എന്റെ ഭർത്താവിന് ഒരിക്കലും എന്നെ മനസിലാക്കാൻ പറ്റിയിട്ടില്ല.. ഞാൻ പരാജയപ്പെട്ടവളാണ് മുരളീ..

രചന : മുരളി. ആർ

“എന്റെ അമ്മ ഒരിക്കലും അച്ഛന്റെ ഭാര്യ ആയിരുന്നില്ല..”

“പിന്നെ..?”

“പിന്നെ എന്താ.. അച്ഛന് ഇടക്ക് സ്നേഹിക്കാനും കൂടെ കിടക്കാനും ഒരു പെണ്ണ്..!”

മീരയുടെ ആ വാക്കുകൾ എന്നെ വല്ലാതെ തകർത്തു കളഞ്ഞു. ഇനി എന്ത് അവളോട് ഞാൻ ചോദിക്കും..? മനസ്സിൽ ഒരു വിഷമം, അത് അവളിൽ നിന്നും എനിക്ക് പകർന്നതാവണം.

“എന്റെ മുരളീ.. നിനക്ക് ഒരു കാര്യം അറിയുവോ..?”

“എന്ത്..?”

“ഒരു പെണ്ണിനേയും ആത്മാർത്ഥമായി വിശ്വസിക്കരുത്.”

“ശേ.. അങ്ങനെ പറയല്ലേ, എല്ലാരേം നീ അടച്ചു ആക്ഷേപിക്കുന്നത് പോലെ ഉണ്ടല്ലോ..”

ചെറിയ ഒരു ദേഷ്യം എനിക്ക് അപ്പോൾ അവളോട്‌ തോന്നിയിരുന്നു. അവൾ തുടർന്നു..

“അതേടാ.. ഒരു പെണ്ണ് മനസുകൊണ്ട് ഒന്നിൽ കൂടുതൽ തവണ പല പുരുഷന്മാരുമായും വ്യഭിചരിച്ചിട്ടുണ്ട്. എന്നാൽ അവൾ അതു തുറന്നു സമ്മതിക്കില്ല.”

“എനിക്കു തോന്നുന്നില്ല കെട്ടോ..”

“എടാ.. അല്ലേലും നിനക്ക് അതൊന്നും അറിയില്ല. ഈ എന്റെ ജീവിതം തന്നെയാണ് അതിനു സാക്ഷി.”

മീരയുടെ ആ മറുപടി എന്നെ വല്ലാതെ തളർത്തി.

അതുവരെ ഞാൻ കണ്ടു വളർന്ന പെൺ സങ്കല്പത്തിന്റെ ബിംബം ഉടഞ്ഞു വീണ പോലെ..

എനിക്ക് ഒന്നും അറിയില്ല. ഇനിയും ഒരുപാട് അറിയാനുള്ള പോലെ.. അവളിൽ നിന്നും..

“മുരളീ.. എനിക്ക്..”

“പറ മീര.. എന്താ..?”

“എന്റെ ഭർത്താവിന് ഒരിക്കലും എന്നെ മനസിലാക്കാൻ പറ്റിയിട്ടില്ല. കല്യാണത്തിന് മുൻപ് എന്റെ കാമുകനെയും എനിക്കു മനസിലാക്കാൻ പറ്റിയിട്ടുമില്ല. ഞാൻ പരാജയപ്പെട്ടവളാണ് മുരളീ.. എന്റെ ജീവിതം മൊത്തത്തിൽ പരാജയമായിരുന്നു. ഇപ്പോ എന്റെ ഈ ജീവിതം മക്കൾക്ക് വേണ്ടിട്ടാ..

അവർക്ക് വേണ്ടിയെങ്കിലും ഞാൻ ജീവിക്കണമെന്ന് തോന്നുന്നു. ഒരിക്കൽ, അവരുടെ മുന്നിലും ഞാൻ പരാജയപ്പെടുമോയെന്ന പേടിയുണ്ട് മനസ്സിൽ. അതിന് മുൻപ് എനിക്ക് പ്രേമിക്കണം, മനസു തുറന്നു ഒന്നു പ്രേമിക്കണം. ഞാൻ എന്റെ മുരളിയെ പ്രേമിച്ചോട്ടെ..?”

മീരയുടെ ആ ചോദ്യം എന്റെ ശരീരത്തെ വല്ലാതെ മുറുക്കിയ പോലെ.. അവൾ ആദ്യം എന്റെ മനസിനെയും ഇപ്പോൾ എന്റെ ശരീരത്തെയും വരിഞ്ഞു മുറുക്കി. ഞാൻ തണുത്തുറഞ്ഞു ഇരുന്നു.

അവൾക്ക് ഒരു മറുപടി പോലും പറയാൻ ആവാതെ..

“എനിക്കറിയാം. നീ തരില്ല.”

“അല്ല, മീരാ.. തരാം. പക്ഷേ, എന്റെ ഒരു ഉമ്മ കൊണ്ടു നിനക്ക് തൃപ്തി പെടാൻ ആവുമോ..?”

“ആവില്ല, അതെനിക്ക് അറിയാം. ഒരു ഉമ്മയിൽ ഒതുങ്ങുന്നതല്ല മുരളീ എന്റെ പ്രണയവും, അതു ഉള്ളിന്റെ ഉള്ളിൽ അണകെട്ടി ഞാൻ നിർത്തി ഇരിക്കുവാ.. അതു തുറന്നു വിട്ടാൽ നീ താങ്ങില്ല.

പിന്നെ നിന്നെയും കൊണ്ടേ ഞാൻ പോകൂ..”

അതു പറഞ്ഞതും അവൾ ചിരിച്ചു, ഞാനും ചിരിച്ചു. അവൾ ഉറക്കെയുറക്കെ ചിരിച്ചു.

പക്ഷേ, അവൾക്കൊപ്പം എനിക്ക് ചിരിക്കാൻ ആയില്ല. അവളുടെ ആ ചിരി ഞാൻ കേട്ടിരുന്നു. ഒടുവിൽ അവളുടെ ചിരി മെല്ലെമെല്ലെ നിന്നു. പിന്നെ ഒരു നിശബ്ദത ആയിരുന്നു.

“എന്താ മീരേ..? നിന്റെ ചിരി തീർന്നോ.. എന്തൊരു ചിരിയാ പെണ്ണേ ഇത്‌..”

“മുരളീ.. ഒരുപാടു നാൾക്ക് ശേഷമാ ഞാൻ ഇങ്ങനെ ചിരിക്കൂന്നേ.. ഒടുവിൽ കരയുകയും ചെയ്തു.

നീ അറിയാതെ.. എന്തൊ അറിയില്ലെടാ, എനിക്കു നിന്നെ ഇഷ്ട്ടാവാ.. ഒരുപാടൊരുപാട്, പക്ഷേ..”

“മ്മ്മ്.. അതെനിക്ക് അറിയാം. ശരി, നിന്റെ കുട്ടികൾ വരാറായോ..?”

“ഇന്ന് വരും. ഒരാഴ്ച അങ്ങേരുടെ വീട്ടിൽ അല്ലായിരുന്നോ.. അവര് വന്നാലേ എനിക്ക് എന്നെ തിരിച്ചു കിട്ടൂ. എന്റെ രണ്ടു ജീവനുകൾ അവിടെയല്ലേ.. ഇവിടെ ഇപ്പോ എന്റെ ശരീരം മാത്രം നിന്നോട് സംസാരിക്കുന്നു.”

“മീരേ.. എനിക്ക് നിന്റെ മനസ്സ് മനസിലാക്കാൻ പറ്റുന്നുണ്ട്. നീ ഒരു അമ്മ കൂടിയാണ്.”

“ആണോ.. എനിക്ക് നിന്നെ പോലെ ഒരാളെ ജീവിതപങ്കാളിയായി കിട്ടിയില്ലടാ.. ഇനി കിട്ടുകയും ഇല്ല. വീണ്ടും ഞാൻ പരാജയപ്പെട്ടു, അല്ലെ..? എങ്കിൽ ശരി, നീ ഫോൺ വെച്ചോ..

നേരം ഒരുപാടായി, സന്ധ്യയ്ക്ക് ഞാൻ വിളക്ക് കത്തിക്കട്ടെ..”

“എങ്കിൽ ശരി.. കാണാം മീരാ..”

മീര എന്നിലേക്ക് വരാൻ കൊതിക്കുന്ന ഒരു പുഴയാണ്. പ്രണയം നിറഞ്ഞ വലിയ പുഴ.. അവൾ എന്നിലേക്ക് വരാൻ ആഗ്രഹിക്കുന്നു, പക്ഷേ, വരാനാവില്ല. എനിക്ക് അവളിലേക്കും. ആ പുഴ ഒഴുകട്ടെ.. അതിന്റെ ലക്ഷ്യത്തെ നോക്കി ഒഴുകട്ടെ.. അതിനെ ഞാൻ ദൂരെ നിന്നും നോക്കി കാണുന്നു. ഒരു കാമുകനെ പോലെ.. ആ പുഴയെ പ്രണയിച്ച നിത്യ കാമുകൻ..!

പരാജയപ്പെട്ടവൾ…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മുരളി. ആർ

Leave a Reply

Your email address will not be published. Required fields are marked *