തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈയ്യിൽ അവനൊന്നു പിടിച്ചു.. ഉം . എന്താ.. കപട ഗൗരവത്തിൽ ഒരു ചോദ്യം…

രചന : മണ്ടശിരോമണി

ഓണഫണ്ടിൽ നിന്നും അയ്യായിരം രൂപ കടം വാങ്ങിച്ചിട്ടാണ് മനു ഭാര്യ അഭിയേയും പിന്നെ മക്കളായ അതുല്യയേയും നന്ദുവിനേയും കൂട്ടി ടൗണിലേക്ക് പുറപ്പെട്ടത് .

പുഴവരമ്പിലൂടെ ഒരു പത്ത് മിനുട്ട് നടന്നാൽ മെയിൻ റോഡെത്താം .

“ഓണക്കോടി എടുക്കാൻ പോവാണോ എല്ലാരും”

വഴിക്കരികിൽ മീൻകാരനെ കാത്തു നിന്നതാവണം ഷക്കീലത്താത്ത .

“ആ പിന്നെ കുറച്ച് സാധനങ്ങളൊക്കെ വാങ്ങിക്കണം

മീൻ വന്നില്ലേ ?” മറുപടി പറഞ്ഞത് ഭാര്യയാണ് .

നാട്ടുകാരോടൊക്കെ കുശലം പറഞ്ഞും ചിരിച്ചും ബസ് സ്റ്റോപ്പിലെത്താൻ കുറച്ച് സമയം എടുത്തു . ബസ് സ്റ്റോപ്പിൽ നിന്നു റിട്ടേൺ പോകുന്ന ഓട്ടോയ്ക്ക് മുഴുവൻ കൈ നീട്ടികൊണ്ടിരുന്നു . അവർ നാല് പേരുള്ളത് കാരണം ഒന്നും രണ്ടും ആൾക്കാരുമായി വരുന്ന ഓട്ടോ ഒന്നും നിർത്തിയില്ല .

“അച്ചാ ആളില്ലാത്ത ഓട്ടോ വരുന്നുണ്ട്

കൈ നീട്ടട്ടെ

മൊബൈലിൽ നോക്കികൊണ്ടിരുന്ന മനുവിന്റെ മുണ്ടിൽ പിടിച്ച് വലിച്ച് കൊണ്ട് നന്ദു ഓട്ടോയ്ക്കു കൈനീട്ടിക്കഴിഞ്ഞിരുന്നു .

ഭാഗ്യം . അതിൽ മറ്റാൾക്കാർ ഉണ്ടായിരുന്നില്ല .

അരികിൽ നിർത്തിയ ഓട്ടോയിൽ നന്ദു ആദ്യം തന്നെ ചാടിക്കേറി . അല്ലേലും അവനിഷ്ടം സീറ്റിന്റെ അറ്റത്തിരിക്കാൻ ആണ് . കുറച്ച് വാശി പിടിച്ചിട്ടാണെങ്കിലും അവനത് നടത്തിയെടുക്കും .

“നീ കേറിക്കൊ അല്ലെങ്കിൽ അവനെന്തേലും കണ്ടാൽ തല പുറത്തിടും .” അവനു പിന്നാലെ ഭാര്യയേയും മോളെയും ഓട്ടോയിൽ കേറ്റി അവനും കേറിയിരുന്നു .

15 മിനുട്ട് കൊണ്ട് തന്നെ ടൗണിലെത്തി . ഇറങ്ങും മുൻപ് തന്നെ നാൽപതുരൂപ ചില്ലറ എടുത്ത് ഡ്രൈവർക്ക് നേരെ നീട്ടി .

“നീ ചെക്കന്റെ കൈപിടിച്ചെ.” ഭാര്യയോടായി പറഞ്ഞുകൊണ്ട് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമം തുടങ്ങി . മോളോട് പിന്നെ പ്രത്യേകിച്ച് പറയാതെ തന്നെ അച്ചന്റെ കൈയ്യിൽ തൂങ്ങും .

ട്രാഫിക് പോലീസുകാരന്റെ സഹായത്തോടെ തന്നെ അവർ മേള നടക്കുന്ന സ്ഥലത്തേക്ക് കടന്നു .

കാഴ്ചകൾ കണ്ടു നടന്നു ഡ്രസ്സ് സെക്ഷനിലേക്ക് കടന്നു .

“നീയും പിള്ളേരും കൂടി എന്താന്നുവെച്ചാൽ നോക്ക് .

ഞാൻ ബാക്കി ഉള്ള സാധനങ്ങൾ വാങ്ങി വരാം ”

മനു മാർക്കറ്റിലേക്ക് നടന്നു നീങ്ങി . അവനറിയാം പെണ്ണുങ്ങളുടെ കൂടെ അവിടെ നിന്നാൽ സമയം പോവുകയല്ലാതെ കാര്യങ്ങൾ നടക്കില്ല എന്നു .

ഏറെ വൈകാതെ അവൻ തിരിച്ചു വന്നു .

വരുമ്പോഴേക്കും ഡ്രസ്സ് ഒക്കെ എടുത്തു വെച്ചിരുന്നു .

അതിലൊക്കെ ഒന്നു കൂടി കണ്ണോടിച്ചു . മൂന്ന് ടോപ്പ് അവൾക്കും മോൾക്കുള്ളത് വേറെയും മോനുള്ള ജീൻസും ഷർട്ടും വേറെയും കൂട്ടത്തിൽ അമ്മയ്ക്കുള്ളത് വേറെ പിന്നൊരു മുണ്ടും ഷർട്ടും .

”ഇതാർക്കാ ഈ മുണ്ടും ഷർട്ടും ?”

മനു ചോദ്യമുന്നയിച്ചു .

“അത് അച്ചന്റെ ” മോളാണ് മറുപടി നൽകിയത് .

”എനിക്കോ . എനിക്കിപ്പൊ മുണ്ടൊന്നും വേണ്ട .”

തീർത്തു പറഞ്ഞുകൊണ്ട് അവൻ അതു മാറ്റിവെച്ചു ബാക്കി സാധനങ്ങൾ ബിൽ ചെയ്തു .

“അതെന്താ നല്ല ഷർട്ടായിരുന്നില്ലേ അത് ”

പിന്നാലെ ചോദ്യമുന്നയിച്ചു കൊണ്ട് അഭി വന്നു .

“അതുകൊണ്ട് എന്താ .

എനിക്കിപ്പൊ എന്തിനാ ഷർട്ട് .

പിന്നെപ്പൊഴേലും വാങ്ങിക്കാം ”

നടക്കുന്നതിനിടയിൽ മനു പറഞ്ഞു.

”ഭക്ഷണം കഴിക്കണ്ടെ ?”

“ഭക്ഷണം വീട്ടിലെത്തീട്ട് കഴിക്കാം . ഹോട്ടലിൽ വൃത്തി ഉണ്ടാവില്ല ” അഭിയാണ് പറഞ്ഞത് .

അല്ലേലും അവൾക്ക് ഹോട്ടലിൽ നിന്നും കഴിക്കാൻ ഇത്തിരി മടിയാണ് .

അവളുടെ അഭിപ്രായത്തിൽ ഒരു ഹോട്ടലിലെ ഭക്ഷണത്തിനും വൃത്തിയില്ല എരിവു കൂടുതൽ…

അങ്ങനെ അങ്ങനെ കൊറേ കാര്യങ്ങൾ . അതു കൊണ്ട് തന്നെ ഒരു കൂൾബാറിൽ കേറി ഐസ് ക്രീമും കഴിച്ച് ഉച്ചയോടെ വീട്ടിലേക്ക് .

പുത്തനുടുപ്പുകൾ ഇട്ടുനോക്കിയും മറ്റുള്ളവരെ കാണിച്ചും അതുല്യയും നന്ദുവും . അവരുടെ സന്തോഷം വേറെ തന്നെയാണ് . അമ്മൂമ്മയ്ക്ക് മുന്നിൽ ഷോ കാണിക്കുവാണ് രണ്ടാളും .

” ചേച്ചീടെ കുപ്പായത്തേക്കാൾ നല്ലത് എന്റെ കുപ്പായല്ലെ അമ്മൂമ്മേ ? ”

നന്ദുവിന്റെ ചോദ്യം . അവനിത്തിരി കുശുബുണ്ടു് .

” രണ്ടാളുടെ കുപ്പായവും നല്ല രസമുണ്ടല്ലോ ”

അതു കേട്ടപ്പോൾ മാത്രമാണ് മോൾടെ മുഖം തെളിഞ്ഞത് .

” രണ്ടാളും കൈ കഴുകീട്ട് അച്ചന്റെ കൂടെയിരുന്ന് ചോറ് തിന്നാൻ നോക്ക് .”

ഇടയ്ക്ക് അഭി വിളിച്ചു പറയുന്നുണ്ടാരുന്നു .

അമ്മയ്ക്കുള്ള ഡ്രസ് എടുത്ത് കൊടുത്തപ്പോൾ പതിവില്ലാത്തൊരു തിളക്കം കണ്ണിൽ കണ്ടു.

” ഇല്ലാത്ത പൈസകൊണ്ട് ഇതൊക്കെ എന്തിനാ ഇപ്പൊ വാങ്ങിച്ചെ?

എന്നു പറഞ്ഞ് ഡ്രസ്സ് ഒന്നു നിവർത്തി നോക്കി അങ്ങനെ കസേരയിലേക്കിരിക്കുമ്പോഴും അമ്മയുടെ മുഖത്ത് നാളെയെ കുറിച്ചുള്ള അണയാത്ത പ്രതീക്ഷ കണ്ടു . ആ ഒരു ചിരി അതു മതി മനുവിന്റെ മനസ് നിറയാൻ . അല്ലേലും ഉമ്മറത്തെ കസേരയിൽ പേപ്പർ നോക്കി റോഡിലൂടെ പോകുന്ന എല്ലാരോടും കുശലം പറയുന്ന അമ്മയ്ക്ക് നാളെ പറയാൻ ഒരു വിശേഷം കൂടി . അതാണ് ആ ഡ്രസ് .

പേഴ്സിലുള്ള പൈസ ഏറെ കുറേ തീർന്നിരിക്കുന്നു .

അതുകൊണ്ടാണ് അവിടുന്നു ആ ഷർട്ടും മുണ്ടും എടുക്കാതിരുന്നത് അതും കൂടി എടുത്താൽ പിന്നെ ബാക്കി ഒന്നും കാണില്ല എന്ന പേടികൊണ്ടാണ് .

“മനു ഏട്ടാ ഞാൻ ഈ ടോപ്പ് തയ്ക്കാൻ കൊടുത്തിട്ട് വരാം. കുറച്ച് ലൂസ് ഉള്ളത് ശെരിയാക്കണം

വൈകുന്നേരത്തോടെ അഭി ടോപ്പൊക്കെ എടുത്ത് നാട്ടിൽ തന്നെയുള്ള ശോഭച്ചേച്ചിയുടെ വീട്ടിലേക്ക് നടന്നു . അവിടെ അടുത്ത് തന്നെയുള്ള ഒരു നല്ല ടൈലറാണ് ശോഭേച്ചി. പകൽ മുഴുവൻ ടൗണിലുള്ള കടയിൽ പോയി തയ്ക്കും അതു കഴിഞ്ഞുള്ള സമയം വീട്ടിലും

അവൾ പോയ്ക്കഴിഞ്ഞ ഉടനെ തന്നെ മനുവും ഫ്രഡ്സിന്റെ അടുത്തേക്ക് പോയി .

അത്യാവശ്യ ബിയർ ഒക്കെ ആയി വല്ലപ്പോഴും ഉള്ള ഒത്തുചേരൽ ചിലപ്പോൾ 10 മണി ഒക്കെ ആവും പിരിയാൻ .

“വരാറായില്ലേ ? ” രാത്രി ഒൻപത് മണിയോടെ അഭിയുടെ ഫോൺ വന്നു .

“വരുന്നു . കുറച്ച് കഴിയും ”

മറുപടി കൊടുത്ത് ഫോൺ കീശയിലിട്ടു .

10 മണിയോടെ വീട്ടിലെത്തി .

അവന്റെ ചിരി കണ്ടപ്പോൾ തന്നെ അവൾക്ക് കള്ളത്തരം മണത്തു .

ബിയർ കുടിച്ചാൽ അവനിത്തിരി ചിരി കൂടുതലാവും

” നീ കിടക്കുന്നില്ലേ ? ” വെള്ളമടിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള അവന്റെ സ്ഥിരം നമ്പറാണ് അത് . വിഷയം മാറ്റും .

” അയ്യടാ. വെള്ളോം അടിച്ചു വന്ന് എന്നെക്കൊണ്ടെന്നും പറയിക്കരുത് കേട്ടല്ലോ ” അവൾ മുഖം കൂർപ്പിച്ചു .

“ഇന്ന് കുടിച്ചത് കുടിച്ചു ഇനി നാളെയെങ്ങാനും കുടിച്ചിട്ട് വന്നാലുണ്ടല്ലോ ഞാനെന്റെ പിള്ളേരേം കൊണ്ട് എന്റെ വീട്ടിൽ പോകും”

അവൾ വാണിങ്ങ് പോലെ ആവർത്തിച്ചു .

എല്ലാം കേട്ട് ചിരിയോടെ മനു കട്ടിലിലേക്ക് ചരിഞ്ഞു .

******************

രാവിലെ അഭി ഉണരുമ്പോഴും മനു നല്ല ഉറക്കമാണ്

അവൾ കുറച്ചു നേരം മനുവിനെ നോക്കി ഒന്നുകൂടി പറ്റിച്ചേർന്നു . വല്ലപ്പോഴും ഉള്ള ഈ ബിയറു കുടി അതു മാത്രമാണ് ആകെ ഉള്ള ഒരു ദുശീലം .

പിണക്കം കാണിക്കുമെങ്കിലും ഉള്ളിൽ സ്നേഹമാണ് .

എണീക്കും മുന്നേ ഒരു കവറെടുത്ത് അവന്റെ മേലെ വെച്ചിട്ടാണ് അവൾ അടുക്കളയിലേക്ക് നടന്നത്

“അഭീ ” ഏറെ വൈകും മുന്നേ അകത്തു നിന്നും മനുവിന്റെ ശബ്ദം .

“എന്താ?” വിളിച്ചത് ഇഷ്ടപ്പെടാത്തത് പോലെ അവൾ ശബ്ദം മാറ്റി.

“എന്താ ഇത് ?” മനു പാക്കറ്റ് കൈയ്യിൽ പിടിച്ചു വീണ്ടും ഉറക്കെ ചോദിച്ചു.

“തുറന്ന് നോക്ക് ” ബെഡ്റൂമിന്റെ പടിക്കൽ നിന്നും അവൾ പറഞ്ഞു.

മനു പതിയെ പാക്കറ്റ് പൊട്ടിച്ചു . ഷോപ്പിൽ നിന്നും സെലെക്റ്റ് ചെയ്തതിനു ശേഷം മാറ്റിവെച്ച ആ ഷർട്ടും മുണ്ടുമായിരുന്നു അതിൽ .

”ഇതെങ്ങനെ .. ! ”

മനുവിന്റെ മുഖത്ത് അൽഭുതം .

“അതോ … അതൊക്കെ ഉണ്ട് .” അഭി ചിരിച്ചു .

എന്നാലും …!

“ഒരു എന്നാലും ഇല്ല . ഞാനത് മാറ്റിവെക്കാൻ പറഞ്ഞിരുന്നു . എന്നിട്ട് ശോഭ ചേച്ചിയോട് അത് വാങ്ങീട്ട് വരാൻ പറഞ്ഞിരുന്നു . വൈകുന്നേരം ഞാനെന്റെ ടോപ്പ് തയ്ക്കാൻ പോയപ്പോൾ അവിടുന്ന് അതിങ്ങെടുത്തു . ഇപ്പൊ എന്റെ കെട്ട്യോനു തന്നു . അത്രെ ഉള്ളു ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .

“അപ്പൊ പൈസയോ?”

”അതൊന്നും എന്റെ കുട്ടി അറിയണ്ട ട്ടോ….

അതൊക്കെ ചേച്ചി കൊടുത്തോളാം ” മനുവിന്റെ മുക്കിൻ തുബ് പിടിച്ചു വലിച്ച് അവന്റെ കണ്ണിൽ നോക്കി അവളൊന്നു ചിരിച്ചു . അല്ലെങ്കിലും സ്നേഹത്തിന്റെ കാര്യത്തിൽ അവൾ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് അവനെ .

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കൈയ്യിൽ അവനൊന്നു പിടിച്ചു .

“‘ഉം . എന്താ ? ”

കപട ഗൗരവത്തിൽ ഒരു ചോദ്യം .

“എയ് ഒന്നൂല ” അവൻ ചിരിച്ചു .

“ഒന്നൂല്ലേൽ കള്ളുകുടിയൻ എണീക്കാൻ നോക്ക്

അതും പറഞ്ഞ് അവൾ ഡോർ തുറന്നു .

ഇനി ഉണ്ടാവാൻ പോകുന്നത് അവൾക്കറിയാം .

ഇപ്പൊ തന്നെ അകത്തു നിന്നും ഒരു പറച്ചിൽ കേൾക്കാം .

” കള്ളുകുടിയൻ നിന്റെച്ചൻ ” എന്നാവും അത്.

വായ് പൊത്തിച്ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മണ്ടശിരോമണി

Leave a Reply

Your email address will not be published. Required fields are marked *