ദേ….. അവളെ ഒന്ന് നോക്കിയേ… കരിക്കട്ടയെക്കാൾ കറുത്ത നിറംആണല്ലേ, പൊട്ടു കുത്തിയിട്ടു പോലും തെളിഞ്ഞു കാണാനില്ല…..

രചന : ജോമോൻ ജോസഫ്

കറുത്ത പൊന്ന്

*************

” ദേ….. അവളെ ഒന്ന് നോക്കിയേ……

കരിക്കട്ടയെക്കാൾ കറുത്ത നിറംആണല്ലേ ……

പൊട്ടു കുത്തിയിട്ടു പോലും തെളിഞ്ഞു കാണാനില്ല……. മുത്തുമാല വെളുത്തതായതു കൊണ്ട് കഴുത്തിനു ചുറ്റും മാത്രം ഒരു തരി വെട്ടം ഉണ്ട്…….. എന്നിട്ട് അവൾക്കു വീട്ടുകാർ ഇട്ടേക്കുന്ന പേര് കേട്ടില്ലേ…….

” പൊന്നൂന്ന് ”

പെൺകുട്ടികളുടെ അരികിൽ നിന്നുള്ള വർത്തമാനം കേട്ടു ക്‌ളാസ്മുറി മുഴുവൻ അട്ടഹസിക്കുവാൻ തുടങ്ങി……..

പൊന്നു അവളുടെ കയ്പ്പത്തി മേശപ്പുറത്തു വച്ചു കണ്ണുകൾ അതിൽ ഒളിപ്പിച്ചു വിതുമ്പിക്കരയുവാൻ തുടങ്ങി…

“എന്താ ഇവിടെ ബഹളം….. ഇതെന്താ ചന്തയാണോ ”

റോസ്‌ലി ടീച്ചർ ദേഷ്യത്തോടെ അകത്തേക്ക് വന്നു….

” ടീച്ചറേ, ദേ പൊന്നുവിന്റെ മാല കണ്ടില്ലേ…..

എന്താ ചന്തം…. അവൾ അതു എല്ലാവരെയും കാണിച്ചു വീമ്പു പറയുവായിരുന്നു … ”

ഒരു പെൺകുട്ടി പറഞ്ഞു..

“അവളുടെ ഒരു മാല….. മാല ഇടാൻ പറ്റിയ ഒരു കോലവും…… ഓരോന്ന് കൊണ്ടുവന്നു ക്ലാസ്സിൽ ബഹളം കൂട്ടിക്കോണം അസത്തെ….”

എന്നുപറഞ്ഞു ടീച്ചർ അവളുടെ ചെവിയിൽ പിടിച്ചു മുരുക്കി…..

” കാണാനും കൊള്ളില്ല പഠിക്കാനും കൊള്ളില്ല…. എന്തിനു കാലത്തെ ഇങ്ങോട്ട് പോരുന്നു….. ”

ടീച്ചറിന്റെ ക്രൂരമായ വാക്കുകൾ കേട്ടു അവളുടെ കുഞ്ഞു ഹൃദയം പിടഞ്ഞു….

ചെവിയിൽ ഉണ്ടായ വേദനയേക്കാൾ ഒത്തിരി വലുതായിരുന്നു ആ ക്രൂരമായ വാക്കുകൾ.

ക്ലാസ്സു മുഴുവൻ നിർത്താതെ ചിരിക്കാൻ തുടങ്ങി.

പലരും അവളെ നോക്കി കളിയാക്കി…. വിരൂപയെന്നും, കറുത്ത ഭൂതമെന്നും ഒക്കെ വിളിച്ചു….

ആ ഒരു മണിക്കൂർ മുഴുവൻ അവൾ നിർത്താതെ കരയുകയായിരുന്നു.

“പൊന്നു, പറയുന്നവർ പറഞ്ഞോട്ടെ… നിന്നെ എനിക്കറിയാം….. നമ്മൾ ഒക്കെ ഇല്ലത്തു ജനിച്ചില്ല എന്നേയുള്ളു….. അച്ച്ഛനമ്മമാർക്ക് ഉള്ള ചന്തവും നിറവും നമുക്കും കിട്ടി…….

അതു നമ്മുടെ തെറ്റല്ലല്ലോ….. നമ്മുടെ മനസ്സ്…

അതു കാണാൻ ആരും ശ്രമിക്കുന്നില്ല………

“അവളുടെ കൂട്ടുകാരി ചിന്നു പറഞ്ഞു

*************

“മോളെ…. അച്ഛന്റെ പൊന്നിങ്ങു വന്നേ….എന്തു പറ്റി മുഖത്തു ഒരു വാട്ടം……. ചെവിക്കു എന്തു പറ്റി….. ചുവന്നിട്ടുണ്ടല്ലോ…”അച്ഛൻ കയ് കൊണ്ട് ചെവിയിൽ തടകികൊണ്ട് ചോദിച്ചു…

“അതു കളിച്ച്ചപ്പോൾ……”

അവൾ വിങ്ങൽ ഉള്ളിൽ ഒതുക്കികൊണ്ട് പറഞ്ഞു

“അതൊക്കെ പോട്ടെ…. അച്ഛൻ എന്താ പൊന്നിന് കൊണ്ട് വന്നതെന്ന് അറിയാമോ…..

ദേ …… നോക്കിയേ……

പൊന്നിന് മൂക്കുത്തി ……”

അയാൾ അതു പറഞ്ഞു ഒരു ചുവന്ന പൊതിയിൽ നിന്നും മൂക്കുത്തി പുറത്തെടുത്തു….. അവളുടെ കുഞ്ഞു മൂക്കിൽ അടഞ്ഞു തുടങ്ങിയ തുളയിൽ അതു അണിയിച്ചു….

“അമ്മ ഉള്ളപ്പോൾ എന്നും പറയുന്ന പരാതി ആയിരുന്നു….. എന്റെ കുഞ്ഞിന് ഒരു തരി പൊന്നുപോലും ഇല്ലല്ലോ എന്ന് ….. ദേഹം മുഴുവൻ പൊന്നിട്ടു വന്ന അവൾ ഈ മണ്ണിൽ അന്തിയുറങ്ങുമ്പോൾ അവളുടെ കഴുത്തിൽ ഒരു കറുത്ത ചരട് മാത്രമായിരുന്നു….. എന്റെ ഈ മുടിഞ്ഞ കുടി എല്ലാം തുലച്ചു……”

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ തുടർന്നു….

“ഇപ്പോൾ അവൾ ഇതു കണ്ടു സന്തോഷിക്കുന്നുണ്ടാവും, അല്ലെ മോളെ… ദേ സാവിത്രി നിന്റെ ആഗ്രഹം ഞാൻ സാധിച്ചൂട്ടോ….

ഇനി ഒരു മാല, കമ്മൽ,പിന്നെ കൈനിറയെ വളകൾ…. അങ്ങനെ ഒത്തിരി ഒത്തിരി….”

അച്ഛന്റെ സ്നേഹം കണ്ടു അവൾ അച്ചനെ കെട്ടിപ്പിടിച്ചു ..

“എനിക്ക് എന്തിനാ അച്ഛാ ഈ മൂക്കുത്തിയും,കമ്മലും , മാലയും ഒക്കെ…. ഞാൻ കറുത്തതല്ലേ…. കറുത്തവർ ഇതൊക്കെയിട്ടാൽ ആരാ നമ്മളെയൊക്കെ ശ്രദ്ധിക്കുക….. ആരാ നല്ലതാണെന്നു പറയുക…”

അവൾ നൊമ്പരത്തോടെ പറഞ്ഞു…

” കറുത്തവർ ഇതൊക്കെയിട്ടാൽ ആരാ ശ്രദ്ധിക്കുകയെന്നോ…… കറുപ്പിന് ചന്തമില്ലെന്നോ….

ആരു പറഞ്ഞു… നിന്റെ അമ്മ എത്ര കറുപ്പായിരുന്നു…..എന്നിട്ടും അവൾ എന്തു സുന്ദരിയായിരുന്നു……. ഒരു മനുഷ്യന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ജാതിയുടെയും, പണത്തിന്റെയും പിറകിൽ നിന്നും അല്ലെങ്കിൽ കറുപ്പും വെളുപ്പും നോക്കാതെ എല്ലാവരും സൗന്ദര്യം ആസ്വദിച്ചു പറയും

ഈ പഞ്ഞി പോലുള്ള ദേഹം മണ്ണോടു മണ്ണാകുമ്പോൾ അതിൽ കറുപ്പും വെളുപ്പും കാണാൻ ആർക്കെങ്കിലും കഴിയുമോ മോളെ ……. ”

അവളെ നെഞ്ചോടു ചേർത്തുകൊണ്ട് അച്ഛൻ പറഞ്ഞു….

***********

“അമ്പടി കേമി…… പൊന്നിന്റെ മൂക്കുത്തിയോ

സുന്ദരി ആയല്ലോ നീ…”

ചിന്നു അവളോട്‌ ചോദിച്ചു …

“പിന്നെ ചുന്ദരി……. ചെളിക്കുണ്ടിൽ ചന്ദനം തേച്ചത് പോലുണ്ട്……..”

പിറകിൽ നിന്നും ഏതോ പെൺകുട്ടി പറഞ്ഞു ചിരിച്ചു…..

“ഡീ കൊച്ചേ എന്നും ഉണ്ടല്ലോ ഓരോ സാധനങ്ങൾ…… ഇതു വരവിന്റെയാ…..”

റോസ്‌ലി ടീച്ചർ അതു ചോദിക്കുമ്പോൾ മറ്റു കുട്ടികൾക്ക് ചിരി അടക്കുവാൻ കഴിഞ്ഞില്ല….

അവൾ ടീച്ചറിന്റെ കണ്ണുകളിലേക്ക് ദയനീയമായി ഒന്ന് നോക്കി…….. ടീച്ചർ വേഗം പാഠപുസ്തകം തുറന്നു പഠിപ്പിക്കുവാൻ തുടങ്ങി…..

ക്ലാസിനു മദ്ധ്യേ പ്യൂൺ അവിടേക്കു വന്നു ടീച്ചറെ എന്തോ പറഞ്ഞു പുറത്തേക്കു കൂട്ടികൊണ്ട് പോയി.

“സൈലെൻസ് പ്ലീസ്‌…”

ഹെഡ്മിസ്ട്രെസ് ക്ലാസ്സിലേക്ക് വന്നു….

” നമ്മുടെ റോസ്‌ലി ടീച്ചറിന്റെ ഒരേ ഒരു മകൾ കുറച്ചു നേരം മുൻപ് ഒരു അപകടത്തിൽ പെട്ട് ഐ സി യൂ വിൽ ആണ്……. നിങ്ങൾ എല്ലാവരും ആ കുട്ടിക്കായി പ്രാർത്ഥിക്കുക…..

പിന്നെ നാളെ നിങ്ങളാൽ കഴിയുന്ന ഒരു സാമ്പത്തിക സഹായവുമായി വരിക..ഞങ്ങൾ ടീച്ചേഴ്സും പി ടി ഐ ഉം കുറച്ചു പണം ശേഖരിക്കുന്നുണ്ട് … ഓക്കേ…. ”

അതു പറഞ്ഞു ടീച്ചർ ക്ലാസ്സു വിട്ടു പോയി

**************

“അച്ഛാ….നാളെ എനിക്ക് ഒരു പത്തു രൂപ സ്കൂളിൽ കൊണ്ട് പോകണം….”

വൈകിട്ടു വീട്ടിൽ എത്തിയപ്പോൾ പൊന്നു അച്ഛനോട് പറഞ്ഞു…

“എന്തിനാ മോളെ…. നിനക്കിപ്പോൾ പത്ത് രൂപ…”

“എന്റെ ഒരു ടീച്ചറിന്റെ കുട്ടി ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്… ചികിത്സ സഹായമായി നാളെ ക്ലാസ്സിൽ ഒരു പിരിവു എടുക്കുന്നുണ്ട്….

അവിടെ കൊടുക്കാനാണ്”

അച്ഛനോട് കുറേകൂടി ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു.

“പത്ത് രൂപയായിട്ടു എന്തു കൊടുക്കാനാമോളെ…. ഇന്നാ നാളത്തേക്ക് അച്ഛൻ ഷാപ്പിൽ കൊടുക്കാൻ വെച്ച പണമാണ്….

അൻപതു രൂപ…. ഇതു നീ കൊണ്ടുപോയ്ക്കോ…. ഒരു പരോപകാരത്തിനല്ലേ,

അച്ഛൻ നാളെ വേറെ വഴിവല്ലതും നോക്കാം ”

അവൾ അതു സന്തോഷത്തിൽ വാങ്ങി പഴയ ബാഗിൽ ആക്കി…

“പൊന്നു, നീ എത്ര രൂപയാ കൊടുക്കുന്നെ…”

ചിന്നു ചോദിച്ചു

“അച്ഛൻ എനിക്ക് അൻപതു രൂപ തന്നു….

“നീയോ…”പൊന്നു തിരിച്ചു ചോദിച്ചു…

കുറെ നേരം തലകുമ്പിട്ടു നിന്നതിനു ശേഷം അവൾ പറഞ്ഞു.

“വീട്ടിൽ ഒരു രൂപ പോലും ഉണ്ടായില്ലെടി… അമ്മ വയ്യാതെ കിടക്കുവാ…. ഞാൻ ഇനി എന്തു പറയും ക്ലാസ്സിൽ…..”

ചിന്നു വിഷമത്തോടെ കൂട്ടുകാരിയോട് മറുപടി പറഞ്ഞു…

“എന്തായി ഇന്നലെ പറഞ്ഞ കാര്യം… എല്ലാവരും സഹായം കൊണ്ടുവന്നിട്ടുണ്ടോ ” ടീച്ചർ ചോദിച്ചു.

എല്ലാവരുടെയും മുന്നിലൂടെ ക്ലാസ്സ്‌ ലീഡർ ഒരു ബോക്സുമായി നടന്നു. പൊന്നുവിന്റെ മുന്നിൽ വന്നു ബോക്സ്‌ തുറന്നപ്പോൾ മറ്റുകുട്ടികൾ അവളെ നോക്കി പരിഹസിച്ചു….

കിട്ടിയ പണം എണ്ണി തിട്ടപ്പെടുത്തി ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്തേക്കു പോയി…

ക്ലാസ്സിന്റെ ഇടവേളകളിൽ പൊന്നു കഞ്ഞിപ്പുരയുടെ അകത്തേക്ക് പോകുന്നത് ശീലമായിരിന്നു. കഞ്ഞിയുണ്ടാക്കുവാൻ വരുന്ന രമണി അവൾക്കു സ്വന്തം അമ്മയെ പോലെ ആയിരുന്നു. വിറകു ഊതി കത്തിക്കുവാനും, ബക്കറ്റു കഴുകി സഹായിക്കാനും മറ്റും അവൾ എന്നും അവരോടു കൂടി ഉണ്ടായിരുന്നു….

” മോളെ നിന്റെ മൂക്കുത്തി എവിടെ… ”

വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ചോദിച്ചു..

അവൾ പതിയെ മൂക്കിന് മുകളിലൂടെ തടകിയിട്ടു അച്ചനോട് പറഞ്ഞു….”അതു… കളിച്ച്ചപ്പോൾ

“സൂക്ഷിക്കണ്ടേ മോളെ… അച്ഛൻ ഒരുപാടു ആഗ്രഹിച്ച് വാങ്ങിത്തന്നതല്ലേ….. ഇനി എന്നാണ് ഒരെണ്ണം ഇങ്ങനെ വാങ്ങിത്തരാൻ കഴിയുക,

ആ പൊക്കോട്ടെ മോളു വിഷമിക്കണ്ടാ….. പൊന്നിടാനുള്ള ഭാഗ്യം നിനക്ക് ആയിട്ടില്ല എന്ന് കരുതിയാൽ മതി…..

**************

രണ്ടാഴ്ചകൾക്കു ശേഷം സ്കൂൾ വാർഷികദിവസങ്ങൾ … വേദികൾ ഒത്തിരി പരുപാടികളെകൊണ്ട് മനോഹരമായിരുന്നു,

അതിന്റെയെല്ലാം പര്യവസാനം എന്നവണം അവസാന ദിവസത്തിൽ എത്തി നിൽക്കുന്നു…..

സ്കൂൾ അങ്കണത്തിനുള്ളിലെ തുറന്ന സ്റ്റേജിൽ നിരവധി കസേരകൾ നിരന്നു കിടക്കുന്നു.

പ്രധാനവേദിയിലേക്ക് ബാണ്ട് മേളത്തിന്റെയും താലപൊലികളുടെയും അകമ്പടിയോടെ വിശിഷ്ടാതിഥികൾ കയറിവരുന്നു. എം. എൽ. എ, പ്രധാന അധ്യാപിക, മാനേജർ, സ്കൂൾ ലീഡർ, യുവജനോത്സവ കലാ തിലകം അങ്ങനെ പ്രമുഖർ നീളുന്നു.

എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു കഴിഞ്ഞു.

ഉത്ഘാടന പ്രസംഗത്തിൽ പ്രധാന അധ്യാപിക ഒരു വിശിഷ്ടാഥിതിക്കായി ഒരു കസേര മാറ്റിയിട്ടിരിക്കുന്നതിനെ പറ്റി സൂചന നൽകുകയുണ്ടായി.

തന്റെ മകളുടെ അപകടഘടത്തിൽ താങ്ങും തണലുമായി നിന്ന സ്കൂളിലെ എല്ലാ നല്ല മനസുകൾക്കും വേണ്ടി റോസ്‌ലി ടീച്ചർ നന്ദി പറഞ്ഞു.

“ഇനി വിശിഷ്ടാദിതിയെ ക്ഷണിക്കാൻ സമയമായി ”

പ്രധാന അധ്യാപിക സദസിനോട് പറഞ്ഞു.

“അതു നിങ്ങളിൽ ഒരാളാണ്, നിങ്ങൾ അറിയുന്ന ഒരാൾ…”

എല്ലാവരും പരസ്പരം നോക്കി.

“അയാളെ പറ്റി രണ്ടു വാക്ക് പറയുവാൻ ഞാൻ ശ്രീകല ടീച്ചറെ ക്ഷണിക്കുകയാണ്..”ഇതു പറഞ്ഞു ശ്രീകല ടീച്ചർക്ക്‌ മൈക് കൊടുത്തു പ്രധാന അധ്യാപിക സീറ്റിലേക്ക് പോയി….

” നമ്മൾ എല്ലാവരും ഒത്തിരി നന്മയുള്ളവരാണ്…..

കരയുന്ന മനസുകളെ അറിഞ്ഞു മനസിലാക്കുന്നവർ… ശരിയല്ലേ…. ”

ടീച്ചർ ഉറക്കെ ചോദിച്ചു..

“അതെ…”

പലരുടെയും മറുപടികൾ ഉയർന്നു.

“രണ്ടാഴ്ച മുൻപ് നടന്ന ഒരു നന്മ എന്റെ കണ്ണു നിറച്ചു…. അന്ന് ഞാൻ തിരിച്ചറിഞ്ഞ… ഞാനല്ല…. ഞങ്ങൾ കുറേപേർ തിരിച്ചറിഞ്ഞ കുറെ സത്യങ്ങൾ… അതു നിങ്ങളും അറിയാതെ പോകരുത്…. ഇതു നിങ്ങളോട് പറയുവാനുള്ള നല്ലൊരു അവസരം കാത്തു കാത്തിരിക്കുകയായിരുന്നു….”

ശ്രീകല ടീച്ചർ പറഞ്ഞു.

“നമ്മുടെ റോസ്‌ലി ടീച്ചറിന്റെ മകൾ അപകടത്തിൽ പെട്ടതിന്റെ പിറ്റേ ദിവസം, നാം സ്കൂളിൽ ഒരു കളക്ഷൻ എടുക്കുകയുണ്ടായി…അതിൽ പണം തന്നവരും ഉണ്ട്, തരാത്തവരും ഉണ്ട്….”

ടീച്ചർ അതു പറയുമ്പോൾ പൊന്നുവിന്റെ ക്ലാസ്സിലെ കുറെ കുട്ടികൾ അവളെ നോക്കി പരിഹസിച്ചു..

“അന്ന് വൈകുന്നേരം സ്റ്റാഫ്‌ റൂമിൽ ഒരു കുട്ടി എന്നെ കാണാൻ വന്നു…….

“ടീച്ചർ………”

“എന്താടോ… പറ… നിന്നു പരുങ്ങാതെ…”

“ഞാൻ റോസ്‌ലി ടീച്ചറിന്റെ മകൾക്കു സഹായമായി ഒന്നും കൊടുത്തില്ല, എന്റെ കൈ വശം ഒന്നും ഇല്ല…”

അവൾ താഴ്മയോടെ പറഞ്ഞു.

“അതു സാരമില്ല… നീ നന്നായി പ്രാർത്ഥിച്ചാൽ മതി “എന്നുപറഞ്ഞു ഞാൻ അവളെ പറഞ്ഞയച്ചു..

കുറെ കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്നു.

“ടീച്ചർ എന്റെ മനസിന്‌ ഒരു സമാധാനവും ഇല്ല…. ടീച്ചർ ഇതു വിറ്റിട്ടു ആ പണം റോസ്‌ലി ടീച്ചർക്ക്‌ കൊടുക്കുമോ “എന്ന് എന്നോട് ചോദിച്ചു..

“അവളുടെ കണ്ണിലെ ആ കരുണ കണ്ടു ഞാൻ അവളെ തന്നേ കുറെ നേരം നോക്കി….

നിന്നെ ടീച്ചർക്ക്‌ അത്രയ്ക്ക് ഇഷ്ടമാണോ എന്ന് ഞാൻ തിരക്കി…”

“അതു എനിക്ക് അറിയില്ല…. പക്ഷെ എനിക്ക് ടീച്ചറെ ഒത്തിരി ഇഷ്ടമാണ് ”

എന്നായിരുന്നു അവളുടെ മറുപടി……

റോസ്‌ലി ടീച്ചറോട് അവളെ പറ്റി തിരക്കിയപ്പോൾ

“താൻ ജീവിതത്തിൽ ഏറ്റവും അധികം നോവിച്ച കുട്ടി അവളാണെന്ന് പറഞ്ഞു ടീച്ചർ പൊട്ടി കരയുകയായിരുന്നു ”

“ഇതിനു പുറമെ ഒരുനാൾ അവളെ പറ്റി മറ്റൊരു സത്യം അറിയാൻ ഇടയായി….

സഹായിക്കുവാൻ അച്ഛൻ കൊടുത്ത അൻപതു രൂപ തന്റെ കൂട്ടുകാരിക്ക് നൽകി അവളെ നാണക്കേടിൽ നിന്നും രക്ഷിച്ചു

തന്റെ കയ്യിൽ ഒന്നും ഇല്ല എന്ന് പറഞ്ഞു

ക്ലാസ്സ്‌മുറിയിൽ മറ്റുള്ളവരുടെ മുന്നിൽ കളിയാക്കലുകൾ സ്വയം ഏറ്റുവാങ്ങിയ ഒരു കൊച്ചു മിടുക്കി….. എന്താ അവൾ അല്ലെ ഇന്നത്തെ നമ്മുടെ വിശിഷ്ടാതിഥി ആകേണ്ടത് ”

ടീച്ചർ ഉറക്കെ ചോദിച്ചു..

“അതെ…. അവൾ തന്നേ….”

സദസ് ഒന്നടങ്കം ഉറക്കെ പറഞ്ഞു.

അതു പറഞ്ഞു ടീച്ചർ അവളെ ക്ഷണിക്കുവാനായി കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി..

ഓരോ ബഞ്ചിലൂടെയും ടീച്ചർ അവളെ നോക്കി നടക്കുമ്പോൾ ടീച്ചറോടൊപ്പം എല്ലാവരും ആകാംഷയോടെ പുറകിലേക്ക് നോക്കി..

അച്ചനോട് ചേർന്നിരുന്നു ബഞ്ചിൽ തല താഴ്ത്തി കിടക്കുന്ന അവളുടെ തലമുടിയിൽ തഴുകി ടീച്ചർ അവളെ വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ അവളുടെ കുഞ്ഞു മിഴികൾ പേമാരിയായി പെയ്യുകയായിരുന്നു.

അപ്പോഴേക്കും കുട്ടികളെല്ലാം ആകാംഷയോടെ അവളുടെ പേര് വിളിച്ചു പറയുവാൻ തുടങ്ങി..

അവൾ അവിടെ നിന്നും എഴുന്നേറ്റു ഒരു ചുവടു മുന്നോട്ടു നടന്നപ്പോഴേക്കും അച്ഛൻ ഓടി പുറകെ ചെന്നു.

വേദിയിലേക്ക് നടന്നു കയറുമ്പോൾ കഴിഞ്ഞുപോയ ഓരോ ദിവസങ്ങളും അവളുടെ മനസിലൂടെ ഓർത്തെടുത്തു………

അവഗണിച്ചവരെയും, കളിയാക്കിയവരെയും, കരയിച്ച് മനസ് നോവിച്ചവരെയും അവൾ ഓർത്തു.

ദാരിദ്രത്തിലും തന്റെ അച്ഛൻ ചെയ്തു കൂട്ടിയാ നന്മകളെ അവൾ സന്തോഷത്തോടെ ഓർമ്മിച്ചു…..

അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ റോസ്‌ലി ടീച്ചർ അവളെ കെട്ടിപ്പുണർന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മോളെ നിന്നെ ഞാൻ എത്ര മാത്രം ഉപദ്രവിച്ചിട്ടും നിനക്ക് എങ്ങനെ……..? ”

“ടീച്ചർ എന്റെ അമ്മയെപ്പോലെയല്ലേ…..

എനിക്കൊരു അപകടം സംഭവിച്ചാൽ എന്റെ അമ്മയുടെ ഹൃദയം എത്രമാത്രം തകർന്നു പോകുമെന്ന് എനിക്ക് ഊഹിക്കാവുന്നതിലും വലുതല്ലേ….. ഞാൻ അവിടെ എന്റെ അമ്മയെ കണ്ടു….. നമ്മളെ നോവിച്ചവരെയും സ്നേഹിക്കണം എന്ന് പഠിപ്പിച്ച എന്റെ അമ്മയെ….”

പൊന്നു കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു…

“ഇതു ഞങ്ങൾ അധ്യാപകരുടെ വക ഒരു സമ്മാനം……. കുഞ്ഞു മനസിലെ വലിയ നന്മക്കായ്…..”

അതു പറഞ്ഞു പ്രധാന അധ്യാപിക ചെപ്പിൽ നിന്നും ഒരു കുഞ്ഞു സ്വർണമാല എടുത്തു അവളുടെ കഴുത്തിൽ അണിഞ്ഞു…. എല്ലാവരുടെയും കരാഘോഷങ്ങൾ ഉയർന്നു…..

സ്റ്റേജിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ അവളുടെ അച്ഛൻ അവളെ കെട്ടിപ്പുണരുവാൻ മുന്നിലേക്ക്‌ ചെന്നു…

“അച്ഛന്റെ പൊന്നൂ………….. എന്തേ ഈ വലിയ നന്മ മോളു അച്ഛനോട് പറഞ്ഞില്ല… അച്ഛൻ വഴക്കുപറയും എന്ന് പേടിച്ചാണോ…. ഒരിക്കലും ഇല്ല മോളെ…….

അഴകിനേക്കാൾ എത്രയോ വലുതാണ് ഓരോ ജീവനും……… നിനക്കെന്തിനാ ഇതിലും വലിയ തിളക്കം…… നീയല്ലേ അച്ച്ഛന്റെ തനി തങ്കം……”

അച്ഛനെ അവൾ കെട്ടിപ്പുണർന്നു……..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : ജോമോൻ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *