എന്റെ കണ്ണൊന്ന് പതിയുമ്പൊഴേയ്ക്കും വശീകരിക്കും പോലൊരു നോട്ടമയച്ചു അവൾ…..

രചന: സോളോമാൻ

രാത്രി വൈകി ഒരു ലോറിപ്പാളയത്തിനടുത്തുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പൊഴാണു ഞാനവളെ ആദ്യമായിട്ട് കാണുന്നത്.

സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിൽ ഒരു നിഴലു പോലെ ആരെയോ പ്രതീക്ഷിച്ച് കൊണ്ടുള്ള നിൽപ്പ്.

അവളുടെ ചുറ്റിലും പരതുന്ന കണ്ണുകളിൽ ഒടുവിൽ ഞാനും പതിച്ചു.

അവളെന്നെ നോക്കി അയഞ്ഞ മട്ടിലൊന്ന് ചിരിച്ചു.

അവളുടെയാ ചിരിയിൽ ആകെയൊരു വശപ്പിശക്..

“സാറെ,അങ്ങോട് വല്ലാതങ്ങ് നോക്കണ്ട..സാറിന്റെ കീശ കീറും,അതൊരു പോക്ക് കേസാണു..”

തട്ടുകടയിലെ ചേട്ടൻ എന്റെ അങ്ങോടുള്ള നോട്ടം കണ്ടിട്ടാവണം എന്നെ ഉണർത്തിയത്.

പലരും പറഞ്ഞ് കേൾക്കാറുണ്ട് രാത്രി കാലങ്ങളിലെ ഇത്തരം സംഭവങ്ങളെ പറ്റി.

രാത്രികൾക്ക് വില പറയുന്ന മാംസക്കച്ചവടക്കാരെ പറ്റി.

ഞാനെന്തായാലും ആദ്യമായിട്ട് കാണുവാണു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കൈ കഴുകി വരുമ്പൊഴേയ്ക്കും കാണാം തട്ടു കടയിലെ ബെഞ്ചിൽ അവളിരിക്കുന്നു.

എന്റെ കണ്ണൊന്ന് പതിയുമ്പൊഴേയ്ക്കും വശീകരിക്കും പോലൊരു നോട്ടമയച്ചു അവൾ. എന്തൊരു കാന്തിക ശക്തിയാണവൾക്ക്,,വെറുതെയല്ല ആളുകൾ വീണു പോകുന്നത്.

അവളുടെ ചുറ്റിലും വല്ലാത്തൊരു മാദക സുഗന്ധം പരക്കുന്നു..

നല്ല മഞ്ഞളിന്റെ കളറിൽ അവളങ്ങനെ തിളങ്ങുന്നു.

അവളുടെ വരവിന്റെ ഉദ്ദേശം ഞാനാണെന്ന് തോന്നിയതിനാൽ പിന്നെ ഞാനങ്ങോട് നോക്കിയില്ല.

വെറുതെ എന്തിനാണു,,

പേഴ്സിൽ നിന്നും പൈസയുമെടുത്ത് കടക്കാരനു കൊടുത്ത് ഞാൻ പോകാനൊരുങ്ങി.

“സാറെ,,ഞങ്ങളെയൊക്കെ ഒന്ന് ഗൌനിക്കണെ,,”

അവളായിരുന്നു അത്.

ആ ഒറ്റ ചോദ്യത്തിൽ അവളുടെ ഇന്നത്തെ ഇര ഞാനാണെന്ന് ഉറപ്പായിരുന്നു.

എന്തായാലും ഒരു മനുഷ്യ ജീവിയല്ലെ,,എന്തേലുമൊന്ന് മിണ്ടിയേക്കാമെന്ന് കരുതി ഞാൻ ചോദിച്ചു.

“ഉം..എന്ത് വേണം..”

“അങ്ങനെ ചോദിച്ചാൽ ഒന്നും വേണ്ട,,സാറിനു വല്ലതു വേണോന്നാ..”

ഞാനൊന്ന് ചിരിച്ചു..

“എനിക്ക് തൽക്കാലം ഒന്നും വേണ്ട..എനിക്കിത്തിരി ധൃതിയുണ്ട്,,ഞാനു പോണു..”

ഞാനാ സംഭാഷണം അവിടെ വെച്ച് മുറിച്ചു കാറിനടുത്തേയ്ക്ക് നടന്നു.

കുറച്ചു മുന്നോട്ടെത്തിയിട്ടുണ്ടാകും,.

“അതേയ് സാറെ..സാറാ പേട്ട മുക്ക് വഴിക്കാണൊ പോകുന്നെ?..”

“അതെ..എന്തെ?..”

“ഇന്നിനി എന്തായാലും ഒന്നും നടക്കില്ല,.എന്റെ വീട് ആ വഴിക്കാണു,,എന്നേം കൂടെയൊന്ന് കൂട്ടാവൊ..”

അവളുടെയാ ചോദ്യത്തിൽ മറ്റൊന്നും ഞാൻ കണ്ടില്ല..

എന്തു തന്നായാലും ഒരു പെണ്ണല്ലെ,,സമയമാണേൽ ഏറെ വൈകി ഇരുട്ടും..

“ഉം..കേറിക്കോളു..”

ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖം വല്ലാതെ തെളിഞ്ഞു കണ്ടു.

കാറിന്റെ പിറകിലായി അവളെ ഇരുത്തി ഡോർ അടച്ച് ഞാൻ ഡ്രൈവിങ് സീറ്റിൽ കയറി വണ്ടിയെടുത്തു.

“പേട്ട മുക്കിൽ എവിടാ തന്റെ വീട്..”

വെറുതെ ഒരു കുശലമെന്നോണം ഞാൻ ചോദിച്ചു.

“അവിടെയാ ഷാപ്പിന്റെ പിറകു വശത്തായിട്ടാണു..”

“ഉം” ഞാനൊന്നു മൂളി..

“സാറിനു പേടിയൊന്നുമില്ലെ..?”

“അതെന്താ അങ്ങനെ ചോദിച്ചെ..”

“അല്ല,എന്നെ പോലെ ഒരാളെയും കൊണ്ട് ഈ രാത്രിയിൽ വണ്ടിയുമായി പോകാൻ..ആരെങ്കിലും കണ്ടാൽ സാറിനു ചീത്തപ്പേരാവില്ലെ..”

“ഉം..ആകുമായിരിക്കും,,പക്ഷെ എനിക്കതിൽ പേടിയൊന്നുമില്ല..ആൾക്കാരു പറയുന്നതും നോക്കി ജീവിക്കാൻ നിന്നാൽ പിന്നെ അതിനേ നേരം കാണുള്ളൂ.. അത് പോട്ടെ,,ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും താനെന്തിനാ ഈ തൊഴിലു തുടരുന്നത്..നല്ല സൌന്ദര്യവും,ആരോഗ്യവും ഒക്കെയുണ്ടല്ലൊ,എന്തെങ്കിലും നല്ല തൊഴിൽ ചെയ്തൂടെ..”

ഞാനത് ചോദിച്ചപ്പോൾ അവൾ ഇത്തിരി നേരം നിശബ്ദയായി..

“സാറിനത് പറയാം..ചെയ്യാൻ ഇഷ്ടമുള്ളതു കൊണ്ടല്ല പലരും ഇങ്ങനൊക്കെ ചെയ്യുന്നത്..സാഹചര്യങ്ങൾ അങ്ങനെയാക്കി തീർക്കുന്നതാണു..”

“എന്തായാലും ഇത്തിരി ദൂരം കൂടി ഉണ്ടല്ലൊ..താൻ പറ,ശരിക്കും തന്റെ ജീവിതം എന്തെ ഇങ്ങനൊക്കെ ആയി..”

ഞാൻ നിർബന്ധിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി..

“എന്റപ്പൻ ചെറുപ്പത്തിലെ മരിച്ചതാണു.. അപ്പനും അമ്മച്ചീം ശരിക്കും ഇവിടുത്തുകാരല്ല..അവരുടെ പ്രണയത്തെ വീട്ടുകാർ എതിർത്തപ്പോൾ അവിടം വിട്ട് പോന്നതാണു.. ഞാൻ ജനിച്ചതും വളർന്നതും ഇവിടാണു, സന്തോഷകരമായ ജീവിതത്തിനിടയിലാണു എന്റെ അമ്മച്ചിക്ക് ദീനം വന്ന് കിടപ്പിലായത്..

എന്നേം അമ്മയേം നോക്കാൻ റബറു വെട്ടുകാരനായ അപ്പൻ ഒരുപാട് കഷ്ടപ്പെട്ടു. കുറച്ചു കാലം മുന്നെ എന്റപ്പൻ ഞങ്ങളെ വിട്ട് പോയി..

അതേ പിന്നെ നിത്യവൃത്തിക്കായി ഞങ്ങളൊരുപാട് ബുദ്ധിമുട്ടി.. കുറച്ചു നാട്ടുകാരൊക്കെ ആദ്യമൊക്കെ ഞങ്ങളെ സഹായിക്കുമായിരുന്നു,.പിന്നെ പിന്നെ ആരും തിരിഞ്ഞു നോക്കാതായി.. ആയിടയ്ക്ക് ചിലരൊക്കെ പലതും പറഞ്ഞ് ഒളിഞ്ഞും പാത്തും എന്നെ തിരഞ്ഞു വരാൻ തുടങ്ങി..

എന്തെങ്കിലുമൊരു ജോലിക്കായി ഞാനലഞ്ഞു..

ആയിടയ്ക്ക് ഇവിടെ അടുത്തുള്ളൊരു മുതലാളിയുടെ ടെക്സ്റ്റൈൽ ഷോപ്പിൽ ആളെ ആവശ്യമുണ്ടെന്നറിഞ്ഞപ്പോൾ ഞാനവിടേയ്ക്ക് ചെന്നു.. അതേ പിന്നെ ജീവിതം പതുക്കെ ശരിയായി വരികയായിരുന്നു.

മുന്നൂറു രൂപയിൽ നിന്നും നൂറു രൂപ അധികമായ് എനിക്ക് കൂട്ടി തന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.

ആ സന്തോഷത്തിനു പക്ഷെ അധികം ആയുസ്സുണ്ടായിരുന്നില്ല.

കടയിലേയ്ക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞ് ഒരു ദിവസം അയാളെന്നെയും കൊണ്ടു പോയി.. ആ ദിവസം ചതിയിലൂടെ അയാളെന്നെ കീഴ്പ്പെടുത്തി..

അത് മുഴുവൻ പകർത്തിയ അയാൾ അത് വെച്ച് എന്നെ പലപ്പൊഴും മുതലെടുത്തു പലർക്കും കാഴ്ച വെച്ചു.

ആ പേരു പറഞ്ഞ് പലരും സ്ഥിരമായെന്നെ സമീപിക്കാൻ തുടങ്ങി..

ജീവിതം അവസാനിപ്പിക്കണമെന്ന ചിന്ത അമ്മയുടെ ദയനീയ മുഖത്തിൽ തട്ടി ചിതറി.

അന്ന് ഞാൻ തീരുമാനിച്ചു,,ഒരു ദിവസത്തെ മുഴുവൻ അദ്ധ്വാനത്തിനു എനിക്ക് കിട്ടണ മുന്നൂറു രൂപയേക്കാൾ മൂല്യം രാത്രിയുടെ കേവല മണിക്കൂറുകൾക്ക് ഉണ്ടെന്ന്..

അതിനേക്കാൾ വലുത് എന്നെ സമീപിക്കുന്ന ഒരാൾക്ക് പോലും എന്റെ ശരീരത്തെ പറ്റിയല്ലാതെ മറ്റൊന്നും തിരക്കാനില്ലായിരുന്നു എന്നതാണു.

ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി ഞാൻ ഉപേക്ഷിച്ചു.

ഇന്ന് ദാ ഞാനെന്റെ സ്വന്തം ശരീരം കൊണ്ട് ഞാൻ ജീവിക്കുന്നു.

അവൾ നെടുവീർപ്പോടെ പറഞ്ഞു നിർത്തി..

അപ്പൊഴേയ്ക്കും അവൾക്കിറങ്ങാനുള്ള സ്ഥലമെത്തിയിരുന്നു.

അവളുടെ കഥ കേട്ടപ്പോൾ അതുവരെ അവളെ പറ്റി മനസ്സിലുണ്ടായിരുന്ന അറപ്പങ്ങ് മാറി,,പകരം സഹതാപം മാത്രമായി..

ഇറങ്ങാൻ നേരം ഞാനവൾക്ക് എന്റെ ഓഫീസ് അഡ്രസ് നൽകി.

“ഇതെന്റെ ഓഫീസ് അഡ്രസാണു,,ഒരു മാറ്റം വേണമെന്ന് തനിക്ക് തോന്നുകയാണെങ്കിൽ തനിക്കവിടെയൊരു ജോലിയുണ്ടാകും..നാളെ മുതൽ തന്നെ..”

അവളോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേയ്ക്കെത്തി.

പിറ്റെ ദിവസം രാവിലെ അവളെന്റെ ഓഫീസിലേയ്ക്കെത്തി.

ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ വരവ്. അവൾക്ക് ചെയ്യേണ്ടുന്ന ജോലികളെ പറ്റി ഞാനെല്ലാം വിശദീകരിച്ചു കൊടുത്തു. പോകാൻ നേരം അവളെന്നോട് പറഞ്ഞു.

“സാറെ,,ഞാൻ നിങ്ങളിൽ നല്ലൊരു ആണിനെ അറിയുന്നു,,ഒരുപക്ഷെ ആദ്യമേ നിങ്ങളെ പോലുള്ള ഒരാണിനെ ഞാൻ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാനിങ്ങനെ ആകുമായിരുന്നില്ല..നന്ദിയുണ്ട്,ഒരുപാട്..”

ആണായി ജനിക്കുന്നതിലല്ല,ആണായി ജീവിച്ചു കാട്ടുന്നതിലാണു അന്തസ്സെന്ന് അവളുടെ വാക്കിൽ നിന്നും ഞാനറിഞ്ഞു.

ആണെന്ന വർഗം ആണായി ജീവിക്കുന്നുണ്ടെങ്കിൽ ഈ ലോകത്ത് ഒരൊറ്റ പെണ്ണിനും ശരീരം വിൽക്കേണ്ടി വരില്ലായെന്നും അന്ന് ഞാനറിഞ്ഞു..

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന: സോളോമാൻ

Leave a Reply

Your email address will not be published. Required fields are marked *