എന്റെ കഴുത്തിൽ അവന്റെ കൈ കൊണ്ട് താലി കയറും വരെ അവൻ എന്നെ വിശ്വസിക്കുകയില്ല എന്നാണവൻ പറയുന്നത്…

രചന : Pratheesh

എന്റെ കഴുത്തിൽ അവന്റെ കൈ കൊണ്ട് താലി കയറും വരെ അവൻ എന്നെ വിശ്വസിക്കുകയില്ല എന്നാണവൻ പറയുന്നത്….!

എന്റെ വാക്കുകളെയും

എന്നെയും വിശ്വസമില്ലാത്ത ഒരാളുടെ കൂടെ ഞാൻ എന്തിനു ഇനിയും നടക്കണം…?

എന്നെ ഒട്ടും വിശ്വാസമില്ലാത്ത ഒരാളെ എനിക്കെന്തിനാണ്…?

ഒരു പ്രണയത്തിൽ ആദ്യം വേണ്ടത് പരസ്പ്പര വിശ്വാസമാണ്,

അതില്ലാതെ ഒരു പ്രണയവും മുന്നോട്ടു പോകുകയുമില്ല പോയിട്ട് കാര്യവുമില്ല,

എന്തിനാണ് നീ അമലിനെ ഒഴിവാക്കിയത് എന്ന മൃണാളിനിയുടെ ചോദ്യത്തിന് ഭൃംഗയുടെ മറുപടിയാണ് മുകളിൽ പറഞ്ഞതെല്ലാം,

ഭൃംഗ തുടർന്നു,

ഒരു പെണ്ണായതു കൊണ്ടാവാം അവന് എന്നെ അത്ര വിശ്വാസ കുറവ് മറ്റുള്ള പെണ്ണുങ്ങൾ പലരുടെയും പ്രവർത്തിയേ മുൻ നിർത്തി അവൻ എന്നെയും വിലയിരുത്താൻ ശ്രമിക്കുകയാണ്,

അവരാരുമല്ല ഭൃംഗ എന്ന് അവനറിയില്ല,

എന്റെ വിശ്വാസത്തിനു വിലയിടാൻ അവനാരാണ്…?

ഒരു വാക്കു കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കാനും എനിക്കറിയാം,

പെണ്ണുങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നു പറയുന്ന ഈ ആണുങ്ങൾ ഒക്കെയും പൂർണ്ണ വിശ്വസ്തരാണോ…?

എത്രയെത്ര പാവം പെൺക്കുട്ടികളെ പഞ്ചാരവാക്കുകൾ പറഞ്ഞ് ഇവന്മാർ പറ്റിച്ചിട്ടുണ്ട് ?

പോട്ടെ…!

ഈ ഇവൻ തന്നെ വിശ്വസ്തനാണ് എന്നതിന് എന്താണു തെളിവ്…?

മറ്റൊരുവളുടെ ചന്തവും തൊലിവെളുപ്പും കണുമ്പോൾ ഇവനും നമ്മളെ വിട്ടു പോകില്ല എന്നതിന് എന്ത് ഉറപ്പാണുള്ളത്….?

ഇത്തരത്തിലുള്ള വിശ്വാസ്ത്തതയേ കുറിച്ച് എപ്പോഴെങ്കിലും ഞാനവനോടു ചോദിച്ചോ ?

ഞാനവനെ പൂർണ്ണമായും വിശ്വസിക്കുകയായിരുന്നില്ലെ ?

എന്നിട്ടും അവൻ വന്നിരിക്കുന്നു എന്നിലെ വിശ്വാസ്യതയെ അളക്കാൻ….!

ഇനി ഞാനവന് എന്റെ ഉറപ്പുകൾ നല്ല വെള്ള ബോണ്ട് പേപ്പറിൽ എഴുതി തള്ള വിരൽ എന്റെ തന്നെ ചോരയിൽ മുക്കി വിരളടയാളം പതിച്ചു കൊടുക്കണമായിരിക്കും അല്ലെ…?

അതോ ഞാനിനി അവനെ എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ കൊണ്ടു പോയി ഞാനിവനെ മാത്രേ വിവാഹം കഴിക്കു എന്നു പറഞ്ഞ് അവരെ മുൻനിർത്തി അവനെ ബോധ്യപ്പെടുത്തി വിശ്വാസ്യത തെളിയിക്കണോ…?

അങ്ങിനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അതങ്ങു പോട്ടെന്നു വെക്കുകയേയുള്ളൂ ”

അല്ലാതെന്ത്….?

എല്ലാം കേട്ട ശേഷം മൃണാളിനി അവളോടു ചോദിച്ചു

നിനക്ക് അവന്റെ ആ പറച്ചിലിനോട് നല്ല ദേഷ്യമുണ്ടല്ലെ ?

അതു കേട്ട് ഭൃംഗ പറഞ്ഞു,

അവന്റെ പറച്ചിലു കേട്ടിട്ട് എനിക്കവനെ കൊല്ലാനുള്ള ദേഷ്യമുണ്ട് ”

അതു കേട്ടതും മൃണാളിനി പതിവില്ലാത്തവിധം അവളെ നോക്കി ചിരിച്ചു,

എന്നാൽ മൃണാളിനിയുടെ ആ ചിരി ഭൃംഗക്ക് അത്ര സുഖകരമായി തോന്നിയില്ല,

തുടർന്ന് മൃണാളിനിയേ നോക്കി ഭൃംഗ ചോദിച്ചു,

നിന്റെ ചിരി കണ്ടാൽ തെറ്റ് മുഴുവൻ എന്റെ ഭാഗത്താണെന്ന് തോന്നുമല്ലോ ?

ഉടനെ മൃണാളിനി ചോദിച്ചു,

എന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം തരുമോയെന്ന് ?

ഭൃംഗ അതിനു തലയാട്ടി സമ്മതം മൂളിയതും മൃണാളിനി ചോദിച്ചു,

അവൻ എപ്പോഴെങ്കിലും നിന്നോട് പൊന്നോ പണമോ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ…?

” വാട്ട് യൂ മീൻ ? ”

” വാട്ട് ഐ സെഡ് ! ”

ഇല്ല എന്താ ?

” എപ്പോഴെങ്കിലും നിനക്കു സംശയം തോന്നാത്ത വിധത്തിൽ നിന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കാൻ അവൻ ശ്രമിച്ചിട്ടുണ്ടോ…? ”

ഇല്ല….! ”

” വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ അവൻ നിന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടോ…? ”

” ഇല്ല ! ”

” നീയും അവനും മാത്രമുള്ള നിങ്ങളുടെതായ സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ ?

” ഇല്ല ! ”

” വീഡിയോ കോൾ വിളിക്കുമ്പോൾ എന്നായാലും എനിക്ക് കാണാനുള്ളതല്ലെ എന്നു പറഞ്ഞ് ഉടുത്തിരിക്കുന്നത് അഴിച്ചു കാണിച്ചു കൊടുക്കാൻ എപ്പോഴെങ്കിലും അവൻ ആവശ്യപ്പെട്ടിട്ടുണ്ടോ…? ”

” ഇല്ല ! ”

” എപ്പോഴെങ്കിലും അവനുമായി ശരീരം പങ്കിടാൻ അവൻ നിന്നെ നിർബന്ധിച്ചിട്ടുണ്ടോ ? ”

അതിനും ഇല്ലെന്നവൾ തലയാട്ടുന്നു,

അതു കണ്ടതും മൃണാളിനി അവളോടു പറയുന്നു,

അവൻ നിന്നെ വിവാഹം കഴിക്കുമോ ഇല്ലയോ എന്നതിനേക്കാൾ നിന്റെ നാശം കാണാൻ ഒരിക്കലും അവൻ ആഗ്രഹിക്കുന്നില്ലെന്നതിന് ഇത്രയും അടയാളങ്ങൾ പോരേ ?

അതും കൂടാതെ, അവൻ നിന്നെ തീർത്തും ആഗ്രഹിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് നിന്റെ കഴുത്തിൽ താലി കെട്ടിയ ശേഷമേ അവൻ നിന്നെ വിശ്വസിക്കു എന്നു പറഞ്ഞതിന്റെ അർത്ഥം…!

അതു കേട്ടിട്ടും ഭൃംഗക്ക് ഒന്നും മനസിലായില്ല,

തുടർന്നും അവൾ മൃണാളിനിയോടു ചോദിച്ചു,

നീയെന്താണ് പറഞ്ഞു വരുന്നത് എന്ന് ?

അവൻ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്,

അതിന്റെ അർത്ഥം അതിന്റെ ശരിയായ രീതിയിൽ മനസിലാക്കാൻ ഞാൻ നിനക്ക് മറ്റൊരു കഥ പറഞ്ഞു തരാം,

അതു കേട്ടു കഴിയുമ്പോൾ നിനക്കു തന്നെ മനസിലാവും അവൻ പറഞ്ഞതിലെ ആ ശരി എന്താണെന്ന്,

അതു കേട്ട് അവൾ തലയാട്ടിയതും,

മൃണാളിനി പറഞ്ഞു തുടങ്ങി,

മഹാഭാരതം കഥയിലെ കർണ്ണന്റെ ദാനശീലം വളരെ പ്രസിദ്ധമാണ്,

ഒരിക്കൽ അതൊന്നു നേരിട്ടു പരീക്ഷിച്ചറിയാനുള്ള മോഹം ശ്രീകൃഷ്ണനുണ്ടായി,

താമസിയാതെ അദ്ദേഹം നേരേ കർണ്ണന്റെ അടുത്തേക്ക് ചെന്നു, കർണ്ണനപ്പോൾ കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു,

കർണ്ണൻ തന്റെ ഇടതു കൈയിലെ സ്വർണ്ണക്കിണ്ണത്തിൽ നിന്നു വലതു കൈയ്യിലേക്ക് എണ്ണയൊഴിച്ച് തലയിൽ തേച്ചുപിടിപ്പിക്കുന്ന നേരത്തായിരുന്നു കൃഷ്ണന്റെ വരവ്.

കർണ്ണന്റെ കൈയ്യിലെ ചിത്രവേലകൾ ആലേഖനം ചെയ്തിട്ടുള്ള ആ സ്വർണ്ണ എണ്ണക്കിണ്ണം കണ്ടപ്പോൾ അത് തനിക്ക് കിട്ടിയാൽ കൊള്ളാമെന്ന് കൃഷ്ണനു തോന്നി.

” ആ സ്വർണ്ണക്കിണ്ണം എനിക്കു തരുമോ ? ”

കർണ്ണനെ നോക്കി കൃഷ്ണൻ ചോദിച്ചു,

” ഭഗവാനേ അങ്ങ് ഈ ചെറിയ വസ്തുവാണോ ദാനം ചോദിക്കുന്നത് ?

” കിണ്ണം തരാൻ എനിക്ക് സന്തോഷമേയുള്ളൂ ”

അതും പറഞ്ഞ് കർണ്ണൻ തന്റെ ഇടതു കൈ അങ്ങിനെ തന്നെ കൃഷ്ണനു നേരേ നീട്ടി സ്വർണ്ണക്കിണ്ണം കൃഷ്ണനു കൊടുത്തു,

കിണ്ണം തന്റെ കൈയ്യിൽ വാങ്ങിയ ശേഷം കൃഷ്ണൻ പറഞ്ഞു,

” കർണ്ണാ താങ്കൾ വലിയ ദാനശീലനാണെന്ന് എല്ലാവരും പറയുന്നു എന്നാൽ ഇടതുകൈ കൊണ്ട് ദാനം ചെയ്യാൻ പാടില്ലെന്ന് താങ്കൾക്കറിയില്ലെയെന്ന് ? ”

അതിന് വളരെ വിനീതനായി കർണ്ണൻ പറഞ്ഞു,

ഭഗവാനേ എന്നോടു ക്ഷമിക്കണം. ഇടതുകൈകൊണ്ട് ദാനം ചെയ്യരുതെന്ന് എനിക്കറിയാമായിരുന്നു,

എന്നാൽ ആ കിണ്ണം എന്റെ ഇടതുകൈയിൽ നിന്നു വലതു കൈയ്യിലെക്ക് മാറ്റുന്ന ആ സമയത്തിനുള്ളിൽ എന്റെ മനസ്സ് എങ്ങാനും മാറിയാലോ ?

ദാനകർമ്മങ്ങൾ ചെയ്യുമ്പോൾ ഒരു വിവരീതചിന്തക്കുള്ള അവസരം ഞാൻ നൽകാറില്ല,

മനുഷ്യമനസ്സ് എപ്പോഴാണ് മാറുന്നതെന്ന് പറയാൻ പറ്റില്ല,

കർണ്ണന്റെ ആ ചിന്തയും വാക്കുകളും കൃഷ്ണനെ അത്യധികം സന്തോഷിപ്പിച്ചു.

മൃണാളിനി പിന്നെയും പറഞ്ഞു, മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തിന്റെ കാര്യം അത്ര വ്യക്തമായി അറിയാവുന്നതു കൊണ്ടാണ് കർണ്ണൻ മനസ്സിൽ അന്നേരം അത്തരം ഒരു ചിന്തക്കുള്ള സാവകാശം പോലും നൽകാതിരുന്നത്,

നിന്റെ വാക്കുകൾ നിനക്ക് ഉറപ്പുള്ളതും ആത്മാർത്ഥത നിറഞ്ഞതും ആയി തന്നെ അനുഭവപ്പെടും കാരണം നിനക്കവനെ ചതിക്കണം എന്നൊരു മോഹം ഇല്ലാത്തതു കൊണ്ടു തന്നെ,

എന്നാൽ ചില സാഹചര്യങ്ങൾ നമ്മളെ ചതിക്കുന്നവയായി മാറാറുണ്ട്,

ഉദാഹരണമായി നാളെ നിന്റെ അച്ഛന് ഹൃദയസ്തംഭനം പോലെ വല്ല അസുഖമോ മറ്റോ വന്നാൽ നിന്റെ കാരണങ്ങളാൽ അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലോ എന്നു ഒാർത്ത് ചിലപ്പോൾ കൊടുത്ത വാക്കുകളെ മറന്ന് നീ നിന്റെ ഇഷ്ടങ്ങളിൽ നിന്നു പിന്മാറിയേക്കാം,

അല്ലെങ്കിൽ നിന്റെ ചേച്ചി നിനക്കു മുന്നേ അവൾക്കിഷ്ടപ്പെട്ട ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോയാൽ രണ്ടാമതും അതെ വേദനകൾ വീട്ടുകാർക്കു നൽകി അവരെ വേദനിപ്പിക്കാൻ എതൊരു പെണ്ണും ഒന്നു മടിക്കും,

അത്തരം ഒരു സാഹചര്യത്തിലും മനംമാറ്റം സുനിശ്ചിതമാണ്,

അതുമല്ലെങ്കിൽ നിന്റെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടെന്നു വിചാരിക്കുക ശേഷിക്കുന്ന മറ്റൊരാൾക്കു വേണ്ടി മനസ്സിന്റെ എത്ര ആഴത്തിൽ തന്നെ പതിഞ്ഞ പ്രണയത്തേയും നിസാരമായി ഒഴിവാക്കാൻ നിനക്ക് ക്ഷണനേരം തന്നെ ധാരാളമാണ്,

മനുഷ്യനു അവന്റെ കൈയ്യും കാലും ഒന്നും മാറ്റാനാവില്ല, അവനു എപ്പോൾ വേണമെങ്കിലും മാറ്റി പറയാവുന്നത് അവന്റെ വാക്കുകൾ മാത്രമാണ് ”

ഞാൻ മറ്റു പെണ്ണുങ്ങളെ പോലെയല്ല, വാക്കു പറഞ്ഞാൽ ജീവൻ പോയാലും അതു പാലിക്കും എന്നൊക്കെ എല്ലാ പെണ്ണുങ്ങളും പറയുന്നതാണ്,

അവരതു പറയുന്നതും നിന്നെ പോലെ ആത്മാർത്ഥതയോടെയും കൊടുത്ത വാക്കു പാലിക്കണം എന്നു കരുതിയിട്ടും ഒക്കെ തന്നെയാണ്,

എന്നാൽ സാഹചര്യം എന്ന ശത്രുവിന് എല്ലാം മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്….!

വാക്കു കൊടുക്കുന്നവർക്ക് ഇങ്ങനെ ഒരു സാഹചര്യത്തെ മുൻകൂട്ടി കാണാൻ കഴിയാറില്ല എന്നതാണ് അവർ അവരു പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നതിന്റെയും വാശിപിടിക്കുന്നതിന്റെയും കാരണം..,

അമൽ പറഞ്ഞതാണു ശരി,

ഒരാളെ ആഗ്രഹിച്ചു കിട്ടാതെ ആകുന്നതിലും നല്ലത് സ്വന്തമായ ശേഷം പൂർണ്ണതയോടെ സ്നേഹിക്കുന്നതു തന്നെയാണെന്ന്,

മൃണാളിനി അതു പറഞ്ഞു നിർത്തിയതും ഭൃംഗ പുഞ്ചിരിയോടെ അമലിനെ വിളിക്കാൻ തന്റെ ഫോൺ കൈയ്യിലെടുത്തു,

അതു കണ്ടതും മൃണാളിനിയും പുഞ്ചിരിച്ചു,

നിങ്ങൾ കൊടുത്ത വാക്കുകൾ അതു പാലിക്കപ്പെടുന്ന നിമിഷം വരെ

നിങ്ങൾക്കതെത്ര ആത്മാർത്ഥത നിറഞ്ഞതാണെങ്കിലും,

ഒരാൾക്ക് വാക്കു കൊടുക്കുക എന്നത് ആർക്കും ആരോടും പറയാവുന്ന വെറും ഭംഗിവാക്കുകൾ മാത്രമായി അവശേഷിക്കും..!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : Pratheesh

Leave a Reply

Your email address will not be published. Required fields are marked *