ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 29 വായിക്കൂ…

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 29

❤️❤️❤️❤️❤️❤️❤️

“നിഹാൽ ഏട്ടൻ എന്താ ഈ പറയുന്നേ ??നാളെ കഴിഞ്ഞു എന്റെ കല്യാണമാ… ഞാൻ എങ്ങനെ ഇറങ്ങി വരും”??

“നാളെ കഴിഞ്ഞു എന്റെയും വിവാഹമാ … ഞാൻ വന്നില്ലേ നിനക്ക് വേണ്ടി… “…

”എനിക്ക് വേണ്ടി വരുക ആയിരുന്നു എങ്കിൽ ഇപ്പോൾ ഒരു കള്ളനെ പോലെ പരുങ്ങി ആയിരുന്നില്ല വരേണ്ടി ഇരുന്നത് !! ചങ്കൂറ്റത്തോടെ പെണ്ണ് ചോദിക്കാൻ ആയിരുന്നു വരേണ്ടത്… ഇതിപ്പോ ഞാൻ ഇറങ്ങി വന്നിട്ട് എന്ത് കാര്യം ??കുറെ പേരുടെ ശാപവും  കണ്ണീരും ഏറ്റു വാങ്ങാം… എന്ന് അല്ലാതെ”…കിങ്ങിണി കരഞ്ഞു കൊണ്ട് നിഹാലിനോട് ചോദിച്ചു.

“എനിക്ക് അതൊന്നും അറിയണ്ട എനിക്ക് നീ ഇല്ലാതെ പറ്റില്ല… ”

“വെറും രണ്ടോ മൂന്നോ ആഴ്ച മാത്രം പരിചയം ഉള്ള ഞാൻ ഇല്ലാതെ ഏട്ടന് പറ്റില്ല എങ്കിൽ 19വർഷം വളർത്തി വലുതാക്കിയ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കരി വാരി തേച്ചു ഇറങ്ങി വരാൻ എനിക്ക് ആവില്ല”….

“അപ്പോ നിന്റെ സ്നേഹം വെറുതെ ആയിരുന്നു അല്ലേ”??…നിഹാൽ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

“അല്ല… അന്ന് ഉണ്ടായിരുന്ന സ്നേഹം അതേ പോലെ ഇപ്പോഴും എനിക്ക് ഉണ്ട്…. പക്ഷെ, ഏട്ടന്റെ ഈ തീരുമാനം അംഗീകരിക്കാൻ എനിക്ക് കഴിയില്ല. ജന്മം തന്നവരെയും  മറ്റുള്ളവരെയും ഒന്നും അറിയാതെ  എന്നെ താലി കെട്ടാൻ കാത്തിരിക്കുന്ന ഒരു ചെറുപ്പക്കാരനെയും വേദനിപ്പിച്ചു ഞാൻ ഇറങ്ങി വരില്ല. നാളെ കഴിഞ്ഞു ഏട്ടന്റെ താലി കഴുത്തിൽ കയറും എന്ന് വിശ്വസിച്ചു  ഇരിക്കുന്ന ആ പെണ്ണിന്റെ ശാപം തലയിൽ കയറ്റാൻ എനിക്ക് ആകില്ല…. “…കിങ്ങിണി കരഞ്ഞു കൊണ്ട് പറഞ്ഞു.

നിഹാൽ ഒന്നും മിണ്ടിയില്ല കുറച്ച് നേരം.

“നിനക്ക് പ്രായവും പക്വതയും ഇല്ലാ എന്ന് ഞാൻ കരുതി. പക്ഷെ നീ എന്റെ വിചാരങ്ങൾക്കും  അപ്പുറം ആണ്. Wish you a happy married life…ഇനി നിഹാലിന്റെ ജീവിതത്തിൽ കിങ്ങിണി ഇല്ലാ… “…ഉറച്ച സ്വരത്തോടെ നിഹാൽ അതും പറഞ്ഞ് കഴുത്തിൽ കൊളുത്തി ഇട്ട കിങ്ങിണിയുടെ മാല ഊരി അവളുടെ കയ്യിൽ വെച്ചു  കൊടുത്തു. എന്നിട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോയി. കിങ്ങിണിയുടെ മുറിയുടെ വാതിൽ നിഹാലിന്റെ മുൻപിൽ കൊട്ടി അടഞ്ഞു.ഒരു നേർത്ത നിലവിളിയോടെ കിങ്ങിണി നിലത്തേക്ക് ഇരുന്നു മുഖം പൊത്തി കരഞ്ഞു.

“എന്താടാ ??എന്ത് പറ്റി”??… ഫൈസൽ അവനോടു ചോദിച്ചു

“വന്നില്ല… വരില്ല അവൾ… ഞാൻ വെറും വിഡ്ഢി”…

“ഡാ ഞാൻ സംസാരിക്കാം… ”

“വേണ്ടാ ഫൈസി അവൾ പറഞ്ഞത് തന്നെയാ ശരി എന്തിനാ വെറുതെ എല്ലാവരുടെയും ശാപം വാങ്ങി വെക്കുന്നെ ???മാത്രവുമല്ല അവൾ ഇറങ്ങി വരുമോ എന്ന് കൂടെ നമ്മൾ ചിന്തിക്കണമായിരുന്നു. അവൾ ഇനി എന്റെ ജീവിതത്തിൽ ഇല്ലാ. പക്ഷെ അവൾക്ക് എന്നും നല്ലൊരു സ്ഥാനം എന്റെ മനസ്സിൽ ഉണ്ടാകും. നമുക്ക് പോകാം”… നിഹാൽ മുഖം ശരിക്കൊന്ന് തിരുമി. ഫൈസലിനെ നോക്കി കൃത്രിമമായ ഒരു പുഞ്ചിരി നൽകി അവൻ താഴേക്കു ഇറങ്ങി. ഫൈസൽ കിങ്ങിണിയുടെ മുറിയുടെ വാതിലിലേക്ക് ഒന്ന് പാളി  നോക്കി.അടക്കി പിടിച്ച കിങ്ങിണിയുടെ കരച്ചിൽ അവനും കേട്ടില്ല.  ഫൈസലും  നിഹാലിന് പുറകെ താഴേക്കു ഇറങ്ങി.

നടന്നു നടന്നു ഗേറ്റിന്റെ മുന്നിൽ  എത്തിയപ്പോൾ നിഹാൽ ഒന്ന് തിരിഞ്ഞു നോക്കി. ജനൽ കമ്പികളിൽ  കൈ പിടിച്ചു കിങ്ങിണി അവനെ നോക്കി നിന്നു. ദൂരെ നിലാ വെളിച്ചത്തിൽ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവനും യാത്രയായി.

“ഡാ… നീ വണ്ടി ഓടിക്കാമോ ??എനിക്ക് നല്ല ക്ഷീണം തോന്നുന്നു”…. നിഹാൽ പറഞ്ഞപ്പോൾ ഫൈസൽ ചാവി മേടിച്ചു. കാർ മുന്നോട്ട് എടുത്തു.

കിങ്ങിണി അവർ പോകും വരെ അവിടെ തന്നെ നിന്നു. നിശബ്ദമായ കണ്ണീർ അവളുടെ കവിളുകൾ നനച്ചു കൊണ്ടിരുന്നു. നിഹാലും ഫൈസലും ഹോട്ടലിലേക്ക് തിരിച്ചു പോയി.

*********************-***-**

പിറ്റേന്ന് ആയിരുന്നു കിങ്ങിണിയുടെ മൈലാഞ്ചി ഇടീൽ ചടങ്ങ്. സെറ്റും മുണ്ടും ഉടുത്തു ഐശ്വര്യവതിയായി തന്നെ അവൾ തിളങ്ങി നിന്നു. പക്ഷേ ആ മുഖത്ത് ചിരിയുടെ തിളക്കമോ കല്യാണപ്പെണ്ണിന്റെ  നാണമോ ഒന്നും ഉണ്ടായില്ല.

സന്ധ്യ ആയപ്പോൾ അമ്മ വിളക്ക് വെച്ചു. കിങ്ങിണിയെ എല്ലാവരും കൂടെ നിലത്തു വിരിച്ച പുൽപ്പായയിൽ  കൊണ്ട് പോയി ഇരുത്തി. അവളുടെ ഇടവും വലവും മേഘയും പാത്തുവും ഉണ്ടായിരുന്നു എപ്പോഴും. ഒരു പത്രത്തിൽ മൈലാഞ്ചിയും വെറ്റിലയും ഒരു ചെറിയ പത്രത്തിൽ മാതള  നാരങ്ങയും അമ്മയും ചെറിയമ്മയും ചേർന്ന്  പൊട്ടിച്ചു വെച്ചു. വെറ്റില എടുത്തു കയ്യിൽ വെച്ചു അതിൽ ആണ് എല്ലാവരും മൈലാഞ്ചി ഇട്ടത്. പോകും മുൻപ് വധുവിന് മാതള  നാരങ്ങ വായിൽ മധുരം ആയി കൊടുക്കുകയും ചെയ്തു.ഫോട്ടോ എടുക്കലും സദ്യയും എല്ലാം തന്നെ കേമമായി നടന്നു. ശ്യാം ഏട്ടനും അച്ഛനും ചെറിയച്ഛനും ഓടി നടന്നു എല്ലാവരെയും സല്കരിക്കാൻ. 

ചടങ്ങുകൾ എല്ലാം കഴിഞ്ഞു കിങ്ങിണി കുളിച്ചു വന്നു കിടന്നു. ഉള്ളു വല്ലാതെ വിങ്ങുന്നത്  അവൾ അറിഞ്ഞു. ഉറക്കം വരാതെ സ്വന്തം വീട്ടിലെ അവസാന രാത്രിയും അവളെ കടന്ന് പോയി.. നാളെ മറ്റൊരു വീട്ടിലെ മറ്റൊരു കിടപ്പറയിൽ ഒരു ബന്ധവും ഇല്ലാത്ത ഒരാളുടെ കൂടെയുള്ള രാത്രിയിൽ ആയിരിക്കും താൻ എന്ന ബോധ്യത്തോടെ.

************************

പിറ്റേന്ന് ആയിരുന്നു കല്യാണം….

“ദേ സമയം ആയി കേട്ടോ… ഇപ്പോൾ പുറപ്പെട്ടാൽ മാത്രേ 9.30ആകുമ്പോൾ എങ്കിലും അവിടെ എത്തൂ… “..ലാലിന്റെ അച്ഛൻ എല്ലാവരെയും വണ്ടിയിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു.

ഏട്ടത്തിമാരും ഏട്ടന്മാരും എടുത്തു കൊടുത്ത സ്വർണ കരയുള്ള കസവ് മുണ്ടിലും ജുബ്ബയിലും നിഹാൽ തിളങ്ങി നിന്നു. ഉള്ളിൽ ഒരു നെരിപ്പോട് കത്തി അമരുന്നത് മറച്ചു പിടിച്ചു കൊണ്ട് നിഹാൽ മുഖത്ത് ചിരി വരുത്തി നിന്നു.എല്ലാവരുടെയും ഒപ്പം  അവർ അമ്പലത്തിലേക്ക് പുറപ്പെട്ടു.

ഏകദേശം 9.30യോടെ തന്നെ അവർ അമ്പലത്തിൽ എത്തി….. വലിയ ഒരു ക്ഷേത്രം തന്നെ ആണ് മഹാ വിഷ്ണു ആണ് അവിടുത്തെ പ്രതിഷ്ഠ… നിഹാലും വീട്ടുകാരും അമ്പലത്തിൽ പോയി പ്രാർഥിച്ചു വന്നു. പെണ്ണിന്റെ ആളുകൾ വന്നു നിഹാലിനെ സ്വീകരിച്ചു. അവർ അവനെ മണ്ഡപത്തിലേക്ക് ആനയിച്ചു.

നിഹാൽ മണ്ഡപത്തിൽ കയറി ഇരിക്കുന്നതിന് മുൻപ് സദസ്സിനെ തൊഴുതു അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിച്ചു. അവൻ പീഡത്തിൽ ഇരുന്നു. എന്തൊക്കെയോ പ്രാർഥനകൾ തിരുമേനി പ്രാർഥിച്ചു കൊണ്ടിരുന്നു.

“കിങ്ങിണിയുടെ കല്യാണവും കഴിഞ്ഞു കാണും”…നിഹാൽ വേദനയോടെ ഒരു നിമിഷം  ഓർത്തു പോയി.

”കുട്ടിയെ വിളിച്ചോളൂ.. മുഹൂർത്തം ആകാറായി”…..തിരുമേനി പറഞ്ഞപ്പോൾ ആരെക്കെയോ  പെണ്ണിനെ വിളിക്കാൻ താലവും കയ്യിൽ പിടിച്ചു പോകുന്നത് നിഹാൽ കണ്ടു. അവന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

ഫൈസിയെ അവിടെ ഒന്നും നോക്കിയിട്ട് നിഹാൽ കണ്ടില്ല. എല്ലാവരുടെയും ശ്രെദ്ധ തന്നിൽ  ആണെന്ന് മനസ്സിലായപ്പോൾ നിഹാൽ മുഖം കുനിച്ചു വെച്ച് ഇരുന്നു.

പീകോക്ക്  ബ്ലൂ സിമ്പിൾ പട്ടുസാരിയിൽ  സാരീയിൽ കല്യാണപ്പെണ്ണ് മിന്നി തിളങ്ങി നിന്നു. മിതമായ മേക്കപ്പ് ഉം മിതമായ പരമ്പരാഗത  ആഭരണങ്ങളും  അണിഞ്ഞു കയ്യിൽ താലവും ഏന്തി കുട്ടികളുടെ ഒപ്പം വധു മണ്ഡപത്തിലേക്ക് കയറി. താലവും  പിടിച്ചു മൂന്ന് വട്ടം മണ്ഡപത്തെ  വലം വെച്ചു.താലം  കൃഷ്ണന്റെ വിഗ്രഹത്തിനു മുൻപിൽ സമർപ്പിച്ചു സദസ്സിനെ തൊഴുതു. തിരുമേനി കാണിച്ചു കൊടുത്ത വരന്റെ വാമഭാഗത്തു  വധു ഇരുന്നു. രണ്ടാളും പരസ്പരം നോക്കിയില്ല. തിരുമേനി കൊടുത്ത പൂക്കളും തീർത്ഥവും  വാങ്ങി അവർ പ്രാർഥിച്ചു. മഞ്ഞളിൽ മുക്കിയ നിഹാൽ എന്ന് പേര് എഴുതിയ ആലില താലി തിരുമേനി എടുത്തു നിഹാലിന്റെ കയ്യിൽ കൊടുത്തു. നിഹാൽ ആ താലിയിൽ ഒന്ന് സൂക്ഷിച്ചു നോക്കി. അവൻ വിറയ്ക്കുന്ന കൈകളോടെ താലി വാങ്ങി. അവന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി ഹൃദയ താളം വേഗത്തിൽ ആയി. വിറച്ചു കൊണ്ട് അവൻ കൈകൾ ഉയർത്തി ആ താലി വധുവിന്റെ കഴുത്തിൽ കണ്ണടച്ച് കെട്ടാൻ തുടങ്ങിയതും പെട്ടെന്ന് ഒരു വിളി വന്നു.

“മക്കളെ ലാലേ… പെണ്ണ് ശ്രീ നന്ദ  ആണോ അതോ ചഞ്ചല ആണോ എന്ന് ഒന്ന് കണ്ണ് തുറന്നു നോക്കിക്കേ”……നിഹാലിന്റെ അച്ഛന്റെ വിളി കേട്ടു അവൻ കണ്ണ് തുറന്നു നോക്കി.

നീല സാരിയിൽ  തല നിറയെ കുടമുല്ല പൂക്കൾ ചൂടി സർവ്വാഭരണ  വിഭൂഷിതയായി കല്യാണപ്പെണ്ണ് ചമഞ്ഞു  നിഹാലിന്റെ കണ്ണുകളിലേക്ക് നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിറഞ്ഞ സന്തോഷത്തോടെ  അവനെ നോക്കി ഇരിക്കുന്ന കിങ്ങിണി.

ഒരു നിമിഷം അവർ രണ്ടാളും ഒന്ന് പകച്ചു.

“ഇക്കാക്ക… നിഹാൽ ഏട്ടന്റെ കല്യാണത്തിന് പോയില്ലേ”??…പുറത്ത് കൂടെ കറങ്ങി നടന്ന ഫൈസിയെ കണ്ടു കൊണ്ട് വന്ന പാത്തു ആശ്ചര്യത്തോടെ ചോദിച്ചു.

“അവന്റെ കല്യാണം ഇവിടെ വെച്ചാ… നീ എന്താ ഇവിടെ”??

“ഏഹ്… കിങ്ങിണിയുടെ കല്യാണം ഇവിടെ വെച്ച”…

“ഏഹ്”??,…അവർ രണ്ടാളും പരസ്പരം ഞെട്ടി.ഒന്നും പിന്നെ ചിന്തിക്കാതെ  രണ്ടാളും മണ്ഡപത്തിലേക്ക് ഓടി.

“എന്താടാ പൊട്ട നോക്കി ഇരിക്കുന്നെ കെട്ടട… എന്റെ പെങ്ങടെ കഴുത്തിൽ താലി”…. ഫൈസലിന്റെ കിതച്ചു കൊണ്ടുള്ള  അലർച്ച കേട്ടതും നിഹാൽ ഒന്നും നോക്കി ഇല്ലാ അവന്റെ പേര് എഴുതിയ ആലില താലി കിങ്ങിണിയുടെ കഴുത്തിൽ ചാർത്തി. ബന്ധുക്കളും കൂട്ടുകാരും വീട്ടുകാരും എല്ലാവരും അവരെ നിറഞ്ഞു അനുഗ്രഹിച്ചു. അവർക്ക് മേലെ പുഷ്പ വർഷം നടത്തി. നിഹാൽ ഒരു നുള്ള് കുങ്കുമം കിങ്ങിണിയുടെ സീമന്ത രേഖയിൽ നിറ പുഞ്ചിരിയോടെ വരച്ചു.അവളുടെ മുഖത്ത് അത്രയും നാൾ അണഞ്ഞു കിടന്നിരുന്ന പുഞ്ചിരി കൂടുതൽ ഭംഗിയോടെ തിരികെ വന്നു.  കിങ്ങിണിയുടെ അച്ഛൻ മുറ പ്രകാരം കിങ്ങിണിയെ മനസ്സ് അറിഞ്ഞു തന്നെ നിഹാലിന് അനുഗ്രഹിച്ചു നൽകി.

“ഈ ലോകത്ത് മറ്റു എവിടെ കിട്ടുന്നതിനേക്കാൾ  സുരക്ഷ എന്റെ മോൾക്ക്‌ നിഹാലിന്റെ കൂടെ ഉള്ള ജീവിതത്തിൽ ഉണ്ടാകും”….കന്യാ ദാനം ചെയ്യുമ്പോൾ കൃഷ്ണ പ്രസാദിന്റെ മനസ്സ് നിറഞ്ഞു ആ കണ്ണ് കലങ്ങി. ശേഷം നിഹാൽ കിങ്ങിണിയുടെ കൈ പിടിച്ചു മണ്ഡപത്തെ  വലം വെച്ചു. അവർ രണ്ടാളും മാതാപിതാക്കന്മാരുടെയും  മറ്റുള്ളവരുടെയും അനുഗ്രഹം വാങ്ങി. അതിന് ശേഷം ആണ് തിരുമേനി പറഞ്ഞത്.

“ശ്രീ നന്ദയെയും ജഗത്തിനെയും  വിളിച്ചോളൂ…. “…ഒന്നും മനസ്സിലാകാതെ കിങ്ങിണിയും നിഹാലും നിന്നു.

“രണ്ടാളും പന്തം കണ്ട പെരുച്ചാഴികളെ പോലെ നിൽക്കണ്ട… ഇതിന്റെ ഇടയിൽ ഉണ്ടായ ട്വിസ്റ്റ്‌ എന്താണെന്നു അറിയാൻ വെമ്പി നിൽക്കുക അല്ലേ പറഞ്ഞ് തരാം”….വർമ്മ സാർ പറഞ്ഞു.

“അന്ന് സിങ്കപ്പൂർ ടൂർ പോകുന്നു എന്ന് പറഞ്ഞു  ഞാൻ പോയത് തൃപ്പൻകോട്ട് തിരുമേനിയെ കാണാൻ ആയിരുന്നു. ഒറ്റക്ക് വരണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ആരെയും കൂടെ കൂട്ടി ഇല്ലാ ഒന്നും പറഞ്ഞതും ഇല്ലാ. അവിടെ ഞാനും കൃഷ്ണ പ്രസാദും മേനോൻ സാറും ജഗത്തിന്റെ അച്ഛനും ഉണ്ടായിരുന്നു. ജഗത്തിന്റെ ജാതകം കുറെ കൂടെ നന്നായി ചേരുന്നത് ശ്രീ നന്ദക്കും നിന്റെ ജാതകം പൂർണമായും ചേരുന്നത് കിങ്ങിണി മോളുടെ കൂടെ ആണെന്നും തിരുമേനി പറഞ്ഞു. പെണ്ണിനേയും ചെറുക്കനെയും മാറ്റി തീരുമാനിക്കുന്നതിന് കുഴപ്പം ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു അന്ന് ഞങ്ങളെ വിളിച്ചത്. ആദ്യം ഒന്ന് എല്ലാവരും മടിച്ചു എങ്കിലും ചേരേണ്ടത്  തന്നെ ചേരട്ടെ എന്ന തീരുമാനം  എടുത്തു.വീട്ടിൽ വന്നു എല്ലാവരോടും കാര്യം പറഞ്ഞപ്പോൾ അവരും പറഞ്ഞു നിന്നോട് ഒന്നും പറയണ്ട എന്ന്.

ചെറിയ രീതിയിൽ രണ്ടാളെയും ഒന്ന് പറ്റിക്കാൻ വേണ്ടിയാ ശ്രീ മോളെയും ജഗത് മോനെയും ഇതിന്റെ ഇടയിൽ കൊണ്ട് വന്നു കയറ്റിയത്…..അവർക്ക് രണ്ടാൾക്കും എല്ലാം അറിയാരുന്നു. …ഞങളുടെ ഭാഗ്യത്തിന് നിങ്ങൾ  രണ്ടാളും കല്യാണ കുറി പോലും വായിച്ചു നോക്കിയില്ല… സോറി മക്കളെ…..വട്ടു കളിപ്പിച്ചതിന്”….അച്ഛൻ പറഞ്ഞു നിർത്തിയപ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു.

“എന്നാലും കെട്ടാൻ പോകുന്ന പെണ്ണിനെയും കൊണ്ട് തന്നെ ഒളിച്ചോടാൻ നോക്കിയത് നീ മാത്രം ആയിരിക്കും മോനെ നിഹാലെ….എന്നാലും ഒളിച്ചോടി പോയിരുന്നു എങ്കിൽ എന്താകുമായിരുന്നു  അവസ്ഥ… ഇജ്ജാതി ട്വിസ്റ്റ്‌… ന്റെ പൊന്നോ … “…ഫൈസി നിഹാലിന്റെ ചെവിയിൽ പറഞ്ഞു.
അവൻ കിങ്ങിണിയെ ഒന്നുടെ ചേർത്ത് പിടിച്ചു. മേഘ പൊട്ടി തെറിക്കും എന്ന് വിചാരിച്ച കിങ്ങിണി കണ്ടത് അടുത്ത ആളെ വായിനോക്കി നിൽക്കുന്ന മേഘയെ ആയിരുന്നു.

കാർമേഘം മൂടി നിന്ന കിങ്ങിണിയുടെ മുഖം മഴവില്ല് പോലെ മിന്നി തിളങ്ങുന്നത് കണ്ടു വെള്ളാരം കുന്നുകാരും  അച്ഛനും അമ്മയും എല്ലാവരും നിറ കണ്ണുകളോടെ നിന്നു. ഇപ്പോ നമ്മളും.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *