എന്റെ കൊച്ചേ എനിക്ക് പെണ്ണ് കണ്ട് എക്സ്പീരിയൻസ് ഒന്നും ഇല്ല.. ചേട്ടൻ പേടിക്കണ്ട… ഇങ്ങനെ ഒക്കെ അല്ലേ എക്സ്പീരിയൻസ് ഉണ്ടാകുന്നെ…

രചന : cicy ann

ഒരു ക്ളീഷെ പെണ്ണുകാണൽ…

❤❤❤❤❤❤❤❤❤❤❤

കോളേജിൽ പഠിക്കുമ്പോൾ ഫ്രണ്ട്‌സിനോടൊക്കെ പ്രസംഗിക്കുമായിരുന്നു…ഞാൻ പെണ്ണുകാണൽ പോലൊള്ള ക്ലിഷേ പരിപാടിക്ക് നിൽക്കില്ല! ഏതേലും കോഫി ഷോപ്പിലോ പാർക്കിലോ മീറ്റ് ..കുറച്ചു ദിവസം വർത്തമാനമൊക്കെ പറഞ്ഞു പരസ്പരം മനസിലാക്കുന്നു.. നുമ്മടെ റേഞ്ച് ആണേൽ ഫിക്സ്ഡ്!! പ്രേമിച്ചു കെട്ടണതാണേൽ നമ്മളെ കൊണ്ട് പറ്റണ ടാസ്‌കും അല്ല…

അത്യാവിശത്തിലധികം ഫ്രീഡം തരുന്ന അൾട്രാമോഡേൺ ഫാമിലി ആണ് ഞങ്ങളുടേത് എന്നൊക്കെ പറഞ്ഞു തള്ളിമറിച്ചിട്ടുണ്ട്…

ഹോ എന്തൊക്കെ പറഞ്ഞാലും നല്ല ആലോചന(മമ്മീടെ ഭാഷയിൽ)വന്നാൽ കേരളത്തിലെ അമ്മമാർക്ക് ഒരു വാക്കേയുള്ളു….നല്ല കൂട്ടരാ മോളെ..വന്ന് കണ്ടിട്ട് പൊക്കോട്ടെന്ന്!!!

MSc കഴിഞ്ഞ് കുഴപ്പമില്ലാത്ത ഒരു ജോലിക്ക് കേറീട്ടു അധികം നാളായിട്ടില്ല…പെൺപിള്ളേർടെ പഠിത്തം കഴിഞ്ഞെന്ന സിമ്പൽ കിട്ടിയാൽ കുളത്തിലെ മാക്കാച്ചിതവളയെ പോലെ ഉടൻ പൊങ്ങിവരും..ബ്രോക്കർമാർ!

ആ എന്തായാലും, അങ്ങനെ ഒരു ആചാരത്തിനു ഇതാ അടിയൻ സാക്ഷ്യം വഹിക്കാൻ പോകുന്നു… ഓം ശാന്തിഹി!

8 മണി ആയിട്ടും എണീക്കാൻ തോന്നിയില്ല..

ഡോർ തുറക്കണ ശബ്ദം കേട്ട് ഇടങ്കണ്ണിട്ട് നോക്കി.. അതാ ചപ്പാത്തി പലകയും പിടിച്ച് സാക്ഷാൽ മമ്മിജി!

“ഹായ് ഇന്നെന്താ ചപ്പാത്തി ആണോ?? ”

മുഖത്തു നോക്കിയപ്പോൾ എന്റ പൊന്നോ കള്ളിയങ്കാട്ടുനീലി ഒന്ന് മാറിനിൽക്കും…

“നല്ലൊരു ദിവസായിട്ട് നേരത്തെ എണീറ്റുടെ??”

“ഓഹോ പെണ്ണുകാണൽ ദിവസം ഇത്ര നല്ല ദിവസമാണോ??” ഹുഹു..

“ഇന്നേലും ഒന്ന് തലനനച്ചു കുളിക്ക് കൊച്ചേ!”

ശോ.. മിനഞ്ഞാന്നല്ലേ തലനനച്ചേ!

ചുറ്റും ഒന്ന് കണ്ണോടിച്ചു..കസേരയിൽ തേച്ച സാരി!

വാട്ട് ???!!!! ഇന്നെന്താ ഫാൻസിഡ്രെസ്സോ? 6 മീറ്റർ തുണി ചുറ്റാൻ എന്നെകൊണ്ട് മുടിയാത് !!മുളങ്കമ്പിന് ബെഡ്ഷീറ്റ് പുതപ്പിച്ച ലുക്ക്‌ ആകും.

മുല്ലപ്പൂ കണ്ട് സിരിച്ചു ചത്തു.. പ്രത്യേകിച്ച് ഫാഷൻ ഒന്നുമില്ലാതെ മുടി തോളുവരെ വെട്ടി വെച്ചേക്കണ എനിക്കാ മുല്ലപ്പൂ..

മുല്ലപ്പൂ മാലേന്നു പൂ ഓരോന്നായി പറിച്ചെടുത്ത് ഞാൻ ചവച്ചു തുടങ്ങി…

പല്ലൊക്കെ തേച്ചു സ്ഥിരം ഇടാറുള്ള കറുത്ത കുർത്തയും വെള്ള പലാസയും ഇട്ട് ഞാൻ താഴേക്ക് എഴുന്നള്ളി..

മമ്മിക്കിഷ്ടപ്പെട്ടില്ല..

“എന്റെ പൊന്ന് വവ്വാൽ മോളെ..വീട്ടിൽ ദാരിദ്ര്യം ആണെന്ന് പറയുവല്ലോ.നല്ലത് വെല്ലോം എടുത്തിട്!”

“സീ മമ്മി.. എന്റെ കണ്ടിഷൻസ് പാലിക്കണം ഇല്ലേൽ ഞാൻ പെണ്ണുകാണാൻ നിൽക്കില്ല!”

എന്താച്ചാ ആയിക്കോട്ടേന്ന് കരുതി മമ്മി പോയി..

എല്ലാരും അകത്തു തിരക്കിലാർന്നു..മമ്മിയും പപ്പേം അടുക്കളേൽ..അനിയൻ ഫോണിൽ …

“എടി ചേച്ചിയേ.. എന്റെ അളിയൻ വരാറായില്ലേ..”

“പ്ഫാ !!ബ്ലഡി കുരിപ്പേ!! അളിയൻ എന്ന വാക്ക് മിണ്ടിയാൽ നിന്റെ മോന്ത അളിഞ്ഞഷേപ്പ് ആക്കും!”

“അമ്മേ……..ഇവളെ ഒക്കെ കെട്ടിച്ച് കൊടുത്ത് ഒരുത്തനെ കൊലയ്ക്ക് കൊടുക്കണോ??”

ഹോ..ബ്രോ ഈസ്‌ അൺസഹിക്കബിൾ !വരണ ചെക്കന്റെ കൂടെ ഇന്ന് തന്നെ ഇറങ്ങിപ്പോയാലോ??

മുറ്റത്ത് ഒന്ന് ഉലാത്താന്ന് കരുതി..

പഴുത്ത ചാമ്പക്കകൾ റോട്ടിൽ ചാഞ്ഞു കിടപ്പാണ്.. കണ്ടപ്പോ കണ്ട്രോൾ പോയി.. വേഗം തോട്ടി എടുത്ത് പലാസ ഒക്കെ മടക്കികുത്തി.. മതിലിൽ കേറി പറിച്ചു..

അപ്പോളാണ് ഒരു കാർ ഗേറ്റിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്..

എന്റെ അന്തോനീസ് പുണ്യാളാ…..ചെക്കനും ടീമ്സും ആണ്.

മതിലിനു മുകളിൽ നിന്ന എന്നോട് ചോദിച്ചു..

“മോളെ ഇതല്ലേ ആൻ വില്ല? ”

ഞാൻ ചാടിഇറങ്ങി…ഛേ നാണക്കേടായോ?

“അതെ പെണ്ണ് കാണാൻ വന്നവർ ആണോ? ”

“അതെ.”

“അകത്തേക്ക് വന്നാട്ടേ.”

എന്നെ കണ്ടു തിരിച്ചറിഞ്ഞില്ല.. ഭാഗ്യം..എങ്ങനെ അറിയും!അയച്ചുകൊടുത്ത ഫോട്ടോയിൽ ഒടുക്കത്തെ എഡിറ്റിംഗ് അല്ലേ..ഹിഹി സ്റ്റുഡിയോന്നു ഫോട്ടോ കിട്ടിയപ്പോ ഞാൻ തന്നെ അന്തംവിട്ടു പോയി.. പിന്നാ…

ചെക്കനെ കണ്ടു..മഞ്ഞ ജാക്കറ്റ് ഒക്കെ ഇട്ടാണ് കാറിൽ ഇരുന്നേ..ഇതെന്താ ഡാർക്ക്‌ സീരീസോ?

ഓ..ആ എന്റെ ജീവിതം ഡാർക്ക്‌ ആകാൻ പോകുവല്ലേ..

കാണാൻ വല്യ കൊഴപ്പമില്ല. ഒരു ആനചന്തം ഒക്കെ ഉണ്ട്. കണ്ണാടി വെച്ചാണ് വരവ്.. അയ്യടാ ഇമ്പ്രെഷന് വേണ്ടി ആകും… കണ്ണാടി വെച്ചവന്മാരാ ഏറ്റോം കൂതറകൾ എന്ന് നമ്മക്കല്ലേ അറിയൂ…

എന്റെ പിടിവാശി കൊണ്ട് ചായ അമ്മ ആണ് കൊടുത്തേ..

ഞാൻ പലഹാരം..

കർത്താവേ ജിലേബി!വായിൽ സ്വിമ്മിംഗ് പൂൾ രൂപപ്പെട്ടു..അണ്ണാക്കിലോട്ട് ഒരെണ്ണം തിരുകി..ദർശനം കൊടുക്കാൻ ടൈം ആയോണ്ട് ചവച്ചിറക്കാൻ പറ്റിയില്ല.. വായിൽ ജിലേബിയുമേന്തി ഞാൻ നിൽപ്പാണ്..

മമ്മി ഫുൾ തള്ളാണ്.

അവൾ നല്ല മാർക്കോടെയാ പാസ്സ് ആയേന്നൊക്കെ.

കുന്തം ! തട്ടിമുട്ടി പാസ്സ് ആകാൻ പെട്ട പാട്.

മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ എന്ന് ചെക്കന്റെ അച്ഛൻ.

നാണം ആകും പെൺപിള്ളേരല്ലേ എന്ന് വകേലെ ഏതോ അമ്മാവൻ..

പപ്പ എന്നെ ഒന്ന് നോക്കി.. ഇവൾക്ക് നാണം എന്നാൽ എന്താന്ന് അറിയാമോ എന്ന ചോദ്യം ഉണ്ടായിരുന്നു നോട്ടത്തിൽ..

അപ്പോളാണ് കുരുത്തംകെട്ട അനിയൻ മൊഴിഞ്ഞത്.. “അവളുടെ വായിൽ ജിലേബി ആണ് ചേട്ടാ..”

ശവം!ന്തായാലും അന്തസ്സോടെ ചവച്ചിറക്കി.

എന്തായാലും എന്നെ മതിലിന്റെ മോളിൽ കണ്ട കാര്യം ഒന്നും ഇവർ പറഞ്ഞില്ല.. സന്തോഷം!

അവർക്കെന്തെലും പറയാൻ ഉണ്ടാകും എന്ന് ആരേലും പറയാൻ വെയിറ്റ് ചെയ്യുമ്പോളാ അത് മമ്മി പറഞ്ഞെ….

നേരെ ഞാൻ പോയത് മുകളിലെ ബാൽക്കണിയിലായിരുന്നു ചെക്കനും അനുഗമിച്ചു..

1 മിനിറ്റ് സൈലെൻസ് ബ്രേക്ക്‌ ചെയ്ത് കൊണ്ട് പുള്ളിക്കാരൻ തുടങ്ങി…

പേര് ആൻ അല്ലേ?

അതെ.

എന്താ ചെയ്യുന്നേ

Msc കഴിഞ്ഞു വർക്ക്‌ ചെയ്യുന്നു(ശെടാ ഇതിങ്ങേർക്ക് നേരത്തെ അറിയാല്ലോ.. പിന്നെന്തിനാ വീണ്ടും ചോയിക്കണേ..ആഹ് പാവം മുഖത്തു ടെൻഷൻ ഉണ്ട് )

‘വീടെവിടെയാ? ”

ഒരു നിമിഷം നിശബ്ദം.. പിന്നെ രണ്ട് പേരും പൊട്ടിച്ചിരിച്ചു..

“എന്റെ കൊച്ചേ എനിക്ക് പെണ്ണ് കണ്ട് എക്സ്പീരിയൻസ് ഒന്നും ഇല്ല”

“ചേട്ടൻ പേടിക്കണ്ട. ഇങ്ങനെ ഒക്കെ അല്ലേ എക്സ്പീരിയൻസ് ഉണ്ടാകുന്നെ”

ഇത് കേട്ട് എന്നെ അടിമുടി നോക്കി.

“അല്ലാ ഇയാൾക്കു പനി ആയിരുന്നോ??”

“ന്തേയ്‌?? ”

“മുടി ഒക്കെ പാറിപറന്ന് കിടക്കുന്നു.”

“ഓഹ് അത് ഞാൻ രണ്ട് ദിവസം തലനനച്ചില്ല.എന്നാ തണുപ്പാ..”

“ഞാനും..പിന്നെ പാരച്യൂട്ട് വെച്ച് അഡ്ജസ്റ്റഡ്”

ശെടാ ഇയാള് നമ്മ്ടെ ടീം തന്നെ.

“ഇയാൾ ഫുഡി ആണല്ലേ”

ഹാവു..ഒരു ഫാക്ട് പറഞ്ഞു

“അതെ ചേട്ടോ..ഫുഡ്‌ ഈസ്‌ മൈ ലൈഫ്!”

“എന്നിട്ടെന്താ ഇങ്ങനെ കോലുപോലെ? ”

ചോദ്യം എനിക്ക് പിടിക്കാത്തത് മനസ്സിലായിട്ടാവണം പുള്ളി തുടർന്നു..

“ഞാനും ഫുഡി ആണൂട്ടോ.. തട്ടുകട ഐറ്റംസ് ആണ് മെയിൻ ”

“ആണോ ഞാൻ തട്ടുകട ഒക്കെ വിട്ട് ഇപ്പോ ഷാപ്പിലാ പിടി”

പുള്ളിക്കാരൻ അന്തംവിട്ട ഒരു നോട്ടം നോക്കി.

“ചേട്ടന് ട്രാവെല്ലിങ് ഇഷ്ടാണോ? ”

“അതെ.”

“ഏതാ ഇഷ്ടപെട്ട ഡെസ്റ്റിനേഷൻ? ”

“ഹൈ റേഞ്ച് ആണ് താല്പര്യം..മഞ്ഞും റൈഡും സൺറൈസും ഹോ പൊളി അല്ലേ”

“അയ്യേ..എനിക്ക് ബീച്ചാണ് ഇഷ്ടം..ഹൈ റേഞ്ചിൽ കാര്യായിട്ട് തിന്നാൻ കിട്ടില്ല…ബീച്ചിലാകുമ്പോ എന്തോരം ഫുഡ്‌ ഐറ്റംസ് ആണ്.”

പറഞ്ഞത് കേട്ട് അങ്ങേരു പൊട്ടി ചിരിച്ചു..

(ഇതിപ്പോ ഇത്ര കോമഡി ആണോ)

“ഇയാൾക്കു അറിയാത്ത കൊണ്ടാ.. ഹൈ റേഞ്ചിലും അടിപൊളി ഫുഡ്‌ ആണ്..”

ആ ശെരിയാകും.. ഊട്ടീലോക്കെ പോയാൽ ഹോം മെയ്ഡ് ചോക്ലേറ്റ് ന്റെ പിന്നാലെ ആകും..

ബാക്കി ഒക്കെ നോക്കാൻ എവിടെയാ നേരം?

“അല്ലാ ഇയാളുടെ ഇഷ്ടപെട്ട ഡിഷ്‌ എന്താ?”

“എനിക്ക് പ്രതേകിച്ചു ഇന്നത് എന്നൊന്നുല്ല..

ന്നാലും എന്റ മോനേ മീൻകറി !പ്രതേകിച്ചു അയല തലക്കറി!

ചേട്ടന്റെയോ? ”

“എനിക്ക് കറിയെക്കാൾ പൊരിച്ചതാണ് ഇഷ്ടം…

പൊരിച്ച മീനും പച്ച ഉള്ളിയും കൂടി തിന്നണം..ഹോ!”

“ഹോ ഒന്ന് നിർത്ത്… ടോപ്പിക് മാറ്റിയാലോ ”

“അല്ല..തനിക്കതിനു ഫുഡ്‌ മാത്രമല്ലെ പറയാൻ ഉള്ളൂ.. വേറെന്തെലും ഹോബീസ്?ഡാൻസ് ? പാട്ട്?

“ഏയ്യ് ഞാനോ…ബെസ്റ്റ് ദാ ആ ചുവരിലെ ആർട്ട്‌ കണ്ടോ ”

“വൗ.. നൈസ് .. ശെരിക്കും സ്റ്റിക്കർ ഒട്ടിച്ചപോലെ… വരച്ചതാണെന്നു തോന്നില്ല ”

“അതിനു ആരു പറഞ്ഞു വരച്ചതെന്ന്.. ഇതു സ്റ്റിക്കറാ.. ഹിഹി ”

ശശി ആയത് പ്രകടിപ്പിക്കാതെ പുള്ളി അടുത്ത ചോദ്യങ്ങളിലേക്ക് കടന്നു..ഞാനും…

എന്ത് പറഞ്ഞാലും ഒടുക്കം രണ്ടാളും ഫുഡിലാണ് അവസാനിക്കുക..

“ആ ചേട്ടോ പിന്നെ ഒരു കാര്യം.. തീറ്റ മാത്രമേ ഉള്ളൂ..ഉണ്ടാക്കാൻ പുരിയലെ..ഡോണ്ട് വറി പഠിക്കുന്നുണ്ട്”

“ആ…പതുക്കെ മതി എനിക്ക് പാചകം ഇഷ്ടമാ..”

“ഹാവു.. ഞാൻ രക്ഷപെട്ട്.

അല്ല ചേട്ടാ നമ്മൾ ഇത് ഉറപ്പിച്ചോ? ”

“എന്ത്? ”

“ഈ ബന്ധം”

“അത് ശെരിയാണല്ലോ.നിനക്ക് ഒക്കെ ആണേൽ എനിക്ക് ഒക്കെ ആണ്.”

“ആ എനിക്ക് കൊഴപ്പമൊന്നൂല്ല..”

അങ്ങനെ ആദ്യത്തെ പെണ്ണ്കാണൽ കൊണ്ട് സിംഗിൾ ലൈഫിന് തിരശീല വീണു.

ആറു മാസം കഴിഞ്ഞ് കെട്ടും കഴിഞ്ഞു പള്ളിന്ന് ഇറങ്ങുമ്പോൾ വല്ലാത്ത ടെൻഷൻ ആയിരുന്നു..

“മോൾക്ക് ഇവിടെ ഒക്കെ വിട്ടുപോണേന്റെ ടെൻഷൻ ആകും ” ഏതൊക്കെയോ മാമി ടീംസ് ആണ്.

“സാരില്ല അത്ര ദൂരത്തൊന്നുമല്ലല്ലോ

എപ്പോളാണേലും വരാല്ലോ” എന്ന് തുടങ്ങിയ സ്ഥിരം ഡയലോഗുകൾ !

എല്ലാരും തിന്നാൻ പോയപ്പോൾ.. ചേട്ടൻ ചെവില് പറഞ്ഞു… എന്താടി ഒരു ടെൻഷൻ ??

അത് പിന്നെ ചേട്ടാ വെൽക്കം ഡ്രിങ്ക് എന്തായാലും കിട്ടിയില്ല… ഇനീപ്പോ starters ഒക്കെ തീർന്നുകാണുമോ??

ഇത് കേട്ട് നിർവികാര ഭാവത്തോടെ പുള്ളി ഒന്ന് നോക്കി..

എന്നിട്ട് പറഞ്ഞു “എന്റെ വ്യാകുലമാതാവേ ഈ കുരിശു തന്നെ എന്റെ തലേൽ വന്നല്ലോ!”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം

രചന : cicy ann

Leave a Reply

Your email address will not be published. Required fields are marked *