a Reply

Your email address will not be published. Required fields are marked *