മോനെ.. നീ…. നിന്റെ അച്ഛനുണ്ടായതല്ല.. അമ്മയോട് മോൻ ക്ഷമിക്കണം… ഇത്രയും നാൾ നീറി നീറി ജീവിക്കുക ആയിരുന്നു….

രചന : Kannan Saju (അഥർവ്വ്)

“മോനെ.. നീ… നീ.. നീ നിന്റെ അച്ഛനുണ്ടായതല്ല

മരണ കിടക്കയിൽ കിടന്നുള്ള അമ്മയുടെ അവസാന വാക്കുകൾ അവന്റെ നെഞ്ചിൽ തുളച്ചു കയറി… എന്ത് പറയണം എന്നറിയാതെ കണ്ണുകൾ മിഴിച്ചു അവൻ ഇരുന്നു… അതുവരെ മുറുകെ പിടിച്ചിരുന്ന അമ്മയുടെ കൈകളിലെ പിടുത്തം അഴഞ്ഞു.

” അമ്മയോട് മോൻ ക്ഷമിക്കണം …. ഇത്രയും നാൾ നീറി നീറി ജീവിക്കുക ആയിരുന്നു… തെറ്റിനെ ന്യായീകരിക്കാൻ അമ്മ ഇല്ല… മനസ്സ് കൈ വിട്ടു പോയ ഒരു നിമിഷം… അറിയാതെ സംഭവിച്ചു പോയി… തുറന്നു പറയാൻ ശ്രമിച്ച ഓരോ നിമിഷങ്ങളിലും അദ്ദേഹം എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.. ഇപ്പോഴും ഞാനിതു പറയില്ലായിരുന്നു.. പക്ഷെ നിനക്ക് എപ്പോഴും അച്ഛനോട് ദേഷ്യം ആണ്… പക്ഷെ അദ്ദേഹമോ???

സ്വന്തം കുഞ്ഞല്ലെന്നു അറിയാതെ ഏറ്റവും ഇളയതായ നിന്നെ മറ്റു മൂന്നു മക്കളെക്കാൾ സ്നേഹിക്കുന്നു…

ഇനി മോൻ അച്ഛനുമായി വഴക്കുണ്ടാക്കരുത് ”

മൗനം തളം കെട്ടി നിന്നു….

ഒടുവിൽ ” മോന്റെ അച്ഛൻ ആരാന്നു അറിയണ്ടേ? ”

അവൻ അമ്മയെ സൂക്ഷിച്ചൊന്നു നോക്കി ” എന്നാത്തിന് ??? മറ്റൊരുത്തന്റെ ഭാര്യക്ക് വയറ്റിൽ ഉണ്ടാക്കി ആ സ്വന്തം കുഞ്ഞിനെ കൊണ്ട് മറ്റൊരുത്തനെ അച്ചാന്നു വിളിപ്പിച്ച ആ നാറി ആരാണെങ്കിലും എനിക്കറിയണ്ട ! ”

പക്ഷെ അത് പറയുമ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… കണ്ണുകൾ തുടച്ചു ” ഒന്നും അറിയാതെ ആ മനുഷ്യനെ ഞാൻ ഒരുപാടു വേദനിപ്പിച്ചല്ലോ ” അവൻ കണ്ണുകൾ തുടച്ചു… അനക്കം ഇല്ലാതെ കിടക്കുന്ന മഞ്ജിമയെ അവൻ ശ്രദ്ധിച്ചു…..

അവന്റെ നിലവിളി ഹോസ്പിറ്റൽ വരാന്തകളിൽ തട്ടി പ്രതിധ്വനിച്ചു.

അമ്മ മുന്നിൽ എരിഞ്ഞു തീരുന്നതു നോക്കി നിക്കുമ്പോൾ അവന്റെ ഉള്ളിൽ കാട്ട് തീ പടരുക ആയിരുന്നു …. ചിതക്കു മറുവശം മൂത്ത ചേട്ടൻ അശ്വിൻന്റെ തോളിൽ ചാരി കിടന്നു കരയുന്ന അച്ഛനെ തന്നെ അവൻ നോക്കി നിന്നു.

” നീ കഴിക്കു… ഞാൻ ഉപ്പുമാവ് എടുത്തു വെച്ചിട്ടുണ്ട്… ”

ചേച്ചി അഞ്ജലി അവന്റെ റൂമിൽ വന്നു പറഞ്ഞു

” ഉം… ”

” അശ്വിനും ആദിയും കഴിച്ചു… ഇനി നീ കൂടയെ ഉള്ളു… പട്ടിണി കിടന്ന പോയ ആള് തിരിച്ചു വരില്ല! അമ്മ ഉള്ളപ്പോ എന്നെങ്കിലും നമ്മളെ കഴിക്കാതെ കിടക്കാൻ സമ്മതിച്ചിട്ടുണ്ടോ??? ”

” ഞാൻ വരാടി … അ… അ… അച്ഛനോ??? ”

ആ വാക്ക് പ്രയോഗിക്കുവാൻ താൻ പ്രയാസപ്പെടുന്ന പോലെ അവനു തോന്നി.

” അച്ഛൻ എടുത്തു കഴിച്ചോളും… ഞാൻ വിളിച്ചിട്ട് വന്നില്ല… അശ്വിനും ആദിയും വിളിച്ചിട്ടും വന്നില്ല.

അനൂപ് അച്ഛന്റെ മുറിയിൽ ചെന്നു… അച്ഛാ എന്ന് വിളിക്കണം എന്നുണ്ട്.. നാവു പൊങ്ങുന്നില്ല !

ഒടുവിൽ സർവ്വ ശക്തിയും എടുത്തു വിളിച്ചു

” അ.. അച്ഛാ ”

അദ്ദേഹം തിരിഞ്ഞു നോക്കി

” വാ കഴിക്കാം ”

അദ്ദേഹം ഒന്നും മിണ്ടാതെ എണീറ്റു…

അനൂപിനൊപ്പം ഊണ് മേശയിലേക്ക് നടന്നു..

” മരുന്ന് കഴിച്ചോ??? ”

” ഇല്ല.. ഭക്ഷണം കഴിച്ചിട്ട് ” അനൂപ് പറഞ്ഞു നിർത്തി…

” നാളെ അല്ലെ ചെല്ലാൻ പറഞ്ഞിരിക്കുന്നെ? ”

” അതെ ”

” ചീട്ടൊക്കെ അവളുടെ മേശയിൽ അല്ലെ ?? ”

” ഉം ”

” രാവിലെ വിളിച്ചു അപ്പോയ്ന്റ്മെന്റ് ബുക്ക്‌ ചെയ്യണം ”

” ആം ”

അച്ഛൻ അവനെ സൂക്ഷിച്ചൊന്നു നോക്കി ….

അദേഹത്തിന്റെ കണ്ണുകളിൽ നോക്കുന്നതിൽ പരാജയപ്പെട്ട അനൂപ് നോട്ടം വെട്ടിച്ചു.

പിറ്റേന്ന് ഡോക്ടറുടെ മുറിയിൽ

” കഴിഞ്ഞ തവണ വന്നപ്പോ ബിപി കുറഞ്ഞിരുന്നതാണല്ലോ….. ഇപ്പൊ പിന്നെയും ഹൈ കാണിക്കുന്നു… ഇപ്പൊ തലകറക്കം ഉണ്ടോ? ”

ഡോക്ടറുടെ ചോദ്യം കേട്ടു അച്ഛൻ അനൂപിനെ നോക്കി

” ഇല്ല ”

” എങ്കിൽ കുഴപ്പമില്ല… മരുന്ന് കണ്ടീന്യു ചെയ്ത മതി… ഞെരമ്പിൽ ബ്ലോക്കുകൾ ഒന്നും കാണാത്ത സ്ഥിതിക്ക് അധികം പേടിക്കാൻ ഒന്നും ഇല്ല… ഒരാഴ്ച കൂടി ഒറ്റയ്ക്ക് എവിടേം പോവണ്ട..

ഓക്കേ? തല കറങ്ങി വീഴാൻ ഉള്ള സാധ്യത ഉണ്ട് ”

” ഉം ”

അവിടെ നിന്നും ഇറങ്ങിയ അച്ഛൻ അനൂപിനെയും കൂട്ടി ബീച്ചിലേക്ക് പോയി… ഒഴിഞ്ഞ ഒരു മൂലയിൽ ഇരുവരും കടൽ നോക്കി ഇരുന്നു.

ഇടയ്ക്ക് അച്ഛൻ അനൂപിനെ ഒന്ന് നോക്കി…

എന്തൊക്കയോ ഓർമ്മകൾ അദ്ദേഹത്തിലൂടെ മിന്നി മാഞ്ഞു.

” നിങ്ങളോട് ഞാൻ പറഞ്ഞില്ലേ എനിക്ക് പുറത്തു പോയി പഠിക്കണ്ടാന്ന്….? പിന്നെ എപ്പോഴും എപ്പോഴും ഇതും പൊക്കി പിടിച്ചോണ്ട് വന്ന എന്നാത്തിനാ???

കാനഡ uk പണ്ടാരം… മടുത്തു… എപ്പോഴും നിങ്ങടെ ഇഷ്ടം ! ”

” മോനെ നിന്റെ നല്ല ഭാവിക്കു വേണ്ടി അല്ലെ അച്ഛൻ ”

” പിന്നെ ! ഒരു നല്ല ഭാവി… ഹും… അപ്പൊ എനിക്ക് മാത്രം നല്ല ഭാവി മതിയോ??? എനിക്ക് മൂത്ത മൂന്നെണ്ണത്തിനും വേണ്ടേ?? ഇതതൊന്നും അല്ല… ഞാൻ പുറത്തു പോയി കഷ്ടപ്പെടണം,

എന്നിട്ട് ആ കാശിനു ഇവിടെ എല്ലാത്തിനും സുഖിച്ചു ജീവിക്കണം… ഇവരെ പോലെ തന്നല്ലേ ഞാനും ?????

അതോ ഞാൻ നിങ്ങടെ മോനല്ലേ ????? ”

അത് കേട്ടു ഞെട്ടലോടെ നിന്നത് അച്ഛൻ ഇപ്പോഴും ഓർത്തു

മറ്റൊരു ദിവസം ഓർമ വന്നു.

” നീ എന്തിനാ പറയാതെ പൈസ എടുത്തത്? ”

അച്ഛൻ കലിയോടെ ചോദിച്ചു

” ഞാനെന്ന 10000 രൂപ അല്ലെ എടുത്തുള്ളൂ? ”

” ക്യാഷ് ചുമ്മാ ഉണ്ടാവോ?? ഞാൻ പണിയെടുത്തിട്ടല്ലേ??? ”

” ആ നിങ്ങള് പണി എടുക്കണം… നിങ്ങള് ഉണ്ടാക്കുന്നത് എനിക്കും കൂടി അവകാശ പെട്ടതാ

ഓർമകളിൽ നിന്നും അച്ഛൻ തിരിച്ചു വന്നു…..

” ഒറ്റ ദിവസം കൊണ്ട് ഒരാൾ ഇങ്ങനെ മാറുവോ??? മഞ്ജിമയുടെ മരണം അവനെ വല്ലാതെ ബാധിച്ചിരിക്കണം ”

” അച്ഛാ ”

ആ വിളി കേട്ടു അച്ഛൻ അനൂപിന്റെ മുഖത്തേക്ക് നോക്കി

” അമ്മ ഇല്ലാതെ എനിക്കിനി ഇവിടെ നിക്കാൻ പറ്റില്ല … അച്ഛനന്നു പറഞ്ഞ ഏതെങ്കിലും ജോലിക്ക് ഞാൻ പുറത്തേക്കു പൊക്കോളാം… അച്ഛന് ചെലവ് കുറഞ്ഞ എത്രയും വേഗം പോകാൻ കഴിയുന്ന ഏതെങ്കിലും ഒന്ന് എനിക്ക് ശരിയാക്കി തരോ ??? ”

” അന്ന് അമ്മ ഇവിടെ ഉണ്ടായിരുന്നു.. ഇന്നവൾ ഇല്ല…. ആരൊക്കെ ഇനി ഉണ്ടായാലും നീ ഉള്ള പോലെ ആവില്ലല്ലോ? ” എന്ന് പറയണം എന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു… പക്ഷെ ആ വാക്കുകൾ അദ്ദേഹം വിഴുങ്ങി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു രാത്രി വീട്ടിൽ ഊണ് കഴിച്ചു കഴിഞ്ഞു എല്ലാവരും ഇരിക്കുമ്പോൾ

” വീട് അഞ്‌ജലിക്കും പുറകിലെ പറമ്പ് ആദിക്കും വടക്കേ തൊടി അശ്വിനും ഞാൻ എഴുതി വെച്ചിട്ടുണ്ട്

അച്ഛൻ പറഞ്ഞ കേട്ടു എല്ലാവരും ഞെട്ടി….

” പടിഞ്ഞാറെ തൊടി ഞാൻ വിറ്റു ”

” എ*ന്നാത്തിന്??? ”

ഞെട്ടലോടെ അഞ്ജലി ചാടി എണീറ്റു

ആദ്യം അച്ഛൻ അഞ്ജലിയെ സൂക്ഷിച്ചൊന്നു നോക്കി….എന്നിട്ട് ” അനൂപിനെ പുറത്തേക്കു വിടണം…

അതിനുള്ള പൈസ കൊടുത്തു.. ബാക്കി അവന്റെ ആവശ്യങ്ങൾക്ക് അവന്റെ അക്കൗണ്ടിൽ ഇട്ടു ”

അത് കേട്ടു അനൂപും ഞെട്ടി !

” അപ്പൊ എന്റെ കല്യാണത്തിനോ???? ”

അഞ്ജലി ദേഷ്യത്തോടെ ചോദിച്ചു.

” എന്ത് കല്യാണം? ഈ വീടും തന്നു പറഞ്ഞ കോളേജിൽ അഡ്മിഷനും തന്നു. പഠിച്ചു പാസ്സായി ജോലി വാങ്ങും വരെ എല്ലാ കാര്യവും നോക്കുവോം ചെയ്യും. പിന്നെ സ്വന്തം കാലിൽ നിന്നോണം.

ആവശ്യത്തിന് സ്വർണ്ണം കയ്യിലും കാതിലും ഒക്കെ ഉണ്ടല്ലോ അത് മതി ! സ്വന്തം കാലിൽ നിന്നിട്ട്,

നിന്നെ മനസ്സിലാക്കുന്ന ഒരുത്തനെ കണ്ടു പിടിച്ചു തന്നെ അങ്ങ് കെട്ടിയാ മതി… പത്തു പൈസ കല്യാണത്തിന്റെ പേരിൽ അവനു ഞാൻ കൊടുക്കില്ല… അവനു കിട്ടാവുന്ന ഏറ്റവും വലിയ സ്ത്രീധനം നീയാണ്. അതിനുള്ള പ്രാപ്തി നിനക്ക് ഞാൻ ആക്കി തന്നിട്ടുണ്ട് ”

അശ്വിനും ആദിയും പരസ്പരം നോക്കി

” നീ എന്നെനാ അച്ഛനോട് ഇതൊക്കെ ചോദിക്കുന്നെ??? അച്ഛൻ പണി എടുത്തുണ്ടാക്കിയതല്ലേ ???

പാരമ്പര്യമായി കിട്ടിയതല്ലേ??? അത് എന്നാ ചെയ്യണൊന്നു അച്ഛൻ തീരുമാനിച്ചോളും ”

അശ്വിൻ പറഞ്ഞു

” അതും പറഞ്ഞു നിങ്ങൾ തെറ്റണ്ട! എനിക്ക് വേണ്ടി ചിലവാക്കുന്ന പൈസ ഞാൻ അവിടെ ചെന്ന് പണിയെടുത്തു തന്നോളം ” അനൂപിന്റെ വാക്കുകൾ കേട്ടു എല്ലാവരും അവനെ നോക്കി

” അച്ഛൻ നിനക്ക് തന്നത് നിനക്ക് അവകാശപ്പെട്ടതല്ലേ ??? നീ എന്നാ ഇഷ്ടദാനം തന്ന പോലെ പറയുന്നേ??? ” ആദിയുടെ വാക്കുകൾ കേട്ടു അനൂപിന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് നടന്നു.

അനൂപിന് പോവാൻ ഉള്ള ദിവസം വന്നെത്തി…

എയർപോർട്ടിൽ നിന്നപ്പോ അനൂപിന്റെ മുഖത്തുള്ള വിഷമം അച്ഛൻ ശ്രദ്ധിച്ചു… എന്തോ പറഞ്ഞു അദ്ദേഹം സഹോദരങ്ങളുടെ അരികിൽ നിന്നും അവനെ മാറ്റി നിർത്തി

” പോവും മുൻപ് അവൾ നിന്നോട് വല്ലതും പറഞ്ഞിരുന്നോ??? ”

ഞെട്ടലോടെ അനൂപ് അച്ഛനെ നോക്കി….

” അച്ഛന്…??? ”

അദ്ദേഹം അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

അനൂപിന് ഒന്നും മനസ്സിലായില്ല

” അവൾക്കു വയങ്കര വിഷമായിരുന്നു നിന്റെ കാര്യത്തിൽ… നിനക്ക് എന്നോടുള്ള പെരുമാറ്റത്തിൽ

അവളും കൂടി പോയാൽ നീ എന്നെ എങ്ങനെ കാണും എന്നോർത്ത് അവൾ എന്നും വിഷമിച്ചിരുന്നു… ഒടുവിൽ നിന്നെ മാറ്റാൻ അവൾ കണ്ടു പിടിച്ച വഴി ആണ് അത്… എന്നോട് പറഞ്ഞിരുന്നു, നിനക്ക് മാറ്റം വന്നു അച്ഛനെ അംഗീകരിക്കുന്നു എന്ന് തോന്നിയാൽ നിന്നോടന്നു എല്ലാം തുറന്നു പറയാൻ പറഞ്ഞിരുന്നു ”

അനൂപ് ആനന്ദ കണ്ണീരോടെ അച്ഛനെ കെട്ടിപ്പിടിച്ചു… നാലുപേരും ചേർന്ന് സന്തോഷത്തോടെ അനൂപിനെ യാത്ര ആക്കി.

തിരിച്ചു കാറിൽ വരുമ്പോൾ പുറത്തേക്കും നോക്കി ഒന്നും മിണ്ടാതിരുന്ന അച്ഛനെ നോക്കി അഞ്ജലി

” അച്ഛൻ എന്നതാ ഈ ആലോയ്ക്കണേ ??? ”

അച്ഛൻ അഞ്ജലിയുടെ മുഖത്തേക്ക് ഒന്ന് നോക്കി….

അന്നത്തെ ആ ദിവസം ഡോക്ടറുടെ മുറിയിൽ ഇരുന്ന നിമിഷങ്ങൾ ആയിരുന്നു അദേഹത്തിന്റെ മനസ്സിൽ

” നിങ്ങൾ നാട്ടിൽ വന്നിട്ട് എത്ര മാസ്സായിന്ന പറഞ്ഞെ ??? ”

” രണ്ടു മാസം ഡോക്ടർ… എന്നാ ഡോക്ടറെ? ”

ഡോക്ടർ മൗനം പാലിച്ചു

” എന്നാന്നേലും പറാന്നെ ??? ”

” അത്… നിങ്ങളുടെ ഭാര്യ മഞ്ജിമക്ക് ഗർഭം മൂന്നാമത്തെ മാസം ആണ് ! ”

” ഡോക്ടർ! ”

ഡോക്ടർക്കു മറ്റൊന്നും പറയാൻ ഇല്ലാരുന്നു.

മുറിക്കു പുറത്തിറങ്ങിയ അച്ഛനോട് മഞ്ജിമ പറഞ്ഞു

ഏട്ടാ എനിക്കൊരു ”

അത്രേം പറഞ്ഞപ്പോഴേക്കും

” മക്കൾ ഒറ്റക്കല്ലേ നമുക്കു വീട്ടിൽ പോയി സംസാരിക്കാം ”

അവളുടെ കൈകൾ പിടിച്ചു അദ്ദേഹം ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു..

” ഇതാരുടെ കുഞ്ഞാ…??? ആ ബന്ധം ഇപ്പോഴും ഉണ്ടോ?? എന്തുകൊണ്ട് നീ അങ്ങനെ ചെയ്തു???? ” ഇതൊക്കെ അച്ഛൻ അവരോടു ചോദിച്ചിരുന്നോ ഇല്ലയോ എന്ന് അച്ഛന് മാത്രമേ അറിയൂ..

എന്തുകൊണ്ട് അവരെ ഒഴിവാക്കിയില്ല എന്നും അദ്ദേഹത്തിന് മാത്രമേ അറിയൂ.

അച്ഛൻ പറഞ്ഞ കള്ളവും വിശ്വസിച്ചു സന്തോഷത്തോടെ വിമാനത്തിൽ കണ്ണുകൾ അടച്ചു അനൂപ് നിദ്രയിൽ ആണ്ടു!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

അവസാനിച്ചു…

രചന : Kannan Saju (അഥർവ്വ്)

Leave a Reply

Your email address will not be published. Required fields are marked *