തേൻനിലാവ്, നോവൽ, ഭാഗം 15 വായിക്കുക….

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“നിൻെറ മുഖത്തെന്താടി കടന്നെല്ല് കുത്തിയോ…. വല്ലാണ്ട് വീർത്തിരിക്കുന്നു.. ”

മിററിലൂടെ നോക്കി ശിവ കളിയാലെ ചോദിച്ചു.

അത് കേട്ടതും ദേവമ്മയുടെ മുഖം ഒന്നുകൂടി വീർത്തു. അവൾ നോക്കി പേടിപ്പിക്കുന്നത് മിററിലൂടെ അവന് കാണാമായിരുന്നു.

“വല്ലതും പറയെടി ഉണ്ടമുളകേ….. ”

“ഒന്ന് മിണ്ടാതെ ഇരിക്കമോ.. ”

അവൾ ചീറി.

“ൻെറമ്മോ…… എന്താ ദേഷ്യം…. ദേഷ്യപ്പെടുമ്പോൾ കാണാൻ നല്ല ചന്തമുണ്ട്ട്ടോ…… ”

അവൻ അവളെ എരി കയറ്റി കൊണ്ടിരുന്നു.

“ഇത് വല്യേ ഇടങ്ങേറായിലോ……”

അവൾ വീണ്ടും മുഖം വീർപ്പിച്ചിരുന്നു.

അവളിലെ ഓരോ ഭാവങ്ങളും ഹൃദയത്തിലേക്കു ഒപ്പിയെടുക്കുകയായിരുന്നു ശിവ.

മണൽപ്പരപ്പിൽ ജിത്തുവിൻെറ നെഞ്ചിലേക്ക് ചാരി ജാനു ഇരിക്കുന്നുണ്ടായരുന്നു.

രണ്ടുപേരും ആർത്തിരമ്പുന്ന കടലിലേക്ക് ദൃഷ്ടി പതിപ്പിച്ച് ഇരിക്കുകയാണ്.

അവരെ കണ്ടപാടെ അപ്പു തുള്ളിച്ചാടി അവരുടെ അടുത്തേക്കു പോയി. പിന്നാലെ പോകുമ്പോൾ തൻെറ കാലുകൾക്കും വേഗതയേറുന്നത് മനു തിരിച്ചറിയുന്നുണ്ടായിരുന്നു.

“ഹായ്….. ജാനുവേച്ചിയല്ലേ നിക്കറിയാം…… ”

അപ്പു ജാനുവിൻെറ അടുത്തായി ഒറ്റ ഇരുത്തമായിരുന്നു.

പെട്ടന്നുള്ള അവളുടെ ആ പ്രവർത്തിയിൽ ജിത്തുവും ജാനുവും ഞെട്ടിപ്പോയി.

അപ്പോഴേക്കും ബാക്കിയുള്ളവരും എത്തിയിരുന്നു.

“ഞാൻ അപ്പു…. അർപ്പിത…. ”

അപ്പു തന്നെ ജാനുവിൻെറ കൈ പിടിച്ചു കുലുക്കി.

“ജിത്തു പറയാറുണ്ട് പുതിയ കൂട്ടുകാരെ പറ്റി…. ”

ജാനു അവളുടെ കയ്യിൽ തഴുകി.

“ദേവിക… അല്ലേ…… ”

ജാനു ദേവമ്മയെ നോക്കി പുഞ്ചിരിച്ചു.

“മ്….. ”

“ഉണ്ടമുളകെന്ന് തിരുത്തി പറയട്ടേ…. ”

ശിവ മറ്റാരും ശ്രദ്ധിക്കാതെ അവളുടെ കാതിൽ അടക്കം പറഞ്ഞു.

തറപ്പിച്ചൊരു നോട്ടമായിരുന്നു അവനു തിരിച്ചു കിട്ടിയത്.

“ഞാൻ ചേച്ചി പഠിപ്പിക്കുന്ന സ്കൂളിലാ പഠിച്ചത്…. അവിടെ ഓമന ടീച്ചറെ അറിയോ….. എന്നെ അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ചതാ…. നല്ല വെളുത്തിട്ട്…. വണ്ണമുള്ള….. ചന്ദനക്കുറി ഒക്കെ തൊട്ട്…

കണ്ണട വച്ചത്….. ”

അപ്പു ടീച്ചറുടെ ഓരോ അടയാളങ്ങളും എണ്ണി പെറുക്കി പറഞ്ഞോണ്ടിരുന്നു.

“അറിയാം… അടുത്ത വർഷം റിട്ടയേഡ് അവുന്നതല്ലേ….. ”

“ടീച്ചർക്ക് അത്രേം പ്രായമുണ്ടോ….. ആവോ… ഇണ്ടാവും…. ”

അപ്പു വായുവിൽ ഗണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും ടീച്ചറുടെ പ്രായം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അവസാനം അതൊന്നും തനിക്ക് പറ്റിയ പണിയല്ലായെന്ന് മനസ്സിലായപ്പോൾ അവളാ ശ്രമം അപ്പാടെ ഉപേക്ഷിച്ചു.

അവളെ തന്നെ കണ്ണും മിഴിച്ചു നോക്കിയിരിക്കുന്നവർക്ക് നേരെ പുഴുങ്ങിയ ഒരു ചിരിയും വച്ചു കൊടുത്തു.

പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിക്കുമ്പോഴും ജാനുവിൻെറ മുഖത്തെ തെളിച്ചക്കുറവ് മനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“അല്ല ബീച്ചിൽ വന്നിട്ട് രണ്ടാളും തിരയെണ്ണി ഇരിക്കാ….. വാ നമുക്ക് കടലിൽ ഇറങ്ങാം….. ”

അപ്പു ജാനുവിൻെറ കൈ പിടിച്ചു വലിച്ചു.

“ഞാനില്ല അപ്പു നിങ്ങൾ ഇറങ്ങിക്കോ…… ”

ജാനു ഒഴിഞ്ഞു മാറി.

“അത് പറഞ്ഞാ പറ്റില്ല… ഒരാളേ ദേ തിരയെണ്ണി ഇരിക്കാ… ചേച്ചി കൂടി കൂടണ്ട… വാ….. ”

അപ്പു അവളെ ബലമായി പിടിച്ചു കൊണ്ടുപോയി.

എല്ലാവരും കൂടി ബീച്ചിലെ വെള്ളത്തിലിറങ്ങി കളിച്ചു. കടൽ ഉൾവലിയുന്നതിനൊപ്പം അവരും പിന്നാലെ ഓടും. തിരിച്ചു കയറി വരുന്നതിനൊപ്പം അവരും തിരിഞ്ഞോടും.

കിട്ടുന്ന അവസരമെല്ലാം ദേവമ്മയുടെ ദേഹത്തു വെള്ളം തെറിപ്പിച്ചു രസിക്കുകയാണ് ശിവ.

ശിൽപ്പയും മേഘയും കൂടി മനുവിനെ വെള്ളത്തിൽ മുക്കാനുള്ള ശ്രമത്തിലാണ്. അപ്പു പിന്നെ നാലുപാടും ഓടി നടന്നാണ് കളിക്കുന്നത്. ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും ജാനുവും അവരോടൊപ്പം കൂടി.

വിഷമങ്ങളെല്ലാം മറന്ന് അപ്പുവിൻെറ കയ്യിൽ പിടിച്ച് വെ_ള്ളത്തിൽ കളിക്കുന്ന ജാനുവിലായിരുന്നു ജിത്തുവിൻെറയും മനുവിൻെറയും കണ്ണുകൾ.

ഇടക്കിടെ ജിത്തുവിൻെറ മിഴികൾ അപ്പുവിലേക്കും നീളുന്നുണ്ടായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ടാണ് അവൾ എല്ലാവരുടേയും മൂഡ് മാറ്റിയെടുത്തത്.

തന്നിലെ കുറവുകളെ കുറിച്ചു മാത്രം ചിന്തിച്ച് സ്വയം ദുഃഖത്തിൽ ആഴുന്നവരുടെ ഇടയിൽ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുകയും മതിമറന്ന് ആഘോഷിക്കുകയും ചെയ്യുന്ന അപ്പു അവനൊരു പുതിയ അനുഭവമായിരുന്നു.

“നീയും വാ ജിത്തു……. ”

മനു വന്നു വിളിച്ചപ്പോഴാണ് അവളിൽ നിന്നും ദൃഷ്ടി മാറ്റിയത്.

“വേണ്ട മനു ഞാൻ ഇവിടെ ഇരുന്നോളാം….. ”

ജിത്തു മനപ്പൂർവ്വം ഒഴിഞ്ഞു മാറി.

“എന്താടാ…. എന്താ പറ്റിയെ… തലവേദന ആയിരുന്നുവെന്ന് പറഞ്ഞത് കള്ളമാണെന്ന് എനിക്ക് കേട്ടപ്പോഴേ മനസ്സിലായിരുന്നു… എന്താ കാര്യം…. ജാനുവിൻെറ മുഖത്തും തെളിച്ചക്കുറവുണ്ട്……. ”

അവസാന വാചകത്തിലൊരു പിടച്ചിലുണ്ടായിരുന്നു.

ജിത്തു കുറച്ചു നേരം മൗനാമായി ഇരുന്നിട്ട് കാര്യങ്ങളെല്ലാം മനുവിനോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ മനുവിൻെറ മുഖം വലിഞ്ഞു മുറുകി.

“അയാളെന്ത് മനുഷ്യനാ…. കാശു മോഹിച്ച് സ്വന്തം മകളെ വല്ലവൻെറയും തലയിൽ വച്ചു കെട്ടാമെന്നാണോ… ഏതോ തമിഴൻ മൂന്നാം കെട്ടുകാരന് കൊടുക്കാൻ മാത്രം എന്ത് കുറവാ അവൾക്കുള്ളത്… ആരേയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാശിനല്ലേ അവൾ ജീവിക്കുന്നത്…. അതിന് ഇത്തിരി സ്വസ്ഥത കൊടുത്തൂടെ….. ”

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൻെറ ഉള്ളിലെ ദേഷ്യം അൽപ്പമെങ്കിലും അടങ്ങിയത്.

“ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് സമ്മതിക്കുമെന്ന് തോന്നുണ്ടോ…. അവൾ എനിക്ക് ചേച്ചി മാത്രമല്ല… എൻെറ അമ്മയും… അനിയത്തിയും… കൂട്ടുകാരിയും എല്ലാമാണ്… എൻെറ ജാനുവിനെ സ്നേഹിക്കുന്ന അവൾ സ്നേഹിക്കുന്ന ഒരാൾ വരും എനിക്കുറപ്പാ…… ”

ജിത്തുവിൻെറ കണ്ണുകൾ വെള്ളത്തിൽ കളിക്കുന്ന ജാനുവിലായിരുന്നു.

മനുവിൻെറ മനസ്സ് ഇളകി മറിയുകയായിരുന്നു. വിളിച്ചു പറയാൻ തോന്നി ഞാൻ ഉണ്ട് അവൾക്കെന്ന്…. ചങ്ക് നിറയെ സ്നേഹവുമായി അവൾക്കായ് കാത്തിരിക്കുകയാണെന്ന്.

പക്ഷെ എന്തുകൊണ്ടോ നാവ് പൊന്തിയില്ല. പക്ഷെ അവളെ നഷ്ടപ്പെടുത്താനും മനസ്സനുവധിക്കുന്നില്ല.

തുറന്നു പറയണം… ഇത്രയും കാലം ഹൃദയത്തിലൊളിപ്പിച്ചതെല്ലാം അവൾക്ക് മുന്നിൽ തു_റന്നു കാ_ണിക്കണം.

കുറേ നേരം ജാനുവിനെ തന്നെ നോക്കി ഇരുന്നു.

ഉപദ്രവിക്കുന്നവരെ പോലും അകമഴിഞ്ഞ് സ്നേഹിക്കുന്നൊരു പെണ്ണ്. സ്വന്തം ഇഷ്ടപ്രകാരമൊരു ജീവിതം കൺമുന്നിൽ ഉണ്ടായിട്ടും മറ്റുള്ളവർക്കായി ഒഴിഞ്ഞു കൊടുക്കുന്നവൾ.

ജിത്തുവിനോടൊപ്പം തന്നെയും നെഞ്ചിലേറ്റിയവൾ.

ആരാധനയായിരുന്നു ആ ശാന്തതയോട്… പുഞ്ചിരി മായാത്ത ആ ചെഞ്ചൊടികളോട്…. കാർമേഘമൊളിപ്പിച്ച ആ കണ്ണുകളോട്… പിന്നീട് എപ്പോഴോ അത് പ്രണയമായി പരിണമിച്ചു.

ഭ്രാന്തമായി അവളിൽ അനുരക്തനായിപ്പോയിരുന്നു. ശീതളിനായി ജിത്തു അവൻെറ ലോകം തന്നെ ചുരുക്കിയപ്പോൾ അതിനേക്കാളേറെ താൻ ജാനുവിലേക്ക് ഒതുങ്ങിയിരുന്നു. ഒരുപക്ഷേ അവളുടെ കാൽചുവട്ടിൽ പറ്റിച്ചേരുന്ന ഒരു തരി മണ്ണിനോളം…

അസൂയയോടെ നോക്കിയിരുന്നിട്ടുണ്ട് അവളോട് അടുക്കുന്ന ഓരൊന്നിനേയും. അവളെ തഴുകുന്ന കാറ്റിനോടും വെയിലിനോടും മഴയോടും അടങ്ങാത്ത കുശുമ്പായിരുന്നു…

ചിന്തകൾ കാടുകയറി തുടങ്ങിയപ്പോഴേക്കും നനഞ്ഞൊട്ടി കലപില കൂട്ടിക്കൊണ്ട് അപ്പുവെത്തി.

“മനുവേട്ടൻ നിർത്തിയോ….. ”

“മ്….. ”

വെറുതെ ഒന്നു മൂളി.

“അതേ… ഇങ്ങനെ സദാ സമയവും എയറ് പിടിച്ച് ഇരിക്കണത് എന്തിനാ…..”

അപ്പു കണ്ണ് കൂർപ്പിച്ചു വച്ച് ജിത്തുവിനെ നോക്കി.

“ഇങ്ങനെ എയറ് പിടിച്ചാലേ ശ്വാസം മുട്ടി ചത്തു പോവും…. ഇങ്ങോട്ട് വന്നേ… ”

അപ്പു അവൻെറ കയ്യിൽ പിടുത്തമിട്ടു.

“ഞാനില്ലെടോ… താൻ ചെല്ല്…… ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല…. വാ… വാ…. വാ…. വാ…. വാ….. വാ……. ”

വായടക്കാതെയുള്ള അവളുടെ പറച്ചിൽ കേട്ട് മനു ചെവി പൊത്തി പിടിച്ചു.

“ഒന്ന് എണീറ്റ് പോടാ…. അല്ലെങ്കിൽ ഈ സയറൻ നിക്കില്ല…. ”

മനു ജിത്തുവിനെ പിടിച്ചു തള്ളി.

“വാ…. വാ….. വാ….. വാ….. വാ…. വാ….”

അപ്പു അതൊന്നും നോക്കാതെ വീണ്ടും വലിയ വായിൽ ബഹളം തുടങ്ങി.

“ഓ…. നിർത്ത്…. ഞാൻ വരാം….. ”

ഗത്യന്തരമില്ലാതെ ജിത്തു സമ്മതിച്ചു.

“അങ്ങനെ വഴിക്കു വാ മോനെ ദിനേശാ…. ”

അപ്പു അവൻെറ കയ്യിൽ തൂങ്ങി നടന്നു. മടിച്ചു നിന്ന അവനെ വെള്ളത്തിലേക്ക് തള്ളിയിട്ടും പിന്നാലെ ഓടിയും അപ്പു അവനിലെ പഴയ ജിത്തുവിനെ തിരിച്ചു കൊണ്ടുവരുകയായിരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ ജാനു അണച്ചുകൊണ്ട് മനുവിൻെറ അടുത്ത് പോയിരുന്നു.

“എൻെറ പൊന്നോ ആ പെണ്ണ് എന്നെ ഒരു വഴിയാക്കി….. ”

ചുരിദാറിലെ വെള്ളം പിഴിഞ്ഞു കളഞ്ഞവൾ മനുവിനെ നോക്കി ചിരിച്ചു.

“നമുക്ക് ഐസ്ക്രീം വാങ്ങിയാലോ…… ”

മനു എടുത്തടിച്ച് ചോദിച്ചു.

“ആഹ്മം….. ”

ജാനു ആവേശത്തോടെ തലയാട്ടി.

“എന്നാ വാ……. ”

മനു എഴുന്നേറ്റ് അവൾക്കായ് കൈ നീട്ടി.

“ജിത്തൂട്ടാ…. ഞങ്ങൾ പോയി എല്ലാവർക്കും ഐസ്ക്രീം വാങ്ങിയിട്ട് വരാട്ടോ….. ”

മനുവിൻെറ കൈ പിടിച്ച് എഴുന്നേൽക്കുമ്പോൾ അവൾ ജുത്തുവിനോടായ് വിളിച്ചു പറഞ്ഞു.

“ആഹ്മം……. ”

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ മൂക്കിലേക്കും വായിലേക്കും ശക്തിയോടെ ഉപ്പുവെള്ളം ഇരച്ചു കയറി.

അവൻ തല കുടഞ്ഞ് മൂക്കു പിഴിഞ്ഞ് നോക്കിയപ്പോൾ അപ്പു വയറു പൊത്തി ചിരിക്കുന്നതു കണ്ട്.

ഒരു നിമിഷം അവനിലെ ഗൗരവക്കാരൻെറ മുഖം മൂടി അഴിഞ്ഞു വീണു.

തൻെറ നേർക്കു പാഞ്ഞു വരുന്ന ജുത്തുവിനെ കണ്ട് അപ്പു പൊട്ടിച്ചിരിച്ചുകൊണ്ട് മുന്നോട്ടോടി.

അവൻ അവളെ കൈ എത്തിച്ചു പിടിക്കാൻ നോക്കുന്നുണ്ട്. അപ്പു ഒഴിഞ്ഞു മാറി വേഗത്തിൽ ഓടുകയാണ്.

ജിത്തുവിൻെറ പെട്ടന്നുള്ള മാറ്റം കണ്ട് ബാക്കി ഉള്ളവർ വാ തുറന്നു നോക്കി നിന്നു.

പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിയിൽ ശിവ ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവമ്മയുടെ മുഖത്തേക്കു വെള്ളം തെറിപ്പിച്ചു.

ജിത്തു അപ്പുവിൻെറ പുറകെ ഓടുന്നതുപോലെ തൻെറ പുറകെ ഓടി വരുന്ന ദേവമ്മയേയും സ്വപ്നം കണ്ടു നിൽക്കുമ്പോഴാണ് അവൾ അവൻെറ കാലിൽ പിടിച്ച് വെള്ളത്തിലിട്ടു മുക്കുന്നത്.

കണ്ടു നിന്ന ശിൽപ്പക്കും മേഘക്കും ചിരിപൊട്ടി.

“ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാലേ ദാ ഇങ്ങനെ ഇരിക്കും…… ”

കണ്ണിലും മൂക്കിലും ഉപ്പുവെള്ളം കയറിയതും വീണതിൻെറ ജാള്യതയും കാരണം മുഖം വീർപ്പിച്ചിരിക്കുമ്പോഴാണ് ശിൽപ്പയുടെ വക കമൻെറ്.

അവനാ കലിക്ക് ചിരിച്ചുകൊണ്ടിരുന്ന ശിൽപ്പയേയും മേഘയേയും വലിച്ചു വെള്ളത്തിലേക്കിട്ടു.

പിന്നെ മൂന്നും കൂടി അടിയായി. ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരിക്കുകയാണ് ദേവമ്മ.

**************

ഐസ്ക്രീം വാങ്ങുവാനായി മുകളിലേക്ക് കയറിയതും മനു ജാനുവിൻെറ കയ്യിൽ പിടിച്ചു.

“എനിക്കൊരു കാര്യം പറയാനുണ്ട്……”

അവനിൽ ചെറിയൊരു പരിഭ്രമം ഉടലെടുത്തു.

“എന്താടാ…… ”

പുഞ്ചിരി വിടാതവൾ അവനു നേരെ തിരിഞ്ഞു.

“എനിക്ക്…. ജാനുവിനെ ഇഷ്ടമാണ്… And I want to marry you…. ”

അവളുടെ കണ്ണുകളിൽ നോക്കിയവൻ പറഞ്ഞതും പകപ്പോടെയവൾ ഒ^രടി പുറക്കിലേക്കാഞ്ഞു.

“എന്താ മനു നീയീ പറയണേ……. ”

അവളുടെ ശബ്ദം പതറി.

“സത്യമായും എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു… ഈ ലോകത്ത് മറ്റെന്തിനേക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്…. ഇന്നും ഇന്നലെയും തുടങ്ങിയതല്ല വർഷം കുറച്ചായി നീ ഈ നെഞ്ചിൽ സ്ഥാനമുറപ്പിച്ചിട്ട്….. ”

അവൻെറ വാക്കുകൾ കരിങ്കൽ ചീളുകൾ പോലെ കാതുകളെ മുറിപ്പെടുത്തി. കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു.

“പറ്റില്ല മനു… നടക്കില്ല…. നടക്കാൻ പാടില്ല… ഞാൻ…. നി….. ”

“എന്നെക്കാൾ മൂന്നു നാലു വയസ്സിനു മുതിർന്നതാണ് എന്നത് ഒഴിച്ച് മറ്റെന്തും നിനക്ക് പറയാം… ”

മനസ്സിലിട്ട് കിഴിച്ചും ഗണിച്ചും പുറത്തേക്കു വരാനൊരുങ്ങിയ വാക്കുകളെ മുൻകൂട്ടി കണ്ടെത്തിയ പോലെയവൻ തടഞ്ഞു നിറുത്തി.

“ഇല്ല മനു പറ്റില്ല….. ഞാൻ ജിത്തുവിൻെറ ചേച്ചിയാണ്….. അവൻെറ കൂട്ടുകാർക്കും… ”

അവസാന വാചകത്തിന് ബലക്കുറവുള്ളതുപോലെ. ജിത്തുവിൻെറ മറ്റു കൂട്ടുകാരെ അപേക്ഷിച്ച് മനുവിനോടൊരു അടുപ്പക്കൂടുതൽ ഉണ്ടായിരുന്നു. പക്ഷെ അതിന് പ്രണയത്തിൻെറ ഛായ ആയിരുന്നോ… അവളുടെ മനസ്സ് അവളെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നു.

“എനിക്കറിയാം ജാനു…. പ്രായമല്ലാതെ മറ്റൊരു കാരണവും നിനക്ക് പറയാനുണ്ടാവില്ല എന്നെ ഒഴിവാക്കാൻ…. പിന്നെ ചേച്ചിയെന്ന സ്ഥാനം…. സ്ഥാനമാനങ്ങൾ ഉണ്ടാകുന്നത് മനുഷ്യൻെറ മനസ്സിലാണ് അല്ലാതെ മറ്റുള്ളവരുടെ കാഴ്ചപ്പാടിലല്ല…. എൻെറ മനസ്സിൽ ഞാൻ നിനക്ക് കൽപ്പിച്ച സ്ഥാനം ഒരിക്കലും സാഹോദര്യമായിരുന്നില്ല…. എൻെറ പ്രാണനിലും മേലെയൊരു സ്ഥാനമാണ്…… ”

അവൻ അവളുടെ മുഖം കോരിയെടുത്തു. നിറഞ്ഞു തുളുമ്പിയ കണ്ണുനീർ കവിളിനെ നനച്ചുകൊണ്ട് ചാലിട്ടൊഴുകി കഴിഞ്ഞിരുന്നു. ഒന്നനങ്ങാൻ പോലുമാവാതെ ശിലകണക്കെ നിന്നു അവൾ. അവനാ കണ്ണുനീർ തുടച്ചു മാറ്റി.

“ജാതി… മതം…. പ്രായം…. ഇതെല്ലാം മനുഷ്യനുണ്ടാക്കിയതല്ലേ…. ഇതിൽ ഏതെങ്കിലുമൊന്ന് പ്രയോജനമുള്ളതാണോ…. ബന്ധങ്ങൾക്ക് ഇതിൻെറയെല്ലാം അനുവാര്യതയുണ്ടോ…… ”

അവൻെറ കണ്ണുകളും നി_റഞ്ഞിരുന്നു.

“ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്… എൻെറ ജീവനും ജീവിതവും നീയാണ്… അതുകൊണ്ട് എനിക്കിതൊന്നും ഒരു പ്രശ്നമല്ല…… ”

അല്പനേരം ആ നിറകണ്ണുകളെ നോക്കി നിന്ന ശേഷം അവൾ അവൻെറ കൈകൾ എടുത്തു മാറ്റി.

“ചേച്ചിയുടെ പ്രായമുള്ള ഒരാളെയാണോ മനു നിനക്ക് വിവാഹം ചെയ്യേണ്ടത്….. ”

അവളുടെ വാക്കുകൾക്ക് മൂ_ർച്ചയേറി.

“ചേട്ടൻെറ പ്രായമുളള ഒരാളുടെ മുന്നിൽ കഴുത്തു നീട്ടുന്നതിനേക്കുറിച്ച് നിനക്കെന്താ പറയാനുള്ളത്…. അനിയത്തിയുടെ പ്രയമുള്ളവളെ ഭാര്യയാക്കുന്നതിനേ കുറിച്ചോ….. ”

അവനു നൽകാനൊരു മറുപടിയില്ലാതവൾ കുഴഞ്ഞു.

“ഇരുപ്പത്തഞ്ചിലേറെ പ്രായ വ്യത്യാമുള്ള ദസ്തയേവ്സ്കിയുടേയും അന്നയുടേയും പ്രണയം ഇരു കയ്യും നീട്ടി സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ടത് തിരുച്ചുമായിക്കൂട…… ”

“സ്ത്രീയെ തൻെറ അധീനതയിലാക്കി അടക്കി ഭരിക്കുവാനായി ആരോ കണ്ടെത്തിയ കാപട്യം മാത്രമാണ് വിവാഹത്തിലെ ഈ പ്രായ വ്യവസ്ഥ…. ഇന്നും അതിൻെറ ഒഴുക്കിൽ പെട്ട് കര കയറാതെ അതിനെ ശരിയാക്കി വാഴ്ത്തുന്ന സമൂഹത്തിനു വേണ്ടി എൻെറ പ്രണയം ബലി കഴിപ്പിക്കാൻ എനിക്കാവില്ല…… ”

അവളെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൻ മുന്നോട്ടു നടന്നു.

“നിൻെറ മനസ്സിൽ എനിക്കൊരു പ്രണയത്തിൻെറ സ്ഥാനം നൽകാനാവുമെന്നെനിക്കുറപ്പാണ്…

കാത്തിരുന്നോളാം അതു നീ തിരിച്ചറിയും വരേ……

ഒന്നു നിന്ന ശേഷം അതു കൂടി കൂട്ടിച്ചേർത്തവൻ നിർത്തിയിട്ടിരിക്കുന്ന ഐസ്ക്രീം വിൽക്കുന്ന വണ്ടികളിൽ ഒന്നിലേക്ക് നടന്നു. അപ്പോഴേക്കും ഒരു തളർച്ചയോടെ ജാനു മണലിലേക്കിരുന്ന് കഴിഞ്ഞിരുന്നു.

(തുടരും………)

ഈ പാർടിൽ മനുവിൻെറയും ജാനുവിൻെറയും പ്രണയമാണ്. അപ്പുവിലേക്കും ജിത്തുവിലേക്കും പതിയെ തിരിച്ചു വരാം….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

Leave a Reply

Your email address will not be published. Required fields are marked *