വിവാഹത്തിനു മുൻപ് ഇതൊന്നും വേണ്ടാ അരുൺ തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് ദീപ കുതറിമാറി….

രചന : സന്തോഷ് അപ്പുക്കുട്ടൻ

കൂട്ടുകാരി….

❤❤❤❤❤❤❤❤❤

“വിവാഹത്തിനു മുൻപ് ഇതൊന്നും വേണ്ടാ അരുൺ

തന്നെ വലിഞ്ഞു മുറുകിയ കൈകളിൽ നിന്ന് ദീപ കുതറിമാറി, ഭീതിയോടെ പറഞ്ഞപ്പോൾ അരുൺ പതിയെ പുഞ്ചിരിച്ചു.

“വിവാഹമോ?ആര് ആരെ കഴിക്കുമോയെന്നാ നീ ഈ പറയുന്നത്?”

അരുണിന്റെ അതുവരെ കാണാത്ത മുഖഭാവം കണ്ട് ദീപ, ഭീതിയോടെ അവനെ നോക്കി.

” ഉള്ളു തുറന്ന് സംസാരിക്കണമെന്ന് പറഞ്ഞ് വിളിപ്പിച്ചത് ഇതിനായിരുന്നോ അരുൺ ?”

”ഇതായിരുന്നു അല്ലേ നിനക്ക് എന്നോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ കാതൽ?”

” നിന്നോട് എനിക്ക് ഒരു ഇഷ്ടം തോന്നി. അതു സത്യമാണ്?”

അവൻ വിറച്ചു നിൽക്കുന്ന ദീപയുടെ ശരീരത്തിലേക്ക് നോക്കി വൃത്തികെട്ട രീതിയിൽ ചുണ്ട് നനച്ചു.

” അത് നിന്റെ ഈ കത്തുന്ന സൗന്ദര്യം കണ്ടിട്ടു മാത്രമല്ല പകരം നിന്റെ സമ്പത്ത് കണ്ടിട്ടു കൂടിയാണെന്നു മാത്രം ”

അവൻ പറയുന്നത് കേട്ട ദീപ ഞെട്ടിത്തെറിച്ചു കൊണ്ട് അവനെ നോക്കി.

ഈ നിമിഷം വരെയും തേനിൽ ചാലിച്ച വിളികളോടെ തന്നെ പ്രണയിച്ചവൻ.

ദീപയില്ലെങ്കിൽ ഈ ലോകത്ത് പിന്നെ ഞാനുണ്ടാവില്ലെന്ന് ഒരായിരംവട്ടം കാതിൽ മന്ത്രിച്ചവൻ.

“ഇതായിരുന്നോ നിന്റെ പ്രണയം?”

വിങ്ങിപ്പൊട്ടിക്കൊണ്ട് ദീപയത് ചോദിക്കുമ്പോൾ അവൻ, ഒരു പതർച്ചയുമില്ലാതെ അവളെ തന്നെ നോക്കി നിന്നു.

” ഇതു തന്നെയാണ് എന്റെ പ്രണയം

ഇങ്ങിനെയൊക്കെ തന്നെയാണ് എന്റെ പ്രണയം”

താൻ വന്നു പെട്ടിരിക്കുന്നത് വലിയൊരു കെണിയിലാണെന്നറിഞ്ഞ ദീപ ഒരു രക്ഷയ്ക്കായി ചുറ്റും നോക്കി.

കണ്ണെത്താ ദൂരത്തോ ളം നീണ്ടു കിടക്കുന്ന തെങ്ങിൻ തോപ്പിനു നടുവിലുള്ള ഒരു കുടിലിലാണ് താനിപ്പോഴെന്ന ചിന്ത അവളെ വല്ലാതെ ഭീതിയിലാഴ്ത്തി!

മുന്നിൽ വിശാലമായി കിടക്കുന്ന കായൽപ്പരപ്പിനകലെ ഒരു കൊച്ചു തോണി മാത്രം!

ഒച്ചയെടുത്താൽ പോലും ആരും ഓടി വരാനില്ലാത്ത അവസ്ഥ.

” എന്നെ വിവാഹം കഴിച്ചാൽ പിന്നെ എന്റെ സ്വത്തൊക്കെ നമ്മൾക്കുള്ളതല്ലേ അരുൺ കിട്ടാൻ ഇത്തിരി സമയമെടുക്കുമെന്നു മാത്രം ”

അരുണിന്റെ ക്രൂരത നിറഞ്ഞ മനസ്സ് മാറ്റാനായി അവളത് ചോദിച്ചപ്പോൾ, ഒരു പൊട്ടിച്ചിരിയാണ് അവനിൽ നിന്നുതിർന്നത്.

“നിന്നെ കിട്ടില്ല. പിന്നെയeല്ല നിന്റെ സ്വത്ത്

ചിലപ്പോൾ നിന്റെ അച്ഛന്റെ കൈ കൊണ്ട് എന്റെ മരണം തന്നെ സംഭവിച്ചേക്കാം”

ഇനിയെന്തു പറയണമെന്നറിയാതെ നിന്ന ദീപയുടെ തോളിൽ കൈവെച്ചു അരുൺ.

“ക്ഷമിക്കണം ദീപ നിന്റെ ഡാഡിയുടെ ബസ്സിലെ കണ്ടക്ടർ പണിമടുത്തു.

എന്തായാലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം!

അതിന് മൂലധനമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ്,

സ്ഥിരമായി ഈ ബസ്സിൽ കോളേജിലേക്ക് വരുന്ന നിന്നെ നോട്ടമിട്ടത്

പക്ഷെ നിന്നെ സമ്മതിച്ചു തന്നു… കാരണം നിന്നെ വളയ്ക്കാൻ ഒരു പാട് സമയമെടുക്കേണ്ടി വന്നു

അരുൺ പറഞ്ഞു തീർന്നപ്പോൾ, ദീപ പൊടുന്നനെ ആ നെഞ്ചിലമർന്നു.

അരുൺ അത്ഭുതപ്പെട്ടു നിൽക്കെ, തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവളുടെ ചെഞ്ചുണ്ടുകൾ വല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു.

” ഞാനും പേടിച്ചിരുന്നു അരുൺ നീ ആത്മാർത്ഥമായാണോ എന്നെ സ്നേഹിക്കുന്നതെന്നു വിചാരിച്ചു ”

ദീപ പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലാവാതെ അരുൺ, അവളെ തന്നെ നോക്കി നിന്നു.

“ഒരു ബസ് കണ്ടക്ടറെ വിവാഹം കഴിക്കാൻ ഡാഡി ഒരിക്കലും സമ്മതിക്കില്ലെന്നറിയാം

അഥവാ നമ്മൾ വിവാഹം കഴിച്ചാൽ നിന്നെ മാത്രമല്ല, സ്വന്തം കുടുംബത്തിന്റെ മാനം കാക്കാൻ എന്നെയും കൊന്നെന്നു വരാം ”

ദീപയുടെ ശബ്ദത്തിൽ നനവ് പടരുന്നതറിഞ്ഞു അരുൺ.

” പക്ഷേ നിന്നെ ഞാനൊരുപാടിഷ്ടപ്പെട്ടു പോയി ”

“അതിന്?”

ആകാംക്ഷയോടെ ദീപയെ നോക്കി അരുൺ.

“ആരും അറിയാതെ നമ്മൾക്ക് ഈ ബന്ധം തുടരണം അരുൺ നിനക്ക് എന്ത് ബിസിനസ്സ് ചെയ്യണമോ, അതിനുള്ള പൈസ ഞാൻ തരാം”

ഇവളൊരു പൊൻമുട്ടയിടുന്ന താറാവ് എന്ന ചിന്തയിൽ സന്തോഷത്തോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അരുൺ.

” പക്ഷേ ഒരു ഈച്ച പോലും ഈ വിവരം അറിയരുത് അറിഞ്ഞാൽ ആ നിമിഷം എന്നെയും, നിന്നെയും ഈ ഭൂമിക്ക് മുകളിൽ വെക്കില്ല ഡാഡി ”

എല്ലാം അംഗീകരിച്ച പോലെ തലയാട്ടിയ അരുൺ, അവളുടെ നെറ്റിത്തടത്തിലും, കവിളിലും ചുണ്ടമർത്തിയ ശേഷം ,ആ ചുണ്ടുകളെ കോർത്തെടുക്കാൻ തുനിഞ്ഞപ്പോഴെയ്ക്കും അവൾ തടഞ്ഞു.

“മുൻകരുതലെടുക്കണം അരുൺ നിനക്ക് നഷ്ടപ്പെടാനൊന്നുമില്ല ഞാനാ പെട്ടു പോകുക ”

“അതിനിപ്പോൾ എന്താ ചെയ്യുക?”

രസംമുറിഞ്ഞ അരുൺ ദേഷ്യത്തിൽ പുലമ്പിയപ്പോൾ അവളുടെ കണ്ണുകൾ ആ കുടിലിനു ചുറ്റും വളർന്നു നിൽക്കുന്ന ചെടികളിലേക്ക് നീണ്ടു:

“ഒന്നടങ്ങ് അരുൺ. ഞാൻ യുട്യൂബിലൊന്നു നോക്കട്ടെ എന്തെങ്കിലും ഒറ്റമൂലി ഈ ചെടികളിൽ നിന്നു കിട്ടാതെയിരിക്കില്ല”

മുറിയിൽ വെച്ചിരുന്ന ബാഗിൽ നിന്ന് മൊബൈൽ എടുക്കാൻ അവൾ അകത്തു കയറിയതും, അരുൺ പാന്റിന്റെ പോക്കറ്റിൽ കരുതിയ ക്വാർട്ടർ, വെള്ളം ചേർക്കാതെ വായിലേക്കു കമഴ്ത്തി.

സിരകളിൽ ചുട് പകർത്തിയ മദ്യം, അവനെ സ്വപ്നലോകത്തെത്തിച്ചു.

മൊബൈലെടുത്ത് അവൻ മുന്നിലുള്ള കായലിനെ സൂം ചെയ്തു.

കായലിലേക്ക് വീഴുന്ന വെള്ളതുള്ളികൾ !

മൊബൈലിൽ നിന്ന് കണ്ണെടുത്ത്, പുറത്തേക്ക് നോക്കിയപ്പോഴാണ് ചാറ്റൽ മഴ അവൻ കണ്ടത് തന്നെ!

മൊബൈലിനെ അവൻ അഭിമാനത്തോടെ ചുംബിച്ചു.

“ഓരോ രോമകൂപങ്ങളും ഇവൻ തെളിമയോടെ ഒപ്പിയെടുക്കും”

ചാറ്റൽമഴ പൊടുന്നനെ പെരുമഴയായി കായലിലേക്ക് പതിച്ചു.

അന്തരീക്ഷത്തിന് ഇരുട്ട് നിറം വ്യാപിച്ചു.

വീശിയടിക്കുന്ന കാറ്റിൽ തെങ്ങോല പട്ടകൾ ഒച്ചവെച്ചു.

വികാരത്തിന്റെ വേലിയേറ്റമുയർന്നപ്പോൾ,

മൊബൈലുമെടുത്ത് അരുൺ, ദീപയുള്ള കൊച്ചുമുറിയിലേക്ക് കയറി.

പഴയകട്ടിലിൽ,കമഴ്ന്നുകിടന്നു മൊബൈൽ നോക്കുന്ന അവളറിയാതെ, ഒരു മൂലയിൽ അവൻ മൊബൈൽ ഓൺ ചെയ്തു വെച്ചു.

” തെറിച്ച പെണ്ണാണെന്നു ആൾക്കാർ പറഞ്ഞപ്പോൾ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ലാട്ടോ?”

അവൾക്കരികിലായി കിടന്നു കൊണ്ട് അവനത് പറഞ്ഞപ്പോൾ, മാദക ഭാവത്തോടെ അവനെയൊന്നു നോക്കി ചിരിച്ചു ദീപ.

” അരുൺ എന്നെ ലോഡ്ജിലേക്ക് വിളിച്ചിട്ടും ഞാൻ വരാതെ, ഇവിടെയൊരുകുടിലുണ്ട് ഇവിടേക്ക് പോയാ മതിയെന്നു പറഞ്ഞതെന്തിനാണെന്നറിയോ?”

തീക്ഷ്ണതയേറിയ അവളുടെ ചോദ്യത്തോടൊപ്പം,

ആ ഓലക്കുടിലിന്റെ വാതിലടർന്നു വീഴുന്നതും ഒരു നിമിഷം ഞെട്ടലോടെ അറിഞ്ഞു അരുൺ.

അകത്തേക്കു കയറി വന്ന ആ രൂപത്തെ കണ്ടപ്പോൾ അരുൺ ഒന്ന് ആശ്വസിച്ചു.

വിനയ് …

തന്റെ സുഹൃത്തും, ബസ്സിലെ ക്ലീനറുമായവൻ!

നീയെന്തേ ഇവിടെയെന്നു ചോദിക്കുന്നതിനു മുമ്പ്, വിനയിന്റെ ചോദ്യമാണുയർന്നത്

“വീഡിയോ ഒക്കെ പിടിച്ചോ അളിയാ! ഇതുവരെ വീഡിയോ എനിക്ക് അയച്ചു തരാത്തോണ്ടാ ഞാൻ ധൃതി പിടിച്ച് ഇപ്പോൾ വന്നേ ”

” നീയൊന്നു പോകൂ വിനയ് ഇവിടേന്ന് എല്ലാം പിന്നെ പറയാം”

പടിക്കലെത്തി കലമുടക്കുന്നവന്റെ ദയനീയതയുണ്ടായിരുന്നു അരുണിന്റെ ശബ്ദത്തിൽ.

അരുൺ വല്ലാത്തൊരു വിഷമത്തിൽ ദീപയെ നോക്കിയപ്പോൾ, അവൾ ഒരു ടെൻഷനുമില്ലാതെ പുഞ്ചിരിക്കുന്നതാണ് കണ്ടത്!

” എന്നെ രക്ഷിക്കാൻ വന്ന ആൾ, എന്നെയും കൊണ്ടല്ലേ പുറത്തു പോകൂ അരുൺ ”

ദീപയത് ചോദിച്ചപ്പോൾ അരുൺ അവിശ്വസനീയതോടെ വിനയിനെ നോക്കി.

” കൂടെ നിന്ന് ചതിക്കായിരുന്നോ നീ? ”

അരുണിന്റെ ചോദ്യമുയർന്നതും, വിനയിന്റെ കൈത്തലം അവന്റെ മുഖത്തേക്ക് ആഞ്ഞു പതിച്ചു;

കടവായിലൂടെ ചോര ഇരുവശത്തേക്കും തെറിച്ചു.

” നീയല്ലേടാ ഇവളെ ചതിക്കാൻ നോക്കിയത് നാറീ പ്രാണനെ പോലെ സ്നേഹിച്ച ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയവനാണ് നീ”

അരിശം തീരാതെ അരുണിന്റെ ഇരു കവിളിലും മാറി മാറി പ്രഹരിക്കുകയായിരുന്നു വിനയ് .

” നിന്റെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് പറഞ്ഞതാ ഇവളോട്

പക്ഷെ അന്ധമായ പ്രണയം കൊണ്ടു നടന്നിരുന്ന ഇവൾ അതൊട്ടും വിശ്വസിച്ചുമില്ല”

വിനയ് വല്ലാത്തൊരു ദേഷ്യത്തോടെ അരുണിനെ കട്ടിലിൽ നിന്ന് വലിച്ചു താഴെയിട്ടു.

” പക്ഷേ ഇവൾ ബുദ്ധിമതിയാ നീ എവിടെയ്ക്കൊക്കെ വിളിക്കുന്നുണ്ടെന്ന് അപ്പപ്പോൾ അവൾ എന്നെ അറിയിക്കുന്നുണ്ടായിരുന്നു ”

“ഒരിടത്തേക്കും പോകരുതെന്നും, അങ്ങിനെ പോകുകയാണെങ്കിൽ ഇവിടേയ്ക്കു മാത്രം പോകാൻ പാടുള്ളൂ എന്നു പറഞ്ഞതും ഞാനാണ് ”

അരുണിന്, വിനയിനെ തിരിച്ചെന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നുവെങ്കിലും, ആ കായികബലത്തിനു മുന്നിൽ താൻ പതറി പോകുമെന്ന തിരിച്ചറിൽ, കിട്ടുന്നതൊക്കെ ഒരക്ഷരം മിണ്ടാതെ ഏറ്റുവാങ്ങി.

ഒരേ ബസ്സിലെ കണ്ടക്ടറും, കിളിയുമാണെന്നോർക്കാതെ ഒരു പെണ്ണിനു വേണ്ടി തന്നെ പഞ്ഞിക്കിടുന്ന ആത്മാർത്ഥ സ്നേഹിതനെ നോക്കി ഒരക്ഷരം മിണ്ടാൻ കഴിയാതെ അരുൺ നിന്നു.

“ഇവൾ എനിക്ക് ആരാണെന്ന് നിനക്കറിയോ?

വിനയിന്റെ ചോദ്യം കേട്ടപ്പോൾ,അരുൺ പൊട്ടിയ ചുണ്ടിൽ തൊട്ടു, അറിയില്ലെന്ന മട്ടിൽ വിനയിനെ നോക്കി.

” ഒന്നിച്ചു കളിച്ചു വളർന്നവൾ

എന്റെ കൈയ്യിൽ തൂങ്ങി സ്ക്കൂളിലേക്ക് വന്നിരുന്നവൾ

എന്റെ കൺമുന്നിലൂടെ വളർന്നവൾ

എന്റെ കളിക്കൂട്ടുക്കാരി

“പിടിവാശിക്കാരിയായ ഇവളുടെ ആഗ്രഹങ്ങൾക്കൊപ്പം താളം തുള്ളി നടന്നവനാണ് ഞാൻ.”

“ആ പിടിവാശി തന്നെയാണ്, നിന്നെ പ്രേമിക്കുന്നതിൽ ഞാൻ എതിര് നിന്നപ്പോഴും എന്നെ തോൽപ്പിച്ചു കളഞ്ഞതും ”

അരുൺ അവിശ്വസനീയതയോടെ വിനയിനെ നോക്കി

” ഈ ബന്ധമൊന്നും ഞാൻ പുറത്ത് വെച്ച് ഇവളോട് കാണിക്കില്ലായിരുന്നു.

” ഒരു ബസ്സ് ക്ലീനർ, ബസ്സ് മുതലാളിയുടെ മകളുമായി സംസാരിക്കുന്നത് അത്ര നല്ലതല്ലായെന്ന് എനിക്കു തോന്നിയതുക്കൊണ്ട് ”

പൊടുന്നനെ മൂലയിലിരുക്കുന്ന മൊബൈൽ കണ്ട് വിനയ് അതെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചു.

” അങ്ങിനെ അവളുടെ സൽപേരിന് കളങ്കമൊന്നും വരരുതെന്ന് ആഗ്രഹിക്കുന്ന ഞാൻ, നിനക്കവളെ പിച്ചിചീന്താൻ തന്നിട്ട് വെറുതെയങ്ങ് തിരിച്ചു പോകുമെന്നു കരുതിയോ നായേ?”

പറഞ്ഞു തീർന്നതും നെഞ്ചിൻ കൂട് നോക്കി ഒരു ചവിട്ടു കൂടി കൊടുത്തു.

ഒരു ഞരങ്ങലോടെ അരുൺ തറയിൽ കിടന്നു പുളഞ്ഞു.

“മതിയായില്ലേ പ്രേമം? ഇനി പോകാം”

വിനയ് കോപത്തോടെ ദീപയുടെ കൈ പിടിച്ചു

“ഒരഞ്ചു മിനിറ്റ് വിനയ് ഡാഡിയും, പോലീസുക്കാരും ഇപ്പോൾ വരും ”

വിനയ് കാര്യമറിയാതെ അവളെ നോക്കി.

“വിനയിനോട് മാത്രമല്ല ഡാഡിയോടും ഞാൻ പറഞ്ഞിട്ടുണ്ട് ”

അരുൺ നിലത്ത് കിടന്ന് ദയനീയതയോടെ ഇരുവരെയും നോക്കി.

” ഈ പ്രണയത്തിന്റെ എല്ലാ കാര്യവും ഡാഡിക്കറിയാം

അമ്മയില്ലാത്ത മോളുടെ വാശിക്ക് മുന്നിൽ തോറ്റു തരുന്ന ഡാഡി ഈ പ്രണയത്തിനും തോറ്റു തന്നിരുന്നു .

അത് ഈ നായക്കറിയില്ലായിരുന്നു.”

ദീപ ദേഷ്യവും സങ്കടവും കലർന്ന് ഭ്രാന്തായതു പോലെ നിലത്തു കിടന്നിരുന്ന അരുണിനെ ചവിട്ടി:

“മോനെ അരുണേ, നൂറ് ശതമാനം അന്ധമായി പ്രണയിച്ചിരുന്നില്ല നിന്നെ ഞാൻ, അങ്ങിനെയുള്ള പ്രണയം താലികെട്ടിയതിനു ശേഷം മതിയെന്നു പറഞ്ഞത് എന്റെ വിനയ് ആണ്. ”

വായ്ക്കുള്ളിൽ ഊറിക്കൂടിയ രക്തം പുറത്തേക്ക് തുപ്പി അരുൺ

“മൊബൈലിൽ ഞാൻ നോക്കിയത് മുൻകരുതലിനെ കുറിച്ചു തന്നെയായിരുന്നു. പക്ഷേ നീ വിചാരിക്കുന്ന മുൻ കരുതലല്ലായെന്നു മാത്രം ”

“ചതിയുടെ പത്മവ്യൂഹം ഭേദിക്കാൻ ഏതെങ്കിലും പഴുതുകൾ കണ്ടെത്തണമെന്ന ചിന്താഗതിയുള്ള ഇന്നത്തെ പെണ്ണായിരുന്നു ഞാനെന്ന് നീ നാളെയോർക്കും ഏതെങ്കിലും ജയിലിലെ സെല്ലിനുള്ളിൽ വെച്ച് ”

വിനയിന്റെ കൈയ്യും പിടിച്ച്,കുടിലിൽ നിന്ന് പുറത്തേക്കിറങ്ങിയ ദീപയപ്പോൾ കണ്ടത് തന്നെ പുഞ്ചിരിയോടെ വരവേറ്റുക്കൊണ്ട് പോലീസ് ജീപ്പിൽ ചാരി നിൽക്കുന്ന ഡാഡിയെയായിരുന്നു

തങ്ങളെ കടന്ന് പോലീസുകാർ, കുടിലിനുള്ളിലേക്ക് ഓടിക്കയറുന്നത് കണ്ട ദീപ,

വിനയിന്റെ കൈയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കി.

ആ മുറുക്കിപിടുത്തം കണ്ട് തലയിൽ കൈവെച്ചു പുഞ്ചിരിക്കുന്ന ഡാഡിയുടെ അരികിലേക്ക് ചെന്നു നിന്നു അവൾ പതിയെ അയാളുടെ കാതിൽ മന്ത്രിച്ചു.

“ഇവൻ തന്നെയാണ് എനിക്ക് വിധിച്ചത് ഡാഡീ ”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *