ദേവു കുഞ്ഞേ… അറിഞ്ഞില്ലേ.. മ്മടെ പഴേ ദത്തൻ മാഷ് തിരികെ വന്നൂന്ന്… മോള് കണ്ടിരുന്നോ ആളെ..

രചന : രേഷ്മദേവു

ദേവു കുഞ്ഞേ… അറിഞ്ഞില്ലേ.. മ്മടെ പഴേ ദത്തൻ മാഷ് തിരികെ വന്നൂന്ന്… മോള് കണ്ടിരുന്നോ ആളെ..??

സാവിത്രിയമ്മയുടെ ചോദ്യം ഹൃദയത്തിൽ ചെന്നു തറച്ച പോലെ തോന്നി. ഒരു നിമിഷം കൊണ്ട് ഹൃദയമിടിപ്പ് നിലച്ചപോലെ.. നൂലില്ലാ പട്ടമായി ചിന്തകൾ തന്നെവിട്ടകലുന്നു…

നീണ്ട പന്ത്രണ്ട് വർഷങ്ങൾ… ഒരിക്കൽ പോലും മറ്റൊരാളാൽ ഉച്ചരിച്ചു കേൾക്കാത്ത എന്നാൽ ഒരു മാത്ര പോലും താൻ മറക്കാത്ത പേര്….

ദത്തൻ….അന്നും ഇന്നും പ്രാണന്റെ പാതിയായവൻ

കുഞ്ഞേ… ഞാൻ ചോദിച്ച കേട്ടില്ലേ കുഞ്ഞ് ആളെ കണ്ടായിരുന്നോന്ന്….

പിന്നെയുമുള്ള സാവിത്രിയമ്മയുടെ ചോദ്യമാണ് ചിന്തകളിൽ നിന്നുണർത്തിയത്..

ഇല്ല സാവിത്രിമ്മേ… ഞാൻ അറിഞ്ഞില്ല.. എനിക്ക് അറിയില്ല…

തളർച്ചയോടെ അത്രയും പറഞ്ഞുകൊണ്ട് അകത്തേക്കു നടക്കുമ്പോൾ ഉടലും ഉയിരും ഒരുപോലെ പൊള്ളുന്നപോലെ തോന്നി…എങ്ങനെയോ നടന്നു മുറിയിലേക്കെത്തിയതും വേദനയോടെ കട്ടിലിലേക്കിരുന്നു.. ഒരായിരം കടന്നലുകൾ തലയ്ക്കുള്ളിൽ ഇളകി മറിയുന്നു ..

അറിയില്ല എന്തുകൊണ്ടാണെന്ന്… വർഷങ്ങളായി ഒരിക്കലെങ്കിലും മുന്നിലേക്ക് വന്നുവെങ്കിലെന്നു കരുതിയൊരാളാണ് മടങ്ങി വന്നുവെന്ന് അറിയുന്നത്.. എന്നിട്ടും എന്തോ ഉൾക്കൊള്ളാൻ കഴിയാതെ ഇങ്ങനെ….

ചിന്തകൾ അതിരു കടക്കുന്നുവെന്നു തോന്നിയപ്പോൾ പതിയെ എഴുന്നേറ്റു കുളിക്കടവിലേക്കു നടന്നു..

വസ്ത്രങ്ങൾ മാറി കുളത്തിലെ തണുത്ത വെള്ളത്തിലേക്കിറങ്ങി മുങ്ങി നിവർന്നു..

ഉടലിലേക്കു പകർന്ന തണുപ്പിനെ വകഞ്ഞു മാറ്റി തിളച്ചു മറിയുന്ന വേദനകൾ കണ്ണിലൂടെ പുറത്തേക്കൊഴുകുന്നുണ്ട്…

ദേവൂട്ട്യേന്നുള്ള വിളി ഹൃദയ ഭിത്തികളിൽ തട്ടി പ്രതിധ്വനിക്കുന്നു.

ഒരിക്കൽ ഒരു നാടു മുഴുവൻ സാക്ഷിയായ പ്രണയകഥയിലെ കഥാപാത്രങ്ങൾ..

ദേവു എന്ന ദേവയാനിയും ദത്തനെന്ന വിശ്വദത്തനും

മനോഹരമായ പ്രണയത്തിനൊടുവിൽ എന്തിനെന്നറിയാതെ വേർപിരിഞ്ഞവർ..

ഒന്നും മിണ്ടാതൊരു പകലിൽ നാടുവിട്ട ദത്തനെ ആ നാടു മറന്നപ്പോഴും ഒരാൾ മാത്രം വർഷങ്ങൾക്കിപ്പുറവും അവനായി കാത്തിരിക്കുന്നു ദത്തന്റെ ദേവു.

കുളി കഴിഞ്ഞു തിരികെ മുറിയിലെത്തിയപ്പോഴേക്കും അവളുടെ കണ്ണുകൾ പെയ്തൊഴിഞ്ഞിരുന്നു.

സാവിത്രിയമ്മ മുന്നിലേക്ക്‌ വിളമ്പി വച്ച ചെറു ചൂടുള്ള കഞ്ഞിയും പുഴുക്കും കഴിച്ചെന്നു വരുത്തി എഴുന്നേൽക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയിരുന്ന ആ വൃദ്ധയുടെ മിഴികളിൽ ഒരു നീർത്തിളക്കം. ആരുമില്ലാതായിപ്പോയൊരു പെണ്ണിന് അന്തിക്കൂട്ടിനെത്തുന്ന അവർക്കുമറിയാം ഇന്നത്തെ അവളുടെ ചിന്തകൾക്കെത്ര ഭാരമുണ്ടാകുമെന്ന്..

അടുക്കളയും ഉമ്മറവുമടച്ചു പൂട്ടി സാവിത്രിയമ്മ കിടന്നപ്പോളും അവൾ മാത്രം ജനലഴികളിൽ മുഖം ചേർത്ത് പടിപ്പുരയിലേക്ക് കണ്ണയച്ചു നിന്നു.

തുലാവർഷം കൊട്ടിയിറങ്ങാനാകണം ഒരുതരി നിലാവില്ലാതെ ആകാശം കറുത്തുകിടക്കുന്നു..

നിമിഷങ്ങൾക്കുള്ളിൽ ആർത്തിരമ്പിയെത്തിയൊരു മഴ ജനലഴികൾക്കിടയിലൂടെ എത്തിനോക്കി അവളുടെ മുഖം ചെറു ചുംബനങ്ങളാൽ മൂടി..

ഭൂമിയോട് പറയാൻ ബാക്കി വച്ച വിരഹത്തിന്റെ കഥകൾ പറഞ്ഞു തീർക്കാനെന്ന പോലെ മഴപ്പെണ്ണ് കരയുന്നുണ്ട്…

കേൾക്കാനാരും ബാക്കിയില്ലാതെ ഒരായിരം കഥകൾ ഉള്ളിൽ പേറുന്ന തനിക്കെന്നാണ് ഇനിയൊരു പെയ്തു സാധ്യമാകുകയെന്നവൾ ഓർത്തു.

ചാഞ്ഞു പെയ്യാനൊരു നെഞ്ചകവും ചേർത്ത് പിടിക്കാൻ കരുതലിന്റെ ചൂടുള്ള കൈകളും കൊതിക്കുന്നുണ്ട് …

ഒരാളിൽ നിന്നു മാത്രമേ അതെല്ലാം മോഹിച്ചിട്ടുള്ളൂ…

ഒന്നും മിണ്ടാതെ ഒരുനാൾ ഒറ്റയക്കാക്കി പോയിട്ടും ഇന്നും ഒരു തരിയും കുറയാതെ അതേ മോഹങ്ങൾ നെഞ്ചിൽ ബാക്കി നിൽക്കുന്നു.

ഒരിക്കൽ തിരിച്ചു വരുമെന്ന വാക്കിന്മേൽ ഭൂമിയെ പിരിഞ്ഞകലാറുണ്ട് ഓരോ മഴത്തുള്ളിയും….

അങ്ങനെയൊരു വാക്ക് പോലും പറയാതെ ഒറ്റക്കാക്കി പോയ ദത്തനോട് ആദ്യമായി അവൾക്ക് ദേഷ്യം തോന്നി…

ചിറ്റൂർ കോവിലകത്തെ ദേവയാനിയെ സംഗീതം പഠിപ്പിക്കാനെത്തിയ വിശ്വദത്തനെന്ന ദത്തൻ മാഷ് എത്രപെട്ടെന്നാണ് അവളുടെ മാത്രം ദത്തേട്ടനായതെന്ന് ഓർക്കേ വേദനയും നാണവും കലർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു.

സരസ്വതി ടീച്ചറിനു പകരമായി മറ്റൊരാൾ സംഗീതം പഠിപ്പിക്കാൻ വരുന്നുവെന്നറിഞ്ഞു വളരെ ഉത്സാഹത്തോടെയാണവൾ അന്ന് തയാറായി ഇറങ്ങിയത്..

ഗോവണി കയറി നീളൻ ഇടനാഴിയിലൂടെ നടക്കുമ്പോ തന്നെ കേൾക്കാമായിരുന്നു അതിമധുരമായി ആരോ പാടുന്നുണ്ട് …

കാലുകളുടെ വേഗം വർദ്ധിച്ചു.. ഓടി ചെന്നു നോക്കുന്ന നേരം അന്നാണവൾ അയാളെ ആദ്യമായ് കാണുന്നത്.. കുഞ്ഞി കണ്ണുകളും കവിളിൽ വിരിയുന്ന നുണക്കുഴികളുമായി ഒരാൾ… അല്പം നീട്ടി വളർത്തിയ മുടിയിഴകൾ കാറ്റിൽ പറക്കുന്നു.

മനോഹരമായ പുഞ്ചിരി…

ഒരു നിമിഷത്തെ കാഴ്ച… കണ്ണിലൂടെയാ രൂപം ഉള്ളിലേക്കൊഴുകി ഹൃദയത്തിലലിഞ്ഞു ചേർന്ന പോലെ… ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെയും ശ്വാസഗതിയെയും അടക്കിപിടിച്ചുകൊണ്ട് അടുത്തേക്ക് ചെല്ലുമ്പോഴും അനുവാദം ചോദിച്ചു കൊണ്ട് ക്ലാസ്സിൽ ഇരിക്കുമ്പോഴും അവൾ ആ മുഖത്തു നിന്നു കണ്ണെടുത്തിട്ടില്ല..

ഓരോ നിമിഷവും വല്ലാത്തൊരിഷ്ടം തന്നെ മൂടുന്നത് അവളറിയുന്നുണ്ടായിരുന്നു…

പതിനെട്ടുകാരിയായ ദേവയാനിക്ക് വിശ്വദത്തനെന്ന ഇരുപത്തെട്ടുകാരനോടുള്ള പ്രണയം ആദ്യമൊക്കെ അവൻ അവഗണിച്ചു, പിന്നെ പിന്നെ ഉപദേശിച്ചു പിന്നെ അത് കർശനമായ വിലക്കുകളിലേക്ക് നീങ്ങി. പക്ഷെ പ്രായത്തിന്റെ ചാപല്യം എന്നു കരുതി അവൻ അവഗണിച്ച അതേ പ്രണയം കൊണ്ട് തന്നെ അവൾ അവനിലേക്ക് ആഴത്തിൽ പടർന്നുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴോ അവളിലെ നിഷ്കളങ്കമായ സ്നേഹം അവനെയും അവളിലേക്ക് അടുപ്പിച്ചു…

പ്രണയം… പ്രണയം മാത്രം നിറഞ്ഞു നിന്ന രണ്ട് വർഷങ്ങൾ. കണ്ടുമുട്ടലുകൾ, സ്നേഹം മാത്രം നിറഞ്ഞു നിന്ന ഒന്നുചേരലുകൾ… ഒറ്റയ്ക്കാകുമ്പോഴും ഉയർന്നുപൊങ്ങുന്ന വികാരങ്ങളെ അടക്കി പിടിച്ചുകൊണ്ട് ഇറുക്കെ ചേർത്തുപിടിച്ചു നെറ്റിയിൽ പകരുന്ന സ്നേഹ ചുംബനങ്ങൾ..

അങ്ങനെയങ്ങനെ തമ്മിലൊന്നായലിഞ്ഞ ആയിരം പ്രണയ നിമിഷങ്ങളുണ്ടായിരുന്നു ഇരുവർക്കും.

പതിയെ പതിയെ ദത്തൻ മാഷും ദേവയാനിയും തമ്മിലുള്ള പ്രണയം നാടറിഞ്ഞു.. ഏറ്റവും ഒടുവിൽ വീടും…

കോലോത്തെ പെണ്ണ് സംഗീതം പഠിപ്പിച്ചു നടക്കണ നായരുചെക്കനെ പ്രേമിച്ചത് ഏറ്റവും വലിയ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

വിലക്കുകളേറി…

എന്തൊക്കെ വന്നാലും പിരിയില്ലെന്നുറപ്പിച്ചു..

ഞങ്ങടെ കുട്ടിയെ കൊന്നു തള്ളിയാലും നിനക്കു തരില്ലാന്ന് ഉറഞ്ഞു തുള്ളിക്കൊണ്ട് അമ്മാവൻമാരും പ്രഖ്യാപിച്ചു..സംഘർഷങ്ങൾ നിറഞ്ഞ ദിനങ്ങളിലും പ്രതീക്ഷ കൈവിടാതെ മുറ്റത്തു നിന്ന് ദേവൂട്ട്യേന്നുള്ളൊരു വിളി പ്രതീക്ഷിച്ചവൾ കാത്തിരുന്നു… ഒന്നുമുണ്ടായില്ല…. ദിനങ്ങൾ കഴിയവേ അടച്ചിട്ട മുറിയിൽ നിന്നു പകൽ വെളിച്ചം കാണാൻ അവസരം തന്നു… ചുറ്റിനും എന്തൊക്കെയോ മാറ്റങ്ങൾ… ആർക്കും പരിഭവമില്ല, കുറ്റപ്പെടുത്തലുകളില്ല വിലക്കുകൾ തീരെയില്ല….

പുറത്തേക്കിറങ്ങിയതും ആദ്യമോടിയെത്തിയത് ദത്തേട്ടന്റെ ആ ചെറിയ വീട്ടിലേക്ക് ആയിരുന്നു.. അടഞ്ഞു കിടന്ന ഉമ്മറപ്പടിയിൽ നാഴികകളോളം കാത്തിരുന്നുവെങ്കിലും ആരെയും കാണാതെ ഒടുവിൽ മടങ്ങേണ്ടി വന്നു.പിന്നെയറിഞ്ഞു ദത്തൻ മാഷിനെ കാണാനില്ല നാടു വിട്ടു പോയീന്ന്..

അപകടപെടുത്തീട്ടില്ലയെന്ന അമ്മാവന്മാരുടെ വാക്കുകൾ വിശ്വസിക്കാൻ തോന്നിയില്ല.. ഉറ്റവരും ഉടയവരുമെല്ലാം ജീവിതം നഷ്ടപ്പെടുത്തിയ ശത്രു നിരയായി മാറിയത് വളരെ പെട്ടന്ന് ആയിരുന്നു.

മനസിന്റെ വേദന പതിയെ പതിയെ ഓർമകളുടെയും ചിന്തകളുടെയും താളം തെറ്റിക്കാൻ തുടങ്ങി..

രാവുകളിൽ കണ്ണടയുമ്പോൾ ന്റെ പെണ്ണേ എന്നുവിളിച്ചു നെഞ്ചോടു ചേർക്കുന്ന ദത്തന്റെ മുഖം അവളുടെ ഉറക്കം നഷ്ടപ്പെടുത്തി… പിന്നെ പിന്നെ എല്ലാരും പറയാൻ തുടങ്ങി കോലോത്തെ കുട്ടിക്ക് ഭ്രാന്തായീന്ന്…. ഇരുട്ടിൽ അലറി കരച്ചിലുകളും പൊട്ടിച്ചിരികളും പരിഭവം പറച്ചിലും മാത്രം നിറഞ്ഞു നിന്ന ചങ്ങലകിലുക്കമുള്ള കുറെയധികം വർഷങ്ങൾ…. ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രതാപം പറഞ്ഞു മുറിവേൽപ്പിച്ചവർ ആരും കൂട്ടിനുണ്ടായില്ല… മകളുടെ അവസ്ഥയിൽ നീറിനീറിയാവണം അമ്മയും എന്നോ പോയി മറഞ്ഞിരുന്നു. ഭ്രാന്തിപ്പെണ്ണിന് കൂട്ടിനു കുറെ സ്വത്തുക്കൾ മാത്രം… അന്നുമുതൽ ഇന്നുവരെ തേവരേ കാണാനല്ലാതെ പുറംലോകം കാണാത്ത ദേവയാനിക്ക് ആകെ കൂട്ട് സാവിത്രിയമ്മ മാത്രമാണ്.. കുട്ടിക്കാലം മുഴുവൻ ഒക്കത്തെടുത്തു നടന്ന വാത്സല്യം തെല്ലും ചോരാതെ ഉള്ളിലുള്ളതുകൊണ്ടാവണം കാവലായി ഇന്നും കൂടെയുണ്ട്..

ഓർമ്മകൾ ഉറക്കം നഷ്ടപ്പെടുത്തിയ ആ രാത്രിയും കടന്ന് പുലർ വെളിച്ചെമെത്തിയപ്പോഴേക്കും മഴപെയ്തു തോർന്നിരുന്നു. നഷ്ടബോധങ്ങളുടെ മരപ്പെയ്ത്തു മാത്രം ബാക്കിയാക്കി വിരുന്നെത്തിയ പുതിയ പ്രഭാതത്തിൽ പതിവെന്നോണം അവൾ കുളികഴിഞ്ഞു പൂജാമുറിയിലെ ദേവീവിഗ്രഹത്തിൽ മാല ചാർത്തി വിളക്കുകൾ ഓരോന്നും കത്തിച്ചു പ്രാർത്ഥനയോടെ നിന്നു..

സാവിത്രിയമ്മ ചായയുമായി എത്തിയപ്പോഴേക്കും ദേവയാനി ഉമ്മറത്തേക്ക് പോയിരുന്നു

ഉമ്മറത്തെ വെറും നിലത്ത് തൂണും ചാരിയുള്ള അവളുടെയിരിപ്പ് വർഷങ്ങളായി കാണുന്നതിനാലാവണം ആ കാഴചയിൽ അവർക്ക് പുതുമയൊന്നും തോന്നിയില്ല.. പക്ഷെ പതിവില്ലാതെയിന്ന് പടിപ്പുരയിലേക്ക് നീളുന്ന ആ കൺകോണുകളിൽ ഒരു പ്രതീക്ഷയുടെ തിരയിളക്കം കണ്ട് അവരും പ്രാർത്ഥനയോടെ കൈകൾ നെഞ്ചിലേക്ക് ചേർത്തു..

ആ ഇരുപ്പിൽ അവളും ഓർക്കുകയായിരുന്നു അവസാനമായി പടിയിറങ്ങി പോകുമ്പോൾ തൂണിന് മറവിൽ നിന്നുകൊണ്ട് പടിപ്പുരയോളം അവനു കണ്ണുകളാൽ യാത്രയയപ്പ് നൽകിയത്…

പതിവില്ലാത്ത വിധം ഹൃദയം പ്രിയപ്പെട്ടൊരാളിന്റെ സാമീപ്യമറിഞ്ഞപോലെ ധ്രുതഗതിയിൽ മടിക്കുന്നു.. അപ്പോഴും കണ്ണുകൾ തേടി ചെന്നത് പടിപ്പുരയിലേക്കാണ്… പടികൾ ചവിട്ടിക്കയറി ആരോ ഒരാൾ മുറ്റത്തേക്ക് നടന്നടുക്കുന്നു.

ഇരുന്നിടത്തു നിന്നും ദേവയാനി പിടഞ്ഞെഴുന്നേറ്റു…

ദത്തേട്ടൻ …..

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. എത്ര പിടിച്ചു നിർത്തിയിട്ടും അനുസരണക്കെടോടെ കാലുകൾ ചലിക്കാൻ തുടങ്ങി… വേഗത കൂടിയതും ഓടിചെന്നാ നെഞ്ചിൽ ചേർന്നതും പെട്ടന്നായിരുന്നു.

പ്രതീക്ഷിക്കാത്തതിനാൽ അല്പമൊന്നു പുറകോട്ട് ആഞ്ഞെങ്കിലും അയാളവരെ ഇരു കൈകൾ കൊണ്ടും ചുറ്റി വരിഞ്ഞു.. നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെ പോലെ അയാളെ
ഇറുക്കേ പിടിച്ചു പൊട്ടിക്കരയുന്ന അവളുടെ നെറുകയിലേക്ക് അയാളുടെ കണ്ണിൽ നിന്നും നീർമണികൾ ഉരുണ്ടു വീണു…

ദേവൂ…. മോളേ….

ദത്തൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു…

ദത്തേട്ടാ…. എവിടെ പോയതാ ഒരു വാക്കും പറയാതെ… ഞാൻ കാത്തിരിക്കുംന്ന് പറഞ്ഞതല്ലേ…

എന്നിട്ടുമെന്തേ….

കരച്ചിൽ ചീളുകൾക്കിടയിൽനിന്ന് അവളുടെ സ്വരം ഉയർന്നു..

മറുപടിയില്ലാതെ തലതാഴ്ത്തി നിൽക്കുന്നവന്റെ നെഞ്ചിൽ നിന്നവൾ അടർന്നു മാറി.

പറ ദത്തേട്ടാ അങ്ങനെ ഒറ്റക്കാക്കി പോകാൻ ഈ ദേവു എന്തു തെറ്റാണ് ചെയ്തത് എന്ന് എനിക്ക് അറിയണം.. പറ.. ഇത്രയും കൊല്ലത്തെ എന്റെ കാത്തിരിപ്പ് അതിനു കൂടി വേണ്ടിയായിരുന്നു.

എന്റെ പ്രണയം ജീവിതം സ്വപ്നം എല്ലാം നഷ്ടപ്പെടുത്തിയാണ് അന്ന് ദത്തേട്ടൻ ഇറങ്ങി പോയത്.

എവിടെ??എന്തിന് എനിക്ക് അതറിയണം.. പറ

അവൾ അയാളെ പിടിച്ചുലച്ചുകൊണ്ട് പൊട്ടിത്തെറിച്ചു.

ഒന്നും മിണ്ടാതെ അവളിൽ നിന്നകന്നു മാറി അവൻ മുന്നോട്ടു നടന്നു. ഉമ്മറത്തെ തൂണിൽ തലചായ്ച്ചു മൗനമായി ഇരിക്കുന്നവന്റെ അടുത്തേക്ക് അവളുമിരുന്നു.

ദേവൂട്ടി… പെണ്ണേ.. ക്ഷമിക്കെടി.. മാപ്പ് തരാൻ കഴിയുന്ന തെറ്റല്ലെന്ന് അറിയാമെനിക്ക് പക്ഷെ അങ്ങനെ വേണ്ടി വന്നു..

അന്ന് ഞാൻ ഇവിടം വിടുന്നതിനു മുൻപുള്ള രാത്രിയിൽ എന്നെ തേടി നിന്റെ അമ്മാവന്മാർ വന്നിരുന്നു..

കോവിലകത്തെ തമ്പ്രാക്കൻമാരും വിശ്വദത്തനെന്ന സാധാരണക്കാരനും തമ്മിലുള്ള പന്തയത്തിൽ അവർ നീക്കി വച്ച കരുക്കളിൽ നിന്റെ ജീവനായിരുന്നു ആദ്യത്തേത്. എനിക്കൊപ്പം ഇറങ്ങി വരാൻ ഒരുങ്ങുന്ന നിന്റെ ചിതയൊരുക്കാൻ വട്ടം കൂട്ടുന്ന അവർക്ക് മുന്നിൽ പകപ്പോടെ നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…

ചിറ്റൂർ ഇല്ലക്കാരുടെ പണവും പ്രതാപവും ഞാനെന്ന സാധാരണക്കാരനെ ഭയപ്പെടുത്താൻ തക്ക ബലമുള്ളതാണെന്ന് അന്നാണ് അറിഞ്ഞത്..

എനിക്കൊപ്പം ഇറങ്ങി വരാൻ നീ ഒരുക്കമാണെന്ന് എനിക്ക് അറിയാമായിരുന്നു.. പക്ഷെ നിന്നെ വിളിക്കാനായി ഞാൻ എത്തും മുമ്പേ അടച്ചിട്ട അറയ്ക്കുള്ളിൽ തന്നെ നിന്റെ ജീവൻ അവരെടുക്കും എന്നെനിക്ക് ഉറപ്പായി.

പിന്നെ തോന്നീല്ലെടോ കൂടെ കൂട്ടി നിന്നെ കൊലയ്ക്ക് കൊടുക്കാൻ.. എവിടെയാണെങ്കിലും എന്റെ പെണ്ണ് സന്തോഷായി ദീർഘായുസോടെ ഇരിക്കട്ടെയെന്ന് മാത്രമേ കരുതിയുള്ളു… പിന്നെ ഭയമായിരുന്നു എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വരുമോയെന്ന്.. അങ്ങനെയാണ് നാടു വിട്ടത്… ഞാനൊരു ചതിയാനാണെന്ന് നീ വിശ്വസിക്കട്ടെ എന്ന് കരുതി. കാണാതെ മിണ്ടാതെ കാലങ്ങൾ ചെല്ലുമ്പോൾ എനിക്ക് പകരമൊരാൾ നിനക്ക് കൂട്ടിനെത്തുമെന്ന് കരുതി…

പിന്നെ ഒരു ഒളിച്ചോട്ടമായിരുന്നു. എങ്ങോട്ടെന്നില്ലാതെ എന്തിനെന്നില്ലാതെ ഇങ്ങനെ.. മനഃപൂർവം നാടു മറന്നു..എവിടെയൊക്കെയോ അലഞ്ഞു… ആരുമില്ലാതെ ഏകാന്തനായി…..

പക്ഷെ നിന്നെ മറക്കാൻ മാത്രം പറ്റിയില്ല.

നിന്റെ വിശേഷങ്ങൾ അറിയാനുള്ള മനക്കട്ടിയില്ലാഞ്ഞിട്ട് തന്നെയാണ് ആരുമായും ഒരു ബന്ധം ഇല്ലാതിരുന്നത്.

മതി ദത്തേട്ടാ….

ഇനിയൊന്നും പറയണ്ട….

ദേവയാനി അയാളെ തടഞ്ഞു.

അങ്ങനെ എന്നെ തനിച്ചാക്കി പോയ നിങ്ങൾ എന്റെ വിശേഷങ്ങൾ തിരക്കണമായിരുന്നു..

ഭ്രാന്തു മൂത്ത് ഇരുട്ടറയ്ക്കുള്ളിൽ ഞാൻ ആഘോഷിച്ചു തീർത്ത ജീവിതത്തെ കുറിച് അറിയേണ്ടത് നിങ്ങൾ മാത്രമല്ലേ..

എന്റെ പ്രണയത്തെ ബലികൊടുത്ത് നിങ്ങൾ ബാക്കിവച്ച ഈ ജീവൻ കൊണ്ട് ഞാൻ എന്തൊക്കെ നേടിയെന്ന് അറിയണ്ടേ നിങ്ങൾക്.. ഭ്രാന്തിയെന്ന വിളിപ്പേരും സങ്കടം പറഞ്ഞു കരയാനൊരു കൂട്ടുപോലുമില്ലാത്ത ഏകാന്തതയും…

അതൊക്കെയാണ്‌ ഈ പെണ്ണിന്റെ നേട്ടങ്ങൾ…

അവളുടെ വാക്കുകൾ കേൾക്കെ ദത്തൻ ഞെട്ടലോടെ മുഖമുയർത്തി…

ദേവൂ അപ്പൊ നീ… നിന്റെ കുടുംബം..

കുടുംബം…. അവൾ തികട്ടി വന്ന പുച്ഛത്തോടെ മുഖം തിരിച്ചു…

ഒരേ ഒരാൾക്കൊപ്പമേ ഈ ദേവയാനി ഒരു ജീവിതം കൊതിച്ചിട്ടുള്ളൂ അയാളെ മാത്രമേ സ്വപ്നം കണ്ടിട്ടുള്ളൂ അയാൾക്കായെ കാത്തിരിന്നിട്ടുള്ളു…

അതുകൊണ്ട് ദേവു ഇപ്പോഴും തനിച്ചാണ്…

നിങ്ങളുടെ സ്ഥാനം മറ്റൊരുത്തനു ഞാൻ പതിച്ചു നൽകുമെന്ന് നിങ്ങൾ വിശ്വസിച്ചുവെങ്കിൽ എന്റെ പ്രണയത്തെ നിങ്ങൾ അത്ര ആഴത്തിലേ അറിഞ്ഞിട്ടുള്ളുവെന്നാണ് അർഥം.

ദേവുവിന്റെ വാക്കുകൾ തീക്കനൽ എന്ന പോലെ അയാളുടെ ചെവികളെ ചുട്ടുപൊള്ളിച്ചു. അവിശ്വസനീയതയോടെ അയാൾ കൺചിമ്മാതെ അവളെ നോക്കിയിരുന്നു.

അല്പസമയത്തിന് ശേഷം ഇരുന്നിടത്തു നിന്നും എഴുന്നേറ്റ ദത്തൻ മുറ്റത്തേക്ക് ഇറങ്ങി..

ഞാൻ…. ഞാൻ പോട്ടെ ദേവു…

കുറ്റബോധവും വേദനയും നിറഞ്ഞ സ്വരത്തിൽ ദത്തൻ ചോദിച്ചു…

പ്രതീക്ഷിക്കാത്ത ചോദ്യമെന്ന പോലെ അവൾ ഞെട്ടലോടെ മുഖമുയർത്തി….

പോകാണോ…. അപ്പൊ ദത്തേട്ടൻ എന്തിനാ വന്നത്…. ഇനിയെങ്കിലും കൂടെയുണ്ടാകുമെന്നത് എന്റെ മോഹം മാത്രമാണോ.. അവൾ ചോദിച്ചു..

അങ്ങനെയല്ല ദേവൂ… ഞാൻ.. ഞാൻ പോട്ടെ…

ഇനിയും നിന്നെ വേദനിപ്പിക്കാൻ വയ്യ….

ഇതിലും കൂടുതൽ ഇനി ഞാൻ എന്തു വേദനിക്കാനാണ്….. ഏഴു ജന്മങ്ങൾക്കും വേണ്ടി ഞാൻ വേദന തിന്നു തീർത്തു കഴിഞ്ഞു..

ഇനിയും എന്നെ ഒറ്റക്ക് ആക്കാതിരിക്കാൻ പറ്റോ.

അന്നൊരിക്കൽ ഒരു ചെപ്പു നിറയെ മഞ്ചാടി മണികളും ഒരാലില താലിയും എന്റെ കയ്യിലേൽപ്പിച്ചത് ഇന്നും ഞാൻ സൂക്ഷിക്കുന്നുണ്ട്.. ഒരു മഞ്ഞചരടിൽ കോർത്തു ചാർത്തി ഒരു നുള്ള് സിന്ദൂരവും അണിയിച്ചു തന്നാൽ മതി… വേറെ ഒന്നും വേണ്ട..

എന്നിട്ട് ദത്തേട്ടൻ പൊക്കോ…അത്രയും എന്നെ വേണ്ടാതെ ആയിയെങ്കിൽ പിന്നെ ഞാൻ തടഞ്ഞു നിർത്തില്ല…ആ താലിയുടെ കൂട്ടിൽ ഞാനിനി ജീവിച്ചോളാം….

അവൾ വാശിയോടെ പറഞ്ഞുകൊണ്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ചെറിഞ്ഞു..

ദത്തനൊന്നും മിണ്ടിയില്ല…

അൽപ സമയത്തെ ആലോചനയ്ക്കു ശേഷം അയാൾ അവളുടെ വലം കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു അകത്തേക്കു നടന്നു…

പൂജാമുറിയിലെ വിഗ്രഹത്തിനു മുന്നിൽ കത്തിയെരിയുന്ന ദീപങ്ങളെ സാക്ഷി നിർത്തി ദത്തൻ ദേവയാനിയുടെ കഴുത്തിൽ താലി ചാർത്തി.

ദേവിക്ക് മുന്നിലെ സിന്ദൂരതട്ടത്തിൽ നിന്നെടുത്ത ഒരു നുള്ള് സിന്ദൂരം കൊണ്ടയാൾ അവളുടെ സീമന്തരേഖയെ ചുവപ്പണിയിച്ചു..

കണ്ണുകളടച്ചു കൈകൂപ്പി നിന്ന് ദത്തന്റെ താലിയും സിന്ദൂരവുമേറ്റുവാങ്ങുന്ന അവളെ കാൺകെ സാവിത്രിയമ്മ നേര്യതിന്റെ തുമ്പുയർത്തി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…

********************

ഇരുട്ടിനു ചന്തം കൂട്ടാനെന്ന പോലെ വിരുന്നെത്തിയ നനുത്ത മഴ ജനലഴിക്കിപ്പുറം പെയ്യുമ്പോൾ തന്നെയൊന്നാകെ നനച്ച ദത്തന്റെ സ്നേഹമഴയിലലിഞ്ഞുകൊണ്ട് അവൾ അയാളുടെ നെഞ്ചിൽ ചേർന്നു കിടന്നു…

ചുണ്ടുകളിൽ വിരിഞ്ഞ വശ്യമായ പുഞ്ചിരിയോടെ കിടക്കുന്ന അവളെ കാൺകെ അയാളുടെ മിഴികൾ നിറഞ്ഞു…

പെണ്ണേ… ഞാൻ നിന്നെ പിന്നെയും പിന്നെയും വേദനിപ്പിക്കുകയാണെന്ന് അറിയാം… നിന്നെക്കാൾ ആഴത്തിൽ എന്റെ ശരീരത്തെ സ്നേഹിച്ചു തുടങ്ങിയ ഒരാൾ കൂടെ കൂടിയിട്ട് നാളേറെയായി… ഇനി എത്ര നാൾ ബാക്കിയുണ്ടെന്നറിയില്ല.. അവസാനമായി ഒന്ന് കണ്ടു മടങ്ങണം എന്നെ കരുതിയുള്ളൂ..നീ എനിക്കായി കാത്തിരിക്കുന്നെന്നോ ജീവിതത്തിന്റെ ഈ സായന്തനത്തിൽ നിനക്ക് മിന്നു ചാർത്തേണ്ടി വരുമെന്നോ കരുതിയിരുന്നില്ല ഞാൻ….

വിരഹത്തിന്റെ വേദന മുഴുവൻ ഒറ്റയ്ക്ക് കുടിച്ചു വറ്റിച്ച നിന്നോടിനിയും എന്റെ വേദനകൾ പറഞ്ഞു നിന്നെ കൂടുതൽ നോവിക്കാൻ വയ്യ….

എത്രനാൾ എന്നറിയില്ലായെങ്കിലും അവസാന ശ്വാസവും ഇനി നിന്റെ മടിത്തട്ടിൽ മതി…

ഒന്നും പറയുന്നില്ല ഞാൻ…. ഒന്നുമറിയണ്ട നീയും…

ആയുസ്സൊടുങ്ങും വരെ ഞാൻ ഇങ്ങനെ ഈ നെഞ്ചോട് ചേർത്തു പിടിച്ചോളാം….

ദത്തൻ മനസ്സിൽ ഓർത്തുകൊണ്ട് അവളെ നോക്കി..

അപ്പോഴേക്കും…..

തുലാക്കുളിരിലും നനുത്ത ചൂടു പകരുന്ന അയാളുടെ നെഞ്ചിൽ തലചേർത്ത് അവൾ ശാന്തമായ മനസ്സോടെ കണ്ണുകളടച്ചിരുന്നു….

ഇനിയവൾ ഉറങ്ങട്ടെ…

ഈ തണലിൽ ഇത്തിരി നേരമെങ്കിലും……..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രേഷ്മദേവു

Leave a Reply

Your email address will not be published. Required fields are marked *