ഞാൻ നിനക്കൊരു ശല്യമാണ് എന്ന് പറഞ്ഞ ദിവസമോർമ്മയുണ്ടോ രാജീവിന്.. അന്ന് തന്നെ ഞാൻ മാറിക്കഴിഞ്ഞിരുന്നു…

രചന : Nithya Nichu

ഡിവോഴ്സ്

****************

പിസ്സ ഹട്ടിൽ ഇന്ന് പതിവിലും തിരക്കുണ്ട്. സ്ഥിരം കോർണർ ഏതോ കമിതാക്കൾ കയ്യടക്കിയിരിക്കുന്നു . ഒഴിഞ്ഞ ഇടം നോക്കി നടന്നപ്പോഴാണ് ” ലെച്ചൂസേ” എന്നുള്ള വിളി കേട്ടത്. പ്രണയത്തിന്റെ ആദ്യ നാളുകളിൽ കേട്ട പരിചിതമായ ശബ്ദം. അതെ, രാജീവ് തന്നെയാണ്.

ബീച്ചിലേയ്ക്ക് തുറക്കുന്ന ചെറിയ പാലത്തിലെ ടേബിളിൽ തന്നെ നോക്കി രാജീവ് ഇരിക്കുന്നു .

എത്ര വർഷങ്ങൾ ഒന്നിച്ച് പിന്നിട്ടാലും ആ കണ്ണുകളിലേയ്‌ക്ക് നോക്കുമ്പോൾ അനുഭവപ്പെടാറുണ്ടായിരുന്ന വിറയൽ, അതിപ്പോഴും തനിക്ക് …….

” ഞാൻ പത്തരയ്ക്ക് തന്നെ എത്തി, അര മണിക്കൂറായി കാത്തിരിക്കുന്നു . രാജീവ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. കാത്തിരിപ്പ്, ആ വാക്കിന്റെ സുഖം തന്നെ താൻ മറന്നു പോയിരിക്കുന്നു.

ഇതൊക്കെ നേരത്തേയും ആകാമായിരുന്നല്ലോ രാജീവിന്. ആലോചിച്ച് നിന്നപ്പോഴേക്കും , ഇടതു വശത്തുള്ള കസേര പിന്നിലേയ്ക്ക് നീക്കി രാജീവ് വിളിച്ചു. ” ഇവിടിരിക്ക് ”. റെസ്റ്റൊറന്റിൽ പോകുമ്പോൾ എന്നും രാജീവിന് ഇഷ്ടം മുഖാമുഖം നോക്കി ടേബിളിന് അപ്പുറവും ഇപ്പുറവും ഇരിക്കുന്നതായിരുന്നു . തനിക്കാകട്ടേ രാജീവിനൊപ്പം ഇരിക്കുന്നതായിരുന്നു പ്രിയം.

”നീയെന്താ ലെച്ചൂ ആലോചിക്കുന്നത് ”. രാജീവ് മൃദുലമായി ചോദിച്ചു.” ഒന്നുമില്ല രാജീവ് ,

എന്തൊക്കെയോ മനസ്സിലേയ്ക്ക് ,ഓർമ്മകൾക്ക് മരണമില്ലല്ലോ …..

” നിനക്ക് ഈ സാഹിത്യം പറച്ചിൽ മാറിയില്ല അല്ലേ, ഈ ചുരിദാർ നീ തയ്പ്പിച്ചതാണോ, കളർ നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്, എത്രയോ വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെയുള്ള ചുരിദാറാ ചേരുന്നതെന്ന്. കേൾക്കാറുണ്ടായിരുന്നോ എവിടെ പോയാലും കല്ലും മണ്ണും നിറച്ച കുറേ ബലൂൺ ചുരിദാറുകളും കുറേ അടയാഭരണങ്ങളും….

ഇപ്പോ ദാ, സിംപിളായി പൊട്ട് മാത്രം, നീ സുന്ദരിയായിരിക്കുന്നു.

ശെരിയാണ് രാജീവിന് എന്നും തന്നെ സിംപിളായി കാണാനായിരുന്നു ഇഷ്ടം. താൻ അത് ശ്രദ്ധിച്ചിരുന്നേയില്ല. എന്നിട്ട് പാദവും കഴിഞ്ഞ് ഇറങ്ങി നിൽക്കുന്ന മസാകലിയുമിട്ട് മാലയും വളയും നിറയെ അണിഞ്ഞ് രാജീവിന്റെ അടുത്ത് പോയി നിൽക്കും. അഭിപ്രായമൊന്നും പറഞ്ഞില്ലോന്ന് പറഞ്ഞ് കണ്ണ് നിറക്കും.

“നിനക്ക് പിസ്സ ഓർഡർ ചെയ്യട്ടേ, ഇഷ്ടങ്ങൾ ഒന്നും ഈ ഒരു വർഷത്തിനിടയ്ക്ക് മാറിയിട്ടുണ്ടാകില്ലല്ലോ അല്ലേ ” .

ആ ചോദ്യത്തിന് പിന്നിൽ എന്തോ ദുരുദ്ദേശ്യമില്ലേന്ന് തോന്നി.

” മാറേണ്ടതെല്ലാം മാറിയിട്ടുണ്ട് രാജീവ്, അതിന് ഒരു വർഷമൊന്നും വേണ്ടായിരുന്നു. ഞാൻ നിനക്കൊരു ശല്യമാണ് എന്ന് പറഞ്ഞ ദിവസമോർമ്മയുണ്ടോ രാജീവിന് .അന്ന് തന്നെ ഞാൻ മാറിക്കഴിഞ്ഞിരുന്നു. ഇപ്പോഴും എനിക്ക് അത്ഭുതമാണ് രാജീവ്, എന്റെ കൂടെ നീ എപ്പോഴും വേണമെന്ന് പറയുന്നത് എങ്ങനെ ശല്യമാകും.

എന്റെ ഭാഷയിൽ അത് സ്നേഹമാണ് , നിന്നോടുള്ള അടങ്ങാത്ത പ്രണയമാണ് . പഴകിയ വീഞ്ഞു പോലെ ലഹരിയേറുന്ന പ്രണയം.

കല്യാണം കഴിഞ്ഞ് രണ്ടു വർഷമായില്ലേ, ഇനിയെന്ത് പ്രണയമെന്ന് പറഞ്ഞതിന്റെ ലോജിക്ക് എനിക്കറിയില്ല. പ്രണയത്തിനും expiry date ഉണ്ടെന്നും അറിയില്ല.

രാജീവ് തന്റെ കണ്ണിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു. കസേര കുറച്ചു കൂടി എന്റെയരികിലേയ്ക്ക് നീക്കിയിട്ട് എന്റെ വലത് കൈ എടുത്ത് നെറ്റിയിൽ വെച്ചു.

മൗനം.

” നിനക്കറിയാവുന്നതല്ലേ എന്റെ ജോലിയെക്കുറിച്ച്,

ഇടക്ക് നിന്നെ മറന്നു എന്നുള്ളത് ഭീകരമായ സത്യം. ഞാനോർക്കുന്നുണ്ട് ഒരോ ലീവിനും എനിക്കായി നീ കാത്തിരിക്കുന്നത്. ഓടി എന്റടുത്ത് വരുമ്പോൾ മോനെ എടുത്തു കൊണ്ട് നിന്നെ ശ്രദ്ധിക്കാതെ അകത്ത് കയറുന്നത്. അപ്പോൾ നീ എന്ത് വേദനിച്ചിട്ടുണ്ടാകുമെന്ന് ഇന്ന് ഞാനറിയുന്നുണ്ട്. എന്നെ തൊട്ടുഴിഞ്ഞ് നോക്കി ഞാൻ ക്ഷീണിച്ചല്ലോന്ന് പരാതി പറയുമ്പോഴും നിനക്ക് എന്നെ കുറിച്ചുള്ള ആവലാതി ഞാൻ അറിഞ്ഞില്ല. പകൽ മുഴുവൻ കുട്ടുകാർക്കൊപ്പം ചിലവഴിച്ച് വൈകിയെത്തി ഉറക്കത്തിലേയ്ക്ക് വഴുതി വീഴുമ്പോൾ നീ കഴിക്കാതെ എന്നെ നോക്കിയിരിക്കുമെന്ന് ഞാൻ മനപ്പൂർവ്വം മറന്നു പോയിരുന്നു. ലെച്ചുവേ പ്രണയ നാളുകളിൽ നിന്റെ ഒരു വിളിക്കായി കാത്തിരിനിട്ടുണ്ട് ഞാൻ. ഭർത്താവായപ്പോഴെക്കും ഞാൻ……. ക്ഷമിക്കില്ലേ

ഞാനും ഓർക്കുകയായിരുന്നു. ലീവിന് വരുന്നുവെന്നറിയുമ്പോൾ തന്നെ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. പക്ഷെ എന്റെയൊപ്പം ഒന്നിരിക്കുക പോലും ചെയ്യാതെ കൂട്ടുകാർക്കൊപ്പം നടക്കുന്ന രാജീവിനോട് വെറുപ്പായിരുന്നു. വെറുത്ത് വെറുത്ത് ഞാൻ സ്നേഹിച്ചു കൊണ്ടിരുന്നു രാജീവിനെ. അടുത്ത വരവിൽ ഞാൻ നിന്റെ കൂടെയാരിക്കും എന്ന വാക്കിൽ വിശ്വസിച്ച്. ലീവുകൾ കടന്നു പോയി. രാജീവും. എപ്പോഴൊക്കയോ ഞാനും തിരിച്ചറിഞ്ഞിരുന്നു രാജീവിൽ നിന്ന് ഞാനും അകലുകയാണെന്. പക്ഷെ തിരിച്ചറിവിന്റെ ഏതോ നിമിഷത്തിൽ ഞാൻ ചിന്തിച്ചിരുന്നു.

രാത്രി വെളുക്കുവോളം ജോലി സ്ഥലത്ത് കഷ്ടപ്പെടുന്ന രാജീവ് നാട്ടിൽ വരുമ്പോൾ അല്പസമയം കൂട്ടുകാർക്കൊപ്പം ചിലവഴിച്ചതിൽ തെറ്റില്ല.

എന്നാൽ ആ അൽപ്പസമയം ഒരു ദിവസമായി നീണ്ടത് എന്റെ പരിഭവങ്ങളും എടുത്തു ചാട്ടവും കാരണമാണല്ലോന്ന് ഞാൻ ഓർത്തിരുന്നു.

“രാജീവ് ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ടോ?”.

പെട്ടെന്നുള്ള എന്റെ ചോദ്യത്തിൽ അവന്റെ കണ്ണ് നിറഞ്ഞു.

” എപ്പോഴും…… ലെച്ചൂസേ നമ്മൾ പരസ്പരം ഒരു പാട് സ്നേഹിച്ചിരുന്നു. സ്നേഹം കൂടിയപ്പോൾ എന്ത് വന്നാലും കൂടെ ഉണ്ടാകുമെന്ന വിശ്വാസം ഉണ്ടായി. നിന്നെ ഞാൻ ശ്രദ്ധിച്ചില്ലായിരിക്കാം.

പക്ഷെ ഉള്ളിൽ ഒരു കടലോളം സ്നേഹമുണ്ടായിരുന്നു. നാട്ടിൽ വരുമ്പോൾ എനിക്ക് വേണ്ടത് entertaintment ആരുന്നു. അത് കൂട്ടുകാർക്കൊപ്പമാണ് കിട്ടുകയെന്ന മിഥ്യധാരണയിലായിരുന്നു ഞാൻ. നീ എന്റെതല്ലേ നമുക്കിടയിൽ ധാരാളം സമയങ്ങളുണ്ടെല്ലോന്ന് കരുതി. എല്ലാ ബന്ധങ്ങൾക്കിടയിലും ഇതൊക്കെ തന്നൊകും പ്രശ്നങ്ങൾ. അങ്ങോട്ടുമിങ്ങോട്ടും ഒരു വർഷം സംസാരിക്കാതിരുന്നില്ലേ നമ്മൾ. ഇന്ന് ഇവിടെ നമ്മൾ ചെലവഴിച്ച കുറച്ച് മണിക്കൂറുകൾ പോരായിരുന്നോ ആ മൗനത്തെ ഭേദിക്കാൻ.

നമ്മൾ അത് ചെയ്തില്ല.

നാളെ കുടുംബകോടതിയിൽ ഒരു കടലാസ്സിന്റെ മൂല്യം പോലുമില്ലാതെ ഈ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് നമ്മൾ. ഈ ഡിവോഴ്സ് എന്ന വാക്ക് തന്നെ ഇല്ലാതിരുന്നെങ്കിൽ,

കുറച്ചു കൂടി ബന്ധങ്ങൾ കാത്തിരുന്നേനേ ,

എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ, അല്ലേ.

എത്ര നിയന്ത്രിച്ചിട്ടും കരയാതിരിക്കാൻ ആയില്ലെനിക്ക്. രാജീവിന്റെ തോളിലേയ്ക്ക് ചാഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു.

ആഗ്രഹസാഫല്യത്തിന്റെ നിർവൃതിയിൽ താലിക്കായി തല കുനിച്ച നിമിഷമോർത്തു.

നിറഞ്ഞ ചിരിയോടെ നിന്ന രാജീവിനെ ഓർത്തു.

” നിന്നെ ഇനി വിഷമിപ്പിക്കുകയില്ലെന്ന് വാക്ക് തരുന്നില്ല ഞാൻ. നമ്മൾ മനുഷ്യരായി പിറന്നില്ലേ ലെച്ചൂ. പക്ഷെ നിന്നെ ഇനി ഞാൻ മനസ്സിലാക്കും.

നിന്റെ ചിന്തകളെ , നിന്റെ ആഗ്രഹങ്ങളെ ,എന്നോടുള്ള പ്രണയത്തെ. ധ്യാനുമൊത്ത് ഇനി നമ്മുടെ പുതു ജീവിതം തുടങ്ങും. അവന് നഷ്ടപ്പെട്ട ഒരു വർഷം തിരിച്ചു കൊടുത്തുകൊണ്ട്..

Happy anniversary Molu ”

ഒന്നും മനസ്സിലാവാതെ കണ്ണു തുറക്കുമ്പോൾ മേശമേൽ തന്റെ ഫേവറിറ്റ് ബ്ലാക്ക് ഫോറസ്റ്റ് കേക്ക്.

മുൻപിൽ രാജീവിന്റെയും തന്റെയും അച്ചനമ്മമാരും, അമ്മയുടെ കയ്യിൽ പുഞ്ചിരി തൂകി ധ്യാനും.

മനസ്സ് നിറഞ്ഞ് രാജീവിനെ നോക്കിയപ്പോഴെക്കും ഒരിക്കൽ കൂടി തന്റെ കഴുത്തിൽ താലി ചാർത്തിയിരുന്നു രാജീവ്.

വാൽകഷ്ണം: നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ബന്ധം പിരിയുന്ന ദമ്പതിമാർക്ക് വേണ്ടി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Nithya Nichu

Leave a Reply

Your email address will not be published. Required fields are marked *