എല്ലാവരുടെയും മുന്നിൽ ഒരു തെറ്റുക്കാരിയെ പോലെ ഞാൻ തല കുനിച്ചു നിന്നു…..

രചന : Jils lincy kannur

അമ്മയെ അറിയാൻ

*****************

ഓഫീസിൽ പോകാനുള്ള സമയമായി പക്ഷേ അടുക്കളയിൽ നിന്നിറങ്ങാൻ ആയില്ല….

സെക്കന്റുകൾക്ക് പോലും വിലയുള്ള നിമിഷം മോളുടെ ലഞ്ച് എടുത്തു വെച്ചിട്ടില്ല!! തോരനുള്ള പയറരിഞ്ഞു വെച്ചിട്ടേ ഉള്ളൂ അതിനി വേവിച്ചെടുത്തിട്ടു വേണം അവളുടെയും എന്റെയും ലഞ്ച് എടുക്കാൻ….. ഇന്നലെ വൈകിട്ട് മോട്ടോർ അടിക്കാൻ മറന്നു പോയി രാവിലെ ഒരു തുള്ളി വെള്ളമില്ല പോരാത്തതിന് കറണ്ടും ഇല്ല!!

അച്ഛൻ രാവിലെ വരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്.. വരുണേട്ടൻ ഓഫീസിൽ പോകാൻ തയാറാകുകയാണ്… അമ്മയ്ക്ക് ചെറിയ പനിയാണ് അത് കൊണ്ട് ഇപ്പോൾ എഴുന്നേറ്റ് വന്നതേ ഉള്ളൂ… ക്ലോക്കിലേക്ക് ഒരായിരം വട്ടം നോക്കി ഇന്നും ഓഫീസിൽ വൈകും…

വൈകി ചെല്ലുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വല്ലാത്തതാണ്.. പുതിയ മാനേജർ വളരെ kind ആണ്

എന്നാലും എപ്പോഴെങ്കിലും വൈകിയാൽ അദ്ദേഹത്തിന്റെ ക്ലോക്കിലേക്കുള്ള നോട്ടം കാണുമ്പോൾ തന്നെ നമ്മൾ insulted ആകും…

പലപ്പോഴും തോന്നിയിട്ടുണ്ട് ജോലി ഇല്ലാത്തതായിരുന്നു നല്ലതെന്ന് അങ്ങനെയാണെങ്കിൽ മോളുടെ കാര്യമെങ്കിലും നന്നായിട്ട് നോക്കാമായിരുന്നു… ഇതിപ്പോൾ ഒന്നും നന്നായി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്….

ഒരുപാട് റോളുകൾ താൻ ചെയ്യുന്നുണ്ട്

മകൾ,ഭാര്യ, അമ്മ,മരുമകൾ , ക്ലാർക്ക് എന്നിങ്ങനെ ….പക്ഷേ ഒന്നിൽ പോലും best ആകാൻ പറ്റുന്നില്ല !! സമയം വല്ലാതെ പോയി ഇന്നിനി കുളിക്കാൻ പോലും സമയം കിട്ടില്ല!!

സമയം പോയെന്ന് പറഞ്ഞാൽ നിനക്ക് രാവിലെ അല്പം കൂടി നേരത്തെ എഴുന്നേറ്റ് കൂടെ എന്ന ചോദ്യം സ്ഥിരമായി എല്ലാവരുടെയും ഭാഗത്തു നിന്ന് വരാറുള്ളത് കൊണ്ട് താനിപ്പോൾ ഒരു പരാതിയും പറയാറില്ല!!അല്ലെങ്കിലും തന്റെ പരാതികൾ കേൾക്കാൻ ആർക്കും വലിയ താല്പര്യവും ഇല്ല!!!

മുടി ഒന്നൊതുക്കികെട്ടി കൊണ്ട് അമ്മയ്ക്കുള്ള ചായയുമായി ഹാളിലേക്ക് വരുമ്പോഴാണ് ഒരൊച്ച കേട്ടത് ബ്രേക്ഫാസ്റ്റിന് തയാറാക്കി വെച്ച കറി പാത്രം മോൾ എടുത്ത് പൊട്ടിച്ചിരിക്കുന്നു കറി മുഴുവൻ തറയിൽ പരന്നൊഴുകുന്നു…

പെട്ടന്ന് ദേഷ്യവും സങ്കടവും കൊണ്ട് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. ഒരു പാത്രം നിറച്ചു കറിയുണ്ടായിരുന്നു…ഓടി വന്നോരൊറ്റ അടിയായിരുന്നു.. അവളുടെ കുഞ്ഞി തുടയിൽ…

അപ്പോഴേക്കും വീട്ടിലുള്ള മറ്റുള്ളവരെല്ലാം ഓടിയെത്തി..

കറിയിൽ കുളിച്ച് കരഞ്ഞു നിൽക്കുന്ന മോളെയും എന്നെയും നോക്കി അല്പം കറി മറിഞ്ഞു പോയെന്ന് വെച്ച് കൊച്ചിനെ തല്ലേണ്ട കാര്യം നിനക്ക് എന്താണെന്ന് ചോദിച്ചു അച്ഛൻ ഒച്ച വെച്ചു!!!!

കൊച്ചിനെ തല്ലിയാൽ പോയ കറിയും പാത്രവും തിരിച്ചു കിട്ടുമോ എന്ന് പറഞ്ഞ് കൊണ്ട് അമ്മ മോളെയും എടുത്തു കൊണ്ട് റൂമിലേക്ക് പോയി…

വരുണേട്ടൻ ആകട്ടെ ഒരക്ഷരം മിണ്ടാതെ എന്നെ ക്രൂധ ഭാവത്തിൽ നോക്കി !!!മുകളിലോട്ട് കയറി പോയി….

എനിക്കെന്തോ ഹൃദയം വേദനയാൽ മുറിയുന്ന പോലെ തോന്നി…. എല്ലാവരുടെയും മുന്നിൽ തെറ്റ്കാരിയെ പോലെ ഞാൻ തല കുനിച്ചു നിന്നു….. തറയിൽ കിടക്കുന്ന കടലക്കറിയും ചില്ല്‌ പാത്രത്തിന്റെ കഷ്ണങ്ങളും കോരി മാറ്റവേ മോളെ തല്ലിയ കുറ്റബോധം കൊണ്ടു കണ്ണ് നിറഞ്ഞു വന്നു….

ഒരക്ഷരം ആരും പിന്നെ മിണ്ടിയില്ല..

മോളെ അമ്മയെടുത്തു കൊണ്ട് പോയിട്ട് പിന്നെ താഴേക്ക് വന്നില്ല!!!… അച്ഛൻ അമർഷത്തിൽ പിന്നെയും എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു….

വരുണേട്ടൻ ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ… തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഓഫീസിലേക്ക് പോയി… പോകുന്നതിന് മുൻപ് അമ്മയോട് മോളെ ഇന്ന് ഡേ കെയറിൽ വിടണ്ടട്ടോ അമ്മേ എന്ന് പറയുന്നത് കേ ട്ടു……

വസ്ത്രം മാറി ഓഫീസിൽ പോകേണ്ട സമയമായിട്ടും അമ്മ മോളെ താഴേക്ക് വിട്ടില്ല….

ബസ് കയറിയതും ഓഫീസിൽ എത്തിയതും എങ്ങനെയാണെന്ന് അറിയില്ല..

നിസ്സഹായതയുടെയും വേദനയുടെയും ഒരു നോവ് കാർന്നു തിന്നുന്നപോലെ!!!

കുഞ്ഞിനെ അടിച്ചു പോയി!!!! പക്ഷേ അവിടെ ആരും മോളെന്തിനാണ് അത് പൊട്ടിച്ചതെന്ന് ചോദിച്ചില്ലല്ലോ…. അല്ലെങ്കിൽ പോട്ടെ ജയേ !!സാരമില്ല കുഞ്ഞറിയാതെ അല്ലേ എന്നൊരു വാക്കിൽ ആരും ആശ്വസിപ്പിച്ചില്ലല്ലോ എന്നോർക്കവേ പറയാൻ പറ്റാത്തൊരു വേവിൽ ഉള്ള് വേദനിച്ചു കൊണ്ടിരുന്നു…. രാവിലെ അഞ്ചര മുതലുള്ള ജോലിയാണ് ഒരു ഗ്ലാസ്‌ ചായ പോലും ഇതു വരെ കുടിച്ചിട്ടില്ല!!!

നിറഞ്ഞ കണ്ണുകൾ പതുക്കെ തുടച്ച് കൊണ്ട് മുൻപിലിരുന്ന ഫയൽ എടുത്ത് ഈ ആഴ്ചത്തെ കണക്ക് ടാലി ആവുന്നുണ്ടോ എന്ന് നോക്കവേ ആലോചിച്ചു…..താനൊരു മോശം അമ്മയാണോ??

തന്റെ കുഞ്ഞിനെ ഒരമ്മയ്ക്ക് തല്ലാൻ പാടില്ലേ!!

ഒരു ചെറിയ തല്ല് കൊടുത്തത് കൊണ്ട് ഒരമ്മയുടെ സ്നേഹം ഇല്ലാണ്ടാകുമോ??? അറിയില്ല പക്ഷേ ഒന്നറിയാം ഈ ലോകത്ത് മറ്റാരേക്കാളും എന്റെ കുഞ്ഞിനെ ഞാൻ സ്നേഹിക്കുന്നു!!! ശരിക്കും അവൾക്ക് വേണ്ടി തന്നെയാണ് ഞാൻ എന്റെ ജീവിതത്തിലെ പല ചവർപ്പുകളെയും മധുരം പോൽ കുടിച്ചിറക്കുന്നത്…..

പക്ഷേ ആരും അത് മനസ്സിലാക്കുന്നില്ല!!

അല്ല…ആർക്കും മനസ്സിലാവില്ല!!!അവളെ ഞാനടിച്ച കുഞ്ഞടിയുടെ വേദന അവളെക്കാൾ കൂടുതൽ അറിഞ്ഞതും അനുഭവിച്ചതും വേദനിച്ചതും എനിക്കാണെന്ന് !!!

പക്ഷേ ഞാൻ തോൽക്കാൻ തയാറല്ല!! ജയശ്രീ വരുൺ ഒരു നല്ല ഭാര്യയോ മരുമകളോ അല്ലെന്ന് പറയുന്നത് എനിക്ക് പ്രശ്നമില്ല!!”പക്ഷേ നാളെ എന്റെ കുഞ്ഞ് എന്റെ അമ്മ ഏറ്റവും ബെസ്റ്റ് ആണെന്ന് പറയണം അതെനിക്ക് നിർബന്ധമാണ്!!”അല്ല അത് തന്നെയാണെന്റെ ജീവിത ലക്ഷ്യവും…..

അല്ലെങ്കിലും ഞങ്ങൾ അമ്മമാരിങ്ങനെയാണ് തോറ്റു തോറ്റു ജയിക്കാഗ്രഹിക്കുന്നവർ!!!മറ്റുള്ള മനുഷ്യന്മാർക്ക് നമ്മളെ മനസ്സിലാവൂല്ല എന്നാലും ഞങ്ങളീ ലോകത്തോട് പറയാനാഗ്രഹിക്കുന്നതിതാണ്!!

കുറ്റപ്പെടുത്തികൊള്ളു!!പക്ഷേ ഇത് മാത്രം… ഈ ഒരൊറ്റ റോൾ മാത്രം ഞങ്ങൾ ജയിക്കാൻ വേണ്ടി കളിക്കുന്നതാണ്……

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jils lincy kannur

Leave a Reply

Your email address will not be published. Required fields are marked *