അമ്മയോട് അവളൊന്നെ ചോദിച്ചുള്ളൂ. എന്നെ കളഞ്ഞിട്ടു പോന്നതാ അല്ലെ അമ്മേ ..

രചന : ദിവ്യ അനു അന്തിക്കാട്

“മീനു ഒരൊമ്പതുവയസ്സുകാരി. ”

********************

അമ്മയും ചേച്ചിയും മീനുവും. അമ്മവീട്ടിൽ താമസം.

അച്ഛനില്ലാതെ മുത്തച്ഛന്റെ കീഴിലെ താമസം ദാരിദ്ര്യത്തിലും മുത്തച്ഛന്റെ സ്നേഹം നിധിയാണെന്നു വിശ്വസിക്കുന്ന പെൺകുട്ടി.

അച്ഛനില്ലെന്നു പറഞ്ഞാൽ തെറ്റായിപോകും.

ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ള ഒരു മനുഷ്യൻ കുഞ്ഞുങ്ങളായ ഉടനെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചുപോയപ്പോ വയസ്സായ മുത്തച്ഛന് മൂന്നു വയറുകൾക്കുള്ള അന്നം കൂടി തേടേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് കള്ള് പ്രാണവായു ആണെന്ന് വിശ്വസിക്കുന്ന ആ മനുഷ്യന് എവിടെ അറിയാൻ

ദുഷ്ടനെങ്കിലും സ്കൂളിൽ മറ്റു കുട്ടികളുടെ അച്ചന്മാരെ കാണുമ്പോൾ മാറി നിന്ന് കരഞ്ഞ മക്കളുടെ വേദന എങ്ങനറിയാൻ ?

സ്കൂൾ വിട്ടു വന്ന് ഇട്ടിരിക്കുന്ന യൂണിഫോം ഊരി കഴുകി ഇട്ടില്ലെങ്കിൽ പിറ്റേന്ന് ഇട്ട് പോകാൻ വേറൊന്നില്ല. അത് ഊരി കഴുകിയിട്ട് പശുവിനു പുല്ലരിയാൻ ഓടും. അത് പശുവിനോടുള്ള സ്നേഹം കൊണ്ടല്ല. വയറു കാഞ്ഞിരിക്കുമ്പോൾ കിട്ടാൻ പോകുന്ന ഒരു ഗ്ലാസ്സ് ചായക്ക്‌ വേണ്ടി.

കൂട്ടുകുടുംബത്തിൽ അച്ഛനില്ലാതെ ജീവിക്കുമ്പോൾ വയറു നിറഞ്ഞാൽ ആയി എന്ന അവസ്ഥ.

അങ്ങനെ ദിവസങ്ങളും ആഴ്ചകളും പോയി.

പെട്ടെന്നൊരു ദിവസം അച്ഛനെന്നു പറയുന്ന ആൾ വന്നു അമ്മയോട് പറഞ്ഞു.

“നിന്നേം മക്കളേം നന്നായി നോക്കാം ഇനിയുള്ള കാലം എന്റെ കൂടെ ആന്ധ്രയിലേക്കു വരൂ. അവിടെ എനിക്ക് സ്വന്തമായി ഹോട്ടലുണ്ട്. ആദ്യം നിന്നെ കൊണ്ടുപോകാം പിന്നീട് മക്കളെ വന്ന് കൊണ്ടുപോകാം

മുത്തച്ഛന്റെ എതിർപ്പ് വകഞ്ഞുമാറ്റി ‘അമ്മ പോകുന്നത് കണ്ട് കരച്ചിലകറ്റാൻ പാടുപെടുകയാണ് മീനു. അന്ന് മീനു ന്റെ ചേച്ചിക്ക് പതിനൊന്നു വയസ്സേ ഉള്ളുവെങ്കിലും പാകമായ മനസ്സുണ്ടായിരുന്നു. അതുകൊണ്ടാകാം ആ കണ്ണുകൾ നിറഞ്ഞു കണ്ടില്ല.

ചേർത്തു പിടിച്ച മുത്തച്ഛന്റെ കൈകൾ വിറയർന്നുവോ ?മീനുവിനൊന്നുമറിയില്ല. ആ കുരുന്നു മനസ്സ് പിടഞ്ഞു കൊണ്ടേ ഇരുന്നു. ഉറക്കത്തിലും അവൾ പിടഞ്ഞു കൊണ്ട് പറഞ്ഞു

“‘അമ്മ ഇട്ടിട്ടു പോയി ”

അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ച മീനുവിനെ കോൺവെന്റ് സ്കൂളിൽ കൊണ്ട് ചേർത്തത് പൈസ ഒരുപാടുണ്ടായിട്ടല്ല.

പഠിക്കാൻ മിടുക്കി ആയതുകൊണ്ട് പൈസയിൽ ഇളവ് കിട്ടിയത് കൊണ്ട് മാത്രം.

പുതിയ സ്കൂൾ. ബസിലെ യാത്ര. മീനുവിലും പതിയെ മാറ്റങ്ങൾ വന്നു തുടങ്ങി.

മാസങ്ങൾ കൊഴിഞ്ഞു പോയ്‌കൊണ്ടിരുന്നു.

ഒരുദിവസം കണ്ണുകളെ വിശ്വസിക്കാനായില്ല

സ്കൂളിൽ അവളുടെ അച്ഛൻ.

ഓടി ചെന്ന് ചുറ്റും നോക്കി !

“‘അമ്മ എവിടെ ?”

“‘അമ്മ വന്നിട്ടില്ല. മോൾക്ക് അമ്മയെ കാണണോ

“ഉം കാണണം “.

“എങ്കിൽ വാ അച്ഛന്റെ കൂടെ. വീട്ടിലാരും സമ്മതിക്കില്ല. പക്ഷെ മോളച്ചന്റെ കൂടെ വരണം. ”

അങ്ങനെ ചേച്ചിയുടെ, അമ്മൂമ്മയുടെ, മുത്തച്ഛന്റെ, എല്ലാ വാക്കുകളും തട്ടി തെറിപ്പിച്ചു ആ മനുഷ്യന്റെ കൂടെ യാത്രയായി. ഇട്ടിരുന്ന വേഷം പോലും മാറ്റാതെ !!

യാത്രക്ക് പണം തികയില്ലെന്നും പറഞ്ഞു കാതിൽ ഉണ്ടായിരുന്ന മൊട്ട് കമ്മൽ ഊരി ഊങ്ങി വിറ്റപ്പോ മുത്തച്ഛന്റെ വിയർപ്പു തുള്ളിയുടെ മണമവൾ അറിഞ്ഞില്ല.

“അമ്മയെ കാണണം അത് മാത്രം ലക്‌ഷ്യം ”

രണ്ടു ദിവസത്തെ ട്രെയിൻ യാത്രയും കഴിഞ്ഞു ഏതോ ഒരു ഗ്രാമത്തിൽ അവളെത്തിച്ചേർന്നു.

(വിശാഖപട്ടണത്തിലെ പറവാഡ)

കോൺഗ്രീറ്റ് ചെയ്ത ഒരു വീടിന്റെ മുൻപിൽ എത്തിച്ചേർന്നു. അവിടെ ഒരു സ്ത്രീ വലിയ വയറുമായി ഇറങ്ങി വന്നു. സൂക്ഷിച്ചു നോക്കി അതെ അവളുടെ അമ്മ.

ഓടിച്ചെന്നു കെട്ടിപിടിച്ചു ചോദിച്ചു ! അമ്മക്കെന്താ വയ്യായ്ക ?

“അമ്മക്കൊന്നൂല്ല ഒരു കുഞ്ഞാവ വരാൻ പോവാ

രണ്ടു ദിവസം അച്ഛന് വല്യേ സ്നേഹമായിരുന്നു.

പക്ഷെ പതിയെ അവൾക്കു മനസ്സിലായി

ഹോട്ടൽപ്പണി ചെയ്യാൻ അമ്മക്ക് പറ്റാതെ വന്നപ്പോ പകരത്തിനൊരു ജോലിക്കാരി.

അതായിരുന്നു അവൾ.

ദിവസങ്ങൾ ചെല്ലും തോറും മുത്തച്ഛന്റെ വിലയറിഞ്ഞ നാളുകൾ. മുഴുകുടിയനായ ഒരച്ഛന് മകളെ അടിക്കാനും തൊഴിക്കാനും ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ ?

അമ്മക്ക് വേദന വന്ന് ഒരു ആശുപത്രി എന്ന് പേര് മാത്രമുള്ള ഒരു മുറിയിൽ മേശയിൽ കൊണ്ട് കിടത്തി. പുറത്തു മീനു അകത്തെന്താണ് നടക്കുന്നതെന്ന വിഷമത്തിൽ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു.

“പ്രസവിച്ചു. പെണ്കുഞ്ഞാണ് ”

അമ്മയെ വീട്ടിൽ കൊണ്ടുവന്നതും കുഞ്ഞിനെ പിടിച്ചു വാങ്ങി വലിച്ചെറിയാൻ നിൽക്കുന്ന അച്ഛൻ ആക്രോശിക്കുന്നുണ്ടായിരുന്നു.

ശവങ്ങൾ. മൂന്നും പെണ്ണ് തന്നെ!!അവിടെ നടന്ന അടിയും ബഹളവും കഴിഞ്ഞു രണ്ടാം നാൾ ‘അമ്മ അവളോട് പറഞ്ഞു. “മീനു അച്ഛന് കുറച്ചു പൈസേടെ ആവശ്യമുണ്ട് ഞങ്ങൾ നാട്ടിൽ പോയിട്ട് വരാം.

നീ ഇവിടെ നിന്നോ. അപ്പുറത്തെ വീട്ടിലെ മീനാക്ഷി അക്ക ഭക്ഷണം തന്നോളും ”

മറുത്തെന്തെങ്കിലും പറയാനുള്ള ധൈര്യമില്ലായിരുന്നു. അച്ഛന്റെ അടിയേ ഭയന്ന് !!

വരാമെന്നു പറഞ്ഞ ദിവസവും ആഴ്ച്ചകളും കഴിഞ്ഞു. അവളെ തേടി ആരും വന്നില്ല.

കണ്ണീരുപോലും വറ്റിയിരിക്കുന്നു. കുട്ടിത്തം അവളിൽ നിന്നും ഒരുപാടകലെയായി.

“മോളിനി ഇവിടെ നിൽക്കണ്ട. വാടകയൊന്നും തരേണ്ട.പൊയ്ക്കോ നാട്ടിലേക്കു. മീനാക്ഷിയക്ക തന്ന ഇരുന്നൂറ്റമ്പതു രൂപയ്ക്കു ട്രെയിനിൽ കയറി ഇരിക്കുമ്പോൾ പത്തു വയസ്സുകാരി കുട്ടി കരുതി എല്ലാ ട്രെയിനും നാട്ടിലേക്കാകും എന്ന്.

ചെന്നുപെട്ടത് നാടല്ല കർണ്ണാടകയാണെന്നറിയുമ്പോഴേക്കും കയ്യിൽ പൈസയൊന്നുമില്ലാത്ത പിച്ചക്കാരിയെപ്പോലായി.

ആരോടൊക്കെയോ അറിയാവുന്ന ഭാഷയിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ കയറി പറ്റി. ബാത്റൂമിന്റെ സൈഡിൽ വെള്ളം പോലും കുടിക്കാനില്ലാതെ രണ്ടുദിവസം.

നാട്ടിൽ വന്നിറങ്ങി. സ്റ്റേഷനിൽ ചെന്ന് കൈനീട്ടിക്കിട്ടിയ ചില്ലറതുട്ടും കൊണ്ട് ദൃഢമായ മനസ്സോടെ വീട്ടിലേക്ക്.

അവളെ കണ്ടു കരഞ്ഞു കെട്ടിപ്പിടിച്ച മുത്തച്ചനെ കണ്ട് ശ്വാസം കുറെ നാൾ കൂടി കിട്ടിയ പോലെ !

പക്ഷെ അവളാദ്യം പറഞ്ഞത് വിശന്നിട്ടുവയ്യ ഇച്ചിരി ഭക്ഷണം തരോ മുത്തച്ഛാ….

ആഴ്ചകൾക്കു ശേഷം അവിടേക്കു മകളെ നോക്കാൻ പോകാതെ തിരിച്ചുവന്ന അമ്മയോട് അവളൊന്നെ ചോദിച്ചുള്ളൂ. “എന്നെ കളഞ്ഞിട്ടു പോന്നതാ അല്ലെ അമ്മെ ?”

ഒരു വയറും കൂടെ മുത്തച്ഛന്റെ തലയിൽ ഭാരമായി വച്ചു കൊടുത്തു അച്ഛനെന്നു പറയുന്ന ആൾ വീണ്ടും നാടുവിട്ട് പോയി.

ഇന്നും ആ അമ്മയോടവൾക്കു ദേഷ്യമില്ല. സാഹചര്യമാകാം ഒരുപക്ഷെ !

ജീവിതത്തിലെന്തു നേടിയാലും മീനു ഇന്നും തിരിഞ്ഞു നോക്കും വേദന നിറഞ്ഞ ഭൂതകാലം.

എന്തിനെന്നോ? എവിടെയും തളരാതിരിക്കാൻ.

അവളെ ആത്മാർത്ഥമായി സ്നേഹിച്ച മുത്തച്ഛന്റെ വിയോഗം ഇന്നും ഒരു തീരാനഷ്ടമായി, വിങ്ങലായി കൊണ്ടു നടക്കുന്നു. ഇനിയൊരു ജന്മം ആ മുത്തച്ഛന്റെ മകളായി ജനിക്കണേ എന്ന പ്രാർത്ഥനയോടെ.

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ദിവ്യ അനു അന്തിക്കാട്

Leave a Reply

Your email address will not be published. Required fields are marked *