എന്നോട് വെറുപ്പാണോ.. ഒരിയ്ക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ഉണ്ണിയോട് ചെയ്തത്…..

രചന: Anil Mathew Kadumbisseril

ഞാൻ തന്ന ഫോട്ടോ തിരിച്ചു തരണം. അമ്മ ഇന്നലെ ആൽബം എല്ലാം എടുത്തു നോക്കുന്നത് കണ്ടു..

അമ്മയ്ക്ക് മനസ്സിലായില്ലന്ന് തോന്നുന്നു അതിൽ നിന്ന് ഫോട്ടോ പോയിട്ടുണ്ടെന്ന്.

അവൾ അത് പറഞ്ഞപ്പോൾ അവൻ മറ്റൊന്നും ചിന്തിച്ചില്ല.

അപ്പൊ എനിക്ക് ഇടയ്ക്ക് കാണണം എന്ന് തോന്നിയാലോ?

എപ്പോഴും കണ്ടോണ്ടിരുന്നാലേ സ്നേഹം കുറയും.

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ദാ ഇനി ഞാനായിട്ട് നിന്നെ വഴക്ക് കേൾപ്പിക്കുന്നില്ല. ഇന്നാ ഫോട്ടോ.

അത് പറഞ്ഞിട്ട് പഴ്സിൽ വച്ചിരുന്ന അവളുടെ ഫോട്ടോ എടുത്തു അവൾക്ക് നൽകി.

ഞാൻ പോകുന്നു.. പിന്നെ കാണാം. പറഞ്ഞിട്ട് അവൾ നടന്നു.

അയല്പക്കത്തെ വീട്ടിലെ കൊച്ചാണ്. മൂന്ന് വർഷമായി രണ്ടും കൂടി ചുറ്റിക്കളി തുടങ്ങിട്ട്. ഇത് വരെ വീട്ടിൽ ആർക്കും അറിയില്ല. ഒന്നോ രണ്ടോ സുഹൃത്തുക്കൾക്കല്ലാതെ.

അവനും വീട്ടിലേക്ക് നടന്നു.

എവിടാരുന്നു ഇത് വരെ? അമ്മ

വെറുതെ ഒന്ന് നടക്കാൻ

ഉം.. ഇങ്ങനെ നടന്നോ.. വയസ്സ് പത്തിരുപത്തഞ്ച് ആയി. നീയിങ്ങനെ പെയിന്റ് പണിക്ക് പോയി കിട്ടുന്നത് കൊണ്ട് എന്താവാനാ? നിനക്കും ഒരു ജീവിതം ഒക്കെ വേണ്ടേ? ആരുടെ എങ്കിലും കയ്യും കാലും പിടിച്ച് വല്ല ഗള്ഫിലോട്ട് വല്ലോം കേറിപ്പോ.

ഞാൻ എങ്ങും പോണില്ല, ഇവിടെ തന്നെ കിട്ടുന്നത് കൊണ്ട് ജീവിക്കും.

ആ നീ പോകണ്ട, അപ്പുറത്തെ ചെക്കനെ നോക്കിപ്പടിക്ക്.. നിന്നെക്കാൾ രണ്ട് വയസ്സിനു മൂത്തതാ, അവൻ ഗൾഫിൽ പോയതിനു ശേഷമാ ആ വീട് നേരെ ആയതു. ഇപ്പൊ ആ കൊച്ചിന് ഏതോ കല്യാണം ഒക്കെ നോക്കുന്നുണ്ട്. അവൻ വരുമ്പോ നടത്തണം എന്നാണ് പറയുന്നത്.

നിന്നിടം താണ് പോകുന്നത് പോലെ അവനു തോന്നി.

തലയ്ക്ക് അടിയേറ്റത് പോലെ അമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു.

അവളുടെ കല്യാണം ആണോ?

അതെ, പെണ്ണിന് ഇരുപത്തിനാല് വയസ്സായി. ഇനി നിർത്തിക്കൊണ്ട് നിക്കുന്നില്ല, ആ ചെറുക്കന്റെ കൂടെ ജോലി ചെയ്യുന്ന ഏതോ പയ്യൻ ആണ് കെട്ടാൻ പോകുന്നത് എന്ന് പറയുന്നത് കേട്ടു.

കണ്ണിൽ ഇരുട്ട് കയറുന്നു, അവൾ ഇന്ന് ഫോട്ടോ തിരിച്ചു വാങ്ങിച്ചത് എല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ടാണോ?

അറിയാതെ ഒരു സമാധാനവും ഇല്ല. സത്യമാണോ കേട്ടത് എന്നറിയണം. വൈകിട്ട് വിശപ്പില്ല എന്ന് പറഞ്ഞ് നേരത്തെ മുറിയിൽ കയറി കതകടച്ചു.

പിറ്റേദിവസം രാവിലെ എന്തും വരട്ടെ എന്ന് കരുതി അവളുടെ വീട്ടിലേക്കു ചെന്നു.

ആ, മോനോ? ഈ വഴിയൊക്കെ അറിയുമോ?

അവളുടെ അമ്മയാണ്.

അവളുമായി ഇഷ്ടത്തിൽ ആയതിൽ പിന്നെ ആ വീട്ടിലോട്ട് അങ്ങനെ പോകാറില്ല, ആർക്കും സംശയത്തിന് ഇട കൊടുക്കണ്ട എന്ന് കരുതി.

മനു എന്നാ ചേച്ചി വരുന്നത്?

അവൻ മൂന്ന് മാസം കഴിഞ്ഞ് വരും. മീനൂന്റെ കല്യാണം ആണ്. അമ്മയൊന്നും പറഞ്ഞില്ലേ?

ഇല്ല, അറിയാത്ത ഭാവത്തിൽ അവൻ പറഞ്ഞിട്ട് അകത്തേക്ക് ഒന്ന് പാളി നോക്കി.

അത് ശരി, എന്നിട്ട് മീനു എവിടെ?

അവള് രാവിലെ ഏതോ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി.

അവന്റെ തല കുനിഞ്ഞു. കണ്ണിൽ ചെറിയ നനവ് വീണു. ഇതു വരെ അവൾ എവിടെ പോയാലും പറഞ്ഞിട്ടാണ് പോയിരുന്നത്, ഇന്ന്..

ശരി ചേച്ചി ഞാൻ പിന്നെ വരാം. പറഞ്ഞിട്ട് വീട്ടിൽ ചെന്ന് സൈക്കിൾ എടുത്ത് കവലയിലേക്ക് പോയി.

ആ റൂട്ടിൽ വരുന്ന ബസിന് അവൾ കാണും.

ഇന്ന് രണ്ടിലൊന്ന് അറിഞ്ഞേ പറ്റൂ..

സൈക്കിൾ സ്റ്റാൻഡിൽ വച്ചിട്ട് കുറച്ചു നേരം അവൻ ആ വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു. ദൂരെ നിന്ന് ബസ് ഹോൺ അടിച്ചു കൊണ്ട് വരുന്നു. ഷെഡിന് മുമ്പിൽ തന്നെ ബസ് നിർത്തി. പ്രതീക്ഷിച്ചത് പോലെ അവൾ അതിലുണ്ടായിരുന്നു.

ഇറങ്ങിയ പാടെ അവനെ കണ്ടതും അവളുടെ മുഖം വിളറി. എന്നാലും ഒരു ചിരി മുഖത്ത് വരുത്തി അവൾ ചോദിച്ചു. നീ എന്താ ഇവിടെ?

നിന്നെ നോക്കി നിന്നതാ, ഇതു വരെ നീ പറയാതെ എങ്ങും പോയിട്ടില്ല, ഇന്ന് എന്ത് പറ്റി?

അയ്യോ സോറി ഡാ, ഞാൻ നിന്നോട് പറയാൻ രാവിലെ മുതൽ ശ്രമിച്ചതാ. വീട്ടില് പണി കഴിഞ്ഞു പെട്ടന്ന് പോകേണ്ടി വന്നു. ഇനിയുണ്ടാവില്ല സത്യം.

അവൾ കെഞ്ചി.

ഇവൾ ശരിക്കും അഭിനയിക്കുവാണോ?

തുറന്നു ചോദിക്കാൻ മടി.

ആഹ് പിന്നെ ഒരു സർപ്രൈസ് ഉണ്ട്. അവൾ

എന്നെ ഏട്ടൻ വിളിച്ചു. നിനക്ക് ഒരു ജോലി ശരിയായിട്ടുണ്ട്, ഈ മാസം കേറിച്ചെല്ലാം എന്ന്.

നീ എന്താ ഈ പറയുന്നത്? നിന്നെ വി_ട്ട് ഞാൻ എവിടെയും പോകില്ല.

ഡാ പൊട്ടാ, ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം പണിയുള്ള നീ വീട്ടിൽ എന്നെ കെട്ടണം എന്ന് പറഞ്ഞു വന്നാൽ അവർ സമ്മതിക്കില്ല. നീ പോയി രണ്ട് വർഷം കഴിഞ്ഞു വന്നാൽ ധൈര്യമായി അവർ എന്നെ നിന്റെ കയ്യിൽ പിടിച്ചു തരും. ഞാൻ ഏട്ടനോട് എത്ര നിർബന്ധിച്ചുവെന്നറിയാമോ നിനക്കൊരു ജോലി ശരിയാക്കാൻ. പോകുന്നില്ലേ പോകണ്ട. അവൾ പിണങ്ങി.

പിണങ്ങല്ലേ ഞാൻ പോകാം..

അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു

നിനക്ക് ഏതോ കല്യാണാലോചന വന്നെന്നറിഞ്ഞു?

ആഹ്, അമ്മ പറയുന്നത് കേട്ടു, ഞാൻ മൈൻഡ് ചെയ്തില്ല. എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് നിന്നോടൊപ്പം. സത്യം.

അവന്റെ ഉള്ളിൽ ആഞ്ഞു വീശിയിരുന്ന കൊടുങ്കാറ്റ് അടങ്ങി. വീണ്ടും വർത്താനം പറഞ്ഞു അവർ നടന്നു.

രണ്ടാഴ്ച കഴിഞ്ഞു, അവൾ പറഞ്ഞത് പോലെ വിസ വന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പോകേണ്ട ദിവസം വന്നു. വൈകിട്ടാണ് ഫ്ലൈറ്റ്. അവളെ ഒന്നൂടെ കാണണം, അവരുടെ വീട്ടിലേക്കു നടന്നു.

മോനെ എല്ലാം കെട്ടിക്കഴിഞ്ഞോ?

ആ കഴിഞ്ഞു,

പിന്നെ, എയർപോർട്ടിൽ മനു ഉണ്ടാവും. അവൻ ജോലിസ്ഥലത്തേക്ക് കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു. ഒന്നും പേടിക്കണ്ട. അവൻ അവിടെ ഉണ്ടല്ലോ. ദൈവത്തെ വിളിച്ചു കൊണ്ട് പോയിട്ട് വാ..

ഞാൻ എന്നാ പോട്ടെ, ഇറങ്ങാൻ നേരത്ത് അവന്റെ കണ്ണുകൾ അവളെ പരതി. മീനു എന്തിയെ ചേച്ചി?

മോളെ ദേ ഉണ്ണി യാത്ര പറയാൻ വന്നിരിക്കുന്നു.

ചേച്ചി അകത്തേക്ക് നോക്കി വിളിച്ചു.

ഒരു മിനിറ്റ് കഴിഞ്ഞപ്പോ കണ്ണ് തിരുമ്മി ഉറക്കച്ചടവോടെ അവൾ വന്ന് വാതിലിൽ ചാരി.

ഞാൻ വൈകിട്ട് പോകും.

അവൾ ഒന്ന് ചിരിച്ചു, കണ്ണുകൾ കൊണ്ട് യാത്രയയപ്പ് നൽകി.

അവൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഒന്നൂടെ തിരിഞ്ഞു നോക്കി, അപ്പോൾ അവൾ അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു. വിഷമം കൊണ്ടാവും.

അവൻ സമാധാനിച്ചു.

എയർപോർട്ടിൽ കൊണ്ട് വിടാൻ മാമൻ മാത്രം വന്നു.

ചെന്നിട്ട് വിളിക്കണേ ടാ.

ശരി, ചെന്നിട്ടു വിളിക്കാം..

എമിഗ്രേഷൻ കഴിഞ്ഞു, ഫ്ലൈറ്റ് പുറപ്പെട്ടു.. ആദ്യ യാത്ര ആയതു കൊണ്ടും മനസ്സ് നാട്ടിൽ തന്നെ ആയതു കൊണ്ടും യാത്ര വളരെ അരോചകമായി തോന്നി.

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന അന്നൗൻസ് വന്നു. ഇറങ്ങി ചെക്കിങ് ഒക്കെ കഴിഞ്ഞു പുറത്ത് വന്നു. കുറെ പരിചയം ഇല്ലാത്ത മുഖങ്ങൾക്കിടയിൽ അവൻ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന മനുവിനെ.

ആ ഉണ്ണി.. വിളിച്ചു കൊണ്ട് മനു അടുത്തേക്ക് വന്നു

വാ വണ്ടി അപ്പുറത് കിടപ്പുണ്ട്. ലഗേജിൽ ഒരെണ്ണം അവനെടുത്തു കൊണ്ട് നടന്നു.

യാത്ര ഒക്കെ സുഖമായിരുന്നോ? നാട്ടിൽ എല്ലാർക്കും സുഖമല്ലേ? പിന്നെ കുറെ വിശേഷങ്ങൾ തിരക്കി.

എല്ലാത്തിനും അവൻ മറുപടി പറഞ്ഞു.

അര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി ഒരു ഫ്ലാറ്റ് ന്റെ മുന്നിൽ നിന്നു.

ഇറങ്ങി വാ.. മനു പറഞ്ഞു.

ലഗ്ഗേജ് എടുത്തു കൊണ്ട് അവൻ സ്റ്റെപ് കയറി. പിറകെ അവനും.

റൂമിൽ എത്തിയപ്പോൾ അവൻ അന്ധാളിച്ചു. എന്നാ സെറ്റപ്പ്. Ac യുടെ കുളിരിൽ അവൻ നിന്നു.

ദാ അവിടെ ബാത്‌റൂമിൽ പോയി കുളിച്ചിട്ട് വാ.

മനു വന്നു പറഞ്ഞു.

ബാഗ് തുറന്നു സോപ്പും തോർത്തും എടുത്തിട്ട് കുളിക്കാൻ വേണ്ടി അവൻ പോയി.

തിരിച്ചു വന്നപ്പോൾ മനു കമ്പ്യൂട്ടർ ഇൽ എന്തോ ചെയ്യുന്നു. അവനെ കണ്ട് മനു എന്നേറ്റു.

ഉണ്ണി, നിന്റെ ജോലിസ്ഥലം ഇവിടെ അല്ല, ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട്, നാളെ രാവിലെ പോകാം.

ഇപ്പൊ കിടന്നോ. യാത്ര ചെയ്തതിന്റെ ഷീണം ഇല്ലേ.

ശരി, അവൻ പറഞ്ഞു കൊണ്ട് കട്ടിലിൽ കിടന്നു.

ഷീണം കൊണ്ട് എപ്പോഴോ ഉറങ്ങി.

രാവിലെ മനു വന്നു വിളിച്ചു, ഉണ്ണി റെഡി ആകു..

പോകണ്ടേ?

അവൻ എന്നേറ്റു കുളിച്ചു റെഡി ആയി

താഴെ വണ്ടി വന്നിട്ടുണ്ട്, അങ്ങോട്ട്‌ പൊക്കോ

അവൻ സ്റ്റെപ് ഇറങ്ങി താഴേക്കു നടന്നു. പിറകെ മനുവും.

രണ്ടാളും വണ്ടിയിൽ കയറി,

ജോലിയൊക്കെ അല്പം കഷ്ടപ്പാട് ആണ്, പിടിച്ചു നിൽക്കണം. ഉടനെ വേണ്ട എന്ന് പറഞ്ഞു ഇട്ടേച്ചു പോകാനൊന്നും പറ്റില്ല.

ഇല്ല, ഞാൻ നിന്നോളാം. എന്താ ജോലി?

ഒരു എലെക്ട്രിക്കൽ കമ്പനിയിൽ ഹെൽപ്പർ ആണ്.

കുറച്ചു സമയം കഴിഞ്ഞപ്പോൾ വണ്ടി ഒരു ചെറിയ കമ്പനിയുടെ മുന്നിൽ നിന്നു, ആദ്യം മനു ഇറങ്ങി ഓഫീസിനകത്തേക്ക് പോയി, ഉടനെ തിരിച്ചു വന്നു.

വാ.. അവൻ വിളിച്ചു.. അവന്റ കൂടെ ഓഫീസിലേക്ക് കയറി. ഒരു മലയാളി ആണ് മാനേജർ

കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ മനു അല്ലെ?

ഉണ്ട്,

എലെക്ട്രിക്കൽ പണി വല്ലതും അറിയാമോ?

ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല,

ആഹ്, വേഗം പണിയൊക്കെ പഠിച്ചെടുക്കണം..

തല്ക്കാലം അവരുടെ കൂടെ ഹെൽപ്പർ ആയി നില്ക്കു.

ശരി

എങ്കിൽ റൂമിലേക്ക് പൊക്കോ, നാളെ മുതൽ ജോലി തുടങ്ങാം.

അവിടെ നിന്ന ഒരു ഹിന്ദിക്കാരനോട് റൂം കാണിച്ചു കൊടുക്കാൻ പറഞ്ഞു.

അയാൾ അവനെയും കൂട്ടി ഒരു ചെറിയ ഇടനാഴിയിലൂടെ നടന്നു ഒരു ചെറിയ റൂമിൽ എത്തി.

ഊരിയിട്ട സോക്സിന്റെ മനം മടുപ്പിക്കുന്ന ഗന്ധം അവിടെങ്ങും

റൂം തുറന്നു അകത്തേക്ക് കയറി, ഒന്നിന് മുകളിൽ മൂന്നായി നാലഞ്ച് ബെഡുകൾ, ചിലതിൽ ആരൊക്കെയോ കിടക്കുന്നു.

ഒരുത്തൻ എന്നേറ്റു അടുത്തേക്ക് വന്നു. കണ്ടപ്പോൾ തന്നെ മനസ്സിലായി മലയാളി ആണെന്ന്.

പുതിയ ആളാ അല്ലേ?

അതെ,

ആ ബെഡ് എടുത്തോളൂ. അത് കാലിയാണ്.

അവൻ പെട്ടിയും ലഗേജും കട്ടിലിന്റെ അടിയിലേക്ക് വച്ചു.

എന്നാ ഞാൻ പോകുവാ ഉണ്ണീ.. വെള്ളിയാഴ്ച വരാം. ഇവിടെ നിനക്ക് കൂട്ട് ഉണ്ടല്ലോ.

ശരി.. പൊക്കോ.

മനു റൂമിൽ നിന്ന് ഇറങ്ങി നടന്നു.

ആദ്യം കണ്ട മലയാളി അവന്റെ അടുത്തേക്ക് വന്നു.

എന്താ പേര്?

ഉണ്ണി. നാട്ടിൽ കോട്ടയം. അവൻ പറഞ്ഞു

ഞാൻ സുരേഷ്, കൊട്ടാരക്കര ആണ് വീട്.

നാട്ടിലെങ്ങാനും നിന്നാൽ പോരായിരുന്നോ? ഇവിടെ കഷ്ടപ്പാട് മാത്രം മിച്ചം. അവന്റെ വാക്കുകൾ കേട്ട് ഉണ്ണി ഒരു നിമിഷം ഞെട്ടി.

എന്തായാലും വന്നു.. ഇനി അനുഭവിക്കുക.

വാ വല്ലതും കഴിക്ക്, അവൻ വിളിച്ചു, പരിപ്പ് കറി ഉണ്ട് ചപ്പാത്തിയും.

രുചി തോന്നിയില്ലെങ്കിലും ഇനിയങ്ങോട്ട് ഇത് തന്നെ കഴിക്കണം എന്നോർത്തപ്പോൾ കഴിക്കേണ്ടി വന്നു..

വെളുപ്പിന് അഞ്ചു മണിക്ക് സൈറ്റിൽ പോണം..

തനിക്ക് പണിയൊന്നും അറിയില്ല അല്ലെ?

ഇല്ല

കട്ടയടി കിട്ടും കുറച്ച് നാൾ.. ഭിത്തി വെട്ടി പൊട്ടിക്കാൻ.. വല്യ പാടാണ്.. സുരേഷ് പറഞ്ഞു.

പിറ്റേന്ന് വെളുപ്പിന് തന്നെ കമ്പനി വണ്ടി വന്നു.

ഫോർമാൻ ആണെന്ന് തോന്നുന്നു ഒരു ഹിന്ദിക്കാരൻ വന്നു ഒരു ചുറ്റികയും ചിസിലും കയ്യിൽ കൊടുത്തു.

വണ്ടി ഏതോ പണി നടക്കുന്ന വല്യ ബില്ഡിങ്ങിന്റെ മുന്നിൽ നിന്നു. ഫോർമാൻ ആദ്യം ഇറങ്ങി ഓരോരുത്തർക്കും നിർദേശം നൽകിയ ശേഷം അവന്റെ അടുത്തേക്ക് വന്നു..ആജാവോ..

ഹിന്ദിയിൽ പറഞ്ഞിട്ട് നടന്നു. അവൻ അയാളുടെ പിറകെയും.

ഇഷ്ടിക മാത്രം കെട്ടി നിർത്തിയിരുന്ന ഒരു മുറിയിൽ എത്തി. അയാൾ കയ്യിലിരുന്ന പേപ്പർ നിവർത്തി നോക്കിയ ശേഷം ചോക്ക് കൊണ്ട് ഭിത്തിയിൽ മുകളിൽ നിന്ന് താഴെ വരെ അടയാളം ചെയ്തു..

എന്നിട്ട് അവന്റെ കയ്യിൽ നിന്ന് ചുറ്റികയും ചിസിലും വാങ്ങി കട്ട്‌ ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചു കൊടുത്തു. ഇതു പോലെ മുഴുവനും കട്ട്‌ ചെയ്യാൻ പറഞ്ഞിട്ട് അയാൾ പോയി.

ചെറുതായി അവൻ കട്ട്‌ ചെയ്തു തുടങ്ങി, പകുതി ആയപ്പോ കയ്യിൽ അടി കിട്ടി. കുറച്ചു നേരം കയ്യും തിരുമ്മി അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോർമാൻ വന്നു. ഒന്നും ചെയ്തില്ല എന്ന് മനസ്സിലായ അയാൾ അവനെ വിളിച്ചു കൊണ്ട് ലൈറ്റ് ഫിറ്റ്‌ ചെയ്യുന്ന ആളുടെ അടുക്കൽ വിട്ടു.

അങ്ങനെ ഒരു മാസം കഴിഞ്ഞു, ഇപ്പൊ കട്ട്‌ ചെയ്യാനൊക്കെ വശമായി.. ഇടയ്ക്ക് മനു റൂമിൽ വരും. കാര്യങ്ങൾ ഒക്കെ തിരക്കി പോകും.

ഒരാഴ്ച കഴിഞ്ഞു, ഒരു സൈറ്റിൽ ഏണിയിൽ കയറി നിന്ന് മുകളിൽ നിന്ന് ഗ്രൈൻഡർ വച്ച് കട്ട്‌ ചെയ്തോണ്ടിരിക്കുന്നു. ഉണ്ണീ എന്നാരോ വിളിച്ചു.

താഴോട്ട് നോക്കിയപ്പോൾ ഫോർമാൻ ആണ്. നിന്നെ കാണാൻ ആ മനു വെളിയിൽ നിൽക്കുന്നു അങ്ങോട്ട്‌ ചെന്നിട്ട് വാ. അവൻ വേഗം കോണിയിൽ നിന്നിറങ്ങി വെളിയിലേക്ക് ചെന്നു. അവനെയും കാത്ത് മനു അവിടെ നിൽപ്പുണ്ടായിരുന്നു.

എന്താ മനു?

ആ ഉണ്ണീ.. ഞാൻ ഇന്ന് നാട്ടിൽ പോകുവാ.

എന്നിട്ട് കഴിഞ്ഞ ആഴ്ച വന്നിട്ട് പറഞ്ഞില്ല ല്ലോ

ആ മറന്നു പോയി,

എന്താ ഇത്ര പെട്ടന്ന് പോകുന്നത്?

മനു അവന്റെ മുഖത്തേക്ക് നോക്കി, മീനുവിന്റെ കല്യാണമാണ് അടുത്തയാഴ്ച്ച.

തലയിൽ ഒരു വെള്ളിടി വെട്ടി

മനു തുടർന്നു.. അവൾ വിളിച്ചു പറഞ്ഞിട്ടാണ് നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്, നീ അവളുടെ പിറകെ നടന്നു ശല്യം ചെയ്തതും വേറെ ആരെക്കൊണ്ടും അവളെ കെട്ടിക്കില്ല എന്ന് പറഞ്ഞതും ഒക്കെ അവൾ എന്നോട് പറഞ്ഞു.

അവൾക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും നീ അവളെ വിടാൻ ഉദ്ദേശിച്ചില്ല, അവൾക്ക് അവളുടെ ഭാവിയാണ് വലുത്. ഞങ്ങൾക്കും. അത് കൊണ്ട് നിന്നെ എങ്ങനെ എങ്കിലും ഒഴിവാക്കാൻ ഞങ്ങൾ കണ്ടു പിടിച്ച ഒരു വഴിയാണ് നിന്നെ ഇങ്ങോട്ട് കൊണ്ട് വരിക എന്നത്. ഇനി ഇവിടെ നിന്ന് നിനക്ക് രക്ഷയില്ല.

എന്റെ സുഹൃത്താണ് അവളെ കെട്ടുന്നത്.

നല്ല പണക്കാരൻ. അവൾക്കും ഇഷ്ടം. അപ്പൊ പൊന്നുമോൻ ഇവിടെ കിടന്ന് കഷ്ട്ടപ്പെട്ടു മൂന്നാല് വർഷം കഴിഞ്ഞു നാട്ടിൽ വന്ന് നിന്റെ കയ്യിലൊതുങ്ങുന്ന ഒരുത്തിയേയും കെട്ടി സുഖമായി കഴിയൂ.. അപ്പൊ പറഞ്ഞ പോലെ ഓക്കേ ബൈ…

മനു കാറിൽ കയറി മുന്നോട്ടു പോയി…

അപ്പോൾ അവൾ എന്നെ ഒഴിവാക്കാൻ മനപ്പൂർവം ഇങ്ങോട്ട് വിട്ടതാണ്..

അവളെ ഒന്ന് വിളിച്ചാലോ?

വേണ്ട, കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ..

എനിക്ക് ജീവിക്കണം,തള്ളിക്കളഞ്ഞവരുടെ മുന്നിൽ രാജാവിനെ പോലെ..

അനുഭവം ആണ് ഓരോ ജീവിത വിജയവും..

അവൻ താഴേക്കിടന്ന ചുറ്റികയും എടുത്ത് മുകളിലേക്ക് കയറി.

പുതിയൊരു ലക്ഷ്യവുമായി…

*******************

ഉണ്ണീ നാട്ടിൽ പോകണ്ടേ? എത്ര നാളായി നീ വന്നിട്ടെന്ന് അറിയാമോ?

മാസാവസാനം ശമ്പളം വാങ്ങാൻ ചെന്നപ്പോൾ മാനേജർ ജോസേട്ടൻ അവനോട് ചോദിച്ചു. തൃശൂർ കാരനാണ് ജോസ്. കമ്പനി മാനേജർ. ചെന്ന് മൂന്നാല് മാസം കൊണ്ട് ഉണ്ണി പണിയൊക്കെ ഏകദേശം മനസ്സിലാക്കി, ഒറ്റയ്ക്ക് ഒരു സൈറ്റ് ഒക്കെ നോക്കാൻ കഴിയുമെന്ന് മനസ്സിലായതോടെ ജോസേട്ടന് അവനോട് പ്രത്യേക താല്പര്യം ആയി, ഇടയ്ക്കെപ്പോഴോ നാട്ടിലെ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പഴയ സംഭവം എല്ലാം ജോസേട്ടനോട് തുറന്നു പറഞ്ഞു. അപ്പോൾ ജോസേട്ടൻ അവനെ സമാധാനിപ്പിച്ചു.

പോട്ടെടാ നീ ഒന്നുമില്ലാത്തവൻ അല്ലേ? അവൾക്ക് നീ ഒരു കുറച്ചിൽ ആയി തോന്നിയിട്ടുണ്ടാവും.

അതാണ്. നീ വിഷമിക്കണ്ട, ധൈര്യമായി ഇവിടെ നിന്ന് വീട്ടിലെ കടങ്ങൾ ഒക്കെ വീട്ടി ചെറിയൊരു വീടൊക്കെ വക്കാൻ നോക്ക്. ദൈവം നിനക്ക് അവളെക്കാളും നല്ലൊരു കുട്ടിയെ തരും.

പ്രാർത്ഥിക്കുക.

അന്ന് ജോസേട്ടന്റെ ആ വാക്കുകൾ അവന് ശക്തി പകർന്നു.. കിട്ടുന്ന ശമ്പളം അവന്റെ ചെലവ് കഴിഞ്ഞു വീട്ടിലേക്കു കൃത്യമായി അയച്ചു. ഇന്ന് ആ പഴയ കൂരയ്ക്ക് പകരം നല്ലൊരു വീടായി, അമ്മ മാത്രം ഉള്ളത് കൊണ്ട് അധികം ചിലവില്ല. കുറച്ചു പൈസ ബാങ്കിലും ഡെപ്പോസിറ് ആയി. ജീവിതം ഏകദേശം സെറ്റ് ആയി.

മനു പിന്നെ അവന്റെ അടുക്കൽ വന്നിട്ടില്ല, ഇടയ്ക്ക് വീട്ടിൽ വിളിച്ചപ്പോൾ അവന്റെയും കല്യാണം കഴിഞ്ഞു അവൻ ഇപ്പൊ വേറെ ഏതോ രാജ്യത്ത് പോയി എന്ന് അമ്മ പറഞ്ഞു. അവളെക്കുറിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു വേണ്ടന്ന് വച്ചു.

നാല് വർഷം കഴിഞ്ഞു അല്ലെ ജോസേട്ടാ?

ആഹാ നീ ഇത്രേം നേരം അത് ചിന്തിച്ചോണ്ടിരിക്കുവാരുന്നോ?

അതെ നാല് വർഷം കഴിഞ്ഞു.

പോകുന്നെങ്കിൽ ഓണത്തിന് പോയി മൂന്ന് മാസം നിന്നിട്ട് വാ.

ഞാൻ പറയാം ജോസേട്ടാ. അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

നിന്റെ ഇഷ്ടം, ആ പാവം അമ്മയ്ക്ക് നിന്നെ കാണാൻ കൊതിയുണ്ടാവില്ലേ? അത് കൊണ്ട് പറഞ്ഞതാ.

ആഹ്, അവൻ ശമ്പളം വാങ്ങി ഓഫീസിന്റെ പുറത്തേക്ക് നടന്നു.

വീട്ടിൽ വിളിച്ചിട്ട് മൂന്നാല് ദിവസം ആയി. അവൻ നേരെ അടുത്തുള്ള നെറ്റ് കഫേയിലേക്ക് നടന്നു.

ഫോൺ റിങ് ചെയ്യുന്നുണ്ട്, അമ്മ എവിടെ പോയി?

കട്ട്‌ ആയി ഒന്നൂടെ ട്രൈ ചെയ്തു. ഇപ്രാവശ്യം അമ്മ ഫോൺ എടുത്തു.

എവിടെ പോയമ്മേ?

മോനെ നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ട്, നമ്മുടെ അകന്നൊരു ബന്ധത്തിലുള്ള കുട്ടിയാ, നീ ചിലപ്പോൾ അവളെ കണ്ടിട്ടുണ്ടാവും ചെറുപ്പത്തിൽ.

അവൾക്ക് ജോലിയുണ്ട് ഡൽഹിയിൽ. നഴ്സ് ആണ്.

നീ എന്നാ വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇതങ്ങു ഒറപ്പിക്കാമായിരുന്നു.

അവന്റെ മനസ്സിൽ ചെറിയൊരു വിങ്ങൽ ഉണ്ടായി..

ഞാൻ ഓണത്തിന് വരും അമ്മേ. വന്നിട്ട് തീരുമാനിക്കാം.

ആ ശരി എന്നാ പൈസ കളയണ്ട. മോൻ വച്ചോ.

ഫോൺ വച്ചിട്ട് റൂമിലേക്ക് നടക്കുമ്പോ അവന്റെ മനസ്സ് വീണ്ടും പഴയ കാര്യങ്ങളിലേക്ക് പോയി.

അവൾ ഒരിയ്ക്കലും എന്നോട് ചതി ചെയ്യുമെന്ന് പ്രതീക്ഷിചില്ല, ആ പോട്ടെ അവൾ സന്തോഷത്തോടെ ജീവിക്കുന്നെങ്കിൽ അത്രയും നല്ലത്. എങ്കിലും അവളെ ഒന്ന് കാണണം നാട്ടിൽ ചെന്നിട്ട്.

അവൻ തീരുമാനിച്ചു.

അങ്ങനെ അവൻ നാട്ടിലേക്ക് പോകാനുള്ള ദിവസം എത്തി, ആദ്യമായിട്ട് പോകുവല്ലേ..

കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കൂട്ടി.

വൈകിട്ട് ആണ് ഫ്ലൈറ്റ്.

തലേ ദിവസം തന്നെ കണക്കെല്ലാം നോക്കി ടിക്കറ്റും പാസ്പോർട്ടും കൊടുത്തു ജോസേട്ടൻ.

വൈകിട്ട് എയർപോർട്ടിൽ ജോസേട്ടനാണ് കൊണ്ട് വിട്ടത്.

കല്യാണം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് നാല് മാസം ലീവ് കൊടുത്തു. ജോസേട്ടനോട് യാത്ര പറഞ്ഞ് അവൻ ഉള്ളിലേക്ക് നടന്നു, എമിഗ്രേഷൻ ക്ലിയറൺസ് കഴിഞ്ഞു വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു.

ഒരു മണിക്കൂർ കൂടിയുണ്ട് ഫ്ലൈറ്റ് പുറപ്പെടാൻ.അവിടിരുന്നു ചെറുതായൊന്നു മയങ്ങി.

അന്നൗൻസ്മെന്റ് കേട്ടപ്പോൾ പതിയെ എന്നേറ്റു മറ്റുള്ളവരുടെ കൂടെ നടന്നു.

വെളുപ്പിന് ആണ് നെടുമ്പാശ്ശേരിയിൽ ലാൻഡിംഗ്.

അവിടുന്ന് ക്ലീറെൻസ് കഴിഞ്ഞു, ലഗ്ഗേജെടുത്തു വെളിയിൽ ഇറങ്ങി. അവന്റെ കണ്ണുകൾ വെളിയിൽ നിന്ന് അകത്തേക്ക് നോക്കി നിന്നവരിൽ പരതി.

മോനെ.. ഇവിടെ.. വിളി കേട്ട് അങ്ങോട്ട്‌ നോക്കി.

അമ്മ..

വേഗം ഇറങ്ങി ചെന്നതും അമ്മ ഓടിവന്നു കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.. അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അവന്റെയും.

അന്ന് കൊണ്ട് വിടാൻ വന്ന മാമനും ഉണ്ടായിരുന്നു..

വാ.. വണ്ടി അപ്പുറത്തുണ്ട്.. അമ്മാവൻ ലഗ്ഗേജ് എടുത്തു തോളത്തു വച്ചു നടന്നു. അമ്മ ഇപ്പോഴും കെട്ടിപ്പിടുത്തം വിട്ടിട്ടില്ല, അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അവനും നടന്നു..

വീട്ടിലെത്തിയപ്പോൾ നേരം ഒമ്പത് മണിയോളം ആയി.

ഇറങ്ങിപ്പോയപ്പോൾ കണ്ടിട്ട് പോയ വീടിന്റെ സ്ഥാനത്തു ഇന്ന് അടിച്ചുറപ്പുള്ള ഒരു വീടായി.

അഭിമാനം തോന്നിയ നിമിഷം.

വാ വന്നു കുളിച്ചു വല്ലതും കഴിക്ക്.. എന്നിട്ടാവാം ബാക്കി.

അവൻ പോയി കുളിച്ചിട്ട് വന്നപ്പോഴേക്കും അമ്മ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കി വന്നു. അപ്പോഴേക്കും അയല്പക്കത്തെ ഓരോരുത്തരും കാണാൻ വേണ്ടി അങ്ങോട്ട്‌ വന്നു. ചിലർക്ക് അവൻ കറുത്ത് പോയി, മറ്റു ചിലർക്ക് ഷീണിച്ചു പോയി.. അങ്ങനെ പല പല അഭിപ്രായം.

കഴിച്ചു കഴിഞ്ഞു എന്നേറ്റു ഒന്ന് കിടക്കട്ടെ അമ്മേ എന്ന് പറഞ്ഞു മുറിക്കുള്ളിലേക്ക് കയറി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ ഒരു ഫോട്ടോ കൊണ്ട് വന്നു.

ദേ നോക്ക് ഇതാണ് നിനക്ക് പറഞ്ഞ പെണ്ണ്.

അവൻ ഫോട്ടോ വാങ്ങി നോക്കി. കാണാൻ കൊഴപ്പമില്ല, നേരിട്ട് കണ്ടിട്ട് പറയാം. ഫോട്ടോ തിരിച്ചു കൊടുത്തിട്ട് അവൻ കിടന്നു.

വൈകിട്ട് അമ്മാവനും ഇളയച്ഛനും ഒക്കെയുണ്ട് വീട്ടിൽ, അപ്പൊ എങ്ങനാ നമ്മൾ അങ്ങോട്ട്‌ പോകുവല്ലേ നാളെ?

ഞാൻ ഒന്ന് പോയി കാണട്ടെ, എന്നിട്ട് പറയാം.

പിറ്റേന്ന് അമ്മയും അമ്മാവനും അവനും കൂടിയാണ് പെണ്ണ് കാണാൻ പോയത്.

പെണ്ണ് കാണൽ കഴിഞ്ഞു, രണ്ടാൾക്കും ഇഷ്ടമായി. ഇനി ദിവസം തീരുമാനിച്ചാൽ മതി.

ശരി ഞങ്ങൾ ചെന്നിട്ടു നല്ല ദിവസം നോക്കി വിളിച്ചു പറയാം പോരെ?

മതി

അവർ ഇറങ്ങി, അവൻ ഒന്ന് തിരിഞ്ഞു നോക്കി, ജനലിൽ കൂടെ അവൾ നോക്കി നിൽക്കുന്നു..

ഒരു പുഞ്ചിരി സമ്മാനിച്ചു കൈ വീശി യാത്ര പറഞ്ഞു.

പിന്നീട് കാര്യങ്ങളെല്ലാം എളുപ്പം ആയിരുന്നു.. തീയതി വരെ നിശ്ചയിച്ചു. വിളിക്കാൻ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു..

അവൻ പുറത്തേക്കിറങ്ങി, നേരെ മനുവിന്റെ വീട്ടിലേക്കു നടന്നു. ഗേറ്റ് തുറന്നു അകത്തേക്ക് കേറി. സിറ്റ് ഔട്ടിൽ ചേച്ചി ഇരിപ്പുണ്ടായിരുന്നു.

ആ ഉണ്ണീ.. വന്നുന്നു അറിഞ്ഞു.. എനിക്ക് കാലിന് അല്പം വേദനയും നീരും ഒക്കെ ആയതു കൊണ്ട് അധികം നടക്കാറില്ല. ഇവിടെ ഇങ്ങനെ ഇരിക്കും.

പിന്നെ സുഖമാണോ?

അതെ ചേച്ചി, മനുവിന്റെ ഭാര്യ ഇല്ലേ ഇവിടെ?

ഇല്ല, അവള് അവളുടെ വീട്ടിലാ. ചേച്ചിയുടെ സംസാരത്തിൽ ഒരു വിഷമം പോലെ

അവൾക്ക് നമ്മുടെ ജീവിതരീതി ഒന്നും പിടിക്കില്ല..

ബോംബയിൽ ജനിച്ചു വളർന്നവൾക്ക് ഇവിടുത്തെ പുകയും കരിയും ഒക്കെ സഹിക്കാൻ മടി, അവനോട് ഞാൻ ആവുന്നത് പറഞ്ഞതാ ഈ ബന്ധം വേണ്ടെന്ന്. അവനപ്പോൾ അവൾ മാത്രം മതി.

പ്രായമാകുന്ന എന്നെ നോക്കാൻ ഞാൻ തന്നെ..

അവൻ അവൾ പറയുന്നതിൽ കഴിഞ്ഞ് മറ്റൊന്നും ഇല്ല. ഇടയ്ക്ക് കുറച്ചു പൈസ അയച്ചു തരും അത്ര തന്നെ..

അവർ സങ്കടങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി.

മീനു ഇപ്പൊ? ചോദിക്കുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു.

ചേച്ചി ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി.

എന്നിട്ട് പറഞ്ഞു. അത് മറ്റൊരു ശാപം.

അവൻ ഞെട്ടിപ്പോയി.

എന്ത് പറ്റി ചേച്ചി?

അവളുടെ കല്യാണം കഴിഞ്ഞു അവൻ ഗൾഫിൽ പോയി, ആറു മാസം അവിടെ നിന്നിട്ട് ഉള്ള ജോലിയും കളഞ്ഞു തിരിച്ചു വന്നു.. കള്ള് കുടിയും തുടങ്ങി,ഇവിടുന്ന് കൊടുത്ത സ്വർണ്ണവും വിറ്റു, ഉണ്ടായിരുന്ന വീടും പറമ്പും എല്ലാം വിറ്റു തുലച്ചു.

ഇപ്പൊ ഒരു വാടക വീട്ടിലാണ് അവനും അവന്റെ അമ്മയും മൂന്നു വയസ്സുള്ള കുഞ്ഞും.

ആരോട് പറയാൻ എല്ലാം അവളുടെ വിധി.

അവന്റെ ഉള്ളിൽ ചെറിയൊരു കുളിർ, തന്നെ ചതിച്ചതിന് ദൈവം ശിക്ഷ കൊടുത്തു.

ആ ചേച്ചി, എന്റെ കല്യാണം ഒക്കെ ശരിയായി..

മീനുന്റെ അഡ്രസ് ഒന്ന് തരാമോ? പോയി വിളിക്കാം.

വരുന്നെങ്കിൽ വരട്ടെ.

ചേച്ചി വഴി പറഞ്ഞു തന്നു

പിറ്റേന്ന് രാവിലെ ചേച്ചി പറഞ്ഞ സ്ഥലത്തു ബസിറങ്ങി.. കുറച്ചു മുന്നോട്ട് പോയപ്പോൾ ഇടത്തോട്ടൊരു ചെമ്മൺ പാത.. അതിലെ കുറച്ചു മുന്നോട്ട് നടന്നു.. തെങ്ങിൻ തോപ്പിലൂടെ നടന്നു ആ പഴയ വീടിന്റെ മുന്നിലെത്തി. കതക് അടച്ചിരുന്നു.

ഇവിടെ ആരുമില്ലേ?

ആരാ? പിറകിൽ നിന്നൊരു ശബ്ദം. അവൻ തിരിഞ്ഞു.

അവന്റെ കണ്ണ് ആ മുഖത്തുടക്കി.. ഒരു കാലത്തു തന്റെ എല്ലാമായിരുന്ന ആ സുന്ദരി. ഇപ്പൊ കറുത്ത്, മെലിഞ്ഞു.. മുടിയൊക്കെ അലസമായി പാറി നടക്കുന്നു.. ഒക്കത്തു ഒരു കുഞ്ഞുമായി അവൾ പറമ്പിൽ നിന്ന് ഒരോലയും വലിച്ചു കൊണ്ട് മുറ്റത്തേക്ക് വന്നു.

ഉണ്ണീ.. അവളുടെ കയ്യിൽ നിന്ന് ഓല താഴെ വീണു..

ചിരിച്ചു കൊണ്ട് എന്തോ ചോദിക്കാൻ വന്ന അവളുടെ മുഖം പെട്ടന്ന് കറുത്തു.. എന്തിനാ ഇങ്ങോട്ട് വന്നത്?

വേഗം പൊക്കോ?

മീനു ഞാൻ… അവന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.

എനിക്കൊന്നും കേൾക്കണ്ട, ദയവു ചെയ്തോന്ന് പോയി തരുമോ. എന്റെ ജീവിതം ഇല്ലാതാക്കരുത്..

അവൾ കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.

അവന് പിന്നെ അവിടെ നിൽക്കാൻ തോന്നിയയില്ല, തിരിച്ചു നടന്നു..

ആരായിരുന്നെടീ അത്? പിറകിൽ നിന്നൊരു ശബ്ദം.

അവളുടെ അമ്മായിയമ്മ ആണ്.

ആ ഇപ്പൊ ആളുകൾ വീട്ടിൽ വരെ അന്വേഷിച്ചു വന്നു തുടങ്ങി.. അവരുടെ പുച്ഛം നിറഞ്ഞ സംസാരം അവൻ കേട്ടു.

വീട്ടിൽ എത്തിയിട്ടും അവന് ഇന്നത്തെ സംഭവം മനസ്സിൽ നിന്ന് മാറിയില്ല.

മീനുവിനെ വിളിച്ചോ മോനെ? അവള് വരുമോ?

ആ വരാമെന്നു പറഞ്ഞു. അവൻ അത് പറഞ്ഞ് ഒഴിഞ്ഞു മാറി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ സമയം രാത്രി എട്ട് മണി ആയിക്കാണും.. ചേച്ചി ഓടിക്കിതച്ചു വീട്ടിലേക്കു വന്നു.

ഉണ്ണീ.. ഒരു ഓട്ടോ വിളിച്ചു തരാമോ? മീനു മോൾ എവിടെയോ വീണു. തല പൊട്ടി ആശുപത്രിയിൽ ആണ്. ഒന്ന് പോകണം.

അവൻ പെട്ടന്ന് തന്നെ പുറത്ത് പോയി, കവലയിൽ നിന്ന് ഓട്ടോ വിളിച്ചു കൊണ്ട് വന്നു.

ഞാനൂടെ വരാം ചേച്ചി, ഈ രാത്രി ചേച്ചി ഒറ്റയ്ക്ക് പോകണ്ട.

അവനും കൂടി കേറി.. ഹോസ്പിറ്റലിൽ ചെല്ലുമ്പോ അമ്മായിയമ്മ കുഞ്ഞിനേയും പിടിച്ചു കൊണ്ട് റൂമിന്റെ വെളിയിൽ നിൽക്കുന്നു.

രഞ്ജിത് എന്തിയെ?

അവന് ഇന്നൊരു ഓട്ടം കിട്ടി, വണ്ടിയെടുത്തോണ്ട് രാവിലെ പോയതാ.. അവർ മുഖത്ത് നോക്കാതെ പറഞ്ഞു.

അവൾ എവിടെ?

സ്റ്റിച് ഉണ്ട്.. അകത്താണ്

കുറച്ചു കഴിഞ്ഞപ്പോൾ അവളെയും കൊണ്ട് ഒരു നഴ്സ് പുറത്ത് വന്നു.

റൂമിൽ കൊണ്ട് വന്നു കിടത്തി.. ആരെങ്കിലും ഒരാൾ നിന്നാൽ മതി. നഴ്സ് പറഞ്ഞു

ഒരു കാര്യം ചെയ്യ് നിങ്ങൾ നോക്ക്, ഞാൻ വീട്ടിലോട്ട് പോകാം, രഞ്ജിത് വന്നിട്ട് നാളെ ഇങ്ങോട്ട് വരാം.

കുഞ്ഞും ഇവിടെ നിൽക്കട്ടെ. എന്താ?

ശരി, പൊക്കോ ഞങ്ങൾ നോക്കിക്കോളാം.. അവൻ പറഞ്ഞു. അവർ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവിടെ നിന്ന് ഇറങ്ങി.

അവൾക്ക് ബോധം തെളിഞ്ഞിട്ടില്ല, കുഞ്ഞും ഉറക്കമാണ്. കുഞ്ഞിനെ അവളുടെ അടുക്കൽ കിടത്തി ചേച്ചി അവനോട് ചോദിച്ചു.. മോന് ബുദ്ധിമുട്ടായി അല്ലേ?

ഏയ്‌ എന്ത് ബുദ്ധിമുട്ട്.. അവൻ ചിരിച്ചു. ഞാൻ എന്നാ പോയിട്ട് രാവിലെ വരാം ചേച്ചി.

ശരി മോൻ പൊക്കോ

അവൻ അവിടെ നിന്നിറങ്ങി.

രാവിലെ തന്നെ വീണ്ടും ഹോസ്പിറ്റലിൽ എത്തി, അവൾ കണ്ണ് തുറന്നു.. അവനെ കണ്ടപ്പോ ഒന്ന് പുഞ്ചിരിച്ചു.

ചേച്ചി ഒന്ന് വീട്ടിൽ പോയിട്ട് വാ ഉച്ചക്ക് ഭക്ഷണം എന്തെങ്കിലും വേണ്ടെ ഇവൾക്ക്?

ശരിയാ ഞാൻ പോയി ചോറ് കൊണ്ട് ഉച്ചയ്ക്ക് വരാം.. അതും പറഞ്ഞു അവർ പോകാൻ ഇറങ്ങി.

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി,ആ കണ്ണുകൾ നറഞ്ഞിരുന്നു. കുഞ്ഞു എന്തോ കളിപ്പാട്ടം കൊണ്ട് താഴെ ഇരുന്നു കളിക്കുന്നു..

എന്തൊക്കെയോ അവളോട്‌ ചോദിക്കണം എന്നുണ്ട്, പക്ഷെ എവിടെ തുടങ്ങണം എന്നറിയില്ല.

ഒടുവിൽ അവൾ മൗനം ഭഞ്ജിച്ചു.. എന്നോട് ഇപ്പോഴും വെറുപ്പുണ്ടോ?

അവൻ അവളുടെ മുഖത്തേക്ക് നോക്കി.. എന്തിനാ?

ഒരിയ്ക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ഉണ്ണിയോട് ചെയ്തത്. വല്യ സൗഭാഗ്യത്തിൽ കഴിയണം എന്നുള്ള എന്റെ അതിമോഹം ആണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചത്. അത് കൊണ്ടാണ് പണക്കാരൻ എന്ന് കേട്ടപ്പോൾ ഉണ്ണിയെ മറന്ന് ഈ കല്യാണത്തിന് സമ്മതിച്ചത്.. പക്ഷെ എല്ലാം പൊള്ളായിരുന്നുവെന്ന് മനസ്സിലാക്കാൻ വൈകി.രഞ്ജിത്ത് ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്ന അന്ന് മുതൽ തുടങ്ങി എന്റെ കഷ്ടകാലം. കുടിച് കുടിച് എന്റെ സ്വർണം തീർത്തു, വീടിന്റെ ആധാരം വരെ പണയം വച്ചു കുടിച്ചു.. എന്നോടൊന്നു സംസാരിച്ചിട്ട് തന്നെ മാസങ്ങളായി. രാത്രിയിൽ വരും കുടിച്ചു ലക്ക് കേട്ട്..

അയാളുടെ ആവശ്യം തീർക്കാൻ മാത്രം മതി എന്നെ. മിക്ക ദിവസവും അടിയും ബഹളവും. ഇപ്പൊ എന്നെ സംശയവും തുടങ്ങിയിട്ടുണ്ട്. ഉണ്ണി അന്ന് വീട്ടിൽ വന്ന ദിവസം പൊക്കോളാൻ പറഞ്ഞത് ദേഷ്യം ഉണ്ടായിട്ടല്ല, ആരെങ്കിലും കണ്ടാൽ അന്ന് എനിക്ക് കോളാ..

പേടിച്ചിട്ടാ അന്ന് അങ്ങനെ പറഞ്ഞത്.. പക്ഷെ അത് രഞ്ജിത്തിന്റെ അമ്മ കണ്ടു.. വൈകിട്ട് രഞ്ജിത്ത് വീട്ടിൽ വന്നപ്പോൾ അവർ അത് പോലെ പറഞ്ഞു കൊടുത്തു. അത് പറഞ്ഞ് തമ്മിൽ വഴക്കായി..

എന്റെ തല പിടിച്ചു ഭിത്തിയിൽ ഇടിച്ചു. അതാണ് ഈ മുറിവ്.. അല്ലാതെ ഞാൻ എങ്ങും വീണതല്ല, രക്തം ഒഴുകുന്ന കണ്ട് രംഗം പന്തിയല്ല എന്ന് മനസ്സിലാക്കി രഞ്ജിത്തും അമ്മയും കൂടെ ആണ് എന്നെ ഇവിടെ എത്തിച്ചത്. എന്നിട്ട് രഞ്ജിത്ത് എവിടെയോ പോയി..

ഞാൻ ഒരു കാര്യം പോലും എന്റെ അമ്മയോട് പറഞ്ഞിട്ടില്ല.. എന്റെ വിഷമം പറഞ്ഞ് അവരെക്കൂടി എന്തിനാ വിഷമിപ്പിക്കുന്നത്?

ഞാൻ ഇതൊന്നും അനുഭവിച്ചാൽ പോരാ..

അത്രയും കൊടും ചതിയല്ലേ ഉണ്ണിയോട് ചെയ്തത്?

മാപ്പ്.. അവൾ പൊട്ടിക്കരഞ്ഞു..

കരയാതെ, കഴിഞ്ഞത് കഴിഞ്ഞു.. കുറെയൊക്കെ ക്ഷമിച്ചു കുഞ്ഞിനെ വളർത്തണം.. അവളുടെ ഭാവി നോക്കണ്ടേ?

ഉം അവൾ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്.. അവൾ വിതുമ്പി..

പെട്ടന്ന് കണ്ണ് തുടച്ചു അവൾ വിളിച്ചു.. ഉണ്ണി..

ആ എന്താ?

ചിലപ്പോൾ രഞ്ജിത്ത് ഇപ്പൊ വരും.. ഉണ്ണി പൊക്കോ.. കണ്ടാൽ ചിലപ്പോൾ.. അവളുടെ സ്വരം താണു.

എങ്കിൽ ഞാൻ ഇറങ്ങുന്നു, പിന്നെ അന്ന് ഞാൻ വന്നത് എന്റെ കല്യാണം പറയാൻ ആണ്.

വരാൻ കഴിയുമെങ്കിൽ വരുക.

അവൾ ചെറുതായി ചിരിച്ചു, വരാൻ ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല, എല്ലാ ആശംസകളും നേരുന്നു..

അവൻ അവിടെ നിന്ന് ഇറങ്ങിയത് അഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആ വലിയ ഭാരം ഇറക്കി വച്ചിട്ടായിരുന്നു.

ഇനി പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആയി പുതിയൊരു ജീവിതത്തിലേക്ക്…

ലൈക്ക് കമൻ്റ് ചെയ്യണേ

രചന: Anil Mathew Kadumbisseril

Leave a Reply

Your email address will not be published. Required fields are marked *