രാത്രിയിൽ തൻ്റെ മാറിൽ തല ചായ്ച്ചു ഉറങ്ങുന്ന അവളുടെ നെറുകയിൽ അവൻ വാത്സല്യത്തോടെ തലോടി…

രചന : നിശാഗന്ധി നിശ

“നിച്ച് ഒരു ഉമ്മ തരോ കിച്ചൂട്ടാ…ദിവിടേം ദിവിടേം ദിവിടേം മൊത്തം വേണം….”നെറ്റിയിലും കവിളിലും ചുണ്ടിലും മാറി മാറി തൊട്ട് കാണിച്ച് ഉമ്മ വേണമെന്ന് പറയുന്ന മാധുവിനെ നോക്കി കൃഷ്ണചന്ദ്രൻ കാര്യമറിയാതെ നിന്നു…

“ഇതെന്താപ്പോ ൻറെ കൊച്ചിന് ഒരു ഉമ്മ പൂതി…”അവളെ തന്നിലേക്ക് ചേർത്ത് നിർത്തി താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടവൻ ചോദിച്ചു…

“കിച്ചൂട്ടന്റെ അമ്മ പറഞ്ഞല്ലോ ഉമ്മ വക്കുന്നത് സ്നേഹം കൊണ്ടാണെന്ന്…കിച്ചൂട്ടന് എന്നോട് ഇത്ര സ്നേഹമില്ലേ…ന്നിട്ടെന്താ നിച്ച് മാത്രം ഉമ്മ തരാത്തെ …?”ഇരുകയ്യുകളും വിടർത്തിക്കാട്ടി പരിഭവത്തോടെ അവൾ ചോദിച്ചു….

“അമ്മ പറഞ്ഞെന്നോ…???”അവൻ സംശയത്തോടെ ചോദിച്ചു..

“ആ കിച്ചൂട്ടാ…ഞാനേ മ്മടെ വാവയ്ക്ക് ഇടാനുള്ള ഫ്രോക്കുണ്ടല്ലോ…അതെടുക്കാനേ ചിറ്റയുടെ മുറിയിൽ പോയതാ…അപ്പൊ ആ മീശപിള്ളേച്ചൻ ഉണ്ടല്ലോ ചിറ്റേന്റെ ദിവിടേം ദിവിടേം ഒക്കെ ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടല്ലോ…

മോള് അയ്യേന്ന് പറഞ്ഞ് കണ്ണ് പൊത്തിയപ്പോഴേ ഒളിഞ്ഞു നോക്കുന്നോടീ പ്രാന്തീന്നും പറഞ്ഞ് ചിറ്റ ന്നെ ഇവിടേം ഇവിടേം ഒക്കെ തല്ലി …ന്നിട്ടേ ന്നെ വെളിയിലേക്ക് തള്ളിയിട്ട് കതകും അടച്ചു …

കിച്ചൂട്ടൻ കണ്ടോ മോൾടെ കയ്യൊക്കെ മുറിഞ്ഞിരിക്കുന്നേ…” തൊലി പൊട്ടി ചോര പൊടിഞ്ഞിരുന്ന വലത് കൈ മുട്ട് അവളവനെ ഉയർത്തിക്കാണിച്ചു…അവൻ അതിലേക്ക് ഒന്ന് തൊട്ടതും അവൾ വേദന കൊണ്ട് ഞരങ്ങി..അത് കാൺകെ അവൻറെ കണ്ണുകൾ നിറഞ്ഞു…

“കിച്ചൂട്ടൻ കരയണ്ടാട്ടോ …മോൾക് ഒന്നും പറ്റിയില്ലല്ലോ…”നിറഞ്ഞു വന്ന അവൻ്റെ കണ്ണുകളെ ഇരുകയ്യാലെയും അവൾ തുടച്ചുമാറ്റി..

“നിച്ച് ഒരു ഉമ്മ തായോ കിച്ചൂട്ടാ …അമ്മ പറഞ്ഞല്ലോ ചിറ്റക്ക് സ്നേഹം കൊണ്ടാ മീശപിള്ളേച്ചൻ ഉമ്മ കൊടുത്തേന്ന്…നിച്ചും വേണം…നിച്ച് കിച്ചൂട്ടനെ ഒത്തിരി ഇഷ്ടാണല്ലോ….

കുന്നിക്കുരൂന്റത്രേം ഇഷ്ടമാ മോളേന്നു കിച്ചൂട്ടൻ പറഞ്ഞില്ലിയോ..ന്നിട്ടെന്താ നിച്ച് ഉമ്മ തരാത്തെ

പെയ്യാൻ വെമ്പി നിൽക്കുന്ന അവളുടെ കണ്ണുകളും പുറത്തേക്കുന്തി നിൽക്കുന്ന അവളുടെ ചുണ്ടും കാൺകെ എന്തെന്നില്ലാത്ത വാത്സല്യം അവനിൽ നിറഞ്ഞു..

“എൻ്റെ പൊന്നെന്തിനാ സങ്കടപ്പെടുന്നേ…?വാവേന് കിച്ചൂട്ടൻ ഉമ്മ തരാല്ലോ” അവളുടെ മൂർദ്ധാവിൽ വാത്സല്യത്തിന്റെ ഒരു നനുത്ത ചുംബനം പതിഞ്ഞു..ശേഷം കവിളിണകിലും…

പിന്നെയും അധരത്തിൽ ചൂണ്ട് വിരൽ കൊണ്ട് തൊട്ട് കാണിക്കുന്ന അവളുടെ കൈവെള്ളയിൽ ഒരു ചുംബനം കൂടി അവൻ നല്കി..

സന്തോഷത്താൽ ആ പെണ്ണിൻറെ മിഴികൾ വിടർന്നിരുന്നു…

രാത്രിയിൽ തൻ്റെ മാറിൽ തല ചായ്ച്ചു ഉറങ്ങുന്ന അവളുടെ നെറുകയിൽ അവൻ വാത്സല്യത്തോടെ തലോടി…ഭൂതകാലത്തിലേക്കുള്ള യാത്രയിലായിരുന്നു അവൻ്റെ മനസ്സ്….

*******************

റിട്ടയേർഡ് കേണൽ രാമചന്ദ്രന്റെയും ഭഗീരഥിയമ്മയുടെയും രണ്ടാമത്തെ പുത്രൻ ആയിരുന്നു കൃഷ്ണചന്ദ്രൻ എന്ന കിച്ചു…മൂത്തത് കൃഷ്ണജ…കല്യാണവും കഴിഞ്ഞ് ഭർതൃ ഗൃഹത്തിലാണ് ..

ബാങ്കിലെ ജീവനക്കാരനാണ് കിച്ചു…ജാതകദോഷത്തിൻറെ പേരിൽ വിവാഹാലോചനകൾ എല്ലാം മുടങ്ങിവരുന്ന സമയം…..ആയിടയ്ക്കാണ് രാമചന്ദ്രൻ്റെ സുഹൃത്ത് പാർത്ഥൻ പിള്ള അദ്ദേഹത്തിന്റെ മകളുമായുള്ള വിവാഹാലോചനയുമായി മുന്നോട്ട് വന്നത്…ജാതകദോഷത്തിന്റെ കാര്യം പറഞ്ഞപ്പോൾ തനിക്കതിലൊന്നും വിശ്വാസമില്ല അമ്മയില്ലാതെ വളർന്ന തൻ്റെ മകൾക്ക് ഇതിലും നല്ലൊരാലോചന കിട്ടാനില്ലെന്ന് പറഞ്ഞു…എന്തിനും ഏതിനും അവസാനവാക്ക് കേണലിന്റെ ആയിരുന്നു…

ഭഗീരഥിയമ്മയ്‌ക്കോ കൃഷ്ണജക്കോ ഇഷ്ടമല്ലാഞ്ഞിട്ടു കൂടി കേണലിൻറെ നിർബന്ധപ്രകാരം വിവാഹം നടന്നു…

വിവാഹം എടിപിടീന്ന് ആയതിനാൽ കിച്ചുവിന് അവളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ സാധിച്ചില്ല…എങ്കിലും അവൻ്റെ കാര്യങ്ങൾ എല്ലാം അവൾ അറിഞ്ഞു ചെയ്തു…അവൻ്റെ ഒരു നോട്ടമോ ഒരു വാക്കോ അതൊന്ന് മാത്രം മതിയായിരുന്നു ആ പെണ്ണിന് സന്തോഷിക്കാൻ…

ആഹാരം കഴിച്ചുകഴിഞ്ഞ് അവൻ വച്ചിട്ട് പോകുന്ന പാത്രത്തിലെ അവശേഷിക്കുന്ന വറ്റ് തിന്നും അവൻ കുടിക്കുന്ന ചായയുടെ ബാക്കി നുണഞ്ഞും അവൾ തൃപ്തി കണ്ടെത്തും…പതിയെ പതിയെ അവനും അവളെ സ്നേഹിക്കാൻ തുടങ്ങി…അവളുടെ ലോകം അവനിലേക്ക് മാത്രം ഒതുങ്ങിയപ്പോൾ അവൻ്റെ ഹൃദയസ്പന്ദനം പോലും അവൾക്കായി മിടിച്ചു….ഇരുവരും മത്സരിച്ചു പ്രണയിച്ചു…നിശയിൽ അവരുടെ പ്രണയസുരഭില നിമിഷങ്ങൾ കണ്ട് തിങ്കളും തല താഴ്ത്തി …

വൈകാതെ തന്നെ തൻ്റെ തുടിപ്പ് അവളുടെ ഉദരത്തിലുണ്ടെന്ന വാർത്ത അവൻറെ കാതുകളെ കുളിരണിയിച്ചു…കേണലും കിച്ചുവും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു…

അപ്പോഴേക്കും വിധി വില്ലനായി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നു…..

അവൾക്ക് ഏതാണ്ട് രണ്ടാം മാസമായ സമയത്ത് കേണൽ വീട്ടിൽ കുഴഞ്ഞു വീണു…ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം പരലോകം പ്രാപിച്ചിരുന്നു…അതോടെ വീടിൻറെ പൂർണ്ണമായ അധികാരവും ഭഗീരഥിയമ്മക്കായി..

കൃഷ്ണജയും ഭർത്താവും മകളും അവിടെ താമസമാക്കി…കേണൽ മരിച്ചത് അവളുടെയും വരാനിരിക്കുന്ന കൊച്ചിന്റെയും ജാതകദോഷം കൊണ്ടാണെന്നുള്ള കുറ്റപ്പെടുത്തലുകൾ പതിവായി…അമ്മയെയും ഭാര്യയെയും ഒരുപോലെ സ്നേഹിക്കുന്ന മകൻ അവിടെ നിസ്സഹായനായി നിന്നു…വൈധവ്യ ദോഷം അവനായിരുന്നിട്ട് കൂടി പറഞ്ഞുവന്നപ്പോൾ അതവൾക്കായി മാറി…എങ്കിലും അവൾ തളർന്നില്ല…സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭർത്താവിനും വരാനിരിക്കുന്ന തൻ്റെ കുഞ്ഞിനും വേണ്ടി അവൾ എല്ലാം ക്ഷമിച്ചു…

ആയിടയ്ക്കാണ് ഭഗീരഥിയുടെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയുടെ ആലോചന കിച്ചുവിന് വന്നത്…ഭർത്താവ് മരിച്ചെന്നും ഇട്ടുമൂടാനുള്ള സ്വത്ത് ഉണ്ടെന്നും കേട്ടതോട് കൂടി ഭഗീരഥിയമ്മയുടെയും ആർത്തിപ്പണ്ടാരമായ മകളുടെയും കണ്ണ് മഞ്ഞളിച്ചു…എങ്ങനെയെങ്കിലും അവളെ ഒഴിവാക്കാൻ അവർ ശ്രമിച്ചു…എന്നും കുടിക്കാറുള്ള ഓറഞ്ച് ജ്യൂസിൽ അവർ പൈനാപ്പിളിന്റെയും പപ്പായയുടെയും നീര് കലർത്തി…

സ്നേഹം കാട്ടി അതവൾക്ക് കൊടുത്തു…

ഇതുവരെ അവരുടെ സ്നേഹം അവൾക്ക് അന്യമായിരുന്നതുകൊണ്ട് ഒന്നും ചിന്തിക്കാതെ ആ പൊട്ടിപ്പെണ്ണ് അതുകുടിച്ചു…എന്നിട്ടും തെല്ല് ശങ്കയുണ്ടായിരുന്നതിനാൽ അമ്മയും മകളും സ്റ്റെയറിൽ വെളിച്ചെണ്ണ ഒഴിച്ചു…താഴേക്ക് ഇറങ്ങി വന്ന അവൾ അതിൽ തെന്നി താഴേക്ക് വീണു…ദേഹമാസകലം ചോരയിൽ മുങ്ങിക്കിടക്കുന്ന അവളെ കണ്ടിട്ടും അമ്മയും മകളും ടീവിയിൽ സീരിയലും കണ്ടുകൊണ്ട് ഇരുന്നു…വൈകിട്ട് ജോലിയും കഴിഞ്ഞു വരുന്ന കിച്ചു കാണുന്നത് ചോരയിൽ മുങ്ങിക്കിടക്കുന്ന തൻ്റെ പ്രിയപ്പെട്ടവളെയാണ്…അവനെ കണ്ടതും കള്ളക്കണ്ണീരും കാണിച്ച് അമ്മയും മകളും അലമുറയിട്ട് കരഞ്ഞു…അവളെ കൈകളിലേന്തി ഒരു ഭ്രാന്തനെപ്പോലെ അവൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി…പക്ഷേ ഡോക്ടറുടെ വായിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ കേട്ട് അവൻറെ സപ്തനാഡികളും തളർന്നു..

“സോറി മിസ്റ്റർ കൃഷ്ണചന്ദ്രൻ ,കുഞ്ഞു പോയി…

ആ കുട്ടിക്ക് ഇനിയൊരിക്കലും ഒരമ്മയാകാൻ പറ്റില്ല…ഒരു രണ്ട് മണിക്കൂർ നേരത്തെയെങ്കിലും എത്തിച്ചിരുന്നെങ്കിൽ…..” ഡോക്ടർ പറഞ്ഞ അവസാനവാചകം അവൻറെ കാതുകളിൽ തുളച്ചു കയറി.

രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം അവൻ അവളെയും കൊണ്ട് അവളുടെ വീട്ടിലേക്കു പോയി…മകളെ ഏറ്റവും അനുയോജ്യനായ ഒരുവന്റെ കൈകളിൽ ഏൽപ്പിച്ച അന്ന് തന്നെ ആ അച്ഛൻ കാശിക്കെന്നും പറഞ്ഞു പോയിരുന്നു…

തിരികെ വീട്ടിലെത്തിയ അവൾ തീർത്തും നിർവികാരയായിരുന്നു…പേരിനു പോലും മിണ്ടില്ല..

എപ്പോഴും മുറിയിൽ തന്നെ…മുറിയുടെ ഒരു മൂലക്ക് നോക്കിയങ്ങനെയിരിക്കും…അവൾ ഒന്ന് പൊട്ടിക്കരഞ്ഞെങ്കിൽ എന്ന് പോലും അവനാശിച്ചു…

ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു.. ഒരു ദിവസം രാവിലെ കാളിങ് ബെൽ കേട്ട് ഉമ്മറത്ത് വന്ന് നോക്കുമ്പോൾ അവൻറെ അമ്മ നിൽക്കുന്നു…ദേഷിച്ചു തിരിഞ്ഞു കതകടക്കാൻ പോയ മകൻറെ പാദത്തിൽ വീണ് സർവ്വ അപരാധങ്ങൾക്കും മാപ്പ് ചോദിച്ച് അവർ പൊട്ടിക്കരഞ്ഞു…

“അച്ഛന്റെ ആത്മാവ് അമ്മയെ വേട്ടയാടുവാ…

മോൻ അവളേം കൊണ്ട് തിരികെ വരണം…

അവളെ അമ്മ പൊന്നുപോലെ നോക്കിക്കോളാം “എന്ന് പറഞ്ഞു…എന്നിട്ടും പോകാൻ കൂട്ടാക്കാതെ നിന്ന അവനോട് അവർ പേറ്റു നോവിൻറെ കണക്ക് പറഞ്ഞു…എത്രയായാലും അമ്മയല്ലേ എന്ന തോന്നൽ വീണ്ടും ആ വീട്ടിലേക്ക് പോകാൻ അവനെ നിർബന്ധിതനാക്കി…

പിന്നീടുള്ള ദിനങ്ങളിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല…അവളുടെ അവസ്ഥയ്ക്ക് മാറ്റവും ഇല്ല…

ഒരു ദിവസം പെങ്ങളുടെ മകളെ അവൾ ഒന്ന് തൊട്ടതിന് വളരെ ക്രൂരമായ വാക്കുകൾ കൃഷ്ണജയുടെ നാവിൽ നിന്നും വീണു…

“മച്ചിയായ നീ എന്ത് ധൈര്യത്തിലാടി എൻ്റെ കൊച്ചിനെ തൊട്ടത്…അവളെ കൊല്ലാനാണോ…?

അതുകേട്ട് നാളുകൾക്കിപ്പുറം അവൾ പൊട്ടിക്കരഞ്ഞു

വിവരമറിഞ്ഞു കിച്ചു അമ്മയോട് ചോദിച്ചപ്പോൾ

അവർ ചോദിക്കുവാ അവൾ പറഞ്ഞതിൽ എന്താണ് തെറ്റെന്ന്…?

പിറ്റേന്ന് ജോലി കഴിഞ്ഞു വന്ന അവൻ കാണുന്നത് ബെഡിൽ ചമ്രം പിടഞ്ഞിരിക്കുന്ന അവളെയാണ്.

മടിയിലായി കുഞ്ഞിന് കരുതിയിരുന്ന ഒരു പാവക്കുട്ടിയും ഉണ്ട്…അതിനെ തട്ടി താരാട്ടു പാടുകയാണ് അവൾ…

മാധൂ…എന്ന് വിളിച്ചുകൊണ്ടവൻ അവൾടെ തോളത്തു കൈ വച്ചു.

“ശ്..കിച്ചൂട്ടാ ഒച്ച വയ്ക്കല്ലേ വാവ ഉറങ്ങുവാ…” ചുണ്ടിന് കുറുകെ വിരൽ വച്ചുകൊണ്ടവൾ പറഞ്ഞു…

“അമ്മേടെ വാവ ഉറങ്ങിച്ചോ…

വാവാവാവോ….”എന്നും പറഞ്ഞ് കുഞ്ഞിനെ വീണ്ടും താരാട്ടാൻ തുടങ്ങി..അവളുടെ മനസ്സിൻറെ താളം തെറ്റിയിരിക്കുന്നു എന്ന സത്യം ഒരു നടുങ്ങലോടെയാണ് അവൻ തിരിച്ചറിഞ്ഞത്..

പിന്നീട് അവനെക്കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം അവളെ ചികിൽസിച്ചു…എന്നിട്ടും ഫലം ഒന്നുമുണ്ടായില്ല…രാവന്തിയോളം അവൾ ബെഡിലിരുന്ന് കുഞ്ഞിന് കുട്ടിയുടുപ്പ് തൈച്ചുകൊണ്ടിരിക്കും…ഇടയ്ക്ക് താരാട്ടും ..ആഹാരം പോലും കഴിക്കില്ല…അവൻ നിർബന്ധിക്കുമ്പോൾ മാത്രം എന്തെങ്കിലും കഴിച്ചാലെന്നായി…സമനില തെറ്റിയ അവളേം കൊണ്ട് ഒറ്റയ്ക്ക് മാറി താമസിച്ചാൽ എങ്ങനെയാണെന്നുള്ള ചിന്ത.., എല്ലാം ക്ഷമിച്ചുകൊണ്ട് അവൻ അവിടെ തന്നെ കഴിഞ്ഞുകൂടി…

*************************

രാത്രിയുടെ ഏതോ യാമത്തിൽ നിദ്രദേവി അവനെ പുല്കുമ്പോൾ

“കിച്ചൂട്ടന് ന്നെ ഇഷ്ടല്ലേ “എന്നവൾ ഉറക്കത്തിലും പറയുന്നുണ്ടായിരുന്നു…

ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു…ഒരു ദിവസം സായാഹ്നത്തിൽ പതിവില്ലാതെ കിച്ചുവിനെ കാത്തിരിക്കുകയായിയിരുന്നു അവൾ…കിച്ചു വന്നതും അവൾ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു.

അതും കണ്ടുകൊണ്ടാണ് ഭഗീരഥിയമ്മയും കൃഷ്ണജയും ഇറങ്ങി വന്നത്…

“റോഡ് ആണെന്ന ചിന്ത പോലുമില്ല…ഈ ഭ്രാന്തിയെ പിടിച്ച് പൂട്ടിയിട്ടൂടേ…”കൃഷ്ണജയുടെ വായിൽ നിന്നും വിഷം പുരണ്ട വാക്കുകൾ വീണു…

ദേഷ്യം വന്ന് കിച്ചു എന്തോ പറയാനാഞ്ഞതും “ചക്കിമോളെ…” എന്നും വിളിച്ച് ഓടുന്ന മാധുവിനെയാണ് കണ്ടത്…നോക്കുമ്പോൾ രണ്ട് കാറുകൾക്കിടയിൽ പെട്ട കുഞ്ഞിനെ അവൾ ഓടിപ്പോയി പൊതിഞ്ഞുപിടിച്ചിരിക്കുന്നു…ഓടിപ്പോയതിന്റെ വേഗതയിൽ കുഞ്ഞിനേയും കൊണ്ട് അവൾ മലക്കം മറിഞ്ഞു..കുഞ്ഞിൻറെ നെറ്റി ചെറുതായി പൊട്ടി,ഒപ്പം മാധുവിന്റെ കയ്യും കാലും ഉരഞ്ഞ് ചോര പൊടിഞ്ഞു…..ഒരു വേള എല്ലാം കണ്ട് ശ്വാസമടക്കി പിടിച്ചവൻ നിന്നു…റോഡിൽ കൂടെ ഐസ് വണ്ടി പോകുന്നത് കണ്ട് റോഡിലേക്കിറങ്ങിയ കൃഷ്ണജയുടെ മകളെ ആരും ശ്രദ്ധിച്ചില്ല…പൊടുന്നനെ കൃഷ്ണജ ഓടിച്ചെന്ന് അവളുടെ കൈ തട്ടി മാറ്റി കൊച്ചിനെ എടുത്തു.

“എൻ്റെ കൊച്ചിനെ കൊല്ലാൻ നോക്കുവാണോടി അസത്തെ…”മുറിവേറ്റ് നിലവിളിക്കുന്ന കൊച്ചിനെ ശ്രദ്ധിക്കാതെ അവൾ മാധുവിനെ ശാസിക്കാൻ തുടങ്ങി…

“ഞാനൊന്നും ചെയ്തില്ല ചിറ്റേ…വാവേ വണ്ടിയിടിക്കാതെ പിടിച്ചതല്ലേ…വാവച്ച് ന്തേലും പറ്റിയോ…?” കയ്യിലെ മുറിവൊന്നും ശ്രദ്ധിക്കാതെ അവൾ ചക്കിയെ പിടിക്കാനാഞ്ഞു..

“ച്ചീ…മാറസത്തെ…തൊട്ട് പോകരുത് എൻ്റെ കുട്ടിയെ…”എന്നും പറഞ്ഞു കൃഷ്ണജ അവളെ തള്ളി താഴേക്കിട്ടു..

“ചേച്ചീ….”ദേഷ്യത്തോടെയുള്ള കിച്ചുവിന്റെ വിളി കേട്ടതും കൃഷ്ണജ ഒന്നും മിണ്ടാതെ കൊച്ചിനേം എടുത്തുകൊണ്ട് അകത്തേക്ക് പോയി…പിറകെ ഭഗീരഥിയമ്മയും…

നിറകണ്ണാലെ തേങ്ങിക്കൊണ്ട് നിൽക്കുന്ന മാധുവിനെ കിച്ചു ചേർത്ത് പിടിച്ചു…അപ്പോഴും

“ഞാൻ വാവേനെ ഒന്നും ചെയ്തില്ല കിച്ചൂട്ടാ…

കിച്ചൂട്ടൻ സത്യം “എന്നും പറഞ്ഞു ആ പെണ്ണ് കരയുന്നുണ്ടായിരുന്നു…

അന്നത്തെ സംഭവത്തിനു ശേഷം അവനുള്ളപ്പോഴെ മാധുവിനെ അവൻ മുറിക്ക് പുറത്തിറക്കൂ…

ഒരു ദിവസം സ്റ്റെയർ ഇറങ്ങിയ ഭഗീരഥിയമ്മ കാലിടറി താഴേക്ക് വീണു…വീഴ്ചയുടെ ശക്തിയിൽ അവരുടെ ഒരു ഭാഗം പൂർണ്ണമായും തളർന്നു…കുറച്ചു ദിവസം ആശുപത്രിയിൽ കിടന്നു.

ഒരു പുരോഗതിയും കാണാത്തതുകൊണ്ട് തിരികെ വീട്ടിലേക്ക് കൊണ്ട് വന്നു…ആദ്യത്തെ രണ്ടുദിവസം കൃഷ്ണജ അമ്മയെ നോക്കി…മൂന്നാം നാൾ ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്നും പറഞ്ഞു അവളും ഭർത്താവും മകളും പോയി..അതോടെ കഷ്ടപ്പാട് കിച്ചുവിനായി…അമ്മയെ നോക്കാമെന്ന് കരുതിയാലും അവരുടെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാൻ അവന് പറ്റില്ലല്ലോ…ഹോം നഴ്സിനെ പെട്ടെന്ന് കിട്ടാനും ഇല്ല…അവൻറെ അവസ്ഥ കണ്ട് അയലത്തെ വീട്ടിലെ സ്ത്രീ വന്ന് മുഷിഞ്ഞ അവരുടെ തുണി മാറ്റിക്കൊടുക്കയും മലവും മൂത്രവും എടുത്ത് കളയുകയും ചെയ്തു…കൃത്യം രണ്ടാം നാൾ ഭഗീരഥിയമ്മ ശ്വാസം കിട്ടാതെ പിടഞ്ഞു ..എന്ത് ചെയ്യണമെന്നറിയാതെ അതും കണ്ട് പരിഭ്രമത്തോടെ കിച്ചു നിന്നു…

“അങ്ങോട്ട് മാറൂ കിച്ചൂട്ടാ…അമ്മയ്‌ക്കെ ദാഹിക്കുന്നുണ്ടല്ലോ…വെള്ളം കൊടുക്കാഞ്ഞിട്ടാ അമ്മ തലയിട്ട് ആട്ടുന്നേ…”എന്നും പറഞ്ഞ് മാധു ഗ്ലാസിൽ നിന്നും ഒരു സ്പൂൺ വെള്ളമെടുത്ത് അവരുടെ ചുണ്ടോട് അടുപ്പിച്ചു…തൊണ്ടക്കുഴിയിലേക്ക് ആ വെള്ളം ഊർന്ന് ഇറങ്ങിയതും എന്തിനെന്നറിയാതെ ഒരു തുള്ളി കണ്ണുനീർ അവരുടെ കൺകോണിലൂടെ ഒലിച്ചിറങ്ങി…ഒപ്പം ആ കണ്ണുകളും അടഞ്ഞു…

“അമ്മേ….അമ്മേ….”

വെപ്രാളത്തോടെ കിച്ചു വിളിച്ചു..

“ശൂ….ശബ്ദമുണ്ടാക്കല്ലേ കിച്ചൂട്ടാ…കിച്ചൂട്ടന്റെ അമ്മയേ ഉറങ്ങുവാ…ഉറങ്ങിക്കോട്ടേ…മോള് പാട്ട് പാടി കൊടുക്കട്ടേ…” കിച്ചുവിന്റെ വാ പൊത്തിക്കൊണ്ടവൾ ചോദിച്ചു…മറുപടിയായി അവളെ കെട്ടിപ്പിടിച്ച് അവൻ കരഞ്ഞു…

ഭഗീരഥിയമ്മയുടെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഒപ്പം കൃഷ്ണജയും എത്തി…മരിച്ച് ഏഴാം നാൾ സഞ്ചയനത്തിന്റെ അന്ന് കൃഷ്ണജ ഓഹരി ചോദിച്ചു…സ്ത്രീധനമായിട്ട് കുറേ വാങ്ങിക്കൂട്ടിയതാണെങ്കിലും അമ്മയുടെ പേരിലുള്ള സ്വത്തിൽ അവൾക്കും അവകാശം ഉണ്ട് പോലും…

കിച്ചു ഒന്നും മിണ്ടാതെ മാധുവിനേം കൊണ്ട് അവിടുന്നിറങ്ങി…നേരെ പോയത് അവളുടെ വീട്ടിലേക്കാണ്..

തകർന്ന മനസ്സുമായി ജീവിക്കുന്ന അവൻ കുറച്ചുനാൾ ജോലിക്ക് പോയില്ല…അവളെ ഒറ്റയ്ക്ക് നിർത്താനും പേടിയായിരുന്നു…എങ്കിലും പണത്തിനു പണം തന്നെ വേണമല്ലോ…ദിവസങ്ങൾക്ക് ശേഷം അവൻ ബാങ്കിൽ പോയിത്തുടങ്ങി…

രാവിലെ ജോലിയെല്ലാം ചെയ്തു അവളേം കുളിച്ചൊരുക്കി ആഹാരവും കൊടുത്തിട്ടാണ് പോകുന്നത്.

പോകുമ്പോൾ കതകും പൂട്ടിക്കൊണ്ട് പോകും…ഉച്ചയ്ക്ക് വന്ന് ആഹാരം കൊടുക്കും..ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു…ചുറ്റും സഹതാപക്കണ്ണോടെ നോക്കുന്നവർ മാത്രം…

ഇടയ്ക്ക് അവളെ ഉപേക്ഷിച്ച് വേറെ കെട്ടാൻ പറയുന്നവരും ഉണ്ട്…അവന്റെ മനസ്സ് മടുത്ത് തുടങ്ങി…ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥയായി…

എങ്ങോട്ടേക്കെങ്കിലും ഓടിയൊളിക്കാൻ മനസ്സ് കൊതിച്ചു…

മനസ്സ് ശരിയാകാൻ തീർത്ഥാടനത്തിന് സാധിച്ചേക്കുമെന്ന ചിന്ത ബാങ്കിൽ ഒരു മാസം ലീവും പറഞ്ഞ് അവളെയും കൊണ്ട് അവൻ തീർത്ഥാടനത്തിന് പോയി…ഓരോ ക്ഷേത്രങ്ങളും കയറിയിറങ്ങി ഒടുവിൽ മുരുഡേശ്വര ക്ഷേത്രത്തിൽ എത്തി നിന്നു…ശിവനെ കൺനിറച്ചു തൊഴുതിറങ്ങുമ്പോഴാണ് പടിയിലായി ഇരിക്കുന്ന ഭിക്ഷക്കാരെ അവരുടെ ശ്രദ്ധയിൽ പെട്ടത്…

അതിലൊരാളെ കണ്ടതും മധു അദ്ധേഹത്തിന്റെ അടുത്തിരുന്നു…താടി വളർന്നിറങ്ങി അലസമായി മുടി നെറ്റിയിലേക്ക് വീണ് കിടക്കുന്ന ഒരു മനുഷ്യൻ..

പുള്ളി ആഹാരം കഴിക്കാൻ തുടങ്ങുകയായിരുന്നു…അത് അവൾക്കും വേണമെന്ന് അവൾ വാശി പിടിച്ചു…എത്രയൊക്കെ പറഞ്ഞിട്ടും അവൾ കേട്ടില്ല…ഒടുവിൽ അദ്ദേഹം പറഞ്ഞു നിർബന്ധിക്കണ്ട കഴിക്കട്ടെയെന്ന്…ആ മനുഷ്യന്റെ കൂടെ ഒരു കീറ്റിലയിൽ അവളും പടച്ചോറ് കഴിച്ചു…കഴിച്ചുകഴിഞ്ഞതിന് ശേഷം ആ മനുഷ്യൻ അവളെ വാത്സല്യത്തോടെ തലോടി…ഒപ്പം ഇവിടെ അടുത്തൊരു ആശ്രമം ഉണ്ടെന്നും അവളെ അവിടെ കാണിച്ചാൽ മതി അവളുടെ വ്യാധികളെല്ലാം അകന്നുപോകുമെന്നും കിച്ചുവിനോട് പറഞ്ഞു…പോകാൻ നേരം അവളുടെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു…

ആശ്രമത്തിലെത്തുന്നത് വരെ അവനൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല…എന്നാൽ സ്വാമിയുടെ വാക്കുകൾ അവനിൽ പ്രതീക്ഷയുടെ വിത്തുകൾ പാകിയിരുന്നു…മൂന്ന് മാസത്തെ ചികിത്സയാണ് സ്വാമി പറഞ്ഞിരുന്നത്…ആ കാലയളവിൽ ഒന്നും അവളെ കാണാനും പറ്റില്ല …

അവളെ അവിടെ ഒറ്റയ്ക്ക് ആക്കിപ്പോകാൻ അവന് കഴിയുമായിരുന്നില്ല…ബാങ്കിൽ വിളിച്ച് പിന്നെയും ലീവ് പറഞ്ഞു…അടുത്തുള്ള ഒരു ഹോട്ടലിൽ സപ്ലയർ ആയി നിന്നു…കാണാൻ പറ്റില്ലെങ്കിലും അടുത്തുണ്ടല്ലോ എന്ന ചിന്ത മാത്രം മതിയായിരുന്നു അവന് ദിവസങ്ങൾ തള്ളി നീക്കാൻ…

നീണ്ട മൂന്ന് മാസങ്ങൾക്ക് ശേഷം അവളെ കാണാൻ അവൻ ആശ്രമത്തിൽ എത്തി …വർധിച്ച സന്തോഷത്തോടൊപ്പം നേരിയ ഭയവും അവനിൽ പ്രകടമായിരുന്നു…

സ്വാമിയേ കണ്ട് സംസാരിക്കുമ്പോഴും കണ്ണുകൾ അവൾക്കായി പരതി…എൻ്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു..

“ചെല്ലടോ…താൻ അന്വേഷിക്കുന്ന ആൾ ആ മുറിയിലുണ്ട്…” പുറത്ത് ഒന്ന് തട്ടിക്കൊണ്ട് സ്വാമി പറഞ്ഞു…

മുറിയിലേക്ക് കടന്നതും ഒരു സെറ്റും മുണ്ടുമുടുത്ത് ജനലോരത്ത് പുറത്തെ കാഴ്ചകൾ കാണുന്ന മാധുവിനെ കണ്ടു…അടുത്തോട്ട് നടന്നതും തൻ്റെ പ്രിയപ്പെട്ടവന്റെ സാന്നിധ്യം മനസ്സിലാക്കി അവൾ തിരിഞ്ഞു…

“കിച്ചേട്ടാ….”അവളുടെ നേർത്ത സ്വരം അവൻറെ കാതുകളിൽ മുഴങ്ങി…

കേട്ടത് വിശ്വസിക്കാനാകാതെ അവൻ അവളെ നോക്കി….

സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി…ചുറ്റും മറന്ന് ഇരുവരം പരസ്പരം വാരിപ്പുണർന്നു…അവൻ അവളുടെ മുഖത്താകെ ചുംബനം കൊണ്ട് മൂടി…

പിറകിൽ നിന്നുള്ള മുരടനക്കം കേട്ടാണ് ഇരുവരും അകന്ന് മാറുന്നത്..

“ഈ കുട്ടിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല…

അതുമാത്രമല്ല നിങ്ങളുടെ കണ്ണീർ സർവേശ്വരൻ കണ്ടെടോ…കുട്ടിയുടെ വ്യാധികൾ എല്ലാം മാറി…ഒന്നല്ല അമ്പത് പിള്ളേര് വേണേലും നിങ്ങളെ അച്ഛാ അമ്മേ എന്ന് വിളിക്കും…”അല്പം കളിയായിട്ടും അല്പം കാര്യമായിട്ടും സ്വാമി പറഞ്ഞു…

സ്വാമിയുടെ വായിൽ നിന്നും കേട്ട വാക്കുകൾ അവനു ഇരട്ടിമധുരമായിരുന്നു…അധികരിച്ച സന്തോഷത്താൽ ആ മിഴികൾ പിന്നെയും ഈറനണിഞ്ഞു…മറുപടിയായി ഇരുകരങ്ങളും കൂപ്പിക്കൊണ്ട് അവൻ സ്വാമിയേ തൊഴുതു…

ആ കൈകൾക്ക് മേൽ സ്വാമി കൈ വച്ചു..

“ഞാനല്ല ആ സർവേശ്വരനാണ് നിങ്ങളുടെ പ്രാർത്ഥന കേട്ടത്….എല്ലാത്തിലുമുപരി മോൻറെ നല്ല മനസ്സ്..ഈശ്വരന്റെ അനുഗ്രഹം എപ്പോഴും നിങ്ങടെ കൂടെ ഉണ്ടാകും…”

ശേഷം അവളോടായി പറഞ്ഞു…

“ഇതുപോലൊരു ഭർത്താവിനെക്കിട്ടാൻ മോള് പുണ്യം ചെയ്യണം…ഈശ്വരൻ പല രൂപത്തിലാണ് ഓരോരുത്തരുടെയും മുന്നിൽ പ്രത്യക്ഷപ്പെടുന്നത്…

മോളുടെ ദൈവം മോളുടെ ഈ ഭർത്താവു തന്നെയാണ് …

ഒരുപാടിഷ്ടായി എനിക്കിവനെ…

എൻ്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകും….” എന്ന് പറഞ്ഞു സ്വാമി നടന്നകലുമ്പോൾ അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…

തിരിച്ചുള്ള യാത്രയിൽ ഇരുവരും സന്തോഷത്തിലായിരുന്നു…തങ്ങൾക്കൊരു പുതുജീവിതം തന്ന മഹാദേവന് നന്ദിയും പറഞ്ഞിട്ടാണ് അവർ മടങ്ങിയത്…തിരികെ നാട്ടിലെത്തി ആദ്യം പോയത് അവൻറ്റെ അമ്മയുടെ അസ്ഥിത്തറയ്ക്ക് മുന്നിലായിരുന്നു…തിരിച്ച് വീട്ടിലെത്തിയപ്പോൾ വീടപ്പിടി മാറാല പിടിച്ചു കിടക്കുന്നു …

വീടും പരിസരവും വൃത്തിയാക്കി രാത്രിയിൽ അവളുടെ കൈകൊണ്ടുണ്ടാക്കിയ ആഹാരവും കഴിച്ചപ്പോൾ വർഷങ്ങൾക്കിപ്പുറം അവൻറെ മനസ് നിറഞ്ഞു…

രാത്രിയിൽ ബെഡ്‌റൂമിൽ ചെന്ന അവൻ കാണുന്നത് ബെഡിലായി ചമ്രം പിടഞ്ഞിരിക്കുന്ന അവളെയാണ്…ഒപ്പം രണ്ട് കൈപ്പത്തിയും ഉയർത്തിക്കാട്ടി ഓരോ വിരലും മടക്കി

ഒന്ന്, രണ്ട്,മൂന്ന്,,എന്ന് പറയുന്ന അവളെ കാൺകെ അവൻ നിശ്ചലനായി…തൊണ്ടക്കുഴിയിൽ നിന്നും ശ്വാസം വരാതെ വിലങ്ങി..എന്നിട്ടും ആയാസപ്പെട്ട് അവൻ മാധൂ…എന്ന് വിളിച്ചു…

അവനെ കണ്ടതും

“കിച്ചൂട്ടാ…നിച്ചുണ്ടല്ലോ ഒരു മാലാഖക്കൊച്ചിനെയും ആറ് ഉണ്ണിക്കുട്ടന്മാരെയും വേണം…കിച്ചൂട്ടൻ തരുവോ…” അവളുടെ കൊഞ്ചലോടെയുള്ള ആ സംസാരം കേട്ട് അവൻറെ കണ്ണുകൾ നിറഞ്ഞു…

ഒരു വേള എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അവൻ നിന്നു…

പതിയെ അവളുടെ മുഖത്തെ ആ ഭാവം മാറി…ഒരു കുസൃതിച്ചിരിയാലെ ബെഡിൽ നിന്നും അവൾ എഴുന്നേറ്റു അവനടുത്തേക്ക് നടന്നു …

ശേഷം ചുണ്ടുകളാൽ ആ കണ്ണീരൊപ്പി…

ഒന്നും മനസ്സിലാകാതെ അവൻ നിന്നു…

“കള്ളത്താടി…എന്താടോ തുറിച്ചു നോക്കുന്നേ…

ഞാൻ കാര്യായിട്ട് പറഞ്ഞതാടോ …

എനിക്കേ ആറ് ഉണ്ണിക്കുട്ടന്മാരെയും ഒരു മാലാഖക്കൊച്ചിനെയും വേണം…വേഗം തായോ…”

അവൻറെ കണ്ണിലേക്ക് നോക്കി ചിരിച്ചുകൊണ്ടവൾ പറഞ്ഞു…കുറച്ചു നിമിഷം വേണ്ടി വന്നു അവന് സ്വബോധത്തിലേക്ക് തിരിച്ച് വരാൻ..ശേഷം നിറഞ്ഞകണ്ണുകൾ അമർത്തിതുടച്ചു…പൊടുന്നനെ അവളുടെ ചുണ്ടിലെ ചിരി അവനിലേക്കും പടർന്നിരുന്നു…അവൻറെ കണ്ണുകളിൽ അവളോടുള്ള പ്രണയം അലയടിച്ചു…

“അയ്യടാ…അതങ് പള്ളീൽ പോയി പറഞ്ഞാൽ മതി…മഴ കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ ഞാൻ കാത്തുനിൽക്കാൻ തുടങ്ങിയിട്ടേ വർഷം മൂന്നായി …എൻ്റെ പൊന്നുമോൾക്ക് ഏഴല്ല ഒരു നേഴ്‌സറി സ്കൂൾ തുടങ്ങാനുള്ള കുട്ടികളെ നിന്റെയീ ചേട്ടൻ തരും…” നെഞ്ചിൽ കൈവച്ച് പറഞ്ഞുകൊണ്ട് അടുത്തേക്ക് വരുന്ന അവനെ കാൺകെ അവളുടെ കവിളുകൾ ചുവന്ന് തുടുത്തു…അവൻറെ പ്രണയാതുരമായ നോട്ടത്തെ താങ്ങാനാവാതെ അവൾ മുഖം കുനിച്ചു…

അവൻ ചൂണ്ട് വിരലിനാൽ താടിത്തുമ്പിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി…അവളുടെ മൂർദ്ധാവിൽ അവൻറെ പ്രണയചുംബനം പതിഞ്ഞു…അവൻറെ ചുണ്ടുകൾ കണ്ണുകളെയും കവിളിണകളെയും തഴുകി ചൊടിയിൽ എത്തി നിന്നു…

കാത്തിരുപ്പിന്റെ മധുരം നുണഞ്ഞ് ഇരുമെയ്യുകളും ഇഴുകിച്ചേരുമ്പോൾ പുറത്ത് കാലം തെറ്റിയെത്തിയ മഴ ഭൂമിയിലെ മാലാഖയുടെ വരവും കാത്ത് ആർത്തലച്ച് പെയ്യുന്നുണ്ടായിരുന്നു….

(അവസാനിച്ചു)

കേട്ട സംഭവങ്ങൾ തന്നെയാണ്…എന്നാലും എന്റെയൊരു ശ്രമം..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിശാഗന്ധി നിശ

Leave a Reply

Your email address will not be published. Required fields are marked *