അയാള് പറഞ്ഞത് ഒരു പകൽ സാറിൻ്റെ കൂടെ കിടന്നാൽ വേണ്ടുവോളം കാശ് കിട്ടും എന്നൊക്കെയാ…

രചന : Jishnu Ramesan

” നിങ്ങള് എനിക്കൊരു പെണ്ണിനെ ഏർപ്പാടാക്കി തരുമോ…?”

ചോദ്യം കേട്ട കറുത്ത കണ്ണട വെച്ച ഒരു കണ്ണിന് മാത്രം കാഴ്ചയുള്ള മുരുടനായ മനുഷ്യൻ അയാളെ ഒന്ന് പരിഹസിച്ച് നോക്കി…

പ്രശസ്തനായ ഒരു ചിത്രകാരൻ്റെ വായിൽ നിന്ന് പുതുമയല്ലാത്ത ആ ചോദ്യം കേട്ട് അയാള് ചോദിച്ചു,

‘ പെണ്ണോ…!! നിങ്ങള് കല്യാണം വേണ്ട, ശാരീരിക സുഖം വേണ്ട എന്നൊക്കെയല്ലെ മുൻപ് എന്നോട് പറഞ്ഞിരുന്നത്…’

” അതെന്താ കല്യാണം കഴിക്കാനും നിങ്ങളീ പറഞ്ഞ ആവശ്യത്തിനും മാത്രമാണോ പെണ്ണ്…!”

അങ്ങനെയൊരു മറുചോദ്യം കേട്ട കറുത്ത കണ്ണടകാരൻ അല്പ നേരം മിണ്ടാതെ നിന്നിട്ട് ചോദിച്ചു,

‘ എങ്ങനെയുള്ള പെണ്ണിനെയാണ് വേണ്ടത്…?’

” സ്വല്പം വണ്ണമുള്ള, ഇരുണ്ട നിറമുള്ള സുന്ദരിയായ ഒരു പെണ്ണിനെ മതി…”

‘ വണ്ണവും, ഇരുണ്ട നിറവുമുള്ള സുന്ദരിയോ…!!’

ചോദ്യം കേട്ട ചിത്രകാരൻ മുഖം കനപ്പിച്ച് അയാളെ ഒന്ന് നോക്കി… ആ നോട്ടത്തിൻ്റെ അർഥം മനസ്സിലാക്കിയ അയാള് അവിടുന്ന് ഇറങ്ങി നടന്നു…

രണ്ടു മൂന്നു ദിവസം കഴിഞ്ഞ് അയാളൊരു പെണ്ണിനെയും കൊണ്ട് അവിടേക്ക് കയറി വന്നു…

അല്പം തടിച്ച, ഇരുണ്ട നിറമുള്ള, തെളിഞ്ഞ കണ്ണുള്ള ഒരു പെണ്ണ്…

മറ്റൊന്നും പറയാതെ കറുത്ത കണ്ണടകാരൻ ഇറങ്ങി നടന്നു…

” എന്താ നിൻ്റെ പേര്…?

അയാളുടെ ചിരിയോടെയുള്ള ചോദ്യം കേട്ട് അവള് പറഞ്ഞു,

‘ ലീല… സാറിൻ്റെ പേരെന്താ…?’

ഒന്ന് ചിരിച്ചിട്ട് അയാള് പറഞ്ഞു,

” എൻ്റെ പേര് നാരായണൻ…”

‘ ഈ ചിത്രങ്ങളൊക്കെ സാറ് വരച്ചതാണോ…?

എല്ലാം അതി മനോഹരം…’

” അതെ, ഞാൻ വരച്ചതാണ്… ”

‘ ഞാൻ ആദ്യമായിട്ടാണ് ഈ തൊഴിലിന് വരണത്…’

” തൊഴിലോ, എന്ത് തൊഴിൽ…!”

‘ അല്ല, അത് പിന്നെ… ഇപ്പൊ പോയ അയാള് പറഞ്ഞത് ഒരു പകൽ സാറിൻ്റെ കൂടെ കിടന്നാൽ വേണ്ടുവോളം കാശ് കിട്ടും എന്നൊക്കെ…!!’

” കാശ്, കാശ് ഞാൻ തരാം…പക്ഷേ അതിന് എൻ്റെ കൂടെ കിടക്കുകയൊന്നും വേണ്ട… അല്പം ക്ഷമ ഉണ്ടായാൽ മതി…”

ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ട ശേഷം ആ പെണ്ണ് ചിരിച്ചു…

” എനിക്ക് ലീലയുടെ ചിത്രം ഒന്ന് വരയ്ക്കണം…അതിനു എത്ര ദിവസം ഇവിടെ വരണം എന്നൊന്നും പറയാൻ കഴിയില്ല… നിന്നെ പൂർണ്ണമായി ഇവിടെ പകർത്താൻ വരുന്നത്ര ദിവസവും നിനക്ക് കാശ് തരും ഞാൻ…”

സമ്മതമായി അവളൊന്നു മൂളുക മാത്രം ചെയ്തു…

അയാളുടെ തകര പെട്ടിയിൽ വെച്ചിരുന്ന ഒരു ചൊമല പട്ടെടുത്ത് കൊടുത്തിട്ട് പറഞ്ഞു,

” ഇത് നീ നിൻ്റെ മേലാകെ ഒന്ന് ചുറ്റ്… എന്നിട്ട് അവിടെ ജനാലയ്ക്ക് അരുകിൽ ഇരിക്ക്…”

അവളത് അനുസരിച്ചു… അവളുടെ ചുരുണ്ട മുടിയിഴകളാണ് അയാള് ആദ്യം പകർത്തിയത്…

ആ പെണ്ണ് വിയർക്കുന്നുണ്ടായിരുന്നു…

” ലീലയുടെ കുറവുകൾ എന്നോട് ഒന്ന് പറയാമോ…?”

നെറ്റി ചുളിച്ചു കൊണ്ട് അയാളെ ഒന്ന് നോക്കിയതിനു ശേഷം അവള് പറഞ്ഞു,

‘ ഞാൻ കറുത്തിട്ടാണ്, നീണ്ട മൂക്കാണ് എനിക്ക്, മുടി ചുരുണ്ട് കേറി കിടക്കുന്നു, നല്ല തടിച്ചിയാണ്…ഇതെല്ലാം എൻ്റെ കുറവാണ് …’

അവളുടെ കുറവുകൾ കേട്ട് നാരായണൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

അന്ന് വൈകുന്നേരം അഞ്ഞൂറ് ഉറുപ്പിക കൊടുത്തിട്ട് അയാള് പറഞ്ഞു,

” നാളെയും വരണം… ”

അതിനു മറുപടിയായി തലയാട്ടികൊണ്ട് ആ പെണ്ണ് അവിടുന്ന് ഇറങ്ങി…

പിറ്റേന്നും ലീല അയാൾക്ക് വേണ്ടി ഒരു ചൊമല പട്ട് ചുറ്റി നിശ്ചലമായി ഇരുന്നു… ഉച്ചയായപ്പോഴേക്കും വിശപ്പ് അവളെ മടുപ്പിച്ചിരുന്നു…

‘ എനിക്ക് വിശക്കുന്നുണ്ട്…’

ചായം പുരണ്ട കൈ കൊണ്ട് നെറ്റിയൊന്ന് തുടച്ചു കൊണ്ട് അയാള് അകത്തേക്ക് നടന്നു… ഒരു പാത്രം നിറയെ നിറമാർന്ന വിഭവങ്ങളുമായി അയാള് ആ പെണ്ണിന് മുന്നിലെത്തി…

” കഴിക്കൂ…ലീല ഈ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല…”

‘ ഇല്ല…ഞാനിത് അയല്പക്കത്തെ വീട്ടിലെ ടിവിയിൽ കണ്ടിട്ടുണ്ട്… സായിപ്പന്മാര് കഴിക്കണതല്ലെ…!’

ആ പെണ്ണ് ആർത്തിയോടെ കഴിക്കുന്നത് അയാള് ഒരു പാതി ചിരിയോടെ നോക്കി നിന്നു…

അവള് വീണ്ടും അയാൾക്ക് മുന്നിൽ നിശ്ചലമായി നിൽക്കാൻ വന്നു… ആഴ്ചകൾക്ക് ശേഷം അയാളുടെ ചിത്രം വര പൂർണ്ണമായി… അന്നാദ്യമായി ആ മുഴുവനാക്കിയ പെയിൻ്റിംഗ് അവളെ കാണിച്ചു…

കണ്ണ് നിറഞ്ഞ്, ചെറുതായൊന്നു ചിരിച്ച് ആ പെണ്ണ് പെയിൻ്റിംഗ് വെറുതെ അങ്ങനെ നോക്കി നിന്നു…

അവിടുന്ന് ഇറങ്ങാൻ നേരം അയാള് അവളോടായി പറഞ്ഞു,

“സായിപ്പന്മാര് കഴിക്കുന്ന ഭക്ഷണം കഴിക്കാൻ തോന്നുമ്പോ ഇവിടേക്ക് വരാൻ മടിക്കണ്ട…”

നിറഞ്ഞ ചിരിയോടെ ആ പെണ്ണ് തലയാട്ടികൊണ്ട് അവിടുന്ന് ഇറങ്ങി…

അയാളുടെ വീടിൻ്റെ ചുമരിൽ തടിച്ച, ഇരുണ്ട മുഖമുള്ള അതി സുന്ദരിയായ ഒരു പെണ്ണിൻ്റെ ചിത്രമുണ്ട്… ശരീരം വിൽക്കാനായി വീട് വിട്ടിറങ്ങിയ ലീലയെന്ന അതി സുന്ദരിയുടെ ചിത്രം…

നാരായണനെന്ന ചിത്രകാരൻ തൻ്റെ വിയർപ്പ് കലർന്ന നെറ്റിയും, തടിച്ച ശരീരവും, ഇരുണ്ട നിറവും, ചുരുണ്ട മുടിയും, എങ്ങനെ പകർത്തിയെന്ന് ലീലയ്ക്ക് അതിശയമായിരുന്നു…

കാരണം അയാളൊരു അന്ധനായിരുന്നു…

തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ അയാളുടെ രൂപവും, സംസാരവും, പെരുമാറ്റവും ഓർത്ത് ആ പെണ്ണ് വെറുതെ അങ്ങനെ ചിരിച്ചു…സുന്ദരമായി ചിരിച്ചു…

(വെറുതെ ഒരു കുഞ്ഞി എഴുത്ത്)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Jishnu Ramesan

Leave a Reply

Your email address will not be published. Required fields are marked *